18 Feb 2012

അലകടൽ ശാന്തമായി

സുകുമാർ അഴീക്കോട്

സി.രാധാകൃഷ്ണൻ

വന്ന നഷ്ടം എത്ര അനിവാര്യമാണെങ്കിലും അതിന്റെ അളവ്‌ തിട്ടപ്പെടുത്താൻ ശ്രമിക്കുക എന്നത്‌ മനുഷ്യരായ നമ്മുടെ സ്വഭാവമാണല്ലോ. മരണമാണ്‌ വിഷയമെങ്കിൽപ്പോലും അപ്പോഴും നമ്മുടെ നോട്ടം നമുക്കു വന്ന നഷ്ടത്തിൽ തന്നെ. പക്ഷേ, പ്രോഫ.സുകുമാർ അഴീക്കോടിന്റെ വിയോഗത്തെക്കുറിച്ചാകുമ്പോൾ
അങ്ങനെയൊരു കണക്കെടുപ്പിന്‌ നാം മുതിർന്നാൽ വിഷമിച്ചുപോകുന്നു. അത്രയേറെ
തലങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്‌.

       ക്ഷിപ്രകോപിയും അൽപപ്രസാദിയുമായ അശുവുമായ ഒരാൾ. തന്നെപ്പറ്റി നല്ലത്‌
പറയുന്നത്‌ പത്ഥ്യം. ചീത്ത പറഞ്ഞാൽ, പറഞ്ഞത്‌ ആരായാലും സഹിക്കാം.
വാക്കിന്‌ വജ്രത്തെക്കാൾ മൂർച്ച. പറഞ്ഞു  ജയിക്കാമെന്നു കരുതി ആരും
അങ്ങോട്ട്‌ ചെല്ലണ്ട.
       എന്നാലോ, പറഞ്ഞത്‌ അധികമായിപ്പോയി എന്നു തോന്നിയാൽ ഉടനെ പരിഹാരവാക്കുകൾ
കണ്ടെത്താൻ അദ്ദേഹം മറക്കാറുമില്ല. ആളുകളോടും പ്രസ്ഥാനങ്ങളോടും
കൂടെക്കൂടെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞത്‌ ഈ സ്വയം തിരുത്തൽ തന്റെ
ശീലമായിരുന്നതിനാലാണ്‌. അല്ലാതെ, ലാഭനഷ്ടക്കണക്കുകൾ കൂട്ടിയായിരുന്നില്ല.
ഔദ്യോഗിക ജീവിതത്തിൽ നിന്നു പിരിഞ്ഞതിൽപ്പിന്നെ വിശേഷിച്ചും
അദ്ദേഹത്തിന്‌ നേടാനോ നഷ്ടപ്പെടാനോ ഒന്നും ഉണ്ടായിരുന്നില്ല.
       ഗുരു എന്നാൽ ഗരിമയുള്ളത്‌. അതായത്‌, വലിപ്പവും ഭാരവുമുള്ളത്‌,
പ്രകാശമുള്ളത്‌,ജീവജാലങ്ങളുൾപ്
പെടെ ഭൂമിയുടെ സംരക്ഷണം ധർമ്മമായി ഉള്ളത്‌
എന്നെക്കെയാണല്ലോ അർത്ഥം. ഈ ഗുരുനാഥന്റെ അകക്കാമ്പിൽ ഇതൊക്കെ
ഉണ്ടായിരുന്നു. ഇതിന്റെ കൂടെ നിത്യകുതുകിയായ ഒരു കുട്ടിയുണ്ടായിരുന്നു.
       മലയാളം, ഇംഗ്ലീഷ്‌, സംസ്കൃതം എന്നീ ഭാഷകളിലും തെളിഞ്ഞ പ്രാവീണ്യം
നേടുകയും അത്‌ അനേകം ശിഷ്യരിലേക്ക്‌ ആവുംവിധം അദ്ദേഹം പകരുകയും ചെയ്തു.
ഭാരതീയ ചിന്തയിൽ-ശ്രുതികൾ, സ്മൃതികൾ, പുരാണങ്ങൾ,
വേദങ്ങൾ,ഉപനിഷത്തുകൾ,ഇതിഹാസങ്ങൾ, കാവ്യങ്ങൾ, നാടകങ്ങൾ എന്നിവയിൽ-ആഴമേറിയ
അറിവുണ്ടായിരുന്നു. പ്രസംഗകലയിൽ ജന്മസിദ്ധമായ വാസനയും അതിവിശേഷമായ
അഭ്യാസകൗശലവും കൈവന്നിരുന്നു.
       അനീതിയോട്‌ രാജിയില്ലായ്മയായിരുന്നു ജീവിതരീതി. സ്വാഭാവിക നീതിയുടെ
നിഷേധം എവിടെക്കണ്ടാലും സഹിക്കില്ല. നിരക്കാത്തത്‌ ആരുപറഞ്ഞാലും
പരസ്യമായി എതിർക്കും. മറുവശത്തുള്ള ആളുകളുടെ ശക്തി എത്രയാണോ അത്രകണ്ട്‌ ആ
എതിർപ്പിനു ശക്തികൂടും. അങ്കംകുറിച്ചാൽ പിന്നെ പുറകോട്ടില്ല.
       എന്നാലോ, ആരോടും സ്ഥായിയായ വിദ്വേഷമില്ല. തനിക്ക്‌ തെറ്റുപറ്റിയാൽ അത്‌
ഏറ്റുപറയാൻ ഒരു മടിയുമില്ല. മഹാത്മഗാന്ധിയോടെ അദ്ദേഹത്തിന്റെ പേരിലുള്ള
പ്രസ്ഥാനത്തോടായാലും നീതിക്കുനിരക്കാത്തത്‌ ക്ഷമിക്കുന്ന പ്രശ്നമില്ല.
       അദ്ദേഹത്തിന്‌ രണ്ട്‌ സ്വരങ്ങളുണ്ടായിരുന്നു. പ്രസംഗവേദിയിൽ കേട്ട
പരുഷവും നിശിതവും നിരങ്കുശവുമായ സ്വരം ഒന്ന്‌. ഇത്‌ ആയുധമായി മാറിയ
വാക്കിന്റെ സ്വഭാവം. തൊട്ടാൽ മുറിയും. കൊണ്ടാൽ വെറുതെയാകില്ല. മുറിഞ്ഞാൽ
മുറിവുണങ്ങില്ല, പെട്ടെന്നൊന്നും! മറ്റെസ്വരം വ്യക്തിബന്ധങ്ങളിലും
സൗഹൃദസംഭാഷണങ്ങളിലും കേൾക്കാവുന്ന മൃദുവും കരുണാമയവും സ്നേഹപൂർണ്ണവും
സുഖശീതളവുമായ ഇനം.
       പകിരിവാണം പോലെ വികൃതികളായ കുട്ടികളെ പ്രാഥമികവിദ്യാലയത്തിലെ ഞങ്ങളുടെ
ഒരു  ടീച്ചർ ചെങ്കീരികൾ എന്നാണ്‌ വിളിച്ചിരുന്നത്‌. അന്വേഷിച്ചപ്പോൾ അമ്മ
പറഞ്ഞുതന്നു കീരികൾ രണ്ടുതരമുണ്ട്‌. പോത്തൻകീരിയെന്നും ചെങ്കീരിയെന്നും.
ചെങ്കീരി നന്നേ മെലിഞ്ഞ ശരീരക്കാരനാണെന്നാലും അത്യുഗ്രനാണ്‌.
ചെങ്കീരിയുടെ ഉടലും ഇടപാടുകളും തമ്മിലുള്ള വ്യത്യാസത്തിന്റെ വ്യാപ്തി
എത്രയെന്ന്‌ എനിക്കു മനസ്സിലായത്‌ ഒരു ചെങ്കീരി ഒരു പാമ്പുമായി
പൊരുതുന്നത്‌ തൊടിയുടെ മൂലയിൽവച്ച്‌  കണ്ടപ്പോഴാണ്‌.
       പാമ്പുമായി താരതമ്യം ചെയ്യുമ്പോൾ കീരി വെറുമൊരു അണ്ണാർക്കണ്ണനോളമേ
ഉള്ളൂ. പക്ഷേ, മിന്നൽപ്പിണർ പോലെയാണ്‌ ചാടുന്നത്‌. പാമ്പിനുകുറുകെയുള്ള
ഓരോ ചാട്ടത്തിലും അവൻ പുറപ്പെടുവിപ്പിക്കുന്ന ശബ്ദം അവന്റെ തൊണ്ടയിൽ
നിന്ന്‌ വരുന്നതാണെന്ന്‌ വിശ്വസിക്കാൻ കഴിയാത്തത്ര രൂക്ഷം.
മിനിട്ടുകൾക്കകം പാമ്പു ചത്തുപോയി. കീരിയങ്ങു പോവുകയും ചെയ്തു. അരികിൽ
ചെന്നു നോക്കുമ്പോഴാണ്‌ പാമ്പിന്റെ ഉടലാകെ കത്തിവച്ച്‌ കുറുകെ വരിഞ്ഞപോലെ
മുറിവുകൾ!
       അഴീക്കോട്‌ മാഷിനെപ്പറ്റി ആലോചിക്കുമ്പോഴും ഈ ചെങ്കീരിയെയാണ്‌
ഓർത്തുപോകാറ്‌. അതോടൊപ്പം സ്നേഹത്തോടെ മുട്ടിയുരുമി നിൽക്കുന്ന
പശുക്കുട്ടിയേയും ഓർമ്മിപ്പിക്കുന്ന എന്തോ ഒന്ന്‌ ആ വ്യക്തിവിശേഷത്തിൽ
ഉണ്ടായിരുന്നു താനും.
       ഒട്ടും കരുണയില്ലാത്തത്‌ മദ്യപരോടുമാത്രം. ഈ അനിഷ്ടം ചിലപ്പോൾ
വിഷമസ്ഥിതിവരെ എത്താറുമുണ്ട്‌. ഒരിക്കൽ കോഴിക്കോടുവച്ച്‌ ഒരു
പുസ്തകപ്രകാശനം നടത്തി മാസ്റ്റർ പ്രസംഗിച്ചുകൊണ്ടു നിൽക്കെ മദ്യപിച്ച്‌
സ്വരംപിഴച്ച്‌ ഒരാൾ ഇടയിൽ കയറി ഇഴഞ്ഞ ശൈലിയിൽ എന്തെല്ലാമോ പറയാൻ തുടങ്ങി.
ഒരു ഹോട്ടലിന്റെ ഹാളിലായിരുന്നു ചടങ്ങ്‌. ഹാളിന്റെ ഒരുവാതിൽ ഹോട്ടലിലെ
ബാറിലേക്കായിരുന്നു! അവിടന്നിറങ്ങി വന്നാണ്‌ മേപ്പടിയാൻ ഈ കലാപ്രകടനം
തുടങ്ങിയത്‌.
       മാഷ്‌ പ്രസംഗം നിറുത്തി അയാളോട്‌ പറഞ്ഞു. 'നല്ല ചുട്ട പിടയാണ്‌ ഈ
രോഗത്തിന്‌ മരുന്ന്‌' അതോടെ അക്രമാസക്തനായ അയാളെ ഹോട്ടലുകാർ
പിടിച്ചുകൊണ്ടുപോയി. പക്ഷേ, യോഗം അലങ്കോലമായി.
  ദുർവ്വാസാവെന്ന ചീത്തപ്പേര്‌ സമ്പാദിച്ച മാഷ്‌ എത്ര ആർദ്ര ഹൃദയനായിരുന്നു
എന്ന്‌ എനിക്കറിയാം. ഒരിക്കളൊരു യാത്രയിൽ എന്നോട്‌ രഹസ്യമായി ചോദിച്ചു.
'മറ്റെല്ലാ ജോലികളും ഉപേക്ഷിച്ച്‌ എഴുതാൻ വേണ്ടി നാട്ടിലേക്കു
പോന്നിട്ട്‌ ചെലവിന്‌ വിഷമമുണ്ടോ, ഇല്ലയോ?'
       'ഇല്ല സാർ, എന്റെ എല്ലാ ജീവിതാവശ്യങ്ങളും വായനക്കാർ അറിഞ്ഞു നിറവേറ്റുന്നുണ്ട്‌.'
       'കുടുംബവും കുട്ടികളും ഒന്നുമില്ലാത്ത ഞാൻപോലും പലപ്പോഴും ഏറെക്കുറെ
വിഷമിച്ചുപോകാറുണ്ടെന്നുള്ളതുകൊണ്ട്‌ ചോദിച്ചു എന്നേയുള്ളൂ. എന്തെങ്കിലും
അടിയന്തരാവശ്യം വന്നാൽ പറയാൻ മടിക്കരുത്‌.'
       അനൗപചാരിക ഗുരുസ്ഥാനത്ത്‌ ഞാൻ കാണുന്നവരിൽ-സുഹൃത്തുക്കളായി ഞാൻ കാണുന്ന
എഴുത്തുകാർക്കിടയിലും - മറ്റൊരാളും ഈ ചോദ്യം എന്നോടു ചോദിച്ചിട്ടില്ല.



--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...