19 Feb 2012

ഓലയുടെ പുരാവൃത്തം


എഴുമാവിൽ രവീന്ദ്രനാഥ്‌
എഡിറ്റർ, കേരള കോ-ഓപ്പറേറ്റീവ്‌ ജേണൽ

പണ്ട്‌ നമ്മുടെ നാട്ടിലെ വീടുകൾ മേയാൻ സർവ്വസാധാരണമായി തെങ്ങോലയാണല്ലോ
ഉപയോഗിച്ചിരുന്നത്‌. വനപ്രദേശങ്ങളിൽ പുല്ലും, ലഭ്യതയുള്ളിടങ്ങളിൽ
പനയോലയും കൊണ്ടായിരുന്നു മേൽക്കൂര. ഓലകൊണ്ട്‌ വീടിനുമാത്രമല്ല
മൺഭിത്തികൾക്ക്‌ വരെ മേൽക്കൂര കെട്ടിയിരുന്നു. പശമണ്ണും പുല്ലുംചേർത്ത്‌
കുഴച്ച്കെട്ടുന്ന ഭിത്തിക്ക്‌ മുകളിൽ വെള്ളമിറങ്ങരുതല്ലോ. ഇനി
തെങ്ങോലകൊണ്ടുള്ള മേൽക്കൂര നിർമ്മാണത്തെ പരിശോധിക്കാം. തെങ്ങിൽ നിന്ന്‌
കിട്ടുന്ന ഓല അതേപടി എടുത്ത്‌ പുരയിടത്തിൽ ചാർത്തുകയല്ല ചെയ്യുന്നത്‌.
അതിന്‌ ഒരുപിടി പ്രക്രിയകളുണ്ട്‌.

ഏത്‌ ഓലകൊണ്ടും പുരകെട്ടാൻ പറ്റില്ല. പഴുത്തുണങ്ങിയ ഓല തന്നെവേണം. ഇത്‌
ശേഖരിച്ച്‌ തുഞ്ചവും കവിളും മാറ്റി നടുവിലൂടെ കീറി നടുമടൽ
ചീകിമാറ്റിക്കഴിഞ്ഞ്‌ നെടുനീളൻ കെട്ടുകളാക്കും. ഒരു കെട്ടിൽ പത്ത്‌ ഓലകൾ
എന്നതാണ്‌ കണക്ക്‌. നടുമടലിൽ നിന്നും ചീന്തിയെടുത്ത നാരുകൊണ്ടാണ്‌
കെട്ടുകൾ കെട്ടുന്നത്‌. ഇതിനെ  ?വഴുക? എന്നാണ്‌ പറയുന്നത്‌. ഇപ്രകാരമുള്ള
കെട്ടുകൾ വെള്ളത്തിലിട്ട്‌ പുറമെ കല്ലും വെയ്ക്കും. പുറമെ പൊങ്ങിവരാതെ ഓല
കുതിർക്കാനാണിങ്ങനെ ചെയ്യുന്നത്‌. ഇതിനുള്ള കുളങ്ങൾ ഗ്രാമങ്ങളിൽ
പ്രത്യേകമായുണ്ടായിരുന്നു. ചിലർ ഉണക്കോല വീടുകളിൽ തന്നെ കുതിർക്കും.
മലർത്തിയിട്ട ഓലക്കീറിൽ നിന്ന്‌ കുളിയ്ക്കുകയും പാഴാകുന്ന ജലം
ഒഴിക്കുകയും ചെയത്‌ ഓല കുതിർക്കാം. പക്ഷേ ഇത്‌ ചെറിയതോതിലുള്ള ഇടപാടിനെ
പറ്റൂ. വൻതോതിലുളളതിന്‌ ഓലക്കുളം തന്നെ വേണം.

ഒരു പ്രദേശത്തേക്കുള്ള ഓല മുഴുവൻ കുതിർത്തു കഴിഞ്ഞാൽ കുളം വറ്റിക്കുന്ന
ഏർപ്പാടുണ്ട്‌. ഈ വെള്ളം പോഷകസമൃദ്ധമെന്ന്‌ പണ്ടുളളവർ
തിരിച്ചറിഞ്ഞിരുന്നു. ഓലപ്പുളിയിറങ്ങിയ വെള്ളമത്രേ ഇത്‌. ഇത്‌ അമ്ലത്വം
കുറഞ്ഞ മണ്ണിനുള്ള വിശിഷ്ടൗഷധമത്രേ. പണ്ടുള്ളവർക്ക്‌ അമ്ലത, ക്ഷാരത
എന്നുള്ള സാങ്കേതിക പദങ്ങൾ അറിഞ്ഞുകൂടായിരുന്നു വേങ്കിലും പുളിച്ചുള്ള
മണ്ണെന്നും അല്ലാത്തമണ്ണെന്നും അവർ കണ്ടെത്തിയിരുന്നു.  ?പുളിച്ച
മണ്ണിന്‌ ചുണ്ണാമ്പ്‌, വെടിച്ച മണ്ണിന്‌ തെങ്ങോല? എന്നായിരുന്നു അവർ
പറഞ്ഞിരുന്നത്‌. മണ്ണിലെ അമ്ല-ക്ഷാര സന്തുലിതാവസ്ഥ നിലനിർത്താൻ ഓലപ്പുളി
വെള്ളം കൊണ്ടുനനച്ചാൽ മതി.

കുതിർത്ത ഓല മെടഞ്ഞെടുക്കുന്നത്‌ ഒരു കല തന്നെയാണ്‌. ഓലമെടച്ചിൽ
തൊഴിലാക്കിയിരുന്നവർ പണ്ട്‌ ഗ്രാമങ്ങളിലുണ്ടായിരുന്നു. മെടഞ്ഞെടുത്ത ഓലകൾ
ഒരുനാൾ തണലത്തിട്ടുണക്കിയശേഷമാണ്‌ ഇവ സൂക്ഷിക്കാനുള്ള പ്രത്യേക
സ്ഥലത്തേക്ക്‌ കൊണ്ടുപോകുന്നത്‌. ഇതിന്റെ പേര്‌ ?പടങ്ങ്‌? എന്ന്‌ പറയും.
നിലത്ത്‌ നിന്ന്‌ കാൽമീറ്ററോളം ഉയർത്തി നാല്‌ തൂണുകളിലുണ്ടാക്കിയ
സ്റ്റാൻഡാണിത്‌.  ഇതിൽ തലങ്ങും വിലങ്ങും കമുകിൻ വാരികൾ പാകിയിരിക്കും.
പുരകെട്ടൽ ചടങ്ങ്‌ നടക്കുന്നത്‌ കുംഭം, മീനം മാസങ്ങളിലാണ്‌.
മഴമേഘങ്ങളൊഴിഞ്ഞ ഈ കാലഘട്ടത്തിൽ പൊതുവേ കാർഷികകേരളം
ആലസ്യത്തിലായിരിക്കും.  ഇനി കൃഷിപ്പണികൾക്ക്‌ തുടക്കമിടേണ്ടത്‌
മേടമാസത്തിലാണല്ലോ. ഗ്രാമീണരുടെ ഐക്യവും, സ്നേഹവുമൊക്കെ
പ്രകടിപ്പിക്കപ്പെടുന്ന ഒരു മുഹൂർത്തം കൂടിയാണ്‌ പുരകെട്ടൽ.
സമീപവാസികളെല്ലാം അതിരാവിലെ പൊളിയ്ക്കേണ്ട വീടിലെത്തുന്നു. രണ്ടോല
മലർത്തിവെച്ച്‌ ഓലക്കാൽകൊണ്ട്‌ മേൽക്കൂരയിലെ വാരികളിൽ
കെട്ടിയുറപ്പിക്കുകയാണ്‌ ഓലകെട്ട്‌. ഇതിൽ അടിയിലെ ഓല വീണ്ടും
ഉപയോഗിക്കും. ഒരു പുത്തോല (പുതിയ ഓല)യും ഒരു പഴയോലയും ചേർത്ത്‌ വേണം
പുരമേയാൻ.

രാവിലെ തന്നെ ഓലമുഴുവൻ അഴിച്ചുകളഞ്ഞ്‌ വാരികൾ മുഴുവൻ തൂത്ത്‌
വൃത്തിയാക്കുന്നു. അഴിച്ചിട്ട ഓലകളിൽ നല്ലോലയും പഴയോലയും
തിരിച്ചുവെയ്ക്കുന്നു. തുടർന്ന്‌ തെങ്ങിൽ നിന്ന്‌ ഒന്നോ രണ്ടോ പച്ചോലകൾ
വെട്ടിക്കൊണ്ടുവന്ന്‌ പഴയോലകൾ കുറെകത്തിച്ച്‌ അതിൽ വാട്ടിയെടുക്കുന്നു.
വാട്ടിയ ഓലക്കാൽ മുറിച്ചെടുത്താണ്‌ കെട്ടേണ്ടത്‌. ഇത്രയും
ചെയ്യുമ്പോഴേക്ക്‌ പ്രഭാതഭക്ഷണം റെഡിയായിരിക്കും. ചക്കപ്പുഴുക്കും,
കഞ്ഞിയും, മാങ്ങാക്കറിയുമാണ്‌ പുരകെട്ടലിന്‌ പൊതുവേ വിളമ്പുന്ന വിഭവങ്ങൾ.
കാരണം ഈ സീസണിൽ ചക്കയും മാങ്ങയും സുലഭമാണല്ലോ.
പ്രാതലും കഴിഞ്ഞ്‌ പുരമേയുന്നവർ നട്ടുച്ചയാകുമ്പോഴേക്ക്‌ കെട്ട്‌
തീർത്ത്‌ ഇറങ്ങിയിരിക്കും. താഴെനിന്നും കെട്ടികെട്ടി മുകളിലേക്കാണ്‌
കയറ്റം.  നാല്‌ വശത്തും എട്ടുപേരെങ്കിലും കാണും. മേൽക്കൂരയുടെ
വലിപ്പമനുസരിച്ച്‌ ആളുകളുടെ എണ്ണവും കൂടും. താഴെനിന്നും ഓല
എറിഞ്ഞുകൊടുക്കുവാനും ഇതുപോലെ ആളുണ്ടാവും. പുരകെട്ടുന്നവരുടെ കൈകളിൽതന്നെ
ഓല കിട്ടത്തക്കവിധം എറിയാനറിയാവുന്ന വരായിരിക്കും താഴെ നിൽക്കുന്നവർ.
മുണ്ടോല, മുറിയോല, കമത്തോല എന്നിങ്ങനെ ഓലകളിൽ വിവിധതരങ്ങളുണ്ട്‌. കുറിയ
വശങ്ങൾ ലോപിച്ചുവരുമ്പോൾ അവിടേയ്ക്ക്‌ വേണ്ടതാണ്‌ മുണ്ടോല. വലിയ
ഓലയ്ക്കൊപ്പം ചേർത്തുവെയ്ക്കാനുള്ള ചെറിയ ഓലയാണ്‌ മുറിയോല. പുരയുടെ
ഉച്ചിമേൽ ഒടുവിൽ കമിഴ്ത്തിക്കെട്ടി വാരികൾ കയറ്റി വഴുകകൾകൊണ്ട്‌
കെട്ടിയുറപ്പിക്കുന്നതാണ്‌ കമത്തോല. ഇതിന്‌ പൊതുവേ വീതി
കൂടുതലായിരിക്കും.

പുരകെട്ടിന്റെ ഒടുവിലത്തെ ചടങ്ങാണ്‌ എറമ്പാലം കണ്ടിക്കൽ. ഏറ്റവും താഴെ
പുരയ്ക്ക്‌ ചുറ്റിലുമായി നീണ്ടുനിൽക്കുന്ന പുത്തോലക്കാലുകൾ ഒരേ നീളത്തിൽ
മുറിച്ചുമാറ്റുന്ന പ്രക്രീയയാണിത്‌. തുടർന്ന്‌ പണിക്കാരെല്ലാവരും
അടുത്തുള്ള ജലാശയങ്ങളിൽപോയി ഒരു മുങ്ങിക്കുളിയാണ്‌. ഇതിന്‌ ശേഷമാണ്‌ വിഭവ
സമൃദ്ധമായ പുരകെട്ട്‌ സദ്യ.  ഈ സദ്യയൊരുക്കാൻ അടുത്തവീട്ടിലെ
സ്ത്രീജനങ്ങളെല്ലാം പുരകെട്ട്‌ വീട്ടിലുണ്ടായിരിക്കും. ഓപ്പൺഎയറിലാണ്‌
സദ്യ ഒരുക്കൽ. പുരകെട്ട്‌ സദ്യ ആണ്ടിലൊരിക്കലും, പെണ്ണുകെട്ട്‌ സദ്യ
ജീവിതത്തിലൊരിക്കലും എന്നാണ്‌ നാട്ടുചൊല്ല്‌.  ശരിയാണ്‌ ഒരാൾക്ക്‌
ജീവിതത്തിൽ ഒരു വിവാഹമാണല്ലോ വിധിച്ചിട്ടുള്ളത്‌. അപ്പോൾ സദ്യയും ഒന്ന്‌.
പക്ഷേ, ആണ്ടിലാണ്ടിൽ പുരകെട്ടാതെ വയ്യല്ലോ. അപ്പോൾ സദ്യ തയ്യാറാക്കിയേ
മതിയാകൂ. ഒരു പ്രതിഫലവും പറ്റാതെ ഉപകാരം ചെയ്യാനെത്തുന്നവരെ ഇങ്ങനെയല്ലേ
ആദരിക്കാൻ പറ്റൂ.
(തുടരും)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...