14 Dec 2011

പൊടിക്കൈ


ജനാർദ്ദനൻ വല്ലത്തേരി

പുഴു തിന്ന മുപ്പത്തിരണ്ടു പല്ലുകളും മാറ്റിവച്ചുകൊണ്ട്‌,
ദന്താശുപത്രിയിൽനിന്നും മടങ്ങുന്ന വഴിയാണ്‌, നമ്മുടെ കള്ളൻ ഗോപാലൻ ആ
കവലക്കച്ചവടക്കാരന്റെ വാചകത്തിൽ കുടുങ്ങിപ്പോയത്‌. കച്ചവടക്കാരനു ചുറ്റും
ആളുകൂടിയിട്ടുണ്ട്‌. കാര്യമെന്തെന്നറിയാൻ ഗോപാലനും
കാഴ്ചക്കാർക്കിടയിലേക്ക്‌ ഇടിച്ചുകയറി. കച്ചവടക്കാരൻ ചുമ്മാ നിന്നു
വാചകമടിക്കുകയാണ്‌. നിലത്ത്‌ കുറെ കുപ്പികളും ടിന്നുകളും
നിരത്തിയിട്ടുണ്ട്‌.
'മാന്യമഹാജനങ്ങളേ, നിങ്ങൾക്കു തോന്നുന്നുണ്ടാവും ഞാനൊരു
മരുന്നുകച്ചവടക്കാരനാണെന്ന്‌'. കച്ചവടക്കാരൻ ഒരു ടിന്നെടുത്ത്‌
എല്ലാവരേയും കാണിച്ചുകൊണ്ട്‌ പ്രഖ്യാപിച്ചു. 'ഇതിലൊരു മരുന്നുമില്ല,
മന്ത്രവുമില്ല.'
കാഴ്ചക്കാർ ഒന്നടങ്കം നിരാശരായി. കച്ചവടക്കാരന്റെ കൈയ്യിൽ എന്തു
മരുന്നുണ്ടെങ്കിലും അതിനുപറ്റിയ രോഗം ഞങ്ങൾക്കുണ്ട്‌, എന്നാണ്‌
കാഴ്ചക്കാരുടെ നിലപാട്‌.
കച്ചവടക്കാരൻ ടിന്നു നിലത്തുവച്ചുകൊണ്ട്‌ സഞ്ചിയിൽനിന്നൊരു കൂടയും
മകുടിയും പുറത്തെടുത്തു. ഓഹോ, അപ്പോൾ ഇയാൾ മരുന്നു കച്ചവടക്കാരനല്ല,
പാമ്പാട്ടിയാണ്‌. പാമ്പുകളിയെങ്കിൽ, പാമ്പുകളി. ഇത്തിരി കണ്ടുകളയാം.
പക്ഷേ, പാമ്പാട്ടി മകുടി ഊതുന്നതല്ലാതെ കൂടു തുറന്ന്‌ പാമ്പിനെ
പുറത്തുവിടുന്നില്ല. ചുരുങ്ങിയത്‌ എന്തു പാമ്പാണ്‌ കൂടയിലുള്ളത്‌
എന്നൊന്നു കണ്ടിട്ടുപോകാം എന്നു കരുതി വായുഗുളികയ്ക്കു വന്നവർപോലും
കാത്തുനിൽക്കുകയാണ്‌.

പക്ഷേ, പാമ്പാട്ടിയുണ്ടോ വിടുന്നു. കക്ഷി മകുടി നിലത്തിട്ട്‌ വീണ്ടും
പ്രസംഗമാരംഭിച്ചു. 'മഹാമാന്യജനങ്ങളേ, നിങ്ങൾക്കു തോന്നുന്നുണ്ടാവും
ഞാനൊരു പാമ്പുകളിക്കാരനാണെന്ന്‌. അല്ല, സുഹൃത്തുക്കളേ, അല്ല.
നീർക്കോലിപ്പാമ്പിനെക്കാണിച്ച്‌ മൂർഖനാണെന്നു തട്ടിവിട്ട്‌ മനുഷ്യരെ
കളിപ്പിക്കുന്ന പല പാമ്പാട്ടികളേയും നിങ്ങൾ കണ്ടിട്ടുണ്ടാവും, പക്ഷേ,
അത്തരം തട്ടിപ്പുകാരുടെ കൂട്ടത്തിൽ നല്ലവരായ നിങ്ങൾ എന്നെ
പെടുത്തിയേക്കരുത്‌ കേട്ടോ!'
പാമ്പാട്ടിയും മരുന്നു കച്ചവടക്കാരനുമല്ലെങ്കിൽപ്പിന്
നെ താൻ ആരുടെ
അമ്മേടെ നായരാണ്‌?

കള്ളൻ ഗോപാലന്റെ ക്ഷമകെട്ടു. ആ ദരിദ്രവാസിയുടെ കൈയിൽനിന്നും
പൊക്കാൻപറ്റിയ വല്ലതുമുണ്ടോ എന്നായി പിന്നെ പുള്ളിയുടെ ആലോചന. ആകെ
കാണുന്നത്‌ ഒരു കൂടയാണ്‌. അതിൽ പാമ്പുണ്ടോ എന്നുതന്നെ സംശയം. ഇനി
ഉണ്ടെങ്കിൽതന്നെ കട്ടുകൊണ്ടു പോകാൻ പറ്റിയ ഒരു സാധനമല്ലല്ലോ പാമ്പ്‌.
പാമ്പാട്ടി അതിനിടയിൽ ഒരു കുത്തു ചീട്ടെടുത്തു കശക്കിക്കൊണ്ടു പറഞ്ഞു:
'ഞാനിപ്പോൾ ഈ ചീട്ടുകൊണ്ട്‌ ഒരു നമ്പർ വേല കാണിക്കാം. ഇതൊരു
ജാലവിദ്യയാണ്‌. നിങ്ങൾ കണ്ണടച്ചു തുറക്കുന്നതിനുമുമ്പ്‌ ഞാനീ ചീട്ടു
ഒരുകെട്ട്‌ നൂറുരൂപനോട്ടാക്കാം. പക്ഷേ, മാന്യരായ സുഹൃത്തുക്കളാരും ആ രൂപ
തട്ടിപ്പറിച്ചുകൊണ്ടോടിക്കളഞ്ഞേക്കരുതെന്ന്‌ ഒരപേക്ഷയുണ്ട്‌!'
അതുശരി. കളിച്ചുകളിച്ച്‌ ചീട്ടാണ്‌ കളിക്കുന്നത്‌. പന്നിമലത്തിൽ
ഗോപാലനറിഞ്ഞുകൂടാത്ത ഒരു ജാലവിദ്യയും ഈ ഭൂലോകത്തില്ല. കളി കാണാൻനിന്ന
നേരംകൊണ്ട്‌ കാഴ്ചക്കാരുടെ കീശ തപ്പിയിരുന്നെങ്കിൽ, വല്ലതും തടഞ്ഞേനെ.
കള്ളനാണെങ്കിലും ഗോപാലന്‌ പോക്കറ്റടിയിൽ തീരെ വശവും വിശ്വാസവുമില്ല.
ഗോപാലൻ  പൈന്തിരിഞ്ഞ്‌ ആളുകൾക്കിടയിലൂടെ തിക്കിത്തിരക്കി പോവാനാഞ്ഞപ്പോൾ,
ജാലവിദ്യക്കാരൻ, ഗോപാലനെ മെല്ലെത്തോളിൽ തോണ്ടിവിളിച്ചുകൊണ്ട്‌ ചോദിച്ചു:
'സ്നേഹിതാ, നിങ്ങൾക്കെന്തിന്റെ രോഗമാണ്‌?'
കാഴ്ചക്കാർ ഉറക്കെ ചിരിച്ചു. ഗോപാലൻ ആദ്യം ഒന്നു ചമ്മിപ്പോയി.
പെട്ടെന്നുതന്നെ തന്റെ തൽസ്വരൂപം വീണ്ടെടുത്തുകൊണ്ടു പറഞ്ഞു: 'എനിക്കു
വയറ്റിനകത്ത്‌ ഭയങ്കര തലവേദനയാ. എന്താ, ഒന്നു മാറ്റിത്തരാമോ?
ജാലവിദ്യക്കാരൻ ഉടനെ ഗോപാലന്റെ അടുത്തുനിന്നും അകന്നുമാറിയിട്ട്‌, മറ്റു
കാഴ്ചക്കാരോടായി പറഞ്ഞു: 'എന്റെ സുഹൃത്തു പറഞ്ഞത്‌ നിങ്ങൾ കേട്ടില്ലേ..
പക്ഷേ, നിർഭാഗ്യകരമെന്നു പറയട്ടെ. എന്റെ കൈയിൽഅദ്ദേഹത്തിന്റെ
രോഗത്തിനെന്നല്ല, ഒരു രോഗത്തിനുമുള്ള മരുന്നുമില്ല. പിന്നെ, എന്ത്‌
പിണ്ണാക്കാണ്‌ എന്റെ കൈയിലുള്ളതെന്ന്‌ നിങ്ങൾ ചോദിച്ചേക്കാം. അതിനുള്ള
മറുപടി ഇതാണ്‌.'
അയാൾ വീണ്ടും പഴയ ടിന്നെടുത്തുകൊണ്ട്‌ ചോദിച്ചു: 'ഇതെന്താണ്‌?'
'ഒരു ടിന്ന്‌'
മറുപടിയും അയാൾതന്നെയാണ്‌ പറയുന്നത്‌. ടിന്നുതുറന്ന്‌ കുറച്ചുപൊടി കൈയിൽ
കുടഞ്ഞിട്ടുകൊണ്ട്‌ അയാൾ വീണ്ടും ചോദിച്ചു.
'ഇതെന്താണ്‌?'
'പൊടി'
കൈയിലിട്ട പൊടി എല്ലാവരേയും കാണിച്ചുകൊണ്ട്‌ പൊടിയൻ വീണ്ടും സ്വയം ചോദിച്ചു.
'ഇതെന്തുപൊടിയാണ്‌?'
'മൂക്കിൽപ്പൊടി' എന്നാരോ വിളിച്ചു പറഞ്ഞപ്പോഴും പൊടിയൻ പറഞ്ഞു: 'അല്ല,
സുഹൃത്തേ! ഇതു മൂക്കിൽ വലിക്കുന്ന പൊടിയൊന്നുമല്ല.'
ആ പൊടി എന്തോ മരുന്നാണെന്ന്‌ തിരിച്ചറിയാനുള്ള ബുദ്ധിയും ബോധവും
കാഴ്ചക്കാർക്കുണ്ട്‌. അതോടെ പലർക്കും പലവിധത്തിലുള്ള രോഗങ്ങളുടേയും
ഉപദ്രവമാരംഭിച്ചു.
ഏതു മരുന്നു കച്ചവടക്കാരനും മരുന്നിന്റെ ഗുണമറിയിക്കാൻ ഇത്തിരി സാമ്പിൾ
വെറുതെ തരുമല്ലോ. മരുന്നു കണ്ടതോടെ സ്വതേ വായുരോഗികളായവർക്കു വായു
കോപിച്ചു. നെഞ്ചുവേദന സഹിക്കാതെ ചിലർ നെഞ്ചു തിരുമ്മി. ഒരാൾ
പൊടിക്കച്ചവടക്കാരൻ കാൺകെ തന്റെ മേലാസകലം പടർന്നു പിടിച്ച പുഴുക്കടി
മാന്തി. നീരിളക്കംകൊണ്ടും മൂക്കടപ്പുകൊണ്ടും വിഷമിച്ചവരൊക്കെ പടക്കം
ചീറുന്നതുപോലെ മൂക്കു ചീറ്റുകയും തുമ്മുകയും ചെയ്തു.
തുമ്മലിന്റെ കാഠിന്യംകൊണ്ട്‌ ആരുടേയോ ഒരു മൂക്ക്‌ തെറിച്ചു പോയി.
'എങ്കിൽപ്പിന്നെ ഇതെന്തു പൊടിയാണ്‌?' ക്ഷണനേരംകൊണ്ട്‌ മാറാരോഗികളായി
മാറിയ കാഴ്ചക്കാരോട്‌ പൊടിയൻ പറഞ്ഞു: 'പൊടിയെപ്പറ്റി പറയുന്നതിനുമുമ്പ്‌
ഞാനീ പൊടികൊണ്ട്‌ ഒരു പൊടിക്കൈ കാണിക്കാം. എല്ലാവരുമൊന്നു കൈനീട്ട്യേ!'
എല്ലാവരും കൈനീട്ടി. പൊടിയൻ ഓരോ നുള്ളു പൊടി ഓരോരുത്തരുടേയും
കൈയിലിട്ടുകൊടുത്തു. ആ പൊടികൊണ്ട്‌ എന്തു ചെയ്യണമെന്നറിയാതെ ഓരോരുത്തരും
പൊടിക്കൈയുമായി നിൽപായി.
ഇതാണ്‌ എന്റെ പൊടിക്കൈ. പൊടിക്കൈ പ്രയോഗിക്കുക എന്നുപറഞ്ഞാൽ എന്താണെന്ന്‌
നിങ്ങൾക്കിപ്പോൾ മനസ്സിലായിക്കാണുമല്ലോ. ഞാൻ തന്നു; നിങ്ങൾ വാങ്ങി.
പട്ടിക്കു മുഴുവൻ തേങ്ങ കിട്ടിയിട്ട്‌ എന്താ കാര്യം! ഈ പൊടികൊണ്ട്‌ എന്തു
ചെയ്യണമെന്ന്‌ നിങ്ങൾക്കറിഞ്ഞുകൂടാ. അല്ലേ, പേടിക്കണ്ടാ. ഞാൻ പറഞ്ഞുതരാം.
കണ്ണിൽ പൊടിയിട്ടു എന്നു നാം പറഞ്ഞുകേൾക്കാറുണ്ട്‌. പക്ഷേ, എന്താണ്‌ ആ
സാധനം  - കണ്ണിലിടുന്ന ആ പൊടി നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ല. എങ്കിൽ
കണ്ടോളൂ; കണ്ണു തുറന്നു കണ്ടോളൂ. ഞാൻ നിങ്ങൾക്കു ഒരു വിലയും വാങ്ങാതെ
തന്നതും നിങ്ങളുടെ കൈയിലിരിക്കുന്നതുമായ ഈ പൊടിയാണ്‌ ആ പൊടി - അതായത്‌
കണ്ണിലിടുന്ന പൊടി. ഏതു കാര്യസാദ്ധ്യത്തിനും ഈ പൊടി ലേശം കണ്ണിലിട്ടാൽ
മതി. വിശ്വാസം വരുന്നില്ലെങ്കിൽ ഞാൻ തന്ന പൊടി നിങ്ങൾതന്നെ
കണ്ണിലിട്ടുനോക്ക്‌ - ഞാൻ നിങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന്‌ വരരുത്‌.
അതുകൊണ്ട്‌ നിങ്ങൾതന്നെ ആ പൊടി കണ്ണിലിട്ടാൽ മതി!'
അതു കേൾക്കേണ്ട താമസം.
എല്ലാവരും പൊടി കണ്ണിലിട്ടു.
ഇതൊരു വേലയല്ല, വേലവയ്പാണ്‌ എന്നുതോന്നിയ കള്ളൻ ഗോപാലൻ മാത്രം കണ്ണിൽ
പൊടിയിട്ടില്ല.
അതുകൊണ്ടെന്തു കാര്യം?
അതിനകം നാലുപാടും പറന്നുപൊങ്ങിയ പൊടി ഗോപാലന്റെ കണ്ണിലുംകേറി.
പിന്നെ നടന്നത്തെന്തെന്ന്‌ പറഞ്ഞറിയിക്കാൻ പ്രയാസം. അതു കണ്ടുതന്നെ
അറിയണം. പൊടിയിട്ട കണ്ണുകൾ താനേ അടഞ്ഞുപോയതും തെല്ലിട കഴിഞ്ഞ്‌ അടഞ്ഞ
കണ്ണുകൾ താനേ തുറന്നതും എല്ലാവർക്കും നല്ല ഓർമ്മയുണ്ട്‌. ആർക്കും
കണ്ണിനൊരു കുഴപ്പവും പറ്റിയില്ല. പണ്ടത്തേക്കാൾ നല്ല കാഴ്ചയുമുണ്ട്‌.
എല്ലാം നന്നായി കാണാം.
പക്ഷേ, പൊടിയിട്ട കണ്ണുകൾകൊണ്ട്‌ ആർക്കും പൊടിക്കൈയനെ മാത്രം കാണാൻ
പറ്റുന്നില്ല. എന്തൊരു മായാജാലം. അയാളെ കാണാനേയില്ല. പൊടിയുടെ മായയിൽ,
അയാൾ മറഞ്ഞു.
ഉഗ്രൻ പൊടിതന്നെ. എല്ലാവരും സമ്മതിച്ചു.
അപ്പോഴാണ്‌ കൂട്ടത്തിൽനിന്നു ആരുടെയോ ഒച്ച പൊങ്ങിയത്‌:
'അയ്യോ, എന്റെ വാച്ചു കാണാനില്ല'.
അതുകേട്ടതോടെ എല്ലാവരും അവരവരുടെ കൈയിലേക്കു നോക്കി. കൈയ്ക്ക്‌
കുഴപ്പമൊന്നുമില്ല. ദൈവസഹായം കൊണ്ട്‌ ആർക്കും സ്വന്തം കൈ കൈമോശം
വന്നിരുന്നില്ല. ചിലരുടെ കൈവിരയിലെ സ്വർണ്ണമോതിരം കാണാനില്ലെന്നു മാത്രം.
പലരും പോക്കറ്റു തപ്പിനോക്കി. പോക്കറ്റും യഥാസ്ഥാനത്തുതന്നെയുണ്ട്‌.
പക്ഷേ, അതിലുണ്ടായിരുന്ന പണം കാണാനില്ലെന്നേയുള്ളൂ.
മറ്റൊരാൾ മടിയിൽവച്ചിരുന്ന പണയപ്പണ്ടം തപ്പിനോക്കിയപ്പോഴാണ്‌,
മടിപോയിട്ട്‌ ഉടുത്തിരുന്ന മുണ്ടുപോലുമില്ലാതെ താൻ നഗ്നനായിട്ടാണ്‌
നിൽക്കുന്നതെന്ന നഗ്നസത്യമറിയുന്നത്‌.
ഇതെല്ലാം കണ്ടപ്പോൾ ഇത്തരം കാര്യങ്ങളിൽ അനുഭവസമ്പന്നനായ കള്ളൻ ഗോപാലന്‌
ചിരിയാണ്‌ വന്നത്‌. ഗോപാലന്‌ മാത്രമാണ്‌ ഒരു നഷ്ടവും പറ്റാതിരുന്നതെന്ന്‌
എല്ലാവർക്കും മനസ്സിലായി. കള്ളനേ കള്ളന്റെ കാലറിയൂ.
എന്നാൽ, ആ കൂട്ടക്കളവിൽ ഏറ്റവും വിലപിടിപ്പുള്ള മുതൽ കളവുപോയതു
തനിക്കുതന്നെയാണെന്ന്‌ വീട്ടിലെത്തുന്നതുവരെ കള്ളൻ ഗോപാലനൊട്ട്‌
അറിഞ്ഞതുമില്ല. കള്ളൻ കേറി, മൂന്നാം ദിവസമാണ്‌ പട്ടി കുരച്ചതെന്ന്‌ പറഞ്ഞ
മാതിരി പൊടിക്കൈയൻ തന്റെ പക്കൽനിന്ന്‌ കട്ടുകൊണ്ടു പോയതെന്താണെന്ന്‌
ഉണ്ണാനിരുന്നപ്പോഴാണ്‌ കള്ളൻ ഗോപാലൻ അറിഞ്ഞത്‌.
പെണ്ണംപിള്ള ഉലത്തിവച്ചിരുന്ന കോഴിയിറച്ചി തിന്നാൻ വായ തുറന്നപ്പോൾ തന്റെ
വായിൽ ഒറ്റ പല്ലുമില്ലെന്ന്‌ ഗോപാലൻ അറിഞ്ഞു!
ഇത്തിരി മുമ്പു വച്ച രണ്ടു സെറ്റു പല്ലും വായിൽ കാണാനില്ല. ഒരു കഷണം
ഇറച്ചിതിന്നിട്ടു കാലമേറെയായി; പുതിയ പല്ലുവച്ചതുതന്നെ ഇറച്ചി
തിന്നാനുള്ള കൊതികൊണ്ടാണ്‌. ഇറച്ചിക്കറിയുടെ മുമ്പിൽ മിഴിച്ചിരിക്കുന്ന
സ്വഭർത്താവിനോട്‌ ഗോപസ്ത്രീ ചോദിച്ചു: 'എന്താ തിന്നാത്തെ? പുതിയ
പല്ലുകൊണ്ട്‌ കടിക്കാൻ പറ്റുന്നില്ലേ?'
'ഓ.....' പല്ലില്ലാത്ത വപ്പിയായ മോണ ഇളിച്ചു കാട്ടിക്കൊണ്ട്‌, ഗോപാലൻ
ഭാര്യയോട്‌ പറഞ്ഞു: 'ആ ഡോക്ടറ്‌ പല്ല്‌ ശരിക്കും ഉറപ്പിച്ചുവച്ചില്യാടീ.
ഒരു കഷണം ഇറച്ചി കടിച്ചപ്പോഴേക്കും പല്ലുമുഴുവനും
വയറ്റിലേക്കിറങ്ങിപ്പോയി!'

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...