15 Nov 2011

നാട്ടിലേയ്ക്ക് ഒരു പാസഞ്ചര്‍ യാത്ര

പ്രവീൺ കെ.

 

 

എന്‍ഡ് സെമെസ്റ്റര്‍ പരീക്ഷകള്‍ എങ്ങനൊക്കെയോ കഴിഞ്ഞുകിട്ടി. ഇനി മടക്കയാത്ര. പതിവ് പോലെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല. സാധാരണ ജനറല്‍ കംപാര്‍ട്മെന്റില്‍ കഷ്ടപ്പെട്ടുംതിക്കിത്തിരക്കിയുമാണ് നാട്ടിലേയ്ക്കെത്തിപ്പെടാറുള്ളത്. ഇത്തവണയും അതേ രീതിയിലാക്കുന്നതില്‍ പുതുമയൊന്നുമില്ല. അപ്പോള്‍ ഒന്ന് മാറ്റിപ്പിടിച്ചാലെന്താ ?? യാത്ര പാസഞ്ചര്‍ ട്രെയിനിലാക്കാം, ഭാരതത്തിന്റെ പ്രകൃതി ആവോളം ആസ്വദിച്ച് മെല്ലെ, ധൃതിയേതുമില്ലാതെ പോകാം. ഞാനതങ്ങ് ഉറപ്പിച്ചു. യാത്ര ഇത്തിരി സുഖകരമാക്കാന്‍ പെട്ടിയും പ്രമാണവുമെല്ലാം മാന്യമായി ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടില്‍ പോകാനിരിക്കുന്ന ജൂനിയര്‍ സഖാക്കളില്‍ ഒരാളുടെ പെടലിയ്ക്ക് വച്ച് കൊടുത്തു. അങ്ങനെ പരീക്ഷകള്‍ കഴിഞ്ഞ ദിവസം തന്നെ ഹൌറാ സ്റ്റേഷനില്‍ ഹാജരായി. ഭുവനേശ്വറിലേയ്ക്കുള്ള പാസഞ്ചര്‍ ടിക്കറ്റ് എടുത്തു.


താഴോട്ട് പോകുന്ന ആദ്യത്തെ പാസഞ്ചര്‍ വണ്ടിയില്‍ കയറണമെന്ന ചിന്തയോടെയാണ് അന്വേഷണകൌണ്ടറുമായി ബന്ധപ്പെട്ടത്. രാത്രി പന്ത്രണ്ട് മണിയ്ക്ക് പുരി പാസഞ്ചര്‍ ഉണ്ട്, അതില്‍ കയറാം. പക്ഷേ അത് വരെ എന്ത് ചെയ്യും ? ചൊറിയും കുത്തി ഇരിക്കാം. വേറെ വഴിയൊന്നുമില്ല. 


പുരി പാസഞ്ചര്‍, സമയത്ത് തന്നെ എട്ടാം നമ്പര്‍ പ്ലാറ്റ് ഫോമിലെത്തി. വലിയ തിരക്കൊന്നുമില്ല. സാമാന്യം നല്ല ബഹളം. പാനിന്റെയും ബാത്ത് റൂമില്‍ നിന്നുമുള്ള മൂത്രത്തിന്റെയും മനം മടുപ്പിക്കുന്ന മിശ്രിതഗന്ധം കംപാര്‍ട്മെന്റില്‍ നിറഞ്ഞു നില്‍ക്കുന്നു. തീവണ്ടി അനങ്ങിത്തുടങ്ങിയതിനൊപ്പം എന്റെ അടുത്ത സീറ്റൂകളിലൊന്നിലിരുന്ന ഒരു വിദ്വാന്‍ ഗാനാലാപനവും തുടങ്ങി. അയാളുടെ മനോഹരമായ ശബ്ദം ചുരുങ്ങിയ സമയം കൊണ്ട് തന്നെ അയാള്‍ക്ക് ചുറ്റിനും ഒരു ആസ്വാദകവൃന്ദത്തെ സൃഷ്ടിച്ചു. ഞാനും അതില്‍ ലയിച്ചിരുന്നു. കുറച്ച് കഴിഞ്ഞ് സിനിമാഗാനങ്ങള്‍ ഭക്തിഗാനങ്ങള്‍ക്ക് വഴിമാറി. എപ്പോഴാണ് ഉറങ്ങിയതെന്ന് ഓര്‍മയില്ല. 
ഓം ജയ് ജഗദീശ ഹരേ
സ്വാമി ജയ് ജഗദീശ് ഹരേ..


പിറ്റേന്ന് രാവിലെ ആയിട്ടും ബംഗാള്‍ കഴിഞ്ഞിട്ടില്ല. എക്സ്പ്രസ്സ് ആണെങ്കില്‍ ആറ് മണിക്കൂര്‍ കൊണ്ട് ഭുവനേശ്വര്‍ എത്തേണ്ടതാണ്. ഞാന്‍ ജനലിലൂടെ വെളിയിലേയ്ക്ക് നോക്കിയിരുന്നു. കണ്ണെത്താ ദൂരത്തോളം, ചക്രവാളം മുട്ടി, കടല്‍ പോലെ പരന്നു കിടക്കുന്ന നെല്‍ വയലുകള്‍. ബാലേശ്വരമെത്തിയപ്പോഴേയ്ക്കും കമ്പാര്‍ട്മെന്റ് ഏകദേശം കാലിയായി. തലേന്ന് നാദബ്രഹ്മം തീര്‍ത്ത ഗായകന്‍ എന്റെ അടുത്ത് വന്ന് സംസാരമാരംഭിച്ചു. എവിടെ നിന്നാണ്, എങ്ങോട്ടാണ്..അങ്ങനെ പതിവ് ചോദ്യങ്ങള്‍. യാത്ര കേരളത്തിലേയ്ക്കാണ് എന്ന മറുപടി അയാളെ അത്ഭുതപ്പെടുത്തി. കേരളത്തിലേയ്ക്ക് പാസഞ്ചറില്‍ പോകുന്ന ഇവന്റെ ബുദ്ധിയ്ക്ക് അഞ്ചു പൈസയുടെ കുറവുണ്ട് എന്ന് മനസ്സില്‍ പറഞ്ഞു കാണണം! അതെന്താ പാസഞ്ചറില്‍ ? അയാള്‍ ആരാഞ്ഞു. ഇന്ത്യയുടെ പ്രകൃതിയൊക്കെ ഇങ്ങനെ ആസ്വദിച്ച് ഒറ്റക്ക് യാത്ര ചെയ്യുന്നത് ഒരു ഓളമല്ലേ ചേട്ടാ, ഞാന്‍ പറഞ്ഞു. പ്രകൃതി, അയാള്‍ ആ വാക്കില്‍ കയറിപ്പിടിച്ചു. അതെ, തീര്‍ച്ചയായും. അയാള്‍ പറഞ്ഞു, എന്നിട്ട് പ്രകൃതിയെ വര്‍ണിയ്ക്കുന്ന ഒരു ഗാനം പാടാന്‍ തുടങ്ങി
ദുനിയ ബനാനേവാലേ, 
ക്യാ തേരേ മന്‍ മേം സമായീ
കാഹേകോ ദുനിയാ ബനായീ
തൂനേ കാഹേകോ ദുനിയാ ബനായീ
പാട്ട് ആസ്വദിക്കാനുള്ള മൂഡില്‍ അല്ലായിരുന്നെങ്കിലും ഞാന്‍ ആസ്വദിക്കുന്നത് പോലെ ശ്രദ്ധിച്ചിരുന്നു.


ബാലേശ്വരം കഴിഞ്ഞ ശേഷം വണ്ടി പലയിടത്തും ഹാള്‍ട്ടായി. പൊരി വെയിലത്ത് കുടിവെള്ളം പോലും കിട്ടാത്ത പല സ്റ്റേഷനുകളിലും മണിക്കൂറ് കണക്കിന് വണ്ടി പിടിച്ചിടപ്പെട്ടു. വിശപ്പും ദാഹവും സഹിയ്ക്കാന്‍ വയ്യ, ഭക്ഷണമെന്തെങ്കിലും കഴിച്ചിട്ട് പതിനാറ് മണിക്കൂറോളമായി. അപ്പോഴാണ് സ്റ്റേഷനടുത്ത് ഒരാള്‍ സൈക്കിളില്‍ ദഹിവട വില്‍ക്കുന്നത് കണ്ടത്. പൈദാഹങ്ങളുടെ വിളിയ്ക്ക് നേരെ എത്രനേരം ബധിരത ഭാവിക്കാനാകും, ഞാന്‍ ഒരു പ്ലേറ്റ് ദഹിവട ആവശ്യപ്പെട്ടു. സൈക്കിളിന്റെ കാരിയറില്‍ വച്ച് കെട്ടിയ അലൂമിനിയപ്പാത്രത്തിന്റെ അടപ്പ് തുറന്ന് കൈകൊണ്ട് അതിനകത്ത് നിന്നും വട പെറുക്കിയെടുക്കുമ്പോള്‍ അയാളുടെ കൈകളില്‍ നിന്നുമൊലിക്കുന്ന വിയര്‍പ്പ് തുള്ളികള്‍ ദഹിവടപ്പാത്രത്തിനകത്തേയ്ക്ക് മോക്ഷം തേടി തീര്‍ത്ഥയാത്ര ചെയ്യുന്ന കാഴ്ച ഞാന്‍ ഇതികര്‍ത്തവ്യതാമൂഡനായി നോക്കി നിന്നു. ഇലയില്‍ വീണ മഞ്ഞുതുള്ളി മെല്ലെ ഒഴുകി അരുവിയിലഭയം പ്രാപിക്കുന്നത് പോലെ നയനമധുരമായ ആ ദൃശ്യം എന്റെ ജീവിതത്തെ അര്‍ത്ഥവത്താക്കി. പൈസ കൊടുത്ത് ട്രെയിനകത്ത് കയറി, അപ്പുറത്തെ ട്രാക്കില്‍ ദഹിവടകളുണങ്ങാനിടുമ്പോള്‍, വിശപ്പ് മാറിയില്ലെങ്കിലും ശരീരത്തിന് തീ പിടിക്കുന്ന വെയിലത്ത് വട വിറ്റു നടക്കുന്ന ഒരു സാധുവിന്റെ സമ്പാദ്യത്തിലേയ്ക് ചെറിയൊരു സംഭാവന നല്‍കാന്‍ കഴിഞ്ഞല്ലോ എന്ന് സ്വയം സമാധാനിക്കാന്‍ വിഫലശ്രമം നടത്തുകയായിരുന്നു മനസ്സ്. എന്റെ കുടല് കരിയുന്ന ഗന്ധം സഹൃദയന്റെ നാസാരന്ധ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.


ഭുവനേശ്വറില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം അടുത്ത വണ്ടിയില്‍ കയറി പലാസയിലെത്തി. രാത്രിയായിരുന്നതിനാല്‍ വഴിയിലൂള്ള ചില്‍ക്കാ തടാകത്തിന്റെ മനോഹാരിതയാസ്വദിക്കാന്‍ കഴിഞ്ഞില്ല. വിശാഖപട്ടണത്തിലേയ്ക്ക് അടുത്ത വണ്ടി 2 AMനേ ഉള്ളൂ. അതും എക്സ്പ്രസ്സ്. കാത്തിരിക്കുക തന്നെ. സംസാരിക്കാന്‍ കുറച്ച് ഗുജറാത്തികളെ കൂട്ടു കിട്ടി. അടുത്ത ദിവസം രാവിലെ എട്ട് മണിയ്ക്ക് തത്കാല്‍ ബുക്ക് ചെയ്യാനുള്ള ക്യൂവില്‍ ഇപ്പോള്‍ തന്നെ വന്ന് നില്‍ക്കുകയാണവര്‍. ക്യൂ നില്‍ക്കാനുള്ള സ്ഥലത്ത് ഒരു പാമ്പ് നീണ്ട് കിടന്ന് ഉറങ്ങുന്നു. വിളിച്ചുണത്തിയപ്പോള്‍ ഞാനാണ് ആദ്യം വന്നത് നൂറ് രൂപ തന്നാല്‍ മാറിത്തരാം എന്ന് ഉണര്‍ത്തിച്ചതിന്റെ അമര്‍ഷത്തിലാണവര്‍. ഇന്ത്യയിലെ ഏത് സ്ഥലത്തേക്കാളും നല്ലത് ഗുജറാത്താണെന്നും, അവിടെ മോഡി സര്‍ക്കാര്‍ മദ്യം നിരോധിച്ചിട്ടുള്ളതിനാല്‍ പാമ്പുകളെ എവിടേയും കാണില്ല എന്നും അവരിലൊരാള്‍ എന്നോട് പറഞ്ഞു. പരമ്പരാഗത മുസ്ലിം രീതിയില്‍ വസ്ത്രധാരണം ചെയ്തിട്ടുള്ള അവര്‍ മോഡി സര്‍ക്കാരിനെ പറ്റി നല്ലത് പറഞ്ഞത് മോഡി വിരുദ്ധനായ എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങള്‍ പോലീസുകാരനെ വിളിച്ച് കൊണ്ടു വന്ന് പാമ്പിനെ ഓടിച്ച് വിട്ടു.


രാവിലേയായപ്പോഴേയ്ക്കും വിശാഖപട്ടണമെത്തി.സ്ലീപ്പര്‍ ടിക്കറ്റുകാര്‍ക്ക് മാത്രം പ്രവേശനമുള്ള വെയ്റ്റിംഗ് റുമില്‍ കയറി മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം ഒരിടത്തിരുന്നു വിശ്രമിച്ചു. തലേന്ന് ഉറക്കം ശരിയാവാത്തതിനാല്‍ അറിയാതെ മയങ്ങിപ്പോയി. ഉണര്‍ന്ന് മൊബൈല്‍ എടുക്കാന്‍ ചെന്നപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലുമില്ല !!! ഞാന്‍ ചുറ്റും നോക്കി. പലരും എന്നെ നോക്കി ചിരിക്കുന്നുണ്ടോ ??? ഏയ് ഇല്ല, തോന്നിയതാകും. ഞാന്‍ വൈയ്റ്റിംഗ് റൂമില്‍ ഉണ്ടായിരുന്ന പോലീസുകാരനോട് കാര്യം പറഞ്ഞു. അയാള്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞു. ഞാന്‍ കുരങ്ങ് ചത്ത കുറവനെപ്പോലെ ചുറ്റും നോക്കി. പലരും ചിരിക്കുന്നുണ്ട്. "ട്രൂമാന്‍ ഷോ" സിനിമയിലേത് പോലെ ഈ തെലുങ്കന്‍ മരങ്ങോടന്മാരെല്ലാം എന്റെ ജീവിതത്തിലെ നിസ്സഹായാവസ്ഥ ഒരു റിയാലിറ്റി ഷോ കാണുന്ന ലാഘവത്തോടെ ആസ്വദിക്കുകയാണ്. അവസാനം മൊബൈല്‍ പോലീസുകാരന്റെ കയ്യിലുണ്ട് എന്ന് മരങ്ങോടനല്ലാത്ത,സഹജീവി സ്നേഹമുള്ളനും,മഹാനും,വിശാല ഹൃദയനും വേറെ എന്തെല്ലാമോ ആയ ഒരു തെലുങ്കന്‍ എന്നോട് പറഞ്ഞു. ഞാന്‍ വീണ്ടും പോലീസുകാരനെ ചെന്ന് കണ്ടു. അയാള്‍ എന്നെ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വച്ച് ഉറങ്ങിയതിന് കുറേ ചൊറിഞ്ഞു, പറയുന്നത് കാര്യമാണ്. ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. അവസാനം പോലീസുകാരന്‍ ഒരു കുപ്പി കൂള്‍ ഡ്രിങ്ക് വാങ്ങിക്കൊണ്ട് വരാന്‍ ഉത്തരവിട്ടു. ഞാന്‍ ഒരു കുപ്പി മിനറല്‍ വാട്ടര്‍ കൊണ്ട് വന്നു (സത്യമായിട്ടും അത് കൂളായിരുന്നു, ഡ്രിങ്കാനും പറ്റും). 
"ഫാ..ഇതാണോടാ കൂള്‍ഡ്രിങ്ക് ?? പോയി മാസ്സ വാങ്ങിച്ചേച്ച് വാ!!"
അടിയന്‍...,ഞാന്‍ മാസ്സ വാങ്ങി വന്നു. അയാള്‍ മൊബൈല്‍ തിരിച്ച് തന്നു. അയാള്‍ മാസ്സ കുടിച്ച ശേഷം എന്നെ നോക്കി. ഞാന്‍ അനങ്ങിയില്ല. വീണ്ടും മാസ്സ കുടിച്ച ശേഷം വീണ്ടും എന്നെ നോക്കി. ഞാന്‍ വീണ്ടും അനങ്ങിയില്ല. 
"എന്താ പോകുന്നില്ലേ ??" അയാളുടെ ചോദ്യം 
"ബിഫോര്‍ ഐ ഗോ, ഐ വണ്ണ ടെല്‍ യു ദാറ്റ് യൂ ആര്‍ എ കറപ്റ്റഡ് പോലീസ് ഓഫീസര്‍"
അരേ വാഹ്, ക്യാ ഡയലോഗ് മാരാ യാര്‍, ഞാന്‍ സ്വയം അഭിനന്ദിച്ചു. എന്നിട്ട് സ്ലോ മോഷനില്‍ തിരിഞ്ഞു നടന്നു( പഞ്ച് ഡയലോഗ് അടിച്ചാല്‍ പിന്നെ സ്ലോമോഷനില്‍ തിരിഞ്ഞ് നടക്കണം എന്ന് തൊമ്മനും മക്കളും പടത്തില്‍ സൂപ്പര്‍സ്റ്റാര്‍ സലിം കുമാര്‍ പറഞ്ഞിട്ടുണ്ട്). അധികം നടക്കേണ്ടി വന്നില്ല, അതിന് മുന്‍പേ അയാള്‍ തിരിച്ച് വിളിച്ചു. പടച്ചോനെ പണി പാളിയോ‌!!! ഈ തടിച്ചിരുണ്ട ജീവിയുടെ കയ്യില്‍ നിന്നും ഒന്ന് കിട്ടിയാല്‍ തന്നെ എന്റെ വെടി തീരും. എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം. ഞാന്‍ ധൈര്യം സംഭരിച്ച് തിരിച്ച് ചെന്നു.
"നീ കാര്യങ്ങള്‍ തുറന്ന് പറയുന്ന തരക്കാരനാണ് അല്ലേ ?"
"ഉം. അതെ" ഞാന്‍ മസിലു പിടിച്ചു.
"സൌഹൃദപരമായി ഒരു കുപ്പി വെള്ളം വാങ്ങാന്‍ പറയുന്നത് കറപ്ഷനാണോ ??"
"അഞ്ച് രൂപയുടെ ചോക്ലേറ്റ് ആണേലും കറപ്ഷനാണ്" ഞാന്‍ വിട്ടുകൊടുത്തില്ല. അയാള്‍ പോക്കറ്റില്‍ നിന്നും അമ്പത് രൂപയുടെ നോട്ടെടുത്ത് തന്നു.
"എനിയ്ക്ക് വേണ്ട" ഞാന്‍ പ്രഖ്യാപിച്ചു. അയാള്‍ എണീറ്റ് നിന്നു, പൈസ എന്റെ പോക്കറ്റില്‍ തിരുകി, എതിര്‍ത്താല്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചാലോ ???? ഞാന്‍ എതിര്‍ത്തില്ല. മാസ്സയുടെ മുപ്പത് രൂപ കുറച്ചാല്‍ തന്നെ ഒരൊറ്റ ഡയലോഗില്‍ നിന്നുമുള്ള വരുമാനം ഇരുപത് രൂപ!!! ഇങ്ങനെ അടിക്കുന്ന ഡയലോഗിനെല്ലാം പത്തും ഇരുപതും വച്ച് കിട്ടിയിരുന്നേല്‍ ഞാനൊരു കോടീശ്വരനായേനേ !!!


ഇനി അധിക നേരം ഇവിടെക്കിടന്ന് കറങ്ങിയാല്‍ ശരിയാവില്ല. ഞാന്‍ അടുത്ത വണ്ടിക്ക് തന്നെ വിജയവാഡയ്ക്ക് വച്ച് പിടിപ്പിച്ചു. വിജയവാഡയില്‍നിന്നും നേരേ തെനാലിയിലേയ്ക്ക്. നമ്മുടെ തെനാലിരാമന്റെ നാട്. അവിടന്ന് അടുത്ത വണ്ടി പാതിരാത്രിയില്‍ എപ്പോഴോ ആണ്. ഞാന്‍ പുറത്തിറങ്ങി നടന്നു. വിശക്കുന്നു. വല്ലതും കഴിക്കാമെന്ന് കരുതി നോക്കിയപ്പോള്‍ നല്ല ഹോട്ടലൊന്നും കാണുന്നില്ല. ഞാന്‍ ആദ്യം കണ്ട തെലുങ്കനെ പിടിച്ച് അറിയാവുന്ന തെലുങ്കില്‍ വച്ച് കാച്ചി.
"അണ്ണയ്യാ, ഹോട്ടല്‍ എക്കടെ ഉന്നാവ് ??"
ചോദിച്ച് നിര്‍ത്തിയതേ ഓര്‍മയുള്ളൂ, അയാള്‍ ഹൈസ്പീഡ് തെലുങ്കില്‍ വഴി പറഞ്ഞു തന്നിട്ട് അയാളുടെ വഴിയ്ക്ക് പോയി. സബ് ടൈറ്റില്‍ ഇല്ലാതെ പല തെലുങ്ക് പടങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത് പോലൊരു കഷ്ടപ്പാട് എനിക്ക് വന്നിട്ടില്ല. കണ്ടറിയാത്തവന്‍ കൊണ്ടാലെങ്കിലും അറിയണ്ടേ ? ഞാന്‍ അടുത്ത ആളോട് പോയി മാന്യമായി ഹിന്ദിയില്‍ വഴി ചോദിച്ചു. അയാള്‍ മാന്യമായി ഹിന്ദിയില്‍ വഴി പറഞ്ഞു തന്നു. ഇത് നേരത്തേ ചെയ്താല്‍ മതിയായിരുന്നു. തോന്നിയില്ല. ഫുഡടിച്ച് തിരിച്ച് സ്റ്റേഷനിലേയ്ക്ക് പോയി. സ്റ്റേഷന്റെ മുന്നില്‍ തൊഴിലാളി പ്രതിമകളും അരിവാള്‍ ചുറ്റിക നക്ഷത്രവുമെല്ലാം കണ്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ CPI(M)ന്റെ ആദ്യ ഔദ്യോധിക സമ്മേളനം നടന്നത് തെനാലിയിലാണെന്നത് എവിടെയോ വായിച്ചതോര്‍ത്തു. സ്റ്റേഷനില്‍ വച്ച് ഒരുത്തനെ കമ്പനി കിട്ടി. അവന്‍ പഠിക്കുന്നത് ഒസ്മാനിയാ യൂണീവേഴ്സിറ്റിയിലാണ്. തെലുങ്കാനാ പ്രശ്നത്തിന്റെ പ്രഭവകേന്ദ്രമാണ് ഒസ്മാനിയ. ഞങ്ങള്‍ തെലുങ്കാന വിഷയത്തെക്കുറിച്ച് ചെറുതായി ചര്‍ച്ച ചെയ്തു.


തെനാലി വിട്ട് അടുത്തതായി ഇറങ്ങിയത് തിരുപ്പതിയിലാണ്. ആണ്‍ മൊട്ടകള്‍, പെണ്‍മൊട്ടകള്‍, കുട്ടി മൊട്ടകള്‍ വയസ്സന്‍ മൊട്ടകള്‍ അങ്ങനെ എവിടെ നോക്കിയാലും മൊട്ടകള്‍. ഞാന്‍ അവിടെ കുറച്ച് നേരം മൊട്ടയാസ്വദിച്ച് നടന്നു. മടുത്തപ്പോള്‍ അടുത്തതായി വന്ന വണ്ടിയ്ക്ക് കയറി. ആലപ്പുഴ വണ്ടിയായിരുന്നു. ഇനി എവിടേയും ഇറങ്ങുന്നില്ല എന്ന് തീരുമാനിച്ചു. ട്രെയിനില്‍ അകത്ത് കയറാന്‍ സ്ഥലമില്ലാത്തതിനാല്‍ ഫുട്ബോഡില്‍ ഇരുന്നു. തൊട്ടു പിന്നില്‍ ഒത്തിരി സംസാരിക്കുന്ന ഒരു അമ്മയും ഒന്നും മിണ്ടാത്ത ഒരു മകളും. ഞാനും ആ അമ്മയും വന്‍ കമ്പനിയായി. ഞാന്‍ എന്റെ മുറിതമിഴുവച്ച് കുറച്ച് കഷ്ടപ്പെട്ടു എങ്കിലും സ്നേഹത്തിന്റെ ഭാഷയില്‍ ഒത്തിരി സംസാരിച്ചു. എല്ലാവരേയും വിശ്വസിക്കുന്ന ആ അമ്മയെപ്പോലുള്ളവര്‍ പറ്റിക്കപ്പെടാന്‍ സാധ്യത കൂടുതലാണ് എന്ന് ഞാന്‍ ഓര്‍മിപ്പിച്ചു. അവര്‍ അമ്പലത്തില്‍ പോയി വരികയാണ്. എനിയ്ക്ക് പ്രസാദം തന്നു. അത് വളരെ ശക്തിയുള്ളതാണെന്നൊക്കെ പറഞ്ഞു. "കടവുള്‍ ഇല്ലൈ" എന്നായിരുന്നു എന്റെ എടുത്തടിച്ച മറുപടി. അത് കേട്ടപ്പോള്‍ പണ്ട് ഞാന്‍ അമ്പലത്തില്‍ ദൈവവുമില്ല. എനിക്കവിടെ പോകാന്‍ സൌകര്യവുമില്ല എന്ന് പറഞ്ഞപ്പോള്‍ എന്റെ അമ്മയുടെ മുഖത്ത് പ്രത്യക്ഷമായ, ഭയവും, ദേഷ്യവും, സങ്കടവുമെല്ലാം കലര്‍ന്ന ആ മുഖഭാവം ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ആ സ്ത്രീയുടെ മുഖത്ത് എനിക്ക് ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകളേയും കൊണ്ട് അമ്പലത്തില്‍ പോയപ്പോള്‍ ചെറിയ കുട്ടിയായിരുന്ന അവള്‍ താലി വലിച്ച് പൊട്ടിച്ചതും, അത് കഴിഞ്ഞ് രണ്ടാഴ്ച കഴിയും മുന്‍പേ ഭര്‍ത്താവ് കാറപകടത്തില്‍ മരിച്ചതുമെല്ലാം ദൈവമുണ്ട് എന്നതിന്റെ ദൃഷ്ടാന്തമായി എനിക്ക് വിവരിച്ച് തരുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.


ആ അമ്മ ചിറ്റൂരില്‍ ഇറങ്ങി. ഇത്തിരി നേരമേ സംസാരിച്ചുള്ളുവെങ്കിലും ഞങ്ങള്‍ക്കിടയില്‍ ഒരു ആത്മബന്ധം രൂപപ്പെട്ടിരുന്നു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ പ്രിയപ്പെട്ട ആരേയോ നഷ്ടപ്പെടുന്നപോലെ. ഇത്തിരി സമയം കൊണ്ട് ഒത്തിരി സ്നേഹം തന്ന ആ അമ്മയെ കരയിച്ചതിന്റെ ദുഖം. എനിക്ക് എന്റെ അമ്മയുടെ അടുത്തെത്തണം. കോളേജില്‍ വച്ച് ഒരിക്കലും തോന്നിയിട്ടില്ലാത്ത ഒരു വികാരം. അന്ധവിശ്വാസങ്ങളെന്ന് പരിപൂര്‍ണവിശ്വാസമുണ്ടായിരുന്നതിനാല്‍ അമ്മയുടെ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നത് അമ്മയെ എത്രത്തോളം വേദനിപ്പിച്ചിരിക്കും എന്നാലോച്ചിച്ചപ്പോള്‍ വല്ലാത്ത വിഷമം. 


ഇനിയൊരിക്കലും തികച്ചും അവശ്യമായ സന്ദര്‍ഭങ്ങളിലല്ലാതെ അമ്മയുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യില്ലെന്ന് തീരുമാനമെടുത്ത് ഞാന്‍ യാത്ര തുടര്‍ന്നു. മകന് ദൈവ വിശ്വാസം വരാന്‍ വഴിപാടുകളും കഴിച്ച് കാത്തിരിക്കുന്ന ഒരു അമ്മയുടെ അടുത്തേയ്ക്ക്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...