നിലാവിന്റെ വഴി

ശ്രീപാർവ്വതി
മൌനം പറയുന്നതും കേള്‍ക്കുന്നതും..
“എന്‍റെ മണ്‍ വീണയില്‍ കൂടണയാനൊരു മൌനം പറന്നു പറന്നു വന്നു…
” മൌനത്തെ പറ്റി പാടാന്‍ എത്ര വരികളാണ്, നമുക്ക്. മൌനത്തിന്‍റെ ഭംഗിയേപ്പറ്റി പല കവികളും വാചാലരായിട്ടുണ്ട്. പ്രത്യേകിച്ച് പ്രനയത്തിന്‍റെ ഭാഷ മൌനമായിരിക്കേ എത്ര കവിതകള്‍.. എത്ര കവികള്‍..
നിശബ്ദത സംഗീതമാകുന്ന അപൂര്‍വ്വ അവസരങ്ങളില്‍ ഒന്നാണ്, പ്രണയിക്കപ്പെടുമ്പോള്‍ ഉള്ളത്. അവിടെ നാവില്‍ നിന്നുതിരുന്ന വാക്കുകള്‍ വെറും വാക്കുകളായി തന്നെ അവശേഷിക്കും. എത്ര ഭംഗിയായി ആണെങ്കിലും ആ അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ വാക്കുകള്‍ക്ക് പ്രയാസമുണ്ട്. പക്ഷേ മൌനത്തിന്‍റെ വ്യാപ്തി വളരെ വലുതാണ്. എനിക്കു നിന്നോട് പ്രണയമാണെന്ന് പരയാതെ തന്നെ പരസ്പരം തിരിച്ചറിയാം. അലുകികമായി ഒരു ഭാഷയിലൂടെയാണത് പറയപ്പെടുന്നത്.

"നിന്‍റെ മൌനം അതെന്നോടു പറയുന്നു.." എന്ന് കവികള്‍ പറയും. ആ മൌനം കാലത്തിന്, അതീതമാണ്, എന്തിന്, വേഷത്തിനും ഭാഷയ്ക്കും ലിംഗ ഭേദങ്ങള്‍ക്കും വരെ അതീതം.
വളരെ വലിയൊരു ഗുരു-ശിഷ്യ പരമ്പര നമുക്കുണ്ട്, മൌനത്തിന്‍റെ ഉത്തമ ഉദാഹരണങ്ങളായി നമുക്ക് ഈ ബന്ധത്തെ ചൂണ്ടിക്കാട്ടാം. ഒരു ഗുരു തന്‍റെ ശിഷ്യനെ പാഠങ്ങള്‍ പഠിപ്പിക്കുന്നത്, അറിവ്, പകര്‍ന്നു കൊടുക്കുന്നത് വാചകങ്ങള്‍ നിരത്തി വച്ചോ, ഉരുള പോലെ വാക്കുകളാല്‍ കസറത്തു കാണിച്ചോ അല്ല. അറിവിനായി ദാഹിച്ചിരിയ്ക്കുന്ന തന്‍റെ ശിഷ്യന്, ധ്യാനത്തിലിരിക്കുന്ന ഗുരു അത് പകര്‍ന്നു കൊടുക്കുന്നത് വളരെ വ്യത്യസ്തമായ ഒരു മാനസിക തലത്തിലൂടെയാണ്. ഒരു വാക്കു കൊണ്ടു പോലുംസംശയങ്ങളുന്നയിക്കാതെ ഗുരുവില്‍ നിന്ന് വരുന്ന തരംഗങ്ങള്‍ ശിഷ്യന്, എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. മൌനത്തിന്‍റെ ഉദാത്തമായ ഉദാഹരണങ്ങളില്‍ ഒന്നാണിത്.
പലരും അതിശയത്തോടെ പരയുന്നതു കേട്ടിട്ടുണ്ട്, സംസാര ശേഷിയില്ലാത്തവര്‍ പ്രണയിച്ചു വിവാഹം കഴിച്ച വാര്‍ത്ത കാണുമ്പോള്‍ കത്തുകള്‍ക്കപ്പുറം അവര്‍ കൈമാറുന്ന ഹൃദയ രഹസ്യം എങ്ങനെ മറ്റേ ആള്‍ക്ക് മനസ്സിലാകുന്നു എന്ന്. ടെലിപ്പതി എന്ന ശാസ്ത്ര പദത്തിനേക്കാലധികം ആത്മന്വേഷണം എന്ന പദമാവും അതിനു യോജിക്കുക എന്നു തോന്നിയിട്ടുണ്ട്. മൌനത്തെ തിരിച്ചറിയുക എന്നത് ഒരു അന്വേഷണം തന്നെയാണ്, തന്നില്‍ തന്നെയുള്ള ഒന്നിനെ തേടല്‍... മറുവശത്ത് മൌനത്തിലൂടെ സംവദിക്കുന്ന ആളുമായി ഉള്ള ആത്മബന്ധത്തിലൂടെ അത് നമ്മിലേയ്ക്ക് ഒഴുകി എത്തിക്കോളും. അതിന്, അയാളെ അറിയനമെന്നില്ല, കണ്ടു കൊണ്ടിരിക്കണമെന്നു പോലുമില്ല, എത്രയോ അകലങ്ങളിരുന്ന്, തന്‍റെ ശിഷ്യനെ അപകടത്തില്‍ നിന്ന് രക്ഷിച്ച് ഗുരുക്കന്‍മാരുള്ള നാടാണ്, നമ്മുടേത്, അകലങ്ങളിരുന്ന്, കാണാതെ പ്രണയിക്കുന്നവരുടെ ലോകമാണിത്. അപ്പോള്‍ എല്ലാവര്‍ക്കും ഒരു സംശയമുണ്ടായിരിക്കും, പ്രണയവും ആത്മീയതയും തമ്മിലെന്തെന്ന്..

ഉത്തരം ലളിതം അത് രണ്ടും ഒന്നു തന്നെ. പരസ്പരമുള്ള തേടലാണ്, പ്രണയത്തിനെ വളര്‍ത്തുന്നതെങ്കില്‍ പ്രണയത്തിന്‍റെ ഔന്നത്യത്തിലുള്ള അവനവനെ തേടലാണ്, ആത്മീയത കൊണ്ട് അര്‍ത്ഥമാക്കുന്നത്. പലപ്പോഴും അത് രണ്ടും തമ്മില്‍ വലരെ നേര്‍ത്ത ഒരു അതിര്‍വരമ്പ് മാത്രമേ ഉള്ളൂ, നശ്വരമായ ഉടലിനോടുള്ള ആസ്ക്തിയെ അല്ല പ്രനയം എന്നു വിവക്ഷിച്ചിരിക്കുന്നതു കേട്ടൊ, " പ്രണയം പ്രാര്‍ത്ഥനയെന്ന് കാറ്റ് മൊഴിയുന്നു...
നീ പ്രാര്‍ത്ഥനയെങ്കില്‍  ഞാനോ... സംശയമെന്ത്... നിന്നിലുരുകിത്തീരുന്ന മന്ത്രങ്ങള്‍....
നീയും ഞാനും പരസ്പരം ഉരുകി ഒന്നായവര്‍...
നീ എരിഞ്ഞടങ്ങുന്ന സൂര്യനെങ്കില്‍ ഞാന്‍, ചുവന്ന ചക്രവാളം.
നമ്മിലിരുന്നല്ലേ ചക്രവാകപ്പക്ഷി പാടുന്നത്... അവളില്‍ വിരഹമുണ്ട്, അതല്ലേ ഇത്ര മനോഹരമായി പാടാന്‍ അവള്‍ക്കു കഴിയുന്നത്. എന്നില്‍ വല്ലാത്ത ശാന്തി നിറയുന്നുണ്ട് , നീ തന്ന ഊര്‍ജ്ജം എന്നെ നിറഞ്ഞ് കവിഞ്ഞൊഴുകുന്നു...

മുന്നില്‍ ഒരു നിശബ്ദത മാത്രം ബാക്കി, ആ മഹാമൌനത്തില്‍ നീയുണ്ട്...
നിന്‍റെ ധ്യാനം എന്നില്‍ വന്നലയ്ക്കുന്നുണ്ട്, അതിന്‍റെ ഒഴുക്കാവാം എന്നില്‍ ശാന്തി നിറയ്ക്കുന്നത്...
മൌനത്തിലുറഞ്ഞ നമ്മുടെ പ്രണയം ഈ നശ്വരമായ ഉടല്‍ കഴിഞ്ഞ് പറന്നു തുടങ്ങുന്നു, അനന്തതയിലേയ്ക്ക്... ഒടുവില്‍ പ്രപഞ്ചത്തിലെങ്ങോ മറഞ്ഞിരുന്ന് നാം ഒന്നായിത്തീരുകയും. ആത്മാവ് ആത്മാവിനോടു ചേരുക എന്നാല്‍ നാം പുനര്‍ജ്ജനിയില്ലാത്ത ലോകങ്ങള്‍ തേടിയെന്നര്‍ത്ഥം. പിന്നെ ഒരേ ദീപത്തില്‍ ജ്വലിയ്ക്കുന്ന നാലങ്ങളായി നമുക്ക് ഈ പ്രപഞ്ചത്തിലാകെ വിലയം കൊള്ളാം. ലോകത്തെ നമ്മിലേയ്ക്കൊതുക്കാം, നമുക്കു തന്നെ ലോകമാകാം..."
പ്രണയത്തിന്‍റെ ഏറ്റവും ഉദാത്ത ഭാവമാണിത്, മൌനത്തിലൂടെ മാത്രം പ്രകാശിതമാക്കാന്‍ കഴിയുന്ന ഒരു തലം. " നിന്‍റെ കണ്ണുകള്‍ എന്നെ തേടിയപ്പോഴൊക്കെ ഞാന്‍ മൌനത്തിലിരുന്നു, ധ്യാനത്തിലൂടെ നിന്‍റെ ഹൃദയത്തെ കാണുകയായിരുന്നു.
എന്നെ കാണുമ്പൊഴൊക്കെ നിന്‍റെ കണ്ണുകള്‍ വിടരുന്നതെന്തിനെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷേ പറയാതെ നീ പറഞ്ഞു നിന്‍റെ അനുരാഗം, മൌനം കൊണ്ട് ഞാന്‍ മൂളികേള്‍ക്കുകയും.
പണ്ട് ഒരു പ്രണയ ഗായകന്‍ ഇങ്ങനെ കുറിച്ചത്രേ….”ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ
ചുവപ്പു നീ തിരിച്ചറിയും
അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും.
എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍
ചുവന്ന മഴയായി അതു പെയ്തു വീഴും.
അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും
ചുവന്നു പൂക്കും അപ്പോള്‍…
ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും”
നിന്‍റെ മൌനങ്ങളില്‍ എന്നെ ഒളിപ്പിക്കുമ്പോള്‍ നീ ഈ വരികള്‍ ഒപ്പം ചേര്‍ക്കുക, എന്‍റെ നനുത്ത പ്രണയത്തെ മഴയായ് ഏറ്റു വാങ്ങാന്‍ നീയുണ്ടാകുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു…..
ആരുമറിയാതെ അത് നീ നിന്‍റെ ആത്മാവില്‍ ചേര്‍ത്തു വയ്ക്കുമെന്നും ഞാനറിയുന്നു.. അതാണെന്‍റെ നിര്‍വൃതി… സുഖവും…"
മൌനത്തിന്‍റെ സുഖം വരികളില്‍ ഒതുക്കാനാവുന്നതല്ലെന്ന് നിശ്ചയമുണ്ട്, അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. പ്രണയത്തിലാഴ്ന്നുള്ള ഒരു ഹൃദയത്തിനു മാത്രമേ അതിന്‍റെ ആത്മീയതയും ഔന്നത്യവും അറിയാനും സാധിക്കൂ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?