14 Jan 2012

തെങ്ങും തേങ്ങയും ആയുർവേദത്തിൽ


*സി. ബി. വിനയചന്ദ്രൻ നായർ

കേരളീയർക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഫലമാണ്‌ നാളികേരം. ആഹാരത്തിന്റെ കാര്യത്തിൽ നിത്യേന ഒഴിച്ചുകൂടാൻ പറ്റാത്തഒന്നാണിത്‌. ആഹാരത്തിലെന്ന പോലെത്തന്നെ ഔഷധത്തിലും അത്‌ വലിയ പങ്ക്‌ വഹിക്കുന്നു.

ഔഷധവും ആഹാരവും തരുന്ന തെങ്ങ്‌ എന്നും നമുക്ക്‌ കൽപവൃക്ഷം
തന്നെയാണ്‌. എപ്പോഴും ഫലം തരുന്നത്‌ എന്ന അർത്ഥത്തിൽ ?സദാഫല? എന്ന
പര്യായത്തിലും തെങ്ങ്‌ ആയുർവേദത്തിൽ അറിയപ്പെടുന്നു.
30 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒറ്റത്തടി വൃക്ഷമാണ്‌ തെങ്ങ്‌. തടിയുടെ
അഗ്രഭാഗത്ത്‌ നിരവധി നീണ്ട പിച്ഛകപത്രങ്ങൾ (ഓല) നാലുവശത്തേക്കും വളർന്ന്‌
കുടയുടെ ആകൃതിയിൽ നിൽക്കുന്നു. ഓലയ്ക്കിടയിൽ നിന്നാണ്‌ പൂക്കുല
ഉണ്ടാകുന്നത്‌. കൊതുമ്പ്‌ കൊണ്ട്‌ ആവരണം ചെയ്യപ്പെട്ടാണ്‌
തെങ്ങിൻപൂക്കുലകൾ കാണപ്പെടുന്നത്‌. കൊതുമ്പ്‌ ഒരു വശത്ത്കൂടി നെടുകെ
കീറിപിളർന്ന്‌ പൂക്കുല പുറത്ത്‌ കാണുന്നു. ഫലം വലുതും
അണ്ഡാകൃതിയിലുള്ളതുമാകുന്നു. ഫലത്തിന്‌ മിനുമിനുപ്പുള്ള തൊണ്ടും അതിന്റെ
ഉള്ളിൽ ചകിരിയും അതിന്റെയുള്ളിൽ കട്ടിയുള്ള ചിരട്ടയും ചിരട്ടയ്ക്കുള്ളിൽ
അതിന്റെ കാമ്പും കാണപ്പെടുന്നു.


ആയുർവേദത്തിൽ തേങ്ങയുടെ ഗുണം
തേങ്ങ മധുര സ്നിഗ്ദ്ധഗുണങ്ങളോടുകൂടിയതും, ശീതവീര്യവും, മധുര രസ
വിപാകങ്ങളോട്‌ കൂടിയതുമാകുന്നു. ആകയാൽ അത്‌ ശ്രേഷ്ഠമായ ഒരു1
ബൃംഹണൗഷധമാണ്‌.
ഔഷധോപയോഗങ്ങൾ
നാളികേരം
നാളികേരം ചിരകിയത്‌ ആയുർവേദത്തിൽ സാധാരണയായി ഇലക്കിഴിയുണ്ടാക്കുന്നതിന്‌
ഉപയോഗിക്കുന്നു. ഇലക്കിഴിയിൽ തേങ്ങ ഇടുന്നതുകൊണ്ട്‌ നീര്‌ വലിച്ചെടുക്കാൻ
സഹായകമാകുന്നു.
കരിക്ക്‌
കരിക്ക്‌ സാധാരണയായി ജ്വരം, ഛർദ്ദി, അതിസാരം, മൂത്രത്തിൽ അണുബാധ
മുതലായവയിൽ ഉപയോഗിച്ചുവരുന്നു.
*       പനിക്ക്‌ മുത്തങ്ങയും പർപ്പടപ്പുല്ലും കരിക്കിൻവെള്ളത്തിൽ അരച്ച്‌
കൊടുക്കുന്നത്‌ ചൂട്‌ കുറയ്ക്കാൻ സഹായകരമാകുന്നു.
*       ഛർദ്ദിക്ക്‌ കരിക്കിന്റെ മണ്ടചെത്തി അതിൽ മലർനിറച്ച്‌ മൂടിവെച്ച്‌ 2
മണിക്കൂറിനുശേഷം ആ വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌.
*       കരിക്കിൻ വെള്ളത്തിൽ ഏലത്തിരി പൊടിച്ചിട്ട്‌ കുടിക്കുന്നത്‌
മൂത്രച്ചുടിച്ചിലിനും, മൂത്രതടസ്സത്തിനും നല്ലതാണ്‌.
*       കരിക്കിൻവെള്ളത്തിൽ കീഴാർനെല്ലിയും മഞ്ഞളും അരച്ച്‌  കൊടുക്കുന്നത്‌
മഞ്ഞപ്പിത്തത്തിന്‌ നല്ലതാണ്‌.
*       കരിക്കിൻവെള്ളത്തിൽ കല്ലുരുക്കി അരച്ച്‌ ഒരുനുള്ള്‌ ഇന്ദുപ്പ്‌
ചേർത്ത്‌ കൊടുക്കുന്നത്‌ വൃക്കയിലുണ്ടാകുന്ന കല്ലിന്‌ നല്ലതാണ്‌.

*       സാധാരണയായി എല്ലാവിധ കരപ്പനും കൊടുക്കുന്ന കരിക്കിൻ കഷായം  വളരെ
ഫലപ്രദമായി കാണുന്നു.  കരിക്കിൻ കഷായം ഉണ്ടാക്കുന്ന വിധം -
തേക്കിൻകൂമ്പ്‌, കറുക, കരിനൊച്ചി, തിപ്പലി, ജാതിക്ക, അത്തിത്തിപ്പലി,
കുരുമുളക്‌ എന്നിവ സമമെടുത്ത്‌ പൊടിച്ച്‌ കരിക്കിന്‌ ഒരു
ചെറിയദ്വാരമുണ്ടാക്കി പൊടി അതിൽ നിറച്ച്‌ വെള്ളം പോകാത്തവിധത്തിൽ അതിന്റെ
പഴുതടച്ച്‌ ചാണകവും പുറ്റുമണ്ണുംപൊതിഞ്ഞ്‌ തീക്കനലിൽ ചുട്ട്‌ മൂന്ന്‌
മണിക്കൂർ വേവിച്ചെടുത്ത ഇളനീരിന്റെ വെള്ളമെടുത്ത്‌ ആറുമ്പോൾ തേൻചേർത്ത്‌
കഴിക്കുന്നത്‌ എല്ലാവിധ കരപ്പനും നല്ലതാകുന്നു.
*       കരിക്കിൻതൊണ്ടിന്റെ നീര്‌ - ശോഫങ്ങൾക്ക്‌
മണിക്കുന്തിരിക്കാദിചൂർണ്ണത്തിൽ കുഴച്ച്‌ ലേപമിടുന്നത്‌ നല്ലതാണ്‌.
*       കരിക്കിന്റെ പച്ചത്തൊണ്ട്‌ ചൂടാക്കി നെഞ്ചത്ത്‌ ചൂട്‌ കൊടുക്കുന്നത്‌
കഫക്കെട്ടിന്‌ നല്ലതാണ്‌.
വെളിച്ചെണ്ണ
*       സാധാരണയായി ആയുർവേദത്തിൽ എണ്ണ കാച്ചുന്നതിന്‌ വേണ്ടി വെളിച്ചെണ്ണ
ഉപയോഗിക്കുന്നു. (ഉദാ: നീലഭൃംഗാദി കേരം, നാൽപാമരാദി കേരം മുതലായവ)
*       വർണ്ണപ്രസാദത്തിനുവേണ്ടിയും ഉപയോഗിച്ച്‌ വരുന്നു.
*       ശുദ്ധമായ വെളിച്ചെണ്ണ മുറിവിൽ പുരട്ടിയാൽ മുറിവുണങ്ങുന്നതാണ്‌.
*       പലവിധത്തിലുള്ള ത്വക്ക്‌ രോഗങ്ങൾക്കും വെളിച്ചെണ്ണ ശ്രേഷ്ഠമായ ഔഷധമാണ്‌
*       തേങ്ങാപ്പാലിൽ നിന്നും ഉണ്ടാക്കുന്ന ഉരുക്കു വെളിച്ചെണ്ണ
തീപ്പൊള്ളലിനും, കുട്ടികൾക്കുണ്ടാകുന്ന ഡ്രൈസ്കിൻ എന്ന രോഗത്തിനും വളരെ
ഫലപ്രദമായ ഔഷധമാണ്‌.
ഈർക്കിൽ
ആമകേരീർക്കിൽ ഉലുവ വിശ്വവും മലർകൂവളം സാരമായൊരു കഷായമുണ്ടുപോൽ വിഷൂച്യാം
ക്വഥമുത്തമം
പച്ച ഈർക്കിൽ, ഉലുവ, മലര്‌, ചുക്ക്‌, കൂവളത്തിൻ വേര്‌ എന്നിവ സമമെടുത്ത്‌
കഷായം വെച്ച്‌ കുടിച്ചാൽ വിഷൂചികയ്ക്ക്‌ ഉത്തമമായ ഒരു പ്രതിവിധിയാണ്‌.
തെങ്ങിൻപൂവ്‌/ പൂക്കുല
*       തെങ്ങിൻപൂവ്‌ ധാതുപുഷ്ടിയുണ്ടാക്കുന്നതിന്‌ വളരെ ശ്രേഷ്ഠമായ ഒരു
ഔഷധമാണ്‌. അത്‌ തെങ്ങിൻ പൂക്കുലാദി ലേഹ്യം ഉണ്ടാക്കുന്നതിനും ഉപയോഗിച്ചു
വരുന്നു.
*       ത്വക്ക്‌ രോഗങ്ങൾക്ക്‌ വളരെ പ്രസിദ്ധമായി ഉപയോഗിക്കുന്ന കുഹളികുസുമാദി
കഷായ മുണ്ടാക്കുന്നതിന്‌ തെങ്ങിൻ പൂക്കുല ഉപയോഗിച്ച്‌ വരുന്നു.
*       രക്താതിസാരത്തിന്‌ തെങ്ങിൻപൂക്കുല അരി കഷായം വെച്ച്‌ സേവിച്ചാൽ ശമനമുണ്ടാകും
*       ഇളംപൂക്കുല ഇടിച്ച്‌ പിഴിഞ്ഞ്‌ സമം എണ്ണയും ചേർത്ത്‌ പുരട്ടിയാൽ ചൊറി,
ചിരങ്ങ്‌, വ്രണം എന്നിവ ശമിക്കും.
തെങ്ങിൻ കള്ള്‌
*       തെങ്ങിൻ കള്ള്‌ ധാതുപുഷ്ടിയുണ്ടാക്കുന്നതിന്‌ നല്ലതാണ്‌.
*       കള്ളിന്റെ ഊറൽ (മട്ട്‌) അരിപ്പൊടിയിൽ ചേർത്ത്‌ കുഴച്ച്‌ കുഴിഞ്ഞുപോയ
വ്രണങ്ങളിൽ വെച്ച്‌ കെട്ടിയാൽ മുറിവുണങ്ങുകയും കുഴിഞ്ഞുപോയ വ്രണങ്ങൾ
നികന്ന്‌ വരികയും ചെയ്യും.
തെങ്ങിൻ വേര്‌
*       തെങ്ങിൻ വേര്‌ ചതച്ച്‌ കഷായം വെച്ച്‌ കുടിച്ചാൽ മഹോദരം ശമിക്കും
*       ഇളംവേര്‌, കുരുമുളകിൻ വേര്‌, കരിമ്പനയുടെ ഇളംവേര്‌, ഞെരിഞ്ഞിൽ എന്നിവ
സമമെടുത്ത്‌ കാടിവെള്ള ത്തിലരച്ച്‌ നാഭിയിൽ പുരട്ടിയാൽ മൂത്രതടസ്സം
മാറിക്കിട്ടും.
തേങ്ങാപ്പാൽ
*       തേങ്ങാപ്പാൽ ഉത്തമമായ ധാതുപുഷ്ടിയുണ്ടാക്കുന്ന ഒരു ഔഷധമാണ്‌
*       തേങ്ങാപ്പാൽ ചേർന്ന ഔഷധങ്ങൾ സാധാരണയായി ശുക്ലക്ഷയത്തിലും, ശോഷത്തിലും3
നൽകി വരുന്നു.
ചിരട്ട
*       ചിരട്ട മാലകോർത്ത്‌ കഴുത്തിലിടുന്നത്‌ ഗണ്ഡമാല4 എന്ന രോഗത്തിന്‌
വിധിക്കപ്പെടുന്നു.
*       ചിരട്ടയിൽ നിന്നും വാറ്റിയെടുക്കുന്ന എണ്ണ പുഴുക്കടിക്കും, ചർമ്മ
രോഗങ്ങൾക്കും ഫലപ്രദമാണ്‌.
*       ചിരട്ടക്കരി പൊടിച്ചതും തേനും ചേർത്ത്‌ ലേപമിടുന്നത്‌ കറുത്ത പാടുകൾ
പോകാൻ നല്ലതാണ്‌.
വെള്ളയ്ക്ക
*       വെള്ളയ്ക്ക അരച്ച്‌ നെറ്റിയിൽ ലേപമിടുന്നത്‌ തലവേദനയ്ക്ക്‌ ഫലപ്രദമാണ്‌.
ചുരുക്കത്തിൽ പറഞ്ഞാൽ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഔഷധോപയോഗങ്ങൾക്കായി
ഉപയോഗിക്കാ വുന്നതാണ്‌.
1. ബൃംഹണം - ശരീരത്തെ പുഷ്ടിപ്പെടുത്തുന്നത്‌, 2. ശോഫം - നീര്‌, 3. ശോഷം
- ക്ഷീണാവസ്ഥ, 4.ഗണ്ഡമാല - മുണ്ടിനീര്‌

*ചാങ്ങേയത്ത്‌ ആയുർവേദ ഹോസ്പിറ്റൽ,
തുമ്പമൺതാഴം, പത്തനംതിട്ട

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...