14 Jan 2012

ഞാന്‍ മഞ്ഞുതുള്ളി….

ഷലീറലി

 ”ഞാനൊരു മഞ്ഞു തുള്ളി….
ഉദയവും നിലാവും സംഗമിച്ചു പിരിഞ്ഞ പുലരിയിലെപ്പോഴോ…..
ചിറകുകളില്ലാതെ ഇവിടെ ഈ ഭൂമിയിലേക്ക്‌ പാറി വീണ
ഒരു നേര്‍ത്ത ബാഷ്പ ബിന്ദു…..ഞാനിന്നു വലിയ സന്തോഷത്തിലാണ്….അതിനു ഹേതുവെന്തന്നല്ലേ…
പറയാം…
നിലാവിന്‍റെ..വെളുത്ത …വിരിപ്പിലൂടെ ലകഷ്യമില്ലാതെ  ഒരു കുഞ്ഞു കുസൃതിയോടെ  ഊര്‍ന്നിറങ്ങിയപ്പോള്‍ ഞാന്‍ വന്നു വീണത്‌ ഒരു രക്ത നിറമുള്ള പനിനീര്‍ മൊട്ടിന്‍റെ വിടരാന്‍ വെമ്പുന്ന നേര്‍ത്ത  ദലങ്ങളിലാണ്..
ഞാന്‍ ചെന്ന് വീണതും അവള്‍ പുളകമണിഞ്ഞു കിണുങ്ങി…എനിക്ക് വലിയ കുളിരാണത്രെ… !!
അവളെന്നെ അവളുടെ ആത്മാവിന്‍റെ ആഴങ്ങളിലേക്കു ക്ഷണിച്ചിരുത്തി…
ഞാനെന്‍റെ കുളിരിനെ അവള്‍ക്കു പങ്കു വച്ചു.. പകല്‍നാളം എരിഞ്ഞു തുടങ്ങിയതറിയാതെ
അവളുടെ നെഞ്ചോടു മുഖമമര്‍ത്തി കിടക്കവേ ..ഇടയ്ക്കവളെ തലോടി കിന്നാരം പറയാനെത്തുന്ന കാറ്റിനൊപ്പം ഞാനും ഒരു തൊട്ടിലിലെന്നപോലെ ആടി രസിക്കുകയായിരുന്നു…
പെട്ടന്നവളുടെ ഹൃദയം എന്തെന്നില്ലാതെ ഭയന്ന് വിറച്ചു…അത് പട പാടാ മിടിച്ചു…അവള്‍ വേദന കൊണ്ട് പുളഞ്ഞു..പൊട്ടിക്കരഞ്ഞു ..അവള്‍ പറഞ്ഞു… ”മഞ്ഞു തുള്ളീ…. എന്‍റെ സിരകളറുക്കപ്പെട്ടിരിക്കുന്നു..നമ്മളിപ്പോ ഏതോ ഒരു യുവാവിന്‍റെ കൈകളിലാണ് … അയാള്‍ നമ്മെയും കൊണ്ട് എവിടേയ്ക്കാണ് പോവുന്നത്..??        മഞ്ഞു തുള്ളീ…..എനിക്കെന്തോ വല്ലാതെ പേടി തോന്നുന്നു…. അവള്‍ തേങ്ങുകയായിരുന്നു….
എനിക്കയാളോട് വല്ലാത്ത  വെറുപ്പ്‌ തോന്നി… ക്രൂരന്‍….!!
അവന്‍ ഞങ്ങളെയും കൊണ്ട് നടക്കുകയായിരുന്നു…പൂവിതളുകളെ വെയില്‍ നാളമേല്‍ക്കാതെ  തന്‍റെ നേര്‍ത്ത വസ്ത്രത്തിലെവിടെയോ ഒളിച്ചു വെച്ചപ്പോള്‍…എനിക്കൊരല്‍പ്പം ആശ്വാസം തോന്നി….
അവന്‍ ക്രൂരനല്ല….. ഒത്തിരി നേരം നടന്ന അവന്‍റെ പാദങ്ങള്‍ പതിയെ നിശ്ചലമായത് ഞാനറിഞ്ഞു…
അവന്‍റെ ഹൃദയതാളം എറുന്നതും അവന്‍റെ ശരീരത്തില്‍ വിയര്‍പ്പു കണങ്ങള്‍ പൊടിയുന്നതും ഞാനറിഞ്ഞു….
ഒത്തിരി നേരത്തെ മൂകതക്ക് ശേഷം വിറ കൊള്ളുന്നതെങ്കിലും…അവന്‍റെ നേര്‍ത്ത മൃദുലമായ ശബ്ദം അവിടെ കേട്ടു….
”പ്രിയേ…. ഇതെന്‍റെ മനസ്സാണ്……ഒരു പക്ഷെ നീ ആഗ്രഹിച്ച പോലുള്ള. ഭംഗിയോ..സുഗന്ധമോ..
ഒന്നും…ഇതിനില്ലായിരിക്കാം….എന്നാലും….. നിന്‍റെ പോട്ടിച്ചിരികള്‍ക്ക് പ്രതിധ്വനിയും…..
ആഘോഷങ്ങള്‍ക്ക് മധു പാത്രവും…..നൊമ്പരങ്ങള്‍ക്കു സാന്ത്വനവും….വേദനകള്‍ക്ക് കണ്ണ് നീരും…….
എന്നും……ഇതിലുണ്ടാവും…..!!”
നിമിഷങ്ങളൊത്തിരി കഴിഞ്ഞിട്ടും അവന്‍റെ പ്രിയയുടെ നാദം കേള്‍ക്കാനായില്ല….
പക്ഷെ…. ഇടക്കെപ്പോഴോ ഞാനറിഞ്ഞു….. ഞാനും എന്‍റെ ചെമ്പനീര്‍ മലരും ഇപ്പൊ….അവളുടെ കരങ്ങളിലാണ്…
അവളുടെ നേര്‍ത്ത വിരലുകളുടെ തലോടലേറ്റ് ഇക്കിളി പൂണ്ട്….ഇതളുകള്‍ കൂമ്പി നില്‍ക്കുകയാണ് എന്‍റെ പനീര്‍ പൂവ്…
ഇരു മൌനങ്ങളും നാലു മിഴികളും മാത്രം തമ്മില്‍ സ്വകാര്യം പറഞ്ഞ അനുരാഗ നിമിഷങ്ങള്‍ക്ക് ശേഷം…
അവര്‍ രണ്ടു പേരും തുടിക്കുന്ന ഹൃദയവും പിറക്കാത്ത വാക്കുകളുമായി പിരിയുമ്പോള്‍ ഞാനും പനിനീരും
ആ സുന്ദരിയുടെ മാറോട് ചേര്‍ക്കപ്പെട്ടു കഴിഞ്ഞിരുന്നു…അവളുടെ തുടിക്കുന്ന അധരങ്ങളുടെ ചുംബന ചൂടില്‍… പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതികളിലൊന്നില്‍ നിന്നും പടര്‍ന്ന ലഹരിയുടെ ആലസ്യത്തില്‍ ഒന്ന് മയങ്ങി ഉണര്‍ന്നു കഴിഞ്ഞപ്പോഴേക്കും രാവിന്‍റെ യാമങ്ങള്‍ ഒരു പാട് കടന്നു പൊയ് കഴിഞ്ഞിരുന്നു….
ഇപ്പൊ…. ഞാനറിയുകയാണ്   നാളെ ഈ സുന്ദരിയുടെ ചുടു ചുംബനങ്ങളുടെ നിശ്വാസങ്ങളേറ്റു വാങ്ങാന്‍ ഞാനുണ്ടാവില്ല….
ഇരുണ്ടു ചുളിവുകള്‍ വീണു തുടങ്ങിയ എന്‍റെ പനീര്‍ പൂവിന്‍റെ ദലങ്ങളില്‍ അല്പാല്‍പ്പമായി ഞാനലിഞ്ഞില്ലാതാവുന്നതും ..ഒരു വേദനയോടെ ഞാനറിയുന്നു…..
‘ഇത്…ഇതെന്‍റെ മരണമാണ്…എങ്കിലും എനിക്ക് വിഷമമില്ല …..ഞാന്‍ ധന്യനാണ്…
വെറുതെയീ  മണ്ണിലെവിടെയോ  വീണലിഞ്ഞു ചെര്‍ന്നില്ലതാവേണ്ട ഞാനെന്ന വെറുമൊരു മഞ്ഞു തുള്ളി……
ഒരു സുന്ദര പ്രണയത്തിന്‍റെ  നിശ്വാസങ്ങളും ഹൃദയ താളങ്ങളും ഏറ്റു വാങ്ങിയാണ് മൃതിയോടലിയുന്നത്‌….
വ്യര്‍ത്ഥമെങ്കിലും ഞാനിനിയും കൊതിച്ചു പോവുകയാണ്…..മണ്ണില്‍ പ്രണയവും….പ്രഭാതങ്ങളും …..
വീണുറങ്ങാന്‍ ഇലകളും ….മലരുകളും….. എല്ലാം ഉള്ളിടത്തോളം കാലം ….എന്നുമീ…. നിലാവിന്‍റെ വെളുത്ത വിരിപ്പിലൂടെ ഊര്‍ന്നിറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്……
ഒരിക്കല്‍ കൂടി ഒരു ചെമ്പനീര്‍ മൊട്ടിന്‍റെ തരള ദലങ്ങളില്‍ ഒരു കുളിര്‍ കണമായി പതിഞ്ഞിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്……
ഒരു വട്ടം കൂടെ ആ പൂവിനേയും എന്നെയും വെച്ചുനീട്ടി പ്രണയം പറയാന്‍ ഒരാളെങ്കിലും വന്നിരുന്നെങ്കിലെന്ന്…..
അവനും അവളോട്‌ അതേ വാക്കുകള്‍ ഒരു മാത്ര കൂടെ പറഞ്ഞിരുന്നെങ്കിലെന്ന്….
”പ്രിയേ …..ഇതെന്‍റെ മനസ്സാണ്……..”

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...