18 Feb 2012

സമാധാനത്തിന്റെ ദൂതുമായി


അമ്പാട്ട്‌ സുകുമാരൻനായർ

മതം എന്താണീ മതം? എന്തിനുവേണ്ടിയാണ്‌ മതം? 'മതം' എന്നവാക്കിന്‌
ശബ്ദതാരാവലിയിൽ അഭിപ്രായം, അറിവ്‌, വിശ്വാസം എന്തൊക്കെയാണർത്ഥം
കൊടുത്തിരിക്കുന്നത്‌. 'ധർമ്മം' എന്നുകൂടി അർത്ഥം നൽകിയിട്ടുണ്ട്‌.
അതിനുദാഹരണമായി 'ഹിന്ദുമതം', 'ക്രിസ്തുമതം' എന്നും എടുത്തു
പറഞ്ഞിട്ടുണ്ട്‌. 'മതമില്ലാത്ത ജീവിതം കപ്പിത്താനില്ലാത്ത കപ്പലിനു
സമമാണ്‌.' എന്നു ഗാന്ധിജിയുടെ ഒരുവാചകം ഉദ്ധരിച്ചിട്ടുമുണ്ട്‌. ഇവിടെ ഞാൻ
ചർച്ചചെയ്യാനുദ്ദേശിക്കുന്നത്‌ 'ധർമ്മം' എന്നർത്ഥം വരുന്ന ഹിന്ദുമതം,
ക്രിസ്തുമതം എന്നീ മതങ്ങളെക്കുറിച്ചാണ്‌.


       അതിനൊരു കാരണമുണ്ട്‌. മതം എന്തിനുവേണ്ടിയാണെന്നു ചോദിച്ചാൽ
മനുഷ്യമനസ്സിൽ നന്മയുടെ വിത്തുപാകാൻ വേണ്ടിയാണെന്ന്‌ പെട്ടെന്നുത്തരം
പറയാം. മതം യഥാർത്ഥവിത്താണോ അതോ അന്തകവിത്താണോ വിതയ്ക്കുന്നതെന്ന്‌
ഗവേഷണം നടത്തേണ്ടതുണ്ട്‌. അല്ലെങ്കിൽ നന്മ ഇത്രവേഗം
ഇല്ലാതായിതീരേണ്ടകാര്യമില്ല. തീർച്ചയായും നന്മയുടെ അന്തകവിത്തുകൾ
തന്നെയായിരിക്കണം ഈ മതങ്ങൾ വിതയ്ക്കുന്നത്‌. മതങ്ങളുള്ളതുകൊണ്ടാണ്‌
ദൈവങ്ങളും നിലനിൽക്കുന്നതെന്ന്‌ ഒരുകൂട്ടർ ബലമായി വിശ്വസിക്കുന്നുണ്ട്‌.
എല്ലാ മതങ്ങളും ചേർന്ന്‌ ഒരുപാട്‌ ദൈവങ്ങളെ ഇവിടെ നിരത്തി
നിർത്തിയിട്ടുണ്ട്‌. ഓരോ മതങ്ങളും പറയുന്നു, ദൈവം ഒന്നേയുള്ളു അത്‌
ഞങ്ങളുടെ ദൈവമാണെന്ന്‌. ഈമതങ്ങൾ അവരുടെ ദൈവങ്ങൾക്കു വേണ്ടി വാദകോലാഹലങ്ങൾ
നടത്തുകയാണ്‌. ആ ദൈവങ്ങൾക്കുവേണ്ടി ഒരുപാടുപോരാട്ടങ്ങൾ ഇവിടെ
നടന്നിട്ടുണ്ട്‌. ഒരുപാട്‌ രക്തപ്പുഴ ഒഴുക്കിയിട്ടുണ്ട്‌. ഈശ്വരനു വേണ്ടി
രക്തസാക്ഷികളായി സ്വർഗ്ഗലോകം പൂകിയ നിരവധി 'പുണ്യപുരുഷന്മാരു'ണ്ട്‌.
       എല്ലാമതങ്ങളും നന്മയുടെ വിത്തുവിതച്ച്‌ സമാധാനം
കൊയ്യാനാഗ്രഹിക്കുന്നത്‌. എന്നിട്ട്‌ സമാധാനമുണ്ടോ? മനുഷ്യമനസ്സ്‌
കടൽപോലെ ഇളകിമറിയുകയാണ്‌. ഒരുനിമിഷംപോലും സ്വസ്ഥതയും സമാധാനവുമില്ല.
       ഒരു ദിവസം ഞാനൊരു പുസ്തകം വായിച്ചുകൊണ്ട്‌ സ്വസ്ഥമായി
വീട്ടിലിരിക്കുകയായിരുന്നു. ആരോ കതകിൽമുട്ടി. ഞാൻ കതകു തുറന്നു.
നാലഞ്ചാളുകൾ മുറ്റത്തു നിൽപ്പുണ്ട്‌. അവരിൽ ഒരാൾമാത്രം മധ്യവയസ്കനാണ്‌.
നരകയറിത്തുടങ്ങിയിട്ടുണ്ട്‌. മറ്റുനാലുപേരും ചെറുപ്പക്കാരാണ്‌. പ്രായം
കൂടിയ ആൾ എന്നെ വണങ്ങി. നല്ല വിനയം. സൗമ്യതകളിയാടുന്ന മുഖം.
അദ്ദേഹത്തെതൊഴുതുകൊണ്ട്‌ ഞാൻ എല്ലാവരെയും അകത്തേക്കു ക്ഷണിച്ചു. അവർ
അഞ്ചുപേരും മുറിക്കുള്ളിൽ കയറി ഇരുന്നു.

       ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പുതന്നെ പ്രായം കൂടിയ മനുഷ്യൻ പറഞ്ഞു:
"ഞങ്ങൾ സമാധാനത്തിന്റെ സന്ദേശവുമായി വന്നതാണ്‌..."
ഞാൻ പറഞ്ഞു: വളരെ സന്തോഷം, ഇന്ന്‌ തീർത്തും ഇല്ലാത്തത്‌ അതുതന്നെയാണല്ലോ."
"അതെ, വളരെശരിയാണ്‌. ലോകത്തെവിടെയുമില്ല സമാധാനം. എല്ലാ രാഷ്ട്രങ്ങളും ഈ
ലോകത്തെ ചുട്ടെരിക്കാനുള്ള ആയുധങ്ങളുണ്ടാക്കിവച്ചിരിക്കുന്നു. മനുഷ്യർ
ചേരിതിരിഞ്ഞ്‌ ആളുകളെ കൊന്നൊടുക്കുന്നു. ആത്മഹത്യകൾ പെരുകുന്നു.
ബലാത്സംഗങ്ങൾ വർദ്ധിക്കുന്നു. രാജ്യത്ത്‌ കള്ളനോട്ടുകൾ വ്യാപകമാകുന്നു.
കള്ളപ്പണം പെരുകുന്നു. സർവ്വത്രഅഴിമതി. എങ്ങനെ ഈ ലോകത്ത്‌ സമാധാനമായി
ജീവിക്കും? എന്തുകൊണ്ടീ കുഴപ്പങ്ങളിവിടെയുണ്ടായി? "

       അദ്ദേഹം തന്നെ അതിന്‌ മറുപടിയും പറഞ്ഞു.
ആളുകൾക്ക്‌ ശരിയായ ദിശാബോധമില്ലാത്തതുകൊണ്ടാണിങ്ങനെയൊക്കെ സംഭവിച്ചതു.
ശരിയായ വഴി നമ്മുടെ പ്രവാചകൻ പറഞ്ഞു തന്നിട്ടുണ്ട്‌. ആ വഴിയേ സഞ്ചരിച്ചാൽ
ഇവിടെ സ്വർഗ്ഗരാജ്യം പണിയാൻ കഴിയും. മറ്റു മതങ്ങളെല്ലാം
തെറ്റായവഴിക്കാണ്‌ ആളുകളെ നയിക്കുന്നത്‌. പല ദൈവങ്ങളെ അവർ ആരാധിക്കുന്നു.
അവർ കല്ലിനെയും മരങ്ങളെയും നദികളെയും പർവ്വതങ്ങളെയുമൊക്കെ പൂജിക്കുന്നു.
ഇതൊക്കെ തെറ്റാണ്‌. മനുഷ്യന്റെ അറിവില്ലായ്മകൊണ്ടാണ്‌ അങ്ങനെയൊക്കെ
ചെയ്യുന്നത്‌."

       "അവരങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട്‌ നിങ്ങൾക്കെന്താണ്‌ കുഴപ്പം?
ഈശ്വരന്‌ രൂപവും ഗുണവുമൊന്നുമില്ല. അദൃശ്യനാണ്‌. ഓരോ മനുഷ്യർ അവരുടെ
സങ്കൽപമനുസരിച്ച്‌ ഈശ്വരനെ പൂജിക്കുന്നു. ചിലപ്പോൾ അയാൾ ഈശ്വരനിൽ
വിശ്വസിക്കുന്നുണ്ടാവില്ല. നിങ്ങളതിൽ വിഷമിക്കുന്നതെന്തിനാണ്‌? ആയിരം
ആൾക്കാരുണ്ടെങ്കിൽ ആയിരംപേരും അവരവർക്കിഷ്ടമുള്ള രൂപത്തിൽ അവരവരുടെ
ഭാവനയ്ക്കനുസരിച്ച്‌ ഈശ്വരനെ കാണാൻ ശ്രമിക്കും. അതുകൊണ്ടവർക്ക്‌ സന്തോഷം
ലഭിക്കുമെങ്കിൽ ആ സന്തോഷം അവരനുഭവിച്ചോട്ടെ. അതിനെ
നിങ്ങളെന്തിനെതിർക്കണം? നിങ്ങളെന്തിനാണവരോട്‌ വഴക്കടിക്കാനും
തർക്കിക്കാനുമൊക്കെ പോകുന്നത്‌? ഒരു രൂപത്തിലും വിശ്വസിക്കാതിരിക്കാൻ
നിങ്ങൾക്കവകാശമുള്ളതുപോലെ തന്നെ ഇഷ്ടപ്പെട്ട ഏതെങ്കിലും രൂപത്തിൽ ഈശ്വരനെ
കാണാൻ അവർക്കും അവകാശമുണ്ട്‌. അത്‌ തെറ്റാണെന്നുപറയാൻ
നിങ്ങൾക്കൊരവകാശവുമില്ല. മറ്റൊരാളുടെ വിശ്വാസത്തെ അവഹേളിക്കുമ്പോഴാണ്‌
ആളുകൾ പ്രകോപിതരാകുന്നത്‌. അതുകൊണ്ട്‌ സമാധാന സന്ദേശവുമായി നിങ്ങളിപ്പോൾ
വീടുതോറും കയറിയിറങ്ങി ഒട്ടേറെ പേരുടെ വിശ്വാസത്തിന്‌
മുറിവേൽപ്പിക്കുകയാണു ചെയ്യുന്നത്‌.


       ഞാൻ പറഞ്ഞത്‌ ആ 'സമാധാന പ്രവർത്തകർ'ക്ക്‌ ഹിതമായില്ലെന്നു തോന്നുന്നു.
അവർ ആദ്യം വന്ന സന്തോഷമുള്ള മുഖഭാവവുമായിട്ടല്ല തിരികെ പോയത്‌. അവർ
പോകുന്നതിനുമുമ്പ്‌ അവരുടെ കൈവശമുണ്ടായിരുന്ന നിരവധി ലഘുലേഖകൾ വായിച്ചു
പഠിക്കാൻ എനിക്കു നൽകുകയുണ്ടായി.

       വീടുതോറും കയറിയിറങ്ങി ഇത്തരത്തിലുള്ള മതപ്രചരണം നടത്തുന്നത്‌
ആശാസ്യമല്ല എന്നാണെന്റെ അഭിപ്രായം. ഇത്‌ പ്രോത്സാഹിപ്പിക്കുകയുമരുത്‌.
       അടുത്തകാലത്ത്‌ എനിക്ക്‌ മറ്റൊരനുഭവമുണ്ടായി. ഒരുദിവസം എന്റെ
രണ്ടുകൊച്ചുമക്കൾ സ്കൂളിൽ നിന്നുവന്നപ്പോൾ എന്നോടു സംശയം ചോദിച്ചു,
"നമ്മൾ അമ്പലക്കാരാണോ പള്ളിക്കാരാണോ' എന്ന്‌. കൊച്ചുകുട്ടികളുടെ മനസ്സിൽ
ഇത്തരം വിഷം കുത്തിവയ്ക്കുന്നതാരാണ്‌ എന്നറിയില്ല. പിഞ്ചുമനസ്സുകളിൽ
അമ്പലക്കാർ, പള്ളിക്കാർ എന്ന വേർതിരിവ്‌ വളർത്തിയെടുക്കുകയാണിവർ
ചെയ്യുന്നത്‌. ഭാവിയിൽ ഇത്‌ വളരെ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്താനുള്ള
സാധ്യതയുണ്ട്‌. എന്റെ അന്വേഷണത്തിൽ രക്ഷാകർത്താക്കൾ തന്നെയാണ്‌
കുട്ടികളിൽ ഈ വിഷബീജം കുത്തിവച്ചതാണെന്നാണ്‌ മനസ്സിലാക്കാൻ കഴിഞ്ഞത്‌.
കുട്ടികളെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കേണ്ടതിനു പകരം അവരുടെ മനസ്സിൽ
മതത്തിന്റെ പേരിലുള്ള വിഭാഗീയത വളർത്തി വിടാൻ ശ്രമിച്ചാൽ ഭാവിയിൽ ഈ
കുട്ടികൾ പരസ്പരം വിഷം ചീറ്റുന്ന വർഗ്ഗീയ കോമരങ്ങളായി വളർന്നു വരും.
ഇതല്ല നമുക്കാവശ്യം.

       രാഷ്ട്രീയ സംഘടനകൾ പോലെ മതവും സംഘടനകൾ തന്നെയാണ്‌. എല്ലാ മതങ്ങളും
കൂടുതൽ കൂടുതൽ ആളുകളെ തങ്ങളുടെ മതത്തിൽ ചേർക്കാനാണാഗ്രഹിക്കുന്നത്‌. ആ
മതങ്ങൾക്ക്‌ അവരുടേതായ നിയമസംഹിതകളുണ്ട്‌. വിശ്വാസപ്രമാണങ്ങളുണ്ട്‌.
പെരുമാറ്റച്ചട്ടങ്ങളുണ്ട്‌. ആ മതത്തിലുള്ള ആളുകൾ ഇതൊക്കെ പാലിക്കാൻ
നിർബ്ബന്ധിതരാണ്‌. ഈശ്വരൻ എങ്ങനെയാണെന്ന്‌ മതപുരോഹിതന്മാർ പറഞ്ഞുതരും.
കാര്യസാധ്യത്തിനുവേണ്ടി ഈശ്വരനെ എങ്ങനെ സമീപിക്കണമെന്നും അവർ പറഞ്ഞുതരും.
അതൊക്കെ അങ്ങനെ തന്നെ അനുസരിച്ചാൽ മതി. അതിനെ ചോദ്യം ചെയ്യാൻ പാടില്ല.
ചോദ്യം ചെയ്താൽ അവൻ ധിക്കാരിയായി. മതവിശ്വാസമില്ലാത്തവനായി.
ഈശ്വരനിഷേധവുമായി അവൻ മുദ്രകുത്തപ്പെടും.

       എന്നിലും നിന്നിലും സകല ജീവജാലങ്ങളിലും ഈ പ്രപഞ്ചത്തിലാകെത്തന്നെയും
നിറഞ്ഞു നിൽക്കുന്ന ഈശ്വരനെ നിലനിർത്താൻ ഈ മതസംഘടനകളിത്രമാത്രം
ബദ്ധപ്പെടേണ്ടതുണ്ടോ? ഈശ്വരനെ ആരൊക്കേതള്ളി പറഞ്ഞാലും ഈഭൂമിയിലുള്ള
മുഴുവൻ മനുഷ്യരും നിഷേധിച്ചാലും ഈശ്വരൻ എന്നൊരു ചൈന്യവിശേഷം ഉണ്ടെങ്കിൽ
അതില്ലാതാവുന്നില്ല. ഇല്ലാതാക്കാൻ ആരെക്കൊണ്ടും ആവുകയുമില്ല.
       മതങ്ങൾ ഒരിക്കലും മനുഷ്യനെ ഒന്നിപ്പിക്കാനുള്ളതല്ല.
ഭിന്നിപ്പിക്കാനുള്ളതാണ്‌. ബുദ്ധനും ക്രിസ്തുവും നബിയും രാമനും
കൃഷ്ണനുമൊന്നും ഒരു 'മത'വും സൃഷ്ടിച്ചിട്ടില്ല. അവർ ഒരു മതത്തിന്റെയും
പ്രവാചകന്മാരും പ്രചാരകന്മാരുമായിരുന്നിട്ടില്ല. അവർ ലോകത്തെമ്പാടുമുള്ള
മനുഷ്യർക്കുവേണ്ടി ജീവിച്ചവരാണ്‌. മനുഷ്യരാശിയുടെ നന്മയായിരുന്നു അവരുടെ
പ്രധാനമായ ലക്ഷ്യം. തിന്മയെ അവർ എതിർത്തു. മതസ്ഥാപനത്തിനുവേണ്ടിയല്ല,
ധർമ്മസ്ഥാപനത്തിനുവേണ്ടിയാണ്‌ അവർ ജീവിതം സമർപ്പിച്ചതു. ദുഷ്ടബുദ്ധികൾ
അവരെ ഇവിടെ നിന്ന്‌ പറഞ്ഞയച്ചതിനുശേഷം അവരുടെ പേരിൽ ഓരോമതങ്ങളുണ്ടാക്കി
എന്നേയുള്ളു. ആ മതങ്ങൾ തമ്മിൽ മത്സരിക്കുന്നു. മത്സരിക്കുന്നത്‌
നന്മയ്ക്കുവേണ്ടിയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അതല്ലല്ലോ ഇവിടെ
നടക്കുന്നത്‌. ഓരോ മതസംഘടനകളിലും ഗ്രൂപ്പുകളുണ്ട്‌. ആ ഗ്രൂപ്പുകൾ തമ്മിൽ
കടുത്തപോരാട്ടം നടക്കുന്നു. അവർ തമ്മിൽ നിസ്സാരകാര്യത്തിന്‌ വെട്ടിയും
കുത്തിയും രക്തപ്പുഴ ഒഴുക്കുന്നു. ഇവരാണ്‌ സമാധാനത്തിന്റെ ദൂതുമായി
മറ്റുള്ളവരെ സമീപിക്കുന്നത്‌!            രാഷ്ട്രീയക്കാർ രാഷ്ട്രത്തിന്റെ
വികസനത്തിനുവേണ്ടിയും നന്മയ്ക്കുവേണ്ടിയും അഹോരാത്രം പാടുപെടുന്നു. അവർ
സോഷ്യലിസം കൊണ്ടുവന്ന്‌ പണക്കാരും പാവപ്പെട്ടവരുമില്ലാത്ത ഒരു
രാജ്യത്തിനു വേണ്ടിയാണ്‌ ശ്രമിക്കുന്നത്‌. സമാധാനമാണവരുടെയും ലക്ഷ്യം.

       എല്ലാ മതക്കാരും പറയുന്നു ഈശ്വരൻ ഒന്നേയുള്ളുവേന്ന്‌. ആ ഈശ്വരൻ അവരുടെ
വകയാണത്രെ! അപ്പോൾ വേറെയും ഈശ്വരന്മാരുണ്ടെന്ന്‌ പരോക്ഷമായി ഇവർ
സമ്മതിക്കുന്നു. എന്നിട്ട്‌ നല്ല ദൈവങ്ങളുടെ ആൾക്കാരും ചീത്ത ദൈവങ്ങളുടെ
ആൾക്കാരും തമ്മിൽ പോരാട്ടമാണ്‌. ഇങ്ങനെ ആൾക്കാരെ തമ്മിലടിപ്പിച്ചിട്ട്‌
അവർ സമാധാനത്തിന്റെ ലഘുലേഖയുമായി ഉലകംചുറ്റുകയാണ്‌.

       ഈ മതങ്ങളും ദൈവങ്ങളുമൊന്നുമില്ലായിരുന്നെങ്കിൽ ജീവിതം എത്ര
സ്വച്ഛസുന്ദരമാകുമായിരുന്നു. മനുഷ്യർ എത്ര സൗഹാർദ്ദത്തോടെ
ജീവിക്കുമായിരുന്നു. സ്നേഹമാണീശ്വരൻ എന്ന്‌ പറഞ്ഞു പഠിപ്പിക്കുന്ന ഇവർ
തന്നെയാണ്‌ ആളുകളെ തമ്മിൽ തല്ലിക്കുന്നതും ജീവിതം
സംഘർഷഭരിതമാക്കിത്തീർക്കുന്നതും.

       ഇന്ന്‌ സ്കൂളിൽ പഠിക്കുന്ന കൊച്ചുകുട്ടികളെ അമ്പലക്കാരും
പള്ളിക്കാരുമെന്നു പറഞ്ഞ്‌ വേർ തിരിപ്പിക്കുന്നു. എന്റെ കുട്ടിക്കാലത്ത്‌
ഇങ്ങനെയോരേർപ്പാട്‌ കണ്ടിട്ടും കേട്ടിട്ടുമില്ല. ഇവിടെ
മതസൗഹാർദ്ദത്തിന്റേതായ ഒരന്തരീക്ഷം നിലനിന്നിരുന്നു. അതിന്റെ
ഒരുപാടടയാളങ്ങളുമുണ്ട്‌. എരുമേലി പേട്ടതുള്ളൽ, ചങ്ങനാശ്ശേരി ചന്ദനക്കുടം,
വടക്കോട്ടു കടന്നാൽ അമ്പലങ്ങളും പള്ളികളും മുസ്ലീം ദേവാലയങ്ങളും തമ്മിൽ
കൈകോർത്തു പിടിച്ചുകൊണ്ടുള്ള ഒരുപാടുത്സവങ്ങളും പള്ളിപ്പെരുന്നാളുകളും
മറ്റ്‌ ആചാരങ്ങളും ഇന്നും നിലവിലുണ്ട്‌.
       ഹിന്ദുക്കളുടെ വീട്ടിൽ മരണം നടന്നാൽ അതിന്റെ പുലവിടണമെങ്കിൽ
ക്രിസ്ത്യാനി വന്ന്‌ എണ്ണയിൽ വിരൽമുക്കി തളിക്കണം. എങ്കിലേ പൂർണ്ണമായും
വീടു ശുദ്ധമാകൂ. എന്റെ കുട്ടിക്കാലത്ത്‌ എന്റെ തറവാട്ടിൽ ഈ ആചാരം
പാലിച്ചിരുന്നതായി എനിക്കോർമ്മയുണ്ട്‌. അതൊക്കെ ഇന്ന്‌ ലോപിച്ചുപോയി.
ഇന്ന്‌ മതങ്ങളും രാഷ്ട്രീയക്കാരും ചേർന്നു കളിക്കുന്ന കളിയിൽ ഏതെല്ലാം
രംഗങ്ങളിൽ മനുഷ്യനെ വേർതിരിക്കാൻ കഴിയുമോ ആരംഗങ്ങളെല്ലാം
സജീവമായിക്കൊണ്ടിരിക്കുകയാണ്‌.

       മതങ്ങൾ തമ്മിൽ കലഹിച്ചുകലഹിച്ച്‌ ഇന്ന്‌ അർത്ഥമില്ലാത്ത' മതസൗഹാർദ്ദ
സമ്മേളനങ്ങൾ'ക്ക്‌ പ്രസക്തി ഏറി വരികയാണ്‌. അതുപോലെ രാഷ്ട്രീയപ്പാർട്ടികൾ
തമ്മിൽ എന്നും കലഹമാണല്ലോ. ഇനി രാഷ്ട്രീയ സൗഹാർദ്ദ സമ്മേളനങ്ങൾക്കും
തുടക്കം കുറിക്കുമായിരിക്കും.

       ഒരുകാര്യം വളരെ സത്യമാണ്‌. ഈ മതവും ദൈവവും തമ്മിൽ ഒരു ബന്ധവുമില്ല.
ദൈവത്തിൽ നിന്നെത്രയേ അകലെയാണ്‌ മതങ്ങൾ. ഈശ്വരൻ എന്ന സങ്കൽപം ഏറ്റവും
വികളമാക്കിതീർക്കുന്നത്‌ ഈ മതങ്ങൾ തന്നെയാണ്‌.
       മതവും രാഷ്ട്രീയവും ഒരു നുകത്തിൽ കെട്ടിയ രണ്ട്‌ കാളകൾ തന്നെയാണ്‌.
മനുഷ്യർ ഭിന്നിച്ചെങ്കിലേ ഈ രണ്ടുകൂട്ടർക്കും നിലനിൽപ്പുള്ളൂ.
       സമാധാനത്തിനുവേണ്ടി ഇവർ മനുഷ്യമനസ്സിൽ വിതയ്ക്കുന്ന വിത്തുകൾ
അന്തകവിത്തുകളാകാതിരിക്കട്ടെ. നമുക്കു പ്രാർത്ഥിക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...