ശ്രീകൃഷ്ണദസ് മാത്തൂർ
കക്കൂസിൽ നിന്നു ട്രെയിനിന്റെ
തെറിപ്പാട്ടുകേട്ടിറങ്ങി.
ബർത്തിൽ കയറിക്കിടന്നു.
(ട്രെയിനിനു
കക്കൂസിലൊരു പാട്ട്
ബർത്തിൽ മറ്റൊരു പാട്ട്)
ഉള്ളിൽ കുടുങ്ങിപ്പോയ മുടി
പറിച്ചെടുത്തു രാത്രിയലറി.
രാത്രിഞ്ചരർ
തള്ളിയിട്ടോരെ പോലെ
പൊന്തകൾ വാവിട്ടുകരയുന്നു.
കൂടെ വരുമോ?
സർവ്വത്ര തിരസ്കൃതമന്റെ ചോദ്യം.
കാറ്റായൊരാൾ മാത്രം
ജന്നലഴിയിൽ തട്ടിമുട്ടിച്ചതഞ്ഞ്
കൂടെ വരുന്നെന്ന്..
ഹ്ഹ്.. സാഹസീകം..!
പൊതി തന്നുവിടാൻ മറന്ന
വീടിന്റെ വിളി 'ടിടി ഇ' യെപ്പോലെ
പലപ്പൊഴും വന്നു തട്ടുന്നു,
ടിക്കറ്റു ചോദിക്കുന്നു..
പുറത്തെ കുറ്റിരുട്ടിൻ ചില്ലയിൽ
വെയിലിൽ പൊതിഞ്ഞു തൂങ്ങുന്നു
ശാസ്ത്രം കൊത്തിയെടുത്തതിൻ ബാക്കി
ഒരുപൂളു ചന്ദ്രക്കല.
ഈ രാത്രിമുഴുവൻ
എനിക്കിതു മതി
സുഭിക്ഷം, സ്വപ്നം കാണുവാൻ..
******