14 Jan 2012

ആരോഗ്യത്തിനും സമ്പത്തിനും നാളികേരം


*സുഭാഷ്‌ കെ. കെ.

ആകാശവിതാനത്തിലെ നക്ഷത്രങ്ങളെ എണ്ണാൻ
       നമുക്ക്‌ സാധിച്ചാൽ തെങ്ങിൽ നിന്നുള്ള ഉൽപന്നങ്ങളുടെ എണ്ണവും
തിട്ടപ്പെടുത്തുവാൻ സാധിക്കുമെന്ന്‌ ഒരു ഫിലിപ്പിയൻ പഴമൊഴിയുണ്ട്‌.
കൽപവൃക്ഷത്തിന്റെ ഓരോ ഭാഗത്തിനും ഉപയോഗങ്ങളേറെയുണ്ട്‌. നമുക്ക്‌
നിത്യജീവിതത്തിൽ അനിവാര്യമായവയാണ്‌ എല്ലാ ഭാഗങ്ങളും.  കേരളീയസമൂഹത്തിന്റെ
ദൈനംദിനജീവിതവുമായി അത്രയേറെ ഇടകലർന്നിരിക്കുന്നു തെങ്ങ്‌. മുറ്റത്ത്‌
കൂനകൂട്ടിയിട്ടിരിക്കുന്ന നാളികേരം സമ്പട്സമൃദ്ധിയുടേയും,
ഐശ്വര്യത്തിന്റേയും പ്രതീകമായി കണ്ടിരുന്ന ഒരുകാലം
മലയാളിക്കുണ്ടായിരുന്നു. തെങ്ങും തേങ്ങയുമായി ആത്മബന്ധം സ്ഥാപിച്ചിരുന്ന
കേരളത്തിലെ കർഷകൻ, തേങ്ങയേക്കാൾ വില ഇളനീരിന്‌ ലഭിക്കുമ്പോഴും, ഇളനീര്‌
വെട്ടിവീഴ്ത്താൻ മടികാണിച്ചിരുന്നു.


വീടിന്റെ മേൽക്കൂര മേയാനുള്ള ഓലയും, വീട്‌ വൃത്തിയാക്കാനുള്ള ചൂലും,
ആഹാരം പാകം ചെയ്യുന്നതിനാവശ്യമായ വിറകും, ഭക്ഷ്യാവശ്യത്തിനുള്ള തേങ്ങയും,
തലയിലും ദേഹത്തും തേയ്ക്കാനും പാചകത്തിനും വിളക്ക്‌ കത്തിക്കാനും
ഉപയോഗിക്കുന്ന വെളിച്ചെണ്ണയും, ഇളംകള്ളും, കയർ, കയറ്റുപായ്‌, മെത്ത,
തടുക്ക്‌ എന്നിവയ്ക്കാവശ്യമായ നാരും എല്ലാംതരുന്ന തെങ്ങ്‌ കൽപവൃക്ഷം
തന്നെയായിരുന്നു. ഇങ്ങനെ അടിമുടി പ്രയോജനപ്രദമായ തെങ്ങിനോട്‌ താരതമ്യം
ചെയ്യാൻ ലോകത്ത്‌ മറ്റേതെങ്കിലും വൃക്ഷമുണ്ടോയെന്നുതന്നെ സംശയമാണ്‌.
കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിന്റെ പ്രമുഖ ഉൽപന്നമായ നാളികേരത്തിന്‌
പ്രായോഗിക അനുഭവങ്ങളുടേയും, ഗവേഷണങ്ങളുടേയും വെളിച്ചത്തിൽ ശാപമോക്ഷം
കിട്ടിക്കൊണ്ടിരുന്ന അവസരത്തിലാണ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ
കാർഡിയോളജി ഡിപ്പാർട്ട്‌മന്റ്‌ 1995 സെപ്തംബറിൽ നടത്തിയ പത്രസമ്മേളനം
പൊതുജനങ്ങളിൽ ഭീതിയും സംശയങ്ങളും വിതച്ചതു. പൂരിത കൊഴുപ്പുകൾ കൂടുതലുള്ള
വെളിച്ചെണ്ണ ഉപയോഗിച്ചാൽ കൊളസ്ട്രോൾ കൂടാൻ സാധ്യതയുണ്ടെന്നും,
ഹൃദയാഘാതത്തിന്‌ കാരണമാകുമെന്നുമുള്ള വെളിപ്പെടുത്തലുകൾകൊണ്ട്‌
മനുഷ്യദ്രോഹിയായി വെളിച്ചെണ്ണ ചിത്രീകരിക്കപ്പെട്ടു.

തന്മൂലം വെളിച്ചെണ്ണയുടെ ഉപയോഗവും കുറഞ്ഞു. വെളിച്ചണ്ണയല്ലാതെയുള്ള മറ്റ്‌
സസ്യഎണ്ണകൾ ഉപയോഗിക്കുന്ന നഗരവാസികളുടെ ഹൃദയാഘാതനിരക്ക്‌
ഗ്രാമീണരിലേക്കാളും 6 ഇരട്ടിയാണ്‌. കഴിഞ്ഞ 15 വർഷത്തെ രോഗങ്ങളുടെ അനുപാതം
നോക്കിയാൽ കൊളസ്ട്രോളിനെപ്പറ്റി നാം ബോധവാന്മാരായിരുന്നിട്ടും, ഭാരതത്തിൽ
ഹൃദയാഘാതം, രക്തസമ്മർദ്ദം, പ്രമേഹം മുതലായ രോഗങ്ങൾ
വർദ്ധിച്ചുവരുന്നതിന്റെ പ്രധാനകാരണം വെളിച്ചെണ്ണയല്ല, മറിച്ച്‌ ജീവിത
രീതിയാണെന്ന്‌ മനസ്സിലാക്കാം.


തേങ്ങയും വെളിച്ചെണ്ണയും വളരെക്കുടൂതൽ ഉപയോഗിക്കുന്ന ശ്രീലങ്ക,
ഫിലിപ്പീൻസ്‌, പോളിനേഷ്യ മുതലായ രാജ്യങ്ങളിൽ ഹൃദയാഘാതനിരക്ക്‌ മറ്റ്‌
രാജ്യങ്ങളെ അപേക്ഷിച്ച്‌ വളരെക്കുറവാണ്‌. കേരള യൂണിവേഴ്സിറ്റിയുടെ
ബയോകെമിസ്ട്രി ഡിപ്പാർട്ട്‌മന്റിൽ 1995ൽ നടത്തിയ ഒരു പരീക്ഷണത്തിൽ
വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്നവരുടെ കൊളസ്ട്രോൾ നിരക്ക്‌ സാധാരണനിലയിൽ
ആയിരുന്നുവേന്ന്‌ കണ്ടൂ. തേങ്ങയിൽ നാരുകൾ ഉള്ളതിനാൽ പൂരിതകൊഴുപ്പുകളുടെ
ആഗിരണം കുറയുന്നു.  വെളിച്ചെണ്ണയിലെ പൂരിതകൊഴുപ്പുകൾ ദീർഘശൃംഖല
വർഗ്ഗത്തിൽപ്പെട്ടതല്ലാത്തതുകാരണം രക്തത്തിൽക്കൂടി നേരെ കരളിലെത്തി
ഊർജ്ജമായി രൂപാന്തരപ്പെടുന്നു. വെളിച്ചെണ്ണയിലുള്ള ലാറിക്‌ അമ്ലം
ശരീരത്തിൽ മോണോലോറിൻ ആയി രൂപാന്തരപ്പെടുന്നു. മുലപ്പാലിലെ ലോറിക്‌
അമ്ലത്തിൽ നിന്ന്‌ ശരീരം ഉണ്ടാക്കുന്ന മോണോലോറിൻ ശിശുക്കളിൽ ഉണ്ടാകുന്ന
പല രോഗങ്ങളും തടയുവാൻ സഹായിക്കുമെന്ന്‌ പ്രസിദ്ധ അമേരിക്കൻ ന്യൂട്രീഷ്യൻ
വിദഗ്ദ്ധ മേരി എനിഗ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.  
തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്‌ ഫിസിഷ്യനായ ഡോ. കെ. പി. പൗലോസ്‌ നടത്തിയ ഗവേഷണത്തിൽ വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്നവരുടെ
കോളസ്ട്രോൾ നിരക്കും മറ്റ്‌ സസ്യഎണ്ണകൾ ഉപയോഗിക്കുന്നവരുടെ നിരക്കും
തമ്മിൽ കാര്യമായ യാതൊരു വ്യത്യാസവും ഇല്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
പതിവായി നാളികേരം ഉപയോഗിക്കുന്നത്‌ ശരീരത്തിൽ കൊഴുപ്പ്‌ അടിയുന്നത്‌
തടയുമെന്ന്‌ സിഡ്നിയിലെ ജിർവാൻ ഇൻസ്റ്റിറ്റിയൂട്ടിലെ ഗവേഷകരായ നൈജൽടർണറും
ജിമിംഗ്‌യേയും നടത്തിയ പഠനത്തിൽ കണ്ടെത്തി. ശരീരത്തിൽ ഇൻസുലിൻ
കുറയുന്നതിന്റെ ഫലമായിട്ടാണ്‌ ടൈപ്പ്‌ 2 വിഭാഗത്തിൽപ്പെട്ട പ്രമേഹം
ഉണ്ടാകുന്നത്‌.  ഇത്തരത്തിൽ ഇൻസുലിൻ കുറയുന്നത്‌ ഒഴിവാക്കാൻ നാളികേരം
ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നും പഠനം വെളിപ്പെടുത്തുന്നു. ശരീരത്തിൽ
അമിതമായി കൊഴുപ്പ്‌ കൂടുന്നത്‌ ശരീരത്തിലെ സന്തുലിതാവസ്ഥ തകർക്കുകയും
രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ഇത്തരത്തിലുണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ നാളികേരത്തിന്‌ കഴിയുമെന്നും ഇവർ നടത്തിയ
പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

വെളിച്ചെണ്ണയോ, നാളികേരമോ ഹൃദ്രോഗ കാരണമാകുന്നില്ലായെന്ന്‌ പ്രഗത്ഭ
ഹൃദ്രോഗ വിദഗ്ദ്ധനും മണിപ്പാൽ അക്കാദമി ഓഫ്‌ ഹയർ എജ്യൂക്കേഷൻ മുൻ വൈസ്‌
ചാൻസലറുമായ പ്രോഫ. ബി. എം. ഹേഗ്ഡേ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
വെളിച്ചെണ്ണയ്ക്ക്‌ മുലപ്പാലിന്‌ തുല്യമായ സ്ഥാനമാണുള്ളതെന്ന്‌ അദ്ദേഹം
അടിവരയിട്ട്‌ പറയുന്നു.  പാശ്ചാത്യ നാടുകളിലേക്ക്‌ കുടിയേറിയ പോളിനേഷ്യൻ
ദ്വീപ്‌ നിവാസികളുടേയും ശ്രീലങ്കൻ ജനതയുടേയും മുഖ്യഭക്ഷണം നാളികേരവും,
നാളികേരോൽപന്ന ങ്ങളുമായിരുന്നു. ഇവർക്ക്‌ അവരുടെ സ്വാഭാവിക
ആവാസവ്യവസ്ഥയിൽ ഹൃദ്രോഗത്തെക്കുറിച്ച്‌ കേട്ടുകേൾവി
പോലുമുണ്ടായിരുന്നില്ല. എന്നാൽ ആധുനിക ജീവിതശൈലി അവലംബിച്ച ഇവർ
വെളിച്ചെണ്ണയുടേയും, തേങ്ങയുടേയും ഉപയോഗം നിർത്തുകയും എല്ലാത്തരം അപൂരിത
കൊഴുപ്പുകളും ഉപയോഗിക്കുവാൻ ആരംഭിക്കുകയും ചെയ്തതോടെ അവരുടെ എച്ച്‌.ഡി.എൽ
കുറയുകയും എൽ.ഡി.എൽ വർദ്ധിക്കുകയും മൊത്തം കൊളസ്ട്രോൾ നില വർദ്ധിക്കുവാൻ
തുടങ്ങുകയും ചെയ്തു.

നാളികേരം ഒരു ഔഷധഗുണമുള്ള പോഷകാഹാരം (ഫങ്ങ്ഷണൽ ഫുഡ്‌) ആണ്‌. അത്‌
അടിസ്ഥാന പോഷകങ്ങൾക്ക്‌ പുറമേ ആരോഗ്യവും ഊർജ്ജവും പ്രദാനം ചെയ്യുന്നു.
വെളിച്ചെണ്ണ കഴിക്കുന്നത്‌ കുറയ്ക്കുന്നത്‌ തൈറോയ്ഡ്‌ ഗ്രന്ഥിയുടെ
പ്രവർത്തനം മന്ദീഭവിപ്പിക്കുകയും, വെളിച്ചെണ്ണയുടെ ഉപയോഗം
പ്രോസ്ട്രേറ്റ്‌ ഗ്രന്ഥിയുടെ പ്രവർത്തനം സാധാരണ ഗതിയിലാക്കുകയും
ചെയ്യുമെന്ന്‌ പഠനങ്ങൾ വെളിപ്പെടുത്തുന്നു. എയ്ഡ്സ്‌ രോഗികളിൽ എച്ച്‌ഐവി
വൈറസുകളെ നശിപ്പിക്കുന്നതിനുള്ള കഴിവ്‌ വെളിച്ചെണ്ണയ്ക്കുണ്ടെന്ന്‌
പ്രാഥമിക ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്‌. 1950 മുതൽ 2000 വരെയുള്ള
അമ്പത്‌ വർഷക്കാലയളവിൽ കേരളത്തിലെ വെളിച്ചെണ്ണയുടെ ഉപയോഗം മൂന്നിലൊന്നായി
കുറയുകയും, ഹൃദ്രോഗം മൂന്നിരട്ടിയായി വർദ്ധിക്കുകയും ചെയ്തിരിക്കുന്നതായി
കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിൽ നിന്നുതന്നെ വെളിച്ചെണ്ണ
കഴിക്കുന്നതും, ഹൃദ്രോഗവുമായി യാതൊരു ബന്ധവുമില്ലെന്ന്‌ പഠനങ്ങൾ
തെളിയിക്കുന്നു.

ആയുർവേദത്തിലും തേങ്ങയ്ക്കും അതിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും പ്രമുഖ
സ്ഥാനമുണ്ട്‌. ഇളനീർ ദഹനത്തെ ത്വരിതപ്പെടുത്തുകയും, മൂത്രസഞ്ചിയെ
ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഛർദ്ദി, ബോധക്ഷയം, ജ്വരം എന്നിവയ്ക്ക്‌
ഒരുത്തമ പ്രതിവിധിയാണ്‌ ഇളനീർ. വിവിധതരം ഔഷധങ്ങൾ കഴിക്കുന്നതുമൂലം
ശരീരത്തിൽ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങളെ പുറന്തള്ളുന്നതിന്‌ ഇളനീരിന്റെ
മൂത്രളഗുണം സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം മുതലായ
രോഗങ്ങൾ ബാധിച്ചവരുടെ ഭക്ഷണത്തിൽ കറിയുപ്പിന്റെ അളവ്‌ വളരെയധികം
കുറയ്ക്കേണ്ടതായി വരും. കടുത്തക്ഷീണം അനുഭവപ്പെടുന്ന ഈ അവസ്ഥയിൽ ഇളനീർ
കുടിക്കുന്നത്‌ ക്ഷീണം അകറ്റുന്നതിന്‌ സഹായകരമാണ്‌.
മൂപ്പെത്തിയ നാളികേരത്തിന്റെ കാമ്പിൽ നിന്നും ലഭിക്കുന്ന തേങ്ങാപ്പാൽ
ശോധനയെ സഹായിക്കുന്നു. തെങ്ങിൻ പൂക്കുലകൊണ്ട്‌ നിർമ്മിക്കുന്ന രസായനം
മുലപ്പാൽ ഉൽപാദനത്തെ സഹായിക്കുന്നു. വിരിയാത്ത തെങ്ങിൻപൂവ്‌
ചെത്തിയെടുക്കുന്ന പുളിക്കാത്ത മധുരക്കള്ളായ നീര പ്രകൃതിദത്തമായ
ഉത്തമപാനീയവും, ആരോഗ്യത്തിനുള്ള ഒരു ടോണിക്കും കൂടിയാണ്‌. ഇതിൽ 14-18%
പഞ്ചസാരയും പുറമെ ജീവകം സി, ജീവകം ബി ഗ്രൂപ്പിൽപ്പെട്ട തയമിൻ,
റിബ്ലോഫാവിൻ, നിയാസിൻ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്‌. ഗർഭിണികൾ
പതിവായി നീര കുടിച്ചാൽ ഗർഭസ്ഥ ശിശുവിന്‌ നല്ല നിറം ലഭിക്കുമെന്ന്‌
പറയപ്പെടുന്നു. സിദ്ധവൈദ്യത്തിൽ തെങ്ങിൻ പൂക്കുല ഇടിച്ച്‌ പിഴിഞ്ഞ്‌
നീര്‌ കുടിക്കുന്നത്‌ പ്രമേഹത്തെ ശമിപ്പിക്കുമെന്ന്‌ പറയുന്നു. 
ചിരട്ട കത്തിക്കുമ്പോൾ ലഭിക്കുന്ന എണ്ണ പുഴുക്കടിയെ ശമിപ്പിക്കാൻ ഉത്തമമാണ്‌.
ഔഷധ ഗുണസമ്പന്നമെന്നപോലെ നമ്മുടെ നാടിന്റെ സമ്പട്‌വ്യവസ്ഥയിലും
നാളികേരത്തിന്‌ ഗണ്യമായ സ്ഥാനമുണ്ട്‌. കഴിഞ്ഞ ഒന്നര വർഷമായി കേരളത്തിൽ
നിന്ന്‌ നാളികേരവും, കൊപ്രയും കാശ്മീർ വഴിയും, രാജസ്ഥാൻ വഴിയും
പാകിസ്ഥാനിൽ എത്തുന്നുണ്ട്‌. കുറ്റ്യാടിയിലെ തേങ്ങയരച്ചുണ്ടാക്കുന്ന
ചമ്മന്തി പാക്കിസ്ഥാൻ തീൻമേശയിൽ പുതിയ രുചിക്കൂട്ടായ്‌ വിരിയുമ്പോൾ
നമുക്ക്‌ അഭിമാനിക്കാം. പ്രിതിദിനം 20ലേറെ ലോഡുകളാണ്‌ മലപ്പുറം,
കോഴിക്കോട്‌, തലശ്ശേരി എന്നീ സ്ഥലങ്ങളിൽ നിന്നും അയയ്ക്കുന്നത്‌. അംഗീകൃത
മാർഗ്ഗങ്ങളിലൂടെ നടക്കുന്ന ഈ വ്യാപാര ഇടപാടിലൂടെ ബംഗ്ലാദേശിലേക്കും
കേരളത്തിൽ നിന്നും കൊപ്രയും തേങ്ങയും കയറ്റി അയയ്ക്കുന്നുണ്ട്‌.
പാകിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിൽ നാളികേരോൽപന്ന വിപണിയുടെ കുത്തക
ശ്രീലങ്കയ്ക്കായിരുന്നു. ഉത്പാദനത്തിൽ വൻ ഇടിവ്‌ സംഭവിച്ചതോടെ ഒന്നരവർഷം
മുമ്പ്‌ ശ്രീലങ്കയ്ക്ക്‌  വ്യാപാരത്തിൽ അടിതെറ്റി. ഇത്‌ തമിഴ്‌നാട്‌,
കേരളം, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങൾക്ക്‌ ഗുണകരമായി. അമേരിക്കയ്ക്ക്‌
തേങ്ങയിൽ നിന്നുള്ള ?മധുര?വും, ഗൾഫ്‌ രാജ്യങ്ങൾക്ക്‌ പച്ചതേങ്ങയും,
വെന്തവെളിച്ചെണ്ണയും, മൂല്യവർദ്ധിത ഉൽപന്നങ്ങളും വേണം. കൊപ്രക്ഷാമവും,
വെളിച്ചെണ്ണ വിലയും വർദ്ധിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ നാളികേരപ്രിയം
കൂടുന്നു. നടപ്പ്‌ വർഷം കയറ്റുമതിയിൽ 30ശതമാനം വർദ്ധനവും ഉത്പാദനത്തിൽ 20
ശതമാനം കുറവുമുണ്ടായെങ്കിലും ആഭ്യന്തര വിപണിയിലും എണ്ണയ്ക്കും,
തേങ്ങയ്ക്കും ആവശ്യക്കാർ ധാരാളം.

ഓസ്ട്രേലിയായിലെ ക്യൂൻസ്ലാൻഡിലെ ?കോയോ? എന്ന കമ്പനി പ്രതിമാസം 8000 മുതൽ
10,000 ലിറ്റർവരെ തേങ്ങാപ്പാലും, ക്രീമും തേടി
ഇന്ത്യയിലെത്തിയെന്നുള്ളത്‌, അന്തർദേശീയ വിപണിയിൽ കേരോൽപന്നങ്ങൾക്ക്‌ വൻ
ഡിമാന്റ്‌ ഉണ്ടാക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.  പ്രകൃതിദത്ത ഐസ്ക്രീം
നിർമ്മിക്കുന്നതിനാണ്‌ ഈ കമ്പനി ഇന്ത്യയിൽ നിന്നുള്ള തേങ്ങാപ്പാൽ
തേടുന്നത്‌. ശുദ്ധമായ തേങ്ങാപ്പാൽ ഉപയോഗിച്ചുള്ള ഐസ്ക്രീം
നിർമ്മാണത്തിന്‌ ഇന്ത്യയിലും വഴിതെളിഞ്ഞാൽ നാളികേരോൽപന്നങ്ങളൂടെ
വൈവിധ്യവത്ക്കരണത്തിൽ ഇത്‌ നൂതന കാൽവെയ്പാകും.
ശുദ്ധമായ വെളിച്ചെണ്ണയിൽ ചില ചേരുവകൾ ചേർത്ത്‌ വാഹനങ്ങൾക്കും,
യന്ത്രങ്ങൾക്കും എഞ്ചിൻ ഓയിലായി ഉപയോഗിക്കാമെന്ന്‌ കണ്ടുപിടിച്ച കണ്ണൂർ,
ചെറുപുഴ സ്വദേശി മേൽക്കുങ്കര പുത്തൻവീട്ടിൽ രാജീവൻ, തന്റെ ഉൽപന്നമായ
?അമൃതലൂബി? വിപണിയിലിറക്കുന്നതിനായി പേറ്റന്റ്‌ കാത്തിരിക്കുകയാണ്‌.
ഇതിന്‌ അംഗീകാരം ലഭിച്ചാൽ  ഇന്ന്‌ എണ്ണക്കമ്പനികളിൽ നിന്നും
ലഭിക്കുന്നതിനേക്കാൾ 30 മുതൽ 40 ശതമാനം വരെ വിലകുറച്ച്‌ ഓയിൽ വിതരണം
ചെയ്യാൻ കഴിയുമെന്നാണ്‌ രാജീവന്റെ പ്രതീക്ഷ.

ചിരട്ടക്കരി വളരെയധികം ആവശ്യമുള്ള ഒരു വ്യാവസായിക അസംസ്കൃതവസ്തുവാണ്‌.
ചിരട്ടക്കരിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉത്തേജിതകരിക്ക്‌
അന്താരാഷ്ട്രതലത്തിൽതന്നെ വൻ വ്യാവസായിക പ്രാധാന്യമുണ്ട്‌. മരക്കരിയും
എല്ലുകരിയും അടിസ്ഥാനമാക്കുയുള്ള ഉത്തേജിതകാർബണെ അപേക്ഷിച്ച്‌ ഉത്തേജിത
ചിരട്ടക്കരിയുത്പാദനത്തിന്‌ ചിരട്ടക്കരിയിൽ നിന്നുമുള്ള ഉത്തേജിത കരി
ഗുണമേന്മയിൽ മികച്ചതായതിനാൽ ഇന്ന്‌ വൻ സാധ്യതയുണ്ട്‌.

മൂല്യവർദ്ധിത ഉൽപന്നങ്ങൾക്കൊപ്പം ഏറ്റവുമധികം കയറ്റി അയയ്ക്കുന്നത്‌
ചിരട്ടക്കരി സംസ്ക്കരിച്ചുണ്ടാക്കുന്ന ആക്ടിവേറ്റഡ്‌ കാർബണാണ്‌. സ്വർണം,
ജലം എന്നിവയുടെ ശുദ്ധീകരണത്തിനും, വ്യാവസായിക ആവശ്യങ്ങൾക്കുമാണ്‌ ഇത്‌
കൂടുതലായി ഉപയോഗിക്കുന്നത്‌. അമേരിക്ക, ഇംഗ്ലണ്ട്‌, ചൈന, ജർമനി, ജപ്പാൻ
എന്നീ രാജ്യങ്ങളാണ്‌ ആക്ടിവേറ്റഡ്‌ കാർബണിന്റെ മുഖ്യഉപഭോക്താക്കൾ.
തടിയുടെ ലഭ്യതകുറഞ്ഞും, വില കൂടിക്കൊണ്ടു മിരിക്കുന്ന സാഹചര്യത്തിൽ
ഗൃഹനിർമ്മാണം, ഫർണീച്ചർ, പാനലിംഗ്‌ തുടങ്ങിയ ആവശ്യങ്ങൾക്ക്‌ പാരമ്പര്യേതര
തടികൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചുവരികയാണ്‌. ഈ
പശ്ചാത്തലത്തിൽ തെങ്ങിൻ തടി വളരെയധികം ശ്രദ്ധയർഹിക്കുന്ന ഒരു
സ്രോതസ്സാണ്‌. തെങ്ങിൻ തടി ഈട്‌ കുറഞ്ഞ തടിയായാണ്‌
കണക്കാക്കപ്പെട്ടിരിക്കുന്നത്‌. അതിനാൽ രാസസംരക്ഷണം നടത്തി ഈട്‌ കൂട്ടിയ
തെങ്ങിൻ തടി മാത്രമേ ഉപയോഗയോഗ്യമാകു. സംസ്കരിച്ച തെങ്ങിൻതടികൊണ്ട്‌
ഫർണീച്ചർ, പാനലിംഗ്‌ മെറ്റീരിയലുകൾ, ഗൃഹനിർമ്മാണഭാഗങ്ങൾ തുടങ്ങിയവ
ലാഭകരമായി നിർമ്മിക്കാം.

തെങ്ങ്‌ പുനരുദ്ധാരണ പദ്ധതി പ്രകാരം മുറിച്ച്‌ മാറ്റുന്ന തെങ്ങിൻ തടികൾ
ഇപ്പോൾ പൂർണ്ണമായും ഇഷ്ടികച്ചൂളയിലെ ഇന്ധനാവശ്യത്തിനാണ്‌
ഉപയോഗിക്കുന്നത്‌. എന്നാൽ കൂടുതൽ മെച്ചപ്പെട്ട മൂല്യവർദ്ധിത ഉൽപന്നങ്ങൾ
ഉണ്ടാക്കുന്നതിലൂടെ കർഷകന്‌ നല്ല വില ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ
നാളികേര വികസനബോർഡ്‌ നടത്തിവരികയാണ്‌. ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ
വെട്ടിമാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ നട്ടും, ശാസ്ത്രീയ പരിപാലന
മുറകൾ അവലംബിച്ചും തെങ്ങിൻ തോട്ടങ്ങൾക്ക്‌ ഒരു പുതു ജീവൻ നൽകുകയും,
അതുവഴി നാളികേരോത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന
ഉദ്ദേശ്യത്തോടെയാണ്‌ നാളികേര വികസനബോർഡും, സംസ്ഥാനകൃഷി വകുപ്പും,
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി തെങ്ങ്‌ കൃഷി പുനരുജ്ജീവന
പദ്ധതി? നടപ്പിലാക്കിവരുന്നത്‌. നമ്മുടെ നാടിന്റെ ഐശ്വര്യത്തിന്റേയും,
സമൃദ്ധിയുടേയും, നന്മയുടേയും പ്രതീകമായ തെങ്ങ്‌ കൃഷിയെ
സംരക്ഷിക്കുകയെന്നത്‌ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്‌.

*അസിസ്റ്റന്റ്‌ ലൈബ്രറി ആന്റ്‌ ഇൻഫർമേഷൻ ആഫീസർ, നാളികേര വികസന ബോർഡ്‌





എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...