ഇളനീർ - ഒരു മൃതസഞ്ജീവനി

  പ്രൊഫ.ബി.എം. ഹെഗ്‌ഡേ


നമ്മുടെ ആരോഗ്യം നന്നായിരിക്കാൻ  ആവശ്യമായതെല്ലാം പ്രകൃതി നമ്മുടെ പരിസ്ഥിതിയിൽ തന്നെ
ഒരുക്കിയിട്ടുണ്ട്‌. മനുഷ്യൻ അവന്റെ സൗകര്യങ്ങൾക്കായുള്ള നെട്ടോട്ടവും
അത്യാഗ്രഹവും കാരണം അവയെല്ലാം നശിപ്പിച്ച്‌ കളഞ്ഞിരിക്കുന്നുവേന്ന്‌
മാത്രമല്ല ദൈവം തന്ന ഭക്ഷണത്തിന്റേയും, പാനീയത്തിന്റേയും സ്ഥാനത്ത്‌
സ്വന്തം കാളകൂടവിഷം നിറച്ച്‌ വെച്ചിരിക്കുകയും ചെയ്യുന്നു.


കരിക്കിൻവെള്ളം നിരവധി ആരോഗ്യപരമായ ഗുണമേന്മകളുള്ള സ്വർഗ്ഗീയപാനീയമാണ്‌.
കരിക്കിൻ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളുടെ നീണ്ടപട്ടികതന്നെയുണ്ട്‌.  അത്‌
ഇലക്ട്രൊലൈറ്റുകളുടേയും ധാതുലവണങ്ങളുടേയും ജീവകങ്ങളുടേയും അമിനോ
അമ്ലങ്ങളുടേയും മൂലകങ്ങളുടേയും എൻസൈമുകളുടേയും ആന്റി ഓക്സിഡന്റുകളുടേയും
സസ്യപോഷകങ്ങളുടേയും കലവറയാണ്‌. വളരുന്ന ഭൂപ്രകൃതിയനുസരിച്ച്‌ അതിന്റെ
മാധുര്യം ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും പഞ്ചസാര അടങ്ങിയിട്ടില്ലാത്തതിനാൽ പ്രമേഹമുള്ളവർക്ക്പോലും സൂക്ഷിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌. ഇത്‌ നിർജ്ജലീകരണം തടയുന്നുവേന്ന്‌ മാത്രമല്ല ആരോഗ്യം നന്നാക്കുന്നതിനുള്ള ഉത്തമടോണിക്ക്‌ കൂടിയാണ്‌.  ലോകത്തൊരിടത്തും ഇതുപോലെ മേന്മയേറിയ ഒരു പാനീയമുണ്ടാകില്ല. കരിക്കിനുള്ളിലായിരിക്കുമ്പോൾ അത്‌ രോഗാണുവിമുക്തമാണ്‌. 1950കളിൽ ഞാൻ ഒരു വിദ്യാർത്ഥിയായിരുന്ന സമയത്ത്‌ കോളറ പടർന്ന്‌ പിടിച്ചപ്പോൾ രോഗികൾക്ക്‌ കരിക്കിൻവെള്ളം
ധമനികളിലൂടെ നേരിട്ട്‌ നൽകിയിരുന്നു.


പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളത്‌ ?കരിക്കിൻവെള്ളം വ്യായാമാനന്തരം
ശരീരത്തിൽ നിന്ന്‌ ജലം നഷ്ടപ്പെടുന്ന അവസ്ഥയിൽ ഉപയോഗിക്കാൻ
ഗുണകരമാണെന്നാണ്‌. ചുട്ടുനീറ്റലിനെതിരെ പ്രയോജനകരമാണത്‌, നിങ്ങളുടെ
ഹൃദയത്തേയും മൂത്രനാളിയേയും സംരക്ഷിക്കുന്നു, ദഹനം വർദ്ധിപ്പിക്കുന്നു,
ചർമ്മവും കണ്ണുകളും സംരക്ഷിക്കുന്നു, രോഗപ്രതിരോധശക്തി
വർദ്ധിപ്പിക്കുന്നു, രക്തത്തിലെ ഗ്ലൂക്കോസ്‌, ഇൻസുലിൻ നിലകൾ സന്തുലിതമായി
നിലനിർത്താൻ വരെ സഹായകരമാകുന്നു. സൈറ്റോകെനിൻ എന്ന സസ്യഹോർമോൺ ഇളനീരിൽ അടങ്ങിയിരിക്കുന്നു. ഈ ഹോർമോൺ കാൻസറിനെ പ്രതിരോധിക്കുന്നു, വാർദ്ധക്യത്തെ
തടയുന്നു, ഹൃദയപേശികളെ സംരക്ഷിക്കുന്നു. കരിക്കിന്റെ കാമ്പ്‌ ജെല്ലിപോലെ
മാർദ്ദവമേറിയതാണ്‌. മൂക്കുമ്പോൾ, കാമ്പ്‌ കട്ടിയാകുകയും നാരുകളാൽ
സമൃദ്ധമാകുകയും ചെയ്യുന്നു. തേങ്ങ മൂത്ത്‌ പാകമാകുന്നതോടുകൂടി
വെള്ളത്തിന്റെ അളവ്‌ കുറയുന്നു.


ശരീരത്തിനാവശ്യമായ അഞ്ച്‌ ഇലക്ട്രൊലൈറ്റുകൾ ഇളനീരിലുണ്ട്‌.
1. പൊട്ടാസ്യം : കോശങ്ങളിലെ ഏറ്റവും പ്രാധാനപ്പെട്ട പോസിറ്റീവ്‌ അയൺ;
ഹൃദയസ്പന്ദനവും, പേശികളുടെ പ്രവർത്തനവും ക്രമീകരിക്കുന്നു. 100 മി.
ലിറ്റർ ഇളനീരിൽ 295 മി.ഗ്രാം. പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത്‌
സ്പോർട്ട്സ്‌ ഡ്രിങ്കുകളിൽ ഉള്ളതിനേക്കാൾ 15 ഇരട്ടി കൂടുതലാണ്‌.
2. സോഡിയം : കോശങ്ങൾക്ക്‌ പുറത്തുള്ള ദ്രവത്തിൽ കാണപ്പെടുന്ന ഏറ്റവും
പ്രധാനപ്പെട്ട പോസിറ്റീവ്‌ അയൺ, വ്യായാമം ചെയ്യുമ്പോൾ ഏറ്റവുമധികം
നഷ്ടപ്പെടുന്നു. വിയർപ്പിലൂടെയും മൂത്രത്തിലൂടെയുമാണ്‌ നഷ്ടപ്പെടുന്നത്‌.
3. മഗ്നീഷ്യം : കോശങ്ങളുടെ ഇലക്ട്രിക്കൽ പൊട്ടൻഷ്യൽ (വിദ്യുത്ക്ഷമത)
നിലനിർത്തുന്നതിനും പേശികളുടെ ശരിയായ പ്രവർത്തനത്തിനും പ്രധാനമാണ്‌.
കാത്സ്യം അടിഞ്ഞുകൂടുന്നത്‌ തടയുകയും ചെയ്യുന്നു.
4. ഫോസ്ഫറസ്‌ : എല്ലുകളുടെ ആരോഗ്യത്തിൽ പ്രധാനപങ്ക്‌ വഹിക്കുന്നു.
ശരീരത്തിലൊട്ടാകെ ഊർജ്ജം നൽകുന്നു. പേശികൾ സങ്കോചിക്കുന്നതിന്‌
സഹായിക്കുന്നു. നാഡി-ഞ്ഞരമ്പുകളുടെ പ്രവർത്തനം ക്രമീകരിക്കുന്നു.
5. കാത്സ്യം : എല്ലുകളുടെ ആരോഗ്യത്തിന്‌ ഉത്തമം.


ഇളനീരിലടങ്ങിയിട്ടുള്ളത്‌ സൈറ്റോകിനിൻ സസ്യഹോർമോണുകളാണ്‌. ഈ ഹോർമോണുകൾ
സസ്യങ്ങളുടെ വളർച്ചയും വികാസവും പ്രായം വർദ്ധിക്കുന്നതും
ക്രമീകരിക്കുന്നു. ഓർക്കിഡുകളും പരമ്പരാഗത ചൈനീസ്‌ ഔഷധച്ചെടികളുമടക്കം
നിരവധി സസ്യങ്ങളുടെ വംശവർദ്ധനവിനുള്ള മാദ്ധ്യമമായി തേങ്ങവെള്ളം
ഉപയോഗിച്ചുവരുന്നു. കരിക്കിൻ വെള്ളത്തിലെ സൈറ്റോകിനിൻ കോശവിഭജനത്തെ
സഹായിക്കുകയും ത്വരിതഗതിയിലുള്ള വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും
ചെയ്യുന്നു. കരിക്കിൻ വെള്ളത്തിൽ കാണപ്പെടുന്ന സൈറ്റോകിനിൻ
മനുഷ്യകോശങ്ങളിലും കലകളിലും വാർദ്ധക്യത്തിന്റെ കടന്നുവരവ്‌
തടയുന്നതിനുള്ള സ്വാധീനം ചെലുത്തുന്നു.  മനുഷ്യകോശങ്ങൾ സൈറ്റോകിനിനുമായി
സമ്പർക്ക ത്തിൽ വരുമ്പോൾ വാർദ്ധക്യലക്ഷണങ്ങൾ ഗണ്യമായ തോതിൽ
സാവധാനത്തിലാകുന്നു.


അത്തരം കോശങ്ങൾ സാധാരണഗതിയിലുള്ള ക്ഷയോന്മുഖമായ
പരിവർത്തന ങ്ങൾക്ക്‌ വിധേയമാകുന്നില്ല, അതിനാൽ അവയെ വാർദ്ധക്യം
ബാധിക്കുന്നില്ല. സൈറ്റോകിനിൻ അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ
നിങ്ങൾക്ക്‌ വാർദ്ധക്യത്തെ തടയാനാകുമെന്നും പ്രായാധിക്യവുമായി
ബന്ധപ്പെട്ട രോഗങ്ങൾ ബാധിക്കുവാനുള്ള സാദ്ധ്യത കുറയുമെന്നും ഗവേഷകർ
അഭിപ്രായപ്പെടുന്നു. സൈറ്റോകിനിൻ ഏറ്റവും സമൃദ്ധമായി അടങ്ങിയിരിക്കുന്ന
പ്രകൃതിദത്ത ഭക്ഷണം ഇളനീരാണ്‌. സൈറ്റോകിനിന്‌ ഹൃദയധമനികളിൽ
തടസ്സങ്ങളുണ്ടാകാതെ സംരക്ഷിക്കുന്നതിനുള്ള കഴിവുള്ളതിനാൽ കൊളസ്ട്രോൾ
അടിഞ്ഞുകൂടി ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു. നാളികേരത്തിൽ
നിറഞ്ഞിരിക്കുന്ന ഹൃദയത്തിന്‌ പ്രയോജനകരമായ ഗുണങ്ങൾ ഇവിടംകൊണ്ടൊന്നും
അവസാനിക്കുന്നില്ല. അതിന്‌ കാൻസറിനെതിരെ പ്രവർത്തിക്കുന്നതിനും
കഴിവുള്ളതായി കണ്ടിരിക്കുന്നു.

കേരവ്യവസായം ഈ മൃതസഞ്ജീവനിയുടെ പ്രധാന്യം മനസ്സിലാക്കുമെന്നും
രാസപദാർത്ഥങ്ങളൊന്നും ചേർക്കാതെ, സാധ്യമെങ്കിൽ വാക്വം കണ്ടെയ്നറിൽ
പായ്ക്ക്‌ ചെയ്ത്‌ ആരോഗ്യപാനീയമെന്ന നിലയിൽ ഇളനീർ വിൽപന നടത്തുമെന്നും
ഞാൻ പ്രത്യാശിക്കുന്നു. നാളികേര വികസന ബോർഡ്‌ ഈ മൃതസഞ്ജീവനി
പ്രോത്സാഹിപ്പിച്ചാൽ ലോകത്തിന്‌ ഒന്നാംതരം ആരോഗ്യപാനീയം നൽകാൻ
ഭാരതത്തിനാകും.

*മുൻ വൈസ്‌ ചാൻസലർ, മണിപ്പാൽ അക്കാദമി ഓഫ്‌ ഹയർ എഡ്യൂക്കേഷൻ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?