Skip to main content

ചക്രപാണി വൈദ്യർ


ബി. പ്രദീപ് കുമാർ

     ഞാൻ ബസിന്റെ വരവും കാത്തു്  ബസ്‌ സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു.
ടൗണിലേയ്ക്കു പോവുകയാണു  ലക്ഷ്യം. അപ്പൊഴാണു ദൂരെനിന്നും  ഒരാൾ നടന്നു
വരുന്നതു കണ്ടതു്. ചക്രപാണി വൈദ്യരാണു്. വെള്ള  ഷർട്ടും മുണ്ടുമാണു വേഷം.
മുണ്ടു മടക്കിക്കുത്തിയിരിക്കുന്നു. കറുത്തു തടിച്ചു് കുറിയ ശരീരവും
കഷണ്ടിത്തലയുമുള്ള വൈദ്യർ അങ്ങനെ ഉരുണ്ടുരുണ്ടു വരികയാണു്. വായിൽ
സമൃദ്ധമായി മുറുക്കാൻ തുപ്പൽ. വലതു കൈയിൽ തൂക്കിപ്പിടിച്ചിരിക്കുന്ന
പ്ലാസ്റ്റിക് ക്യാരി ബാഗിൽനിന്നു തലനീട്ടുന്ന തെങ്ങിൻ തൈ. എന്നെക്കണ്ടു
വൈദ്യർ നിറഞ്ഞു ചിരിച്ചു. വൈദ്യർ വാരിവിതറിയ ആഹ്ലാദം എന്റെ മുഖത്തും
പടർന്നു. ഞാനും ചിരിച്ചു.

"വൈദ്യർ  ഇവിടെ?"

     എന്റെ നാട്ടിൽവച്ചു്  വൈദ്യരെ ഞാൻ ആദ്യമായിട്ടു കാണുകയായിരുന്നു.
ടൗണിലുള്ള വൈദ്യശാലയിൽവച്ചാണു ഞാൻ വൈദ്യരെ ആദ്യമായി കാണുകയും
പരിചയപ്പെടുകയും ചെയ്യുന്നതു്. ആസ്ത്‌മയുടെ അസുഖമുണ്ട് എനിക്കു്.
അലോപ്പതി ചികിത്സയായിരുന്നു ചെയ്തിരുന്നതു്. അപ്പോഴാണു് ആയുർവ്വേദം ഒന്നു
പരീക്ഷിച്ചാലോ എന്നു ചിന്തിച്ചതു്. അലോപ്പതിയിൽ ഈ രോഗം പൂർണ്ണമായി
മാറ്റുവാൻ സാധിക്കില്ല. എന്നും മരുന്നു കഴിക്കേണ്ടിവരും. ആയുർവ്വേദമാണു്
നല്ലതെന്നു് ആരോ പറഞ്ഞു. എങ്കിൽപ്പിന്നെ അതായാലോ എന്നൊരു ചിന്ത.
അങ്ങനെയാണു് ടൗണിലുള്ള എസ്.ഡി. ഫാർമസിയിൽ ചെല്ലുന്നതും
അവിടെയുണ്ടായിരുന്ന ആയുർവ്വേദ ഡോക്ടറെ കാണുന്നതും. അദ്ദേഹം ഒരു കഷായവും
അരിഷ്ടവുമെല്ലാം കുറിച്ചു. അവിടെനിന്നുതന്നെ ഞാൻ അതെല്ലാം വാങ്ങുകയും
ചെയ്തു. മരുന്നുകൾ തീരുന്നമുറയ്ക്കു് അവിടെനിന്നുതന്നെ വീണ്ടും
വാങ്ങിച്ചുകൊണ്ടിരുന്നു. പിന്നെ പലപ്പോഴും ആ കഷായം അവിടെ കിട്ടാതായി.

    അതു് വേറെവിടെയെങ്കിലും കിട്ടുമോ എന്നു് അന്വേഷിക്കുന്നതിനിടയിലാണു്
ഞാൻ ചക്രപാണി വൈദ്യരുടെ വൈദ്യശാലയിൽ ചെന്നു കയറുന്നതു്. ആ കഷായം അവിടെ
കിട്ടുമെന്നു് എനിക്കു വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും
ചോദിച്ചുനോക്കാം. കഷായത്തിന്റെ പേരു പറഞ്ഞു് അതു് അവിടെയുണ്ടോ എന്നു ഞാൻ
വൈദ്യരോടു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞു് വൈദ്യർ എന്നെ
അത്ഭുതപ്പെടുത്തിക്കളഞ്ഞു. എന്നോടു് ഇരിക്കാൻ പറഞ്ഞിട്ടു് കഷായം
ആർക്കുവേണ്ടിയാണെന്നും എന്താണു് അസുഖമെന്നുമെല്ലാം വൈദ്യർ ചോദിച്ചു
മനസ്സിലാക്കി. എന്നിട്ടു് അകത്തുള്ള മുറിയിലേയ്ക്കു പോയി. അവിടെ നിന്നു്
ഒരു കുപ്പിനിറയെ കഷായവുമായാണു് വൈദ്യർ മടങ്ങിയെത്തിയതു്. ഒരു
മൺകലത്തിൽനിന്നു് കഷായം കുപ്പിയിലേയ്ക്കു പകരുന്നതു് എനിക്കു
കാണാമായിരുന്നു. എന്തായാലും കഷായം കിട്ടിയല്ലോ. സന്തോഷമായി. പലേടത്തും
അന്വേഷിച്ചുനടന്നിട്ടു കിട്ടാത്ത കഷായമാണു്. വൈദ്യരെക്കുറിച്ചൊരു മതിപ്പു
തോന്നി.

     പിന്നീടു പലതവണ വൈദ്യരുടെ അടുത്തുനിന്നു കഷായം വാങ്ങിയിട്ടുണ്ട്.
എപ്പോൾ ചെന്നാലും കഷായം ഇല്ല എന്നൊരു വാക്കു് വൈദ്യരിൽനിന്നു
കേൾക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടു സ്ഥിരമായി അവിടെനിന്നു വാങ്ങാൻ
തുടങ്ങി.

     പക്ഷെ വൈദ്യരുടെ കഷായത്തിനു് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഓരോ തവണ
വാങ്ങിക്കുമ്പോഴും അതിനു് ഓരോ സ്വാദായിരുന്നു. ഇതെന്താണിങ്ങനെ എന്നൊരു
സംശയം എനിക്കു തോന്നാതിരുന്നില്ല. എങ്കിലും ഞാൻ അതു് അത്ര
കാര്യമാക്കിയില്ല. കുറെ നാൾ ഈ കഷായമെല്ലാം കുടിച്ചിട്ടും പ്രയോജനമൊന്നും
തോന്നാത്തതിനാൽ ഞാൻ കഷായം വാങ്ങുന്നതും കുടിക്കുന്നതും മതിയാക്കി. അതിനാൽ
വളരെ നാളുകൾക്കുശേഷം അന്നാണു വൈദ്യരെ കാണുന്നതു്. 'വൈദ്യർ ഇവിടെ?' എന്ന
എന്റെ ചോദ്യത്തിനു മറുപടിയായി മുറുക്കാൻ തുപ്പൽ നീട്ടിത്തുപ്പിക്കൊണ്ടു്
വൈദ്യർ ഇങ്ങനെ പറഞ്ഞു,

"ഇവിടെ അടുത്തു് എന്റെയൊരു സ്നേഹിതനുണ്ടു്. അയാളെ കണ്ടിട്ടു വരികയാ."

"ഈ തെങ്ങിൻ തൈ എവിടന്നു കിട്ടി?" വൈദ്യരുടെ കൈയിലെ തെങ്ങിൻ തൈ
നോക്കിക്കൊണ്ടു് ഞാൻ ആരാഞ്ഞു.

"ഞാൻ കാണാൻപോയ വിദ്വാന്റെ വീട്ടിൽനിന്നുതന്നെ."

ഉറക്കെ ഒരു ചിരി പാസ്സാക്കിക്കൊണ്ടു് വൈദ്യർ തുടർന്നു,

"ഞാൻ ചെന്നപ്പോൾ ആദ്യം കാണുന്നതു് അയാളുടെ വീടിന്റെ മുൻവശത്തു്
മുറ്റത്തു് നിരത്തിവച്ചിരിക്കുന്ന അഞ്ചാറു തെങ്ങിൻ തൈ ആണു്. 'ഇതെവിടെ
നിന്നാടോ തെങ്ങിൻ തൈയൊക്കെ' എന്നായി ഞാൻ."

ഒരു തമാശ പറഞ്ഞതുപോലെ പൊട്ടിച്ചിരിച്ചുകൊണ്ടു് വൈദ്യർ തുടർന്നു,

"'ഇതു് അങ്ങു വടക്കൊരിടത്തുനിന്നു കിട്ടിയതാ'ണെന്നു് അയാൾ. ലക്ഷദ്വീപ്
ഇനമാത്രേ. എങ്കിലൊരെണ്ണം എനിക്കു വേണെമെന്നായി ഞാൻ. അങ്ങനെ കിട്ടിയതാ
ഇതു്."

"കണ്ടിട്ടു നല്ല ഇനമാണെന്നു തോന്നുന്നു," ഞാൻ വെറുതെ തട്ടിവിട്ടു.

"ലക്ഷദ്വീപ് ഇനമാണന്നല്ലേ പറഞ്ഞിരിക്കുന്നതു്. ഏതോ നേഴ്സറിയിൽ നിന്നു
കൊണ്ടു വന്നതാത്രെ. വളർന്നു വരുമ്പോൾ ഇതു് ഏതു ദ്വീപായിരിക്കുമോ എന്തോ.
ലക്ഷദ്വീപിനു പകരം വല്ല ആൻഡമനോ ഉഗാണ്ടയോ ആയിത്തീരാനും മതി." വൈദ്യർ
മുറുക്കാൻ തുപ്പൽ നീട്ടിത്തുപ്പിക്കൊണ്ടു് ആഞ്ഞു ചിരിച്ചു. എന്നിട്ടു
തുടർന്നു,

"അല്ല ഞാൻ തമാശ പറഞ്ഞതല്ല കേട്ടോ. ഈ നേഴ്സറിക്കാരു് ഓരോന്നു പറഞ്ഞു
നമുക്കു തൈകൾ തരും. അതൊന്നും വിശ്വസിക്കാൻ പറ്റത്തില്ലെന്നേ."

വൈദ്യർ ചുറ്റും നോക്കി അവിടെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന
എല്ലാവരോടുമെന്നവണ്ണം പറഞ്ഞു,

"എന്റെ അനുഭവത്തീന്നു പറയുകയാ. ഇവിടെ പുഷ്പമേളയ്ക്കു് എല്ലാ വർഷവും
കൊല്ലത്തൂന്നെങ്ങാണ്ടു് ഒരു നേഴ്സറിക്കാരു വരും, ടിഷ്യൂ കൾച്ചർ
വാഴത്തൈയും കൊണ്ടു്. ഏത്ത വാഴ, പൂവൻ, ഞാലിപ്പൂവൻ, കദളി എന്നിങ്ങനെ എല്ലാ
ഐറ്റത്തിന്റെയും തൈ പേരെഴുതി പ്രദർശിപ്പിച്ചിരിക്കും. രണ്ടു വർഷം മുൻപ്
ഞാൻ മൂന്നു തൈ അവന്മാരോടു വാങ്ങിച്ചു. ഒരു ഏത്തവാഴ, ഒരു പൂവൻ, ഒരു കദളി.
മൂന്നും കൊണ്ടുപോയി നട്ടു. കുലയ്ക്കാൻ കൊറച്ചു താമസിച്ചെങ്കിലും എല്ലാം
കുലച്ചു കേട്ടോ. അപ്പഴല്ലേ രസം. ഏത്തനെന്നും പൂവനെന്നും കദളിയെന്നും
പറഞ്ഞു തന്ന വാഴത്തൈകൾ വളർന്നു കുലച്ചപ്പോൾ എല്ലാം റോബസ്റ്റ ആയിരുന്നു."

     വൈദ്യർ തനിക്കു പറ്റിയ അമളി ഓർത്തു് ഉറക്കെ ചിരിക്കാൻ തുടങ്ങി.
വൈദ്യരുടെ ഉറക്കെയുള്ള സംസാരവും ചിരിയും ബസ് സ്റ്റോപ്പിൽ ഒരു നല്ല
അന്തരീക്ഷം സൃഷ്ടിച്ചു. ബസ് കാത്തുനിൽക്കുന്നവരുടെ ബോറടിയൊക്കെ മാറി.
എല്ലാവരുടെയും ശ്രദ്ധ വൈദ്യരുടെ പ്രകടനത്തിലേയ്ക്കായി. അങ്ങനെ വൈദ്യരുടെ
സാന്നിദ്ധ്യം എല്ലാവർക്കും ഉന്മേഷദായിനിയായ ഒരു ഔഷധമായി മാറി. ചിലർ
ഇങ്ങനെയാണു്. നമ്മൾ ബസ് കാത്തുനിൽക്കുന്നതിന്റെ വിരസതയിലായിരിക്കുമ്പോൾ,
അല്ലെങ്കിൽ ഒരു ഡോക്ടറുടെ മുറിയ്ക്കു പുറത്തു് കാത്തിരുന്നു മുഷിയുമ്പോൾ
ഇതുപോലെയുള്ള ആരെങ്കിലും പ്രത്യക്ഷപ്പെട്ടെന്നിരിക്കും. അവരുടെ സംസാരവും
ചിരിയുമെല്ലാം എല്ലാവരേയും ആകർഷിക്കും. എല്ലാവരുടേയും മുഷിച്ചിൽ മാറി ഒരു
സുഖകരമായ അന്തരീക്ഷം അവിടെ ഉണ്ടാവും. കാത്തിരിപ്പിന്റെ വിരസതയിൽനിന്നു്
എല്ലാവരും മോചിതരാവും. അവർ ചെയ്യുന്നതും ഒരു സാമൂഹിക സേവനമായിരിക്കും,
അല്ലേ?

     ബസ് വന്നപ്പോൾ വൈദ്യരും ഞാനും മറ്റുചിലരും അതിൽ കയറി. തിരക്കു
കുറവായിരുന്നതിനാൽ എല്ലാവർക്കും സീറ്റു കിട്ടി. തെങ്ങിൻ തൈ
സീറ്റിനടുത്തുതന്നെ ഒതുക്കിവച്ചിട്ട് വൈദ്യർ ഇരുന്നു. ടിക്കറ്റു
തരുവാനായി കണ്ടക്ടർ അടുത്തു വന്ന സമയത്തുതന്നെയാണു് ബസിൽ ഉണ്ടായിരുന്ന
ഒരു പരിചയക്കാരൻ വൈദ്യരോടു വിളിച്ചു ചോദിക്കുന്നതു്,

"വൈദ്യരേ, തെങ്ങിൻ തൈ എവിടെനിന്നു കിട്ടി?"

     അപ്പോളാണു് കണ്ടക്ടർ തെങ്ങിൻ തൈ ശ്രദ്ധിക്കുന്നതു്. തെങ്ങിൻ
തൈയ്ക്കു് ഹാഫ് ടിക്കറ്റെടുക്കണമെന്നായി കണ്ടക്ടർ. വൈദ്യർ തർക്കിച്ചു
നോക്കിയെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ല. തെങ്ങിൻ തൈയ്ക്കു്
പകുതിട്ടിക്കറ്റ് എടുക്കേണ്ടിവന്നു. അതുകണ്ട് വൈദ്യരുടെ ആ പരിചയക്കാരൻ
അത്ഭുതം കൂറി,

"തെങ്ങിൻ തൈയ്ക്കും ഹാഫ് ടിക്കറ്റോ?. ഓരോ നിയമങ്ങളേ."

"പിന്നേ, തെങ്ങിൻ തൈയ്ക്കു് നമ്മളെപ്പൊലെ ജീവനുള്ളതല്ലേ? അപ്പൊപ്പിന്നെ
ടിക്കറ്റു വേണ്ടേ?. ഏതായാലും തൈ ആയതുകൊണ്ടു് ഹാഫ് ടിക്കറ്റേ
വേണ്ടിവന്നുള്ളു. വലിയ തെങ്ങായിരുന്നെങ്കിൽ ഫുൾ ടിക്കറ്റടിച്ചു തന്നേനേ,"
വൈദ്യർ കുലുങ്ങിച്ചിരിച്ചുകൊണ്ടു് ഉച്ചത്തിൽ പറഞ്ഞു. എല്ലാവരും
ചിരിച്ചുപോയി, കൂട്ടത്തിൽ കണ്ടക്ടറും.

     ചിരിയുടെ അലകൾ അടങ്ങിയപ്പോൾ വൈദ്യർ എന്നെ തോണ്ടിവിളിച്ചിട്ടു പറഞ്ഞു,

"ഇപ്പോൾ കാണാറില്ലല്ലോ. മരുന്നൊക്കെ നിർത്തിയോ?"

"അതുകൊണ്ടൊന്നും പ്രയോജനമില്ല വൈദ്യരേ. കുറെ നാളു കഴിച്ചില്ലേ. എനിക്കു
മതിയായി. ഞാനതു നിർത്തി."

"ഞാൻ തന്നെ ഒന്നു കാണണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. വലിവിന്റെ
അസുഖത്തിനു പറ്റിയ ഒരു നെയ്യുണ്ടു്. ഞാൻ അതു് ഉണ്ടാക്കുവാൻ പോവുകയാ. വേറേ
കുറെ ആവശ്യക്കാരുമുണ്ടു്. കുറെപ്പേർക്കുള്ളതു് ഒരുമിച്ചു് ഉണ്ടാക്കാനേ
പറ്റത്തൊള്ളു. തനിക്കും വേണ്ടേ?. നല്ല ഒന്നാംതരം മരുന്നാ. ഫലം ഉറപ്പു്."

     അതു കേട്ടപ്പോൾ ആ നെയ്യ് ഒന്നു പരീക്ഷിച്ചുനോക്കാം എന്നെനിക്കു
തോന്നി. ഞാനും വൈദ്യരുടെ നെയ് ബുക്കു ചെയ്തു. അഡ്വാൻസ് വേണമെന്നു് വൈദ്യർ
പറഞ്ഞതിനാൽ അപ്പോൾത്തന്നെ ഞാൻ ഇരുനൂറു രൂപയും കൊടുത്തു. രണ്ടാഴ്ച
കഴിഞ്ഞു് വൈദ്യശാലയിൽ ചെല്ലാനാണു് അദ്ദേഹം പറഞ്ഞതു്.

     രണ്ടാഴ്ച കഴിഞ്ഞു ചെന്നപ്പോൾ നെയ്യ് റെഡി. വൈദ്യർ അതു് വലിയൊരു
ഭരണിയിലാണു സൂക്ഷിച്ചിരിക്കുന്നതു്. ഞാൻ അടുത്തുള്ള ഒരു കടയിൽനിന്നു്
രണ്ടു പ്ലാസ്റ്റിക് കണ്ടൈനർ വാങ്ങി. വൈദ്യർ അതിനുള്ളിൽ നെയ്യു നിറച്ചു
തന്നു. രണ്ടു കിലോയോളം ഉണ്ടായിരുന്നു. നെയ്യു തന്നിട്ടു് വൈദ്യർ പറഞ്ഞു,

"ഇതിനു വലിയ പഥ്യമൊന്നും നോക്കേണ്ടതില്ല. മോരും തൈരും കഴിക്കരുതു്,
അത്രതന്നെ. രാവിലെ വെറുംവയറ്റിൽ വലിയ രണ്ടു സ്പൂൺ നെയ്യു കഴിക്കുക. ഇതു
കഴിച്ചുതുടങ്ങിയാൽ ശരീരമൊന്നു പുഷ്ടിപ്പെടും. ആരോഗ്യം മെച്ചപ്പെടും."

     അടുത്ത ദിവസം മുതൽ ഞാൻ നെയ്യു സേവിക്കാൻ തുടങ്ങി. അതിനു നല്ല
സ്വാദായിരുന്നു. വെറുതെ എടുത്തു കഴിക്കാൻ തോന്നും. വൈദ്യർ പറഞ്ഞിരുന്നു,
നെയ്യു സേവിക്കുമ്പോൾ ശരീരമൊന്നു പുഷ്ടിപ്പെടുമെന്നും ആകെപ്പാടെ
ആരോഗ്യമൊന്നു മെച്ചപ്പെടുമെന്നും.

     അങ്ങനെതന്നെ സംഭവിച്ചു. ആരോഗ്യം മെച്ചപ്പെട്ടോ എന്നെനിക്കു പറയാൻ
കഴിയില്ല. എന്നാൽ ശരീരമൊന്നു പുഷ്ടിപ്പെട്ടു. എന്റെ മെലിഞ്ഞ ശരീരം വണ്ണം
വച്ചു. മുഖം കൂടുതൽ മാംസളമാവുകയും ഒരു തിളക്കം വരികയും ചെയ്തു.
മുഖത്തിനൊരു വൃത്താകൃതി വരികയും ചെയ്തു. മൂൺ ഫെയ്സ് എന്നു പറയില്ലേ,
ഏതാണ്ട് അതുതന്നെ.

     വളരെ നാളുകൾക്കുശേഷം കണ്ടുമുട്ടിയ എന്റെയൊരു സുഹൃത്തു് എന്റെ രൂപം
കണ്ടു് അത്ഭുതപ്പെട്ടു.

"എടോ മെലിഞ്ഞുണങ്ങിയിരുന്ന താനങ്ങു കൊഴുത്തല്ലോ. എന്തുവാ കഴിക്കുന്നതു്.
വല്ല പഞ്ചജീരക ഗുഡവും സേവിക്കുന്നുണ്ടോ?"

"ശരിക്കും വണ്ണം വച്ചോ?," ഞാൻ ആരാഞ്ഞു.

"ഉവ്വല്ലോ. പക്ഷെ ഒരുമാതിരി വൃത്തികെട്ട വണ്ണമാ, കേട്ടോ. കാറ്റടിച്ചു
വീർപ്പിച്ചതുപോലെ. കൂടാതെ തന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ നമ്മൾ പണ്ടു
സ്കൂളിൽ വ്യാകരണ ക്ലാസ്സിൽ പഠിച്ച രണ്ടു വരി പാടാൻ തോന്നുന്നു. പാടട്ടെ?"

"പാടു്, കേൾക്കട്ടെ."

"മന്നവേന്ദ്ര, വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം." എന്നിട്ടയാൾ ഒരു
ചിരിയും പാസ്സാക്കി.

       വീട്ടിൽചെന്നു ഞാൻ കണ്ണാടിയിൽ നോക്കി. ശരിക്കും ചന്ദ്രനെപ്പോലെ
തിളങ്ങുന്ന മുഖം. മൂൺ ഫെയ്സ് തന്നെ. അതിലൽപ്പം പന്തികേടുണ്ടല്ലോ എന്നു്
എനിക്കു തോന്നി. ഞാൻ നെയ്യു സേവിക്കുന്നതു നിർത്തി. ആ നെയ്യിൽ എന്തോ
കള്ളത്തരമുണ്ടു്.  ആ കള്ളവൈദ്യർ നെയ്യിൽ അമിതമായി കോർട്ടിസോൺ
ചേർത്തിട്ടുണ്ടു്, ഉറപ്പു്. മൂൺ ഫെയ്സ് അതിന്റെ ലക്ഷണമാണു്. കൂടുതൽ നാൾ
അതു കഴിച്ചിരുന്നെങ്കിൽ ഞാനൊരു പ്രമേഹരോഗിയായിപ്പോയേനേ. ചിലപ്പോൾ
കിഡ്നിയും തകരാറിലായേനേ.

     'എടാ ദ്രോഹീ, കള്ള വൈദ്യരേ, നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ടു്' എന്നു
മനസ്സിൽ പറഞ്ഞുകൊണ്ടു് ഞാൻ വൈദ്യരെ അന്വേഷിച്ചു് ഒരു ദിവസം
വൈദ്യശാലയിലേക്കു ചെന്നു. പക്ഷെ വൈദ്യശാല അടഞ്ഞു കിടക്കുകയായിരുന്നു.
പിന്നീടൊരിക്കലും ആ വൈദ്യശാല തുറന്നു കണ്ടിട്ടില്ല. ആ വൈദ്യരേയും
പിന്നീടു ഞാൻ കണ്ടിട്ടില്ല. എന്നെപ്പോലെ ചതിക്കപ്പെട്ട ആരെങ്കിലും ആ കള്ള
വൈദ്യരെ തല്ലിക്കൊന്നുകാണും എന്നു ഞാൻ സമാധാനിച്ചു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…