14 Dec 2011

പുതിയ കാലത്തിന്റെ അമൂർത്ത പ്രപഞ്ചങ്ങൾ



       തോമസ്‌ ജോസഫ്‌

       കഥകൾക്ക്‌ ജീവിതത്തോളം തന്നെ പഴക്കമുണ്ട്‌.  ആദിമ മനുഷ്യൻ കല്ലുകൾ ഉരസി
തീ ഉണ്ടാക്കിയപ്പോൾ അതിൽ നിന്ന്‌ കഥയുടെ നിഗോ‍ൂഢരശ്മികൾ ചുറ്റും
പ്രസരിച്ചിട്ടാവണം ലോകമെങ്ങും കഥകൾ കൊണ്ട്‌ നിറഞ്ഞത്‌.  കുഞ്ഞിലേമുതൽ
എനിക്കും കഥകൾ കേൾക്കാനുള്ള ഭാഗ്യമുണ്ടായി.  അപ്പൻ പറഞ്ഞുതന്ന
വിക്രമാദിത്വൻ കഥകളും വണക്കമാസപ്പുസ്തകത്തിലെ ദൃഷ്ടാന്തങ്ങളും
ക്രിസ്തുവിന്റെ പീഢാനുഭവ വിവരണമായ പുത്തൻപാനയും കേട്ടാണ്‌ എന്റെയുള്ളിൽ
കഥയുടെ വിത്തുകൾ വീണത്‌.  വീട്ടിൽ വന്നിരുന്ന ഭിക്ഷാടകർക്ക്‌ ഭക്ഷണവും
വസ്ത്രങ്ങളും കൊടുക്കാതെ അമ്മ പറഞ്ഞു വിട്ടിരുന്നില്ല.


അമ്മയുടെ നിർദ്ദേശാനുസരണം എറുമ്പുകളെ നോവിക്കാതിരിക്കാനായി മണ്ണിൽ സൂക്ഷിച്ച്‌
രാകേഷ് നാഥ്
കാലുകൾ പെറുക്കിവെച്ച്‌ നടന്നിരുന്ന ബാല്യകാലം ഓർമ്മിക്കുമ്പോൾ ഇപ്പോൾ
ചിരിവരുന്നു.  ബാല്യവും കൗമാരവും കടന്ന്‌ ജോലിയൊന്നുമില്ലാതെ
വീട്ടിലിരിക്കേണ്ടി വന്ന നീണ്ട വർഷങ്ങളിൽ ജീവിതത്തിന്റെ മറുപുറവും
എനിക്കു തൊട്ടറിയാനായി.  അമ്മ എനിക്കു വിളമ്പിവെച്ച
ഭക്ഷണപാത്രത്തിലേക്ക്‌ അപ്പന്റെ വായിൽ നിന്ന്‌ തവളകളും പാമ്പുകളും
ഇറങ്ങിവന്ന്‌ ഇഴഞ്ഞും ചാടിയും നടന്നതായി എനിക്ക്‌ എഴുതേണ്ടി
വന്നിട്ടുണ്ട്‌.

       പുതിയ കാലത്തിലേക്ക്‌ കടന്നുവരുമ്പോൾ എഴുത്തിന്റെ ജീവിതപരിസരങ്ങൾ
ഏറെമാറിപ്പോയിരിക്കുന്നു.  പണ്ടൊക്കെ സങ്കടങ്ങൾ വരുമ്പോൾ അമ്മയുടെ
മടിത്തട്ടിലേക്ക്‌ പോയിരുന്ന ബാല്യവും കൗമാരവും ആയിരുന്നു ഞങ്ങളുടേത്‌.
പക്ഷെ ഇപ്പോഴത്തെ ചെറുപ്പക്കാർക്കാകട്ടെ വീട്‌ ഒരു അഭയകേന്ദ്രമായി
മാറുന്നില്ല. സോഷ്യൽ നെറ്റ്‌വർക്കുകളിലും ഇന്റർനെറ്റിലെ മറ്റ്‌
സങ്കേതങ്ങളിലും ഒക്കെയാകാം അവർ അഭയം തേടുന്നത്‌. അറുപതുകളിലേയും
എഴുപതുകളിലേയും ഏകാന്തത്തയുടേയും ഒറ്റപ്പെടലിന്റേയും ലോകങ്ങൾ ഒരുപക്ഷെ
ഇന്നത്തെ തലമുറയ്ക്ക്‌ അന്യമായിരിക്കാം.

       എന്താണ്‌ ചെറുകഥ എന്നു നിർവ്വചിക്കുക അസാദ്ധ്യമാണ്‌. ആധുനികതയുടെ
കാലത്ത്‌ കഥയെക്കുറിച്ചുള്ള സങ്കൽപങ്ങൾ പൊളിച്ചെഴുതപ്പെട്ടു. മലയാള
കഥയുടെ രൂപത്തിലും ഭാവത്തിലും പലമാറ്റങ്ങളും സംഭവിച്ചു. അതിനുശേഷം
ഞങ്ങളുടെ തലമുറയിൽപെട്ടവർ നല്ല കഥകളെഴുതി. പക്ഷെ നല്ല കഥകൾ മാത്രമായി
നിലനിൽക്കാനാണ്‌ അവയുടെ വിധി. ക്ലാസിക്കുകളുടെ തലത്തിലേക്ക്‌ ഉയരാൻ
കഴിയാത്തത്താണ്‌ ആ കഥകളുടെ പരിമിതി എന്ന്‌ തോന്നുന്നു. ഉത്തരാധുനികത
കടന്നുവന്നപ്പോൾ കാൽപനികതയുടെ ചിറകുകളെ വെട്ടിക്കളഞ്ഞ്‌ കഥ
മുന്നോട്ടുപോയെന്ന്‌ അവകാശപ്പെടുന്നവർ കഥ യഥാതഥമായ
ചട്ടക്കൂടിനുള്ളിലേക്ക്‌  തിരിച്ചുപോകുകയാണ്‌ ചെയ്തത്തതെന്ന്‌
അറിയുന്നില്ല.

എന്റെ അഭിപ്രായത്തിൽ സക്കറിയയ്ക്കുശേഷം ഒരു പൊട്ടിത്തെറി
ഉണ്ടായിട്ടില്ല. വല(സക്കറിയ), ഒരു പുതിയ ക്രമം(ടി. ആർ), പന്ത്രണ്ടാം
മണിക്കൂർ(വി.പി.ശിവകുമാർ) ഈ കഥകൾക്ക്‌ അപ്പുറത്തേക്ക്‌ രൂപഭാവങ്ങളിൽ
മലയാളകഥയിൽ ഒരു വളർച്ച ഉണ്ടായിട്ടുണ്ടോയെന്ന്‌ സംശയം. ഗുമസ്ഥന്റെ
പുസ്തകത്തിലെ കണക്കുകൾപോലെ കോഴിമുട്ടയുടെ ആകൃതിയിൽ നല്ല കഥകൾ
ഉണ്ടാകുന്നുണ്ടെങ്കിലും അവപൊട്ടിയുടഞ്ഞ്‌ ഒരു പുതിയരൂപം
ഉടലെടുക്കുന്നില്ല.

 താൻ ജീവിക്കുന്ന സമൂഹത്തിന്റെ ആർത്തിപിടിച്ച ജീവിത
വ്യഗ്രതയിലേക്ക്‌ എഴുത്തുകാരനും വീണുപോകുന്നതാണ്‌ ഇതിനൊരു പ്രധാന
കാരണമെന്നു തോന്നുന്നു.  ഈ ലോകജീവിതത്തിന്റെ ഉപരിപ്ലവതകളിൽ
അഭിരമിക്കുമ്പോഴും അയാൾ ജീവിക്കേണ്ടത്‌ തന്റെ ഉള്ളിൽത്തന്നെയാണ്‌.
അങ്ങനെയല്ലാതാവുമ്പോഴാണ്‌  അയാൾക്ക്‌ പൂർവ്വ രൂപങ്ങളെത്തന്നെ
ആശ്രയിക്കേണ്ടിവരുന്നത്‌.

       പുതിയ പ്രപഞ്ചങ്ങൾ സൃഷ്ടിക്കാൻ വിധിക്കപ്പെട്ട എഴുത്തുകാരൻ അതിനു
വിപരീതമായി എഴുതിത്തുടങ്ങുമ്പോഴേ പുരസ്ക്കാരങ്ങളെ പുണരാനുള്ള അമിതമായ
ഒരാവേശത്തിലേക്ക്‌ വീണുപോകുന്ന കാഴ്ചയാണ്‌ ഇന്ന്‌ കാണാൻ കഴിയുന്നത്‌.
അനാവശ്യമായ അംഗീകാരങ്ങളുടെ മാലിന്യങ്ങളിൽ നിന്നും അയാൾ തന്റെ മനസ്സിനെ
മുക്തമാക്കിവെക്കണം.  ഇക്കാര്യത്തിൽ അയാൾ ക്രിസ്തു പറയുന്ന
നല്ലനിലത്തുവിതച്ച വിതക്കാരനോട്‌ തുല്യനായിരിക്കണം.  അതിമോഹങ്ങളുടെ
പാഴ്ച്ചെടികളേയും മുള്ളുകളേയും വെട്ടിക്കളഞ്ഞ്‌ വിതക്കാരൻ മണ്ണിനെ
പാകപ്പെടുത്തുന്നതുപോലെ അയാൾ സ്വന്തം മനസ്സിനെ
പാകപ്പെടുത്തേണ്ടിയിരിക്കുന്നു.

       ഡോസ്റ്റോയേവ്സ്കി തന്റെ  നിന്ദിതരും പീഡിതരും എന്ന നോവലിലാണെന്നു
തോന്നുന്നു ഉപകഥാപാത്രങ്ങളുടെ ദുരന്തങ്ങളെക്കുറിച്ച്‌
പ്രതിപാദിക്കുന്നുണ്ട്‌.  അറിഞ്ഞോ അറിയാതേയോ കലയിലും എഴുത്തിലും ഇത്തരം
ദുരന്തങ്ങൾ സംഭവിക്കുന്നുണ്ട്‌.  അംഗീകരിക്കപ്പെടാതേയും ജീവിതത്തിന്റെ
അധോതലങ്ങളിൽ മാത്രം സഞ്ചരിക്കാൻ വിധിക്കപ്പെട്ടും കഴിയുന്ന
പ്രതിഭാശാലികളാണിവർ.  പേരിനോടും പ്രസിദ്ധിയോടും മുഖം തിരിച്ചുനടന്ന്‌
കലയെ പൊളിച്ചെഴുതുന്നുവർ.  ഇങ്ങനെ മലയാള കഥാസാഹിത്യത്തിൽ ഒരു ഉപ
കഥാപാത്രത്തിന്റെ ദുരന്തം ഏറ്റുവാങ്ങിയ എഴുത്തുകാരനായിരുന്നു ടി.ആർ.
ടി.ആറിന്റെ ചെറുകഥയും ചിത്രകലയും എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത്‌
ഈരണ്ടു കലാരൂപങ്ങൾ എങ്ങനെ പരസ്പരം സമന്വയിക്കപ്പെടുന്നു
എന്നതിനെക്കുറിച്ചുള്ള വിശകലനങ്ങളാണ്‌.  കഥയിലെ വീക്ഷണ കേന്ദ്രത്തേയും
കാഴ്ചവട്ടത്തേയും കുറിച്ച്‌ വിശ്വസാഹിത്യത്തിലെ നിരവധി കഥകൾ എടുത്തു
നിരത്തി ചിന്തിക്കുമ്പോൾ പൊതുവെ സമ്പന്നമെന്നു വിശ്വസിക്കപ്പെടുന്ന
നമ്മുടെ ചെറുകഥാസാഹിത്യം രൂപപരമായി സമഗ്രമായ ഒരു മാറ്റത്തിനു
വിധേയമായിട്ടുണ്ടോ എന്നൊരു സംശയം വെളിവാകുന്നു.

       പുതിയ മലയാള കഥയിലേക്കു കടന്നു വരുമ്പോൾ ഒറ്റപ്പെട്ടതും വിചിത്രവും
കിനാവുകളുടേതുമായ ലോകങ്ങൾ സൃഷ്ടിക്കുന്ന എഴുത്തുകാർ വിരളമാണെന്നു
തോന്നുന്നു..  പക്ഷേ ഇത്തരം ഭാവപ്രപഞ്ചങ്ങളുടെ തെളിവുകളുമായി രാകേഷ്ണാഥ്‌
എന്ന യുവഎഴുത്തുകാരന്റെ ചില കഥകൾ എന്റെ കൈകളിൽ വന്നുപെട്ടിരിക്കുന്നു.
യാഹൂ, പത്രോസേ നീ പാറയാകുന്നു, പരസംക്രമണം തുടങ്ങിയ കഥകൾ
നവഭാവുകത്വത്തിലേക്ക്‌ തുറക്കുന്ന വാതിലുകളാണ്‌. ഒരു തുടക്കക്കാരന്‌
സംഭവിച്ചേക്കാവുന്ന എല്ലാ അരിഷ്ടതകളേയും പരിമിതികളേയും ഈ കഥകൾ
മറികടന്നിരിക്കുന്നു. തികഞ്ഞ പക്വതയും കയ്യടക്കവുമാണ്‌ ഈ കഥകളുടെ
മുഖമുദ്ര. ഇന്നത്തെ ആസുരകാലത്തിന്റെ തൂവാലയിൽ ഇരുണ്ടതും വന്യവുമായ
സ്വപ്നങ്ങളുടെ കറുപ്പും വെളുപ്പും നൂലുകളെ തുന്നുകയും അഴിക്കുകയും
ചെയ്യുന്ന ഒരു ശിഥിലപ്രപഞ്ചമാണ്‌ ഈ കഥകളിൽ വിന്യസിക്കപ്പെടുന്നത്‌.
അങ്ങനെ ഓരോ നിമിഷവും തകർക്കപ്പെടുകയും ഛിന്നഭിന്നമാക്കപ്പെടുകയും
ചെയ്യുന്ന പുതിയ കാലത്തിന്റെ  മിടിപ്പുകൾ നമുക്ക്‌ തൊട്ടറിയാനാവുന്നു.

       മനുഷ്യരേക്കാൾ ഉപരിയായി വസ്തുക്കളെ കഥാപാത്രങ്ങളാക്കാൻ ഇഷ്ടപ്പെടുന്ന
എഴുത്തുകാരനാണ്‌ രാകേഷ്ണാഥ്‌.  ഒരു പ്രവാഹത്തിലെന്ന പോലെ
ജീവിതത്തിലേക്ക്‌ വസ്തുക്കൾ കടന്നുവരികയും മനുഷ്യരുടെ ഇരിപ്പിടങ്ങൾക്ക്‌
വ്യതിചലനങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.  എങ്കിലും ഒരു വസ്തുവിനേയും
നമുക്കു നിരാകരിക്കാൻ കഴിയില്ല.  ധ്യാനനിരതമായ ഒരു അകലമാണ്‌ അവയോടു നാം
പാലിക്കേണ്ടത്‌.  കാരണം ഓരോ അണുവിലും ദൈവികതയുടെ അംശങ്ങൾ നിമഗ്മനമാണല്ലോ.
 ഈ യുവ എഴുത്തുകാരന്റെ കഥകളിലേക്കു പ്രവേശിക്കുമ്പോൾ വസ്തുക്കളുടെ
ജീവിതമാണ്‌ ദൃശ്യമാകുന്നത്‌.. ഇവിടെ മനുഷ്യരും വസ്തുക്കളും പരസ്പരം
കൂടിക്കുഴയുന്നു, സിനിമയും ചിത്രകലയും സമന്വയിക്കുന്ന ഒരു പുതിയ ദൃശ്യഭാഷ
തെളിയുകയും ചെയ്യുന്നു....

       ടി.ആർ ചെറുകഥയും ചിത്രകലയും എന്ന പുസ്തകത്തിൽ പറയുന്ന വീക്ഷണകേന്ദ്രം ഈ
കഥകളിൽ ഇടയ്ക്കിടെ മാറുകയും വീണ്ടും ഒന്നാകുകയും ചെയ്യുന്നു.
പാരമ്പര്യത്തെ പാടെ നിരാകരിക്കുന്ന ഒരു ഊർജ്ജപ്രവാഹത്തിലൂടെ ഇന്നത്തെ
കാലത്തിന്റെ ഉത്കണ്ഠകളെ സമസ്യകളാക്കുക എന്ന കർമ്മമാണ്‌ രാകേഷ് നാഥ്
നിർവ്വഹിക്കുന്നത്‌.

ശവങ്ങളെ എടുത്തുപൊക്കി ഒരോ വീടുകൾക്കു മുന്നിലും ഉപേക്ഷിച്ച്‌
സിനിമയാത്രയാവുന്നു? - എന്ന്‌ രാകേഷ്‌ എഴുതുമ്പോൾ സിനിമതന്നെ ഒരു
കഥാപാത്രമായി മാറുകയാണ്‌.  ഹിച്ച്‌ കോക്കിന്റെ സിനിമകളിലേതെന്ന പോലെ
ശിൽപപരമായ ദാർഢ്യവും തിളക്കവുമാണ്‌ ഈ കഥകളെ വ്യത്യസ്തമാക്കുന്നത്‌.
ഇവിടെ ആദിമധ്യാന്തപൊരുത്തമുള്ള കഥാഘടന ഉടച്ചു വാർക്കപ്പെടുകയാണ്‌.
അയാൾ മതിൽ ചാരി നിൽക്കുകയായിരുന്നു.   പെട്ടെന്ന്‌ അയാൾ പോസ്റ്റർ ആയി
പതിക്കപ്പെടുന്നു - ഇവിടെ വായനക്കാരനിൽ ഒരു ആഘാതം നിറയുകയാണ്‌.

       ഈ കഥകളിലൂടെ കടന്നുപോയപ്പോൾ  ജോനഥാൻ ലിവിംഗ്ടൺ സീഗുൾ
ഓർമ്മിച്ചുപോയി.  ആ കടൽപ്പക്ഷി ആഹാരത്തിനു വേണ്ടി മാത്രം പറക്കുന്ന തന്റെ
കൂട്ടുകാരിൽ നിന്ന്‌ വ്യത്യസ്തനായി വേഗതയേയും ഉയരത്തേയും കീഴടക്കാനുള്ള
ഒരു മഹത്തായ യത്നത്തിൽ മുഴുകുന്നു.  അവൻ സമൂഹത്തിൽ നിന്ന്‌
ഒറ്റപ്പെടുകയും വിചാരണചെയ്യപ്പെടുകയും ചെയ്യുന്നു.  എല്ലാ
പാരമ്പര്യങ്ങളേയും അതിജീവിച്ച്‌ മുന്നേറാൻ തുടങ്ങുന്ന ഓരോ
എഴുത്തുകാരനേയും കാത്തിരിക്കുന്നത്‌ ഈ തിരസ്ക്കരണമാണ്‌.  പക്ഷേ ഓരോ
പറക്കലും അനശ്വരതയിലേക്കുള്ള ഓരോ ചിറകുവിടർത്തലുകളാണെന്ന്‌ അറിയുക.
രാകേഷ്ണാഥിന്റെ ഈ അതിജീവനശ്രമങ്ങൾ ഭാവിയിൽ വിജയങ്ങളായിമാറട്ടെയെന്ന്‌
ആത്മാർത്ഥമായി ആശംസിക്കുന്നു.


       (രാകേഷ്‌ നാഥിന്റെ രണ്ടാമത്തെ കഥാസമാഹാരമായ  'യാഹൂ'  എന്ന കൃതിയെ
മുൻനിർത്തി തോമസ്‌ ജോസഫ്‌ എഴുതിയ അവതാരിക)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...