പ്രവാസദൂരം
സന്തോഷ് പാലാ
തേന്‍വരിയ്ക്കയില്‍ നിന്നും
തേനീച്ചക്കൂട്ടിലേയ്ക്കുള്ള ദൂരവും
ചാമ്പയില്‍ നിന്നും
ചാരുകസേരയിലേയ്ക്കുള്ള ദൂരവും
ഒരവധി ദിവസം
കൊണ്ടളക്കാന്‍
എളുപ്പമായിരുന്നു.
ചോപ്പില്‍ നിന്നും
ചെങ്കൊടിയിലേയ്ക്കുള്ള ദൂരവും
പകലില്‍ നിന്നും
പാതിരയിലേയ്ക്കുള്ള ദൂരവും
പറഞ്ഞുതരാന്‍
പണ്ടൊത്തിരിപേരുണ്ടായിരുന്നു.
അക്ഷരങ്ങളില്‍ നിന്നും
അറിവിലേയ്ക്കുള്ള ദൂരവും
വ്യക്തിയില്‍ നിന്നും
പ്രസ്ഥാനത്തിലേയ്ക്കുള്ള ദൂരവും
ഒരുപോലെയളക്കുന്ന
നാട്ടിലൂടെ നടത്തുന്നു കാലം.
അത്ഭുതങ്ങളില്‍ നിന്നും
ആള്‍ദൈവത്തിലേയ്ക്കുള്ള ദൂരവും
നേഴ്സില്‍ നിന്നും
ഡോക്ടറിലേയ്ക്കുള്ള ദൂരവും
ഒരു സ്തെതസ്കോപ്പുകൊണ്ടളക്കാനാവുമോ?
വിപ്ലവത്തില്‍ നിന്നും
വിശ്വാസത്തിലേയ്ക്കുള്ള ദൂരവും
സ്വപ്നത്തില്‍ നിന്നും
സ്വന്തമാക്കിയതിലേയ്ക്കുള്ള ദൂരവും
ചിലനേരത്ത്
കുറഞ്ഞു കുറഞ്ഞു
വരുന്നതായി തോന്നിയേക്കാമെങ്കിലും,
വിരഹത്തില്‍ നിന്നും
വേദനയിലേയ്ക്കുള്ള ദൂരവും
ഒറ്റപ്പെടുന്നതില്‍ നിന്നും
ഓര്‍മ്മയിലേയ്ക്കുള്ള ദൂരവും
തിട്ടപ്പെടുത്താനാവാതെ
വീര്‍പ്പുമുട്ടുന്നുണ്ടാവാമൊരു മനസ്സ്.
രാത്രിയുടെ നിഗൂഡതയിലിരുന്ന്
കണ്ണുകള്‍
നിലാവിലേയ്ക്കുള്ള ദൂരം
തേടുന്നതുപോലെ!
14 Dec 2011
പ്രവാസദൂരം
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...