19 Feb 2012

ദേവാംശമായ കേരം


പായിപ്ര രാധാകൃഷ്ണൻ

ദേവാസുരന്മാർ പാലാഴി കടഞ്ഞപ്പോൾ കിട്ടിയ വിശിഷ്ടവസ്തുക്കളിലൊന്നാണ്‌
കൽപവൃക്ഷം എന്ന്‌ ഭാഗവതം പറയുന്നു.  നന്ദനവനത്തിലാണ്‌ ദേവവൃക്ഷമായി ഇത്‌
വളർന്നത്‌. ഈ കൽപവൃക്ഷത്തെ ദേവലോകം ആക്രമിച്ച രാവണൻ പിഴുതെടുത്ത്‌
ലങ്കയിലേക്ക്‌ കൊണ്ടുവന്ന്‌ നട്ടുവളർത്തിയതായി രാമായണത്തിൽ പറയുന്നു.
ശ്രീകൃഷ്ണൻ കൽപവൃക്ഷത്തെ സ്വർഗ്ഗത്തിൽ നിന്നും ദ്വാരകയിലേക്ക്‌
കൊണ്ടുപോയി. ഇതിനെ എതിർത്ത ഇന്ദ്രനെ തോൽപ്പിച്ച കഥ ഭാഗവതത്തിൽ
വിവരിക്കുന്നുണ്ട്‌. തെങ്ങിന്റെ കുരുത്തോലയും പൂക്കുലയും നാളികേരവും
വെളിച്ചെണ്ണയുമെല്ലാം, സർവ്വാംഗം ദേവപ്രീതികരമത്രെ.

ത്രിശങ്കു സ്വർഗ്ഗത്തിൽ വിശ്വാമിത്ര മഹർഷിയാണത്രെ തെങ്ങിന്‌ ജന്മം
നൽകിയത്‌. ത്രിശങ്കുവിന്‌ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാനുള്ള മോഹം
വിശ്വാമിത്രനോട്‌ പറഞ്ഞു. മഹർഷി അദ്ദേഹത്തെ സ്വർഗ്ഗത്തിലേക്ക്‌
കൂട്ടിക്കൊണ്ടുപോയി. ഇന്ദ്രൻ ത്രിശങ്കുവിനെ സ്വർഗ്ഗത്തിലേക്ക്‌
കടത്തിയില്ല. ഭൂമിയിലേക്ക്‌ തള്ളിയിട്ടു. ത്രിശങ്കുവിനെ ഭൂമിയിലേക്ക്‌
പതിക്കാതെ വിശ്വാമിത്രൻ താങ്ങിനിർത്തി. ഭൂമിക്കും സ്വർഗ്ഗത്തിനുമിടയിൽ
ത്രിശങ്കുവിനുവേണ്ടി പുതിയൊരു സ്വർഗ്ഗം വിശ്വാമിത്രൻ സൃഷ്ടിച്ചു.
ത്രിശങ്കുസ്വർഗ്ഗത്തിൽ തന്റെ പ്രിയശിഷ്യന്റെ ആഹാരപാനീയങ്ങൾക്കായി
കൽപവൃക്ഷം സൃഷ്ടിക്കുകയും ചെയ്തുവത്രേ.

നാളികേരത്തിന്‌ ദൈവികമായ ഉത്ഭവമാണ്‌ ഫിലിപ്പീൻസുകാർ നൽകുന്നത്‌. ബഥല,
ഉലിലാങ്ങ്‌ കലുലുവ, ഗലാങ്ങ്‌ കലുലുവ എന്നീ ത്രിമൂർത്തികൾ പരസ്പരം
കണ്ടിട്ടില്ല. ഒരാൾക്ക്‌ മറ്റൊരാൾ ജീവിച്ചിരിക്കുന്ന കാര്യവും
അജ്ഞാതമാണ്‌. സ്ഥിരം ഊർച്ചുറ്റുന്ന പ്രകൃതക്കാരാണിവർ. ഒരിക്കൽ ഭൂമിയിൽ
വെച്ച്‌ ബഥലയും ഉലിലാങ്ങും കണ്ടുമുട്ടി. താനല്ലാതെ മറ്റൊരു
ദേവനില്ലെന്ന്‌ കരുതിയിരുന്ന അവർക്കത്‌ സഹിക്കാനായില്ല. പരസ്പരം
ഏറ്റുമുട്ടി. മൂന്ന്‌ രാപ്പകലുകൾ യുദ്ധം നീണ്ടുനിന്നു. ഒടുവിൽ ബഥല
ഉലിലാങ്ങിനെ വധിച്ചു. ഉലിലാങ്ങിന്റെ ശരീരം സംസ്ക്കരിച്ചു.
ഏറെക്കാലം കഴിഞ്ഞ്‌ മറ്റൊരു ദേവനായ ഗലാങ്ങ്‌ ബഥലയുടെ വീട്ടിലെത്തി.,
പക്ഷിശ്രേഷ്ഠനായ ഗലാങ്ങിനെ ബഥല സുഹൃത്തായി സ്വീകരിച്ചു. കുറേക്കാലം
കഴിഞ്ഞ്‌ രോഗബാധിതനായി ഗലാങ്ങ്‌ മരിച്ചു. ഉലിലാങ്ങിനെ സംസ്ക്കരിച്ച
സ്ഥലത്ത്‌ തന്നെയും സംസ്ക്കരിക്കണമെന്ന ഗലാങ്ങിന്റെ അഭീഷ്ടപ്രകാരം ബഥല
അപ്രകാരം ചെയ്തു.

അവരുടെ ശ്മശാനത്തിൽ നിന്നും വളർന്ന്‌ വന്ന മരമാണത്രെ തെങ്ങ്‌. അതിന്റെ
കായിന്‌ ഗലാങ്ങ്ദേവന്റെ ആകൃതിയും ഓലകൾ ചിറകുകൾ പോലെയുമാണത്രെ. അതിന്റെ
തടിയാകട്ടെ ഉലിലാങ്ങ്‌ എന്ന സർപ്പദേവന്റെ ഉടൽപോലെയിരുന്നു. ബഥല
തെങ്ങിന്റെ തടിയും ഓലയുമപയോഗിച്ച്‌ തന്റെ കൊട്ടാരം പണിതു. മനുഷ്യനേയും
മൃഗങ്ങളേയും സസ്യജാലങ്ങളേയും സൃഷ്ടിച്ചുവത്രേ. മനുഷ്യർ തേങ്ങാവെള്ളം
കുടിച്ച്‌ ദാഹമകറ്റുകയും തേങ്ങതിന്ന്‌ വിശപ്പടക്കുകയും ചെയ്തു.
ഓലകൾകൊണ്ട്‌ പായും ചൂലും തൊപ്പിയുമുണ്ടാക്കി. ചകിരികൊണ്ട്‌ കയർപിരിച്ചു.
ദൈവികമായ അനുഗ്രഹങ്ങൾ മനുഷ്യന്‌ ഏക്കാളവും വർഷിച്ചുകൊണ്ട്‌,
ആഗ്രഹിച്ചതെന്തും നൽകുന്ന ദൈവീകവൃക്ഷമായി ഫിലിപ്പീൻസുകാർക്കിടയിൽ തെങ്ങ്‌
പരിലസിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...