അരുൺകുമാർ
1.
മനോഹരമായ ഒരു ദിനം
പുറത്തെവിയെയോ
ഒരു കുയിൽ പാടുന്നു
അകത്ത്
വിടരുന്നൂ ഒരു പനിനീർസൂനം
2.
ഇക്കാലത്ത്
ഒരു ചെടിനടുന്നതുപോലും
ഒരു രാഷ്ട്രീയപ്രവർത്തനമാണ്
അതിലൂടെ നാം മരുഭൂമികളുടെ
അധിനിവേശങ്ങളെ ചെറുക്കുന്നു.
3.
വീടിനടുത്തൊരു മുസ്ലീമുണ്ട്
ചായക്കടക്കാരൻ അന്ത്ര്യ
അവന് ബിൻലാദന്റെ ഛായയാണ്
വീടിനകത്തൊരു ഹിന്ദുവുണ്ട്
അത് ഞാൻ തന്നെ
എനിക്ക് ഗോഡ്സേയുടെ മുഖമാണ്.
4.
അന്ധന് സംഗീതം ഗുണംചെയ്യും
ബധിരന് ചിത്രകലയും
മൂകനായാൽ സാഹിത്യമഭ്യസിക്കണം
മന്ദബുദ്ധി മന്ത്രിയാകണം
5.
സുവർണമാനോ
സുവർണരാവണനോ
ഏതായിരുന്നു സീതയെ പ്രലോഭിപ്പിച്ചതു?
6.
അധികാരം ആദ്യമേതന്നെ നാം കൊയ്തെടുത്തു
പൊന്നാര്യൻ കൊയ്യാൻ മറന്നുംപോയി
7.
കഥകൾ കദനങ്ങൾ
കവിതകൾ കാമങ്ങൾ
8.
തപസ്സിരുന്നാൽപ്പോരാ
ചിതൽപ്പുറ്റുവന്നു പൊതിയണം
ചിതൽപ്പുറ്റുവന്നു പൊതിഞ്ഞാൽപ്പോരാ
അതിനുള്ളിൽ നിന്നും പുറത്ത് വന്ന്
നീയൊരിതിഹാസം തന്നെ രചിക്കണം
അല്ലെങ്കിൽ നീയൊരു കവിയല്ല
മുനിയല്ല ഒരു കാട്ടാളൻ പോലുമല്ല.
9.
ഇടപ്പള്ളിയുടേത്
സ്വാഭാവിക മരണമായിരുന്നു
ചങ്ങമ്പുഴയുടേതായിരുന്നു ആത്മഹത്യ
10.
എഴുതാൻ കൊതിച്ചു ഞാൻ
പ്രപഞ്ചസത്യങ്ങൾ
എഴുതാൻ കഴിഞ്ഞതോ
സ്വകാര്യദുഃഖങ്ങളും.