തഴുകാതെ പോയ സ്നേഹത്തിനുമൊരമ്പലം!!!

യാസ്മിൻ

ഹിമാചല്‍ പ്രദേശില്‍, മണാലിയില്‍ ഒരമ്പലമുണ്ട്. ഹഡിംബാ ടെമ്പിള്‍. ഇടതൂര്‍ന്ന അശോക മരങ്ങള്‍ക്കിടയില്‍,
സൂര്യന്‍ പോലും കടക്കാന്‍ മടിക്കുന്നിടത്ത് ഒറ്റപ്പെട്ട് ഒരമ്പലം. ഉറഞ്ഞുകിടക്കുന്ന നിശബ്ദതയാണു ചുറ്റിലും.
നാലുനിലയില്‍ മരംകൊണ്ട് നിര്‍മ്മിച്ച ,പഗോഡ മാതൃകയിലുള്ള ഒരമ്പലം! വിഗ്രഹമൊന്നുമില്ല അവിടെ. കരിയിലകളെ വകഞ്ഞു മാറ്റി പടികള്‍ കയറി ചെന്നാല്‍ കാണാം ഒരു പീഠത്തില്‍ ഒരു കാല്പാദം കൊത്തിവെച്ചിരിക്കുന്നു. രാക്ഷസീയാകാരം!!
ശൂന്യതയിലേക്കാണു കാല്‍ എടുത്ത് വെച്ചിരിക്കുന്നത്!!. കരിങ്കല്ലില്‍ തീര്‍ത്ത ചുറ്റുമതിലും വിളക്കും. ചുറ്റിനും പരന്ന് കിടക്കുന്ന മൌനത്തെ മായ്ച്ച്
കളയാന്‍ ഒരു മണി പോലുമില്ല എവിടേയും!!!
അതെ, ഇത് ഹിഡുംബി. പാണ്ഡവരുടെ വനവാസക്കാലത്തെ ഒരദ്ധ്യായം. അവിടെയങ്ങനെ   നോക്കി നിന്നപ്പോള്‍
സങ്കടം തോന്നി എനിക്ക്, നിഷേധിക്കപ്പെട്ട സ്നേഹത്തെ ഓര്‍ത്ത്… തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ എന്നെ ഒരു ചിലങ്കയുടെ നാദം
പിടിച്ച് നിര്‍ത്തി. ആരുമില്ല ചുറ്റിനും…അപ്പോ പിന്നെ…..
തിരിഞ്ഞു നോക്കിയപ്പോ പീഠത്തില്‍ ഒരു സ്ത്രീ!! !  എന്റെ നോട്ടം കണ്ട് അവളൊന്ന് ഇളകിയിരുന്നു, കണ്ണിറുക്കി  വലം കാല്‍ മുന്നോട്ട് നീട്ടിക്കാണിച്ചു. ആ കാലിലൊരു ചിലങ്കയുണ്ടായിരുന്നു. വെളുത്ത അസ്ഥിക്കഷ്ണങ്ങള്‍ കൊരുത്ത ഒന്ന്!!!!
“എന്താണു നിനക്കിത്ര തിടുക്കം..?എത്ര നാളായി ഒരാളിങ്ങനെ സ്നേഹത്തോടെ എന്റെ കണ്ണിലേക്ക് നോക്കിയിട്ട്…,
നില്‍ക്ക് ഞാന്‍ പറയട്ടെ…”
അടുത്ത് കണ്ട ഒരു പാറക്കല്ലിലേക്ക് കയറിയിരുന്ന എന്ന നോക്കി അവള്‍ ചിരിച്ചു, മണികിലുങ്ങുന്ന പോലെ.
അശോക മരത്തിനുള്ളിലൂടെ ഓടിവന്ന ഹിഡൂംബി ,പാറക്കല്ലില്‍ ഇരിക്കുകയായിരുന്ന ഭീമന്റെ മടിയിലേക്ക് ചാഞ്ഞു.
അവളുടെ കൈയ്യില്‍ ഒളിപ്പിച്ച് പിടിച്ചിരുന്ന ഒരു കണ്ണാടിയുണ്ടായിരുന്നു.അതവനെ കാണിക്കാനായിരുന്നു അവളോടിവന്നത്.
ആ കണ്ണാടിയില്‍ നോക്കിയാല്‍ തങ്ങള്‍ക്കേറ്റവും ഇഷ്ട്ടമുള്ള ആളുടെ മുഖം അതില്‍ തെളിഞ്ഞു വരും.!!!
അവള്‍ക്കുറപ്പായിരുന്നു,ഭീമന്‍ നോക്കിയാല്‍ ഉറപ്പായും തന്റെ  മുഖമാവും കാണുക എന്ന്.
തീരേ താല്പര്യം കാട്ടാതിരുന്ന ഭീമന്റെ മുഖത്തിനു നേരെ പിടിച്ച് കണ്ണാടിയില്‍ തെളിഞ്ഞ മുഖം കണ്ട് ,
ഹിഡുംബി ,അശോക മരത്തിനിടയിലെ ഇരുട്ടിലേക്ക് തന്നെ ആര്‍ത്തലച്ച് ഓടിപ്പോയി.
തനിക്ക് പകരം അവളവിടെ കണ്ടത് പാ‍ഞ്ചാലിയുടെ മുഖമായിരുന്നു.
ഒന്നും മിണ്ടാതെ പാറയില്‍ നിന്നുമെണീറ്റ് ഞാന്‍  അവളോടിപ്പോയ വഴിയിലൂടെ മെല്ലെ പുറത്തേക്ക് നടന്നു…..
മനുഷ്യനായാലും രാക്ഷസനായാലും സ്നേഹത്തിന്റെ ഭാഷ ഒന്നു തന്നെ.അതിനു പ്രത്യേകിച്ച് ലിപിയൊന്നുമില്ല.അതിങ്ങനെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകര്‍ന്നോളും.
ഇതേ ഹിഡുംബിയില്‍ തന്നെയാണു ഭീമനു ഒരു മകനുണ്ടാകുന്നത് !!! ഘടോല്‍ക്കചന്‍.
കുട്ടികളുണ്ടാകാന്‍ പ്രണയം വേണമെന്നില്ല.
തിരിച്ച് കിട്ടാത്ത സ്നേഹവും തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹവും .രണ്ടും വേദനിപ്പിക്കുന്നതാണു അന്നും ഇന്നും…..


 yasmin

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?