സണ്ണി തായങ്കരി
ഇങ്ങനെയുള്ള അവസരങ്ങളിലാണ് ഏതൊരു മനുഷ്യനും ഏകാന്തത്തയുടെ പൂർണത
ആഗ്രഹിക്കുക. ആരും കടന്നുവരാത്ത, ആരുടെയും ശല്യമില്ലാത്ത, മൗനത്തിന്റെയും
കനത്ത അന്ധകാരത്തിന്റെയും തുരുത്തിൽ തന്നോടുതന്നെയുള്ള നൈരന്തര്യവും
നൈതികമോ നൈതികരഹിതമോ ആയ വാദത്തിനൊടുവിൽ ഒരു വിടവാങ്ങൽ... പിന്നെ
മനുഷ്യരില്ലാത്ത, ശബ്ദചലനങ്ങളില്ലാത്ത, പരിമിതികളോ പരിധികളോ ഇല്ലാത്ത
വിസ്മയലോകത്തേക്ക് ഒരു യാത്ര...! അതായിരുന്നു മോഹം.
നഗരത്തിൽനിന്ന് ഏറെ അകലെയായ ഈ ഗ്രാമത്തിലെ ഒരേയൊരു ലോഡ്ജിൽ
എത്തിപ്പെടാനും മറ്റൊരു കാരണമില്ല. പ്രതീക്ഷിച്ചതുപോലെ ലോഡ്ജും പരിസരവും
ശൂന്യമായിരുന്നു. റിസപ്ഷൻ ടേബിളിൽ തൊടാനറയ്ക്കുന്ന, പതിറ്റാണ്ടുകൾ
പഴക്കമുള്ള രജിസ്റ്റർ കുത്തഴിഞ്ഞ് പൊടിമൂടികിടന്നതും ശുഭസൊാചകമായി.
ടേബിളിന്മേൽ പൊടിയുടെ തന്മാത്രകൾ പരവതാനിപോലെ നീണ്ടുനിവർന്നു കിടന്നു.
അതിന്റെ പ്രതലത്തിൽ ഏതോ കൗമാരകാമുകൻ അനശ്വരപ്രേമത്തിന്റെ അടയാളമായി
തന്റെയും കാമിനിയുടെയും പേരുകൾ വിരൽസ്പർശത്താൽ വടിവില്ലാത്ത അക്ഷരങ്ങളിൽ
കോറിയിട്ടിരുന്നു. കുമ്മായം അടർന്നുപോയി വികൃതമായ ഭിത്തിയിൽ നൂറ്റാണ്ട്
പഴക്കമുള്ള കീബോർഡിൽ നിറയെ തുരുമ്പിച്ച് കോലംകെട്ട താക്കോൽ വളയങ്ങൾ
ഞാണുകിടന്നതും മനുഷ്യവാസമില്ലായ്മയുടെ ജീവിക്കുന്ന മറ്റൊരു തെളിവായി. ഒരു
താങ്ങിനായിപ്പോലും എങ്ങും തൊടാനറച്ച് അക്ഷമനാകുമ്പോൾ ഓടിയെത്തി,
വിനീതഭാവത്തിൽ ഒരാൾ. മാനേജരോ മറ്റോ ആവും.
"ക്ഷമിക്കണം, അങ്ങ് ഒത്തിരി നേരമായോ എത്തിയിട്ട്?" ആദരവിന്റെ ആൾരൂപമായി അയാൾ.
സന്ദർഭത്തിന് ഒരു ഉത്തരം ആവശ്യമായി തോന്നിയില്ല. ആ സംഭാഷണം
നീട്ടിക്കൊണ്ട് പോകാൻ ആഗ്രഹമില്ലാത്തതിനാൽ ആവശ്യം അറിയിച്ചു.
"ഹെന്ത്...? ഇത്ര ഉന്നതനായ അങ്ങ് ഈ പഴയ ലോഡ്ജിൽ... ഹേയ്...
അങ്ങെന്നെ കളിയാക്കുകയാണ്. സാധാരണ ആളുകൾ ഇവിടെ വരാറ്..." അയാൾ
അർധോക്തിയിൽ പെട്ടെന്ന് നിർത്തിക്കളഞ്ഞു.
"നിങ്ങൾക്ക് എന്നെ അറിയാമെന്നോ...?"
അയാൾ ഉത്തരമായി ഒന്നാർത്തുചിരിക്കുകയാണ് ചെയ്തത്. ആ ചിരി, കനമേറിയ
മൗനത്തിനുപകരം, ശബ്ദഘോഷങ്ങളുടെ ആർഭാടമായ തിരയിളക്കമാണ് സൃഷ്ടിച്ചതു!
"അങ്ങയെ അറിയാത്തവർ ഈ ഭൂമി മലയാളത്തിൽ ആരുണ്ട്? പ്രശ്നവാഗീശ്വരയെന്ന
ജ്യോതിഷസ്ഥാപനം സർവമനുഷ്യരുടെയും അഭയകേന്ദ്രമല്ലേ? അതിന്റെ ജീവാത്മാവും
പരമാത്മാവുമായ അങ്ങയെ അറിയുമോയെന്ന ചോദ്യത്തിലുള്ള വിനയം അങ്ങേയ്ക്ക്
ചേർന്നതല്ല."
മുഖസ്തുതി രസിക്കാത്തവർ ആരുണ്ട്? എന്നാലത്ത് യാഥാർത്ഥ്യമാണെങ്കിലോ?
ആരും നിശ്ചയമായും ആനന്ദിക്കും, ആത്മഹർഷംകൊള്ളും.പക്ഷേ, സമ്പത്തും
പ്രശസ്തിയും സുഖസൗകര്യങ്ങളും വലിച്ചെറിഞ്ഞ് അപരിമേയമായ എന്തിനെയോ
സംശ്ലേഷിക്കാനുറച്ചവന് അതിലെന്തുകാര്യം? അയാൾ തുടരുകയാണ്-
"അങ്ങയുടെ പ്രവാചകതുല്യമായ വചനങ്ങളിലൂടെ എത്രയോ പേർ പ്രശ്നസങ്കീർണതകളിൽ
മോചനം കണ്ടെത്തി. അങ്ങയെ നേരിട്ടുകാണാൻ ഭാഗ്യം സിദ്ധിക്കാത്ത ജനലക്ഷങ്ങൾ
അങ്ങ് വാരികയിലെഴുതുന്ന വാരഫലത്തിലൂടെ രക്ഷപ്രാപിക്കുന്നു. ഈ നാടിന്
ഈശ്വരന്മാര് തന്ന വരദാനമാണങ്ങ്..."
ഏകാന്തത്തയുടെ തുരുത്തന്വേഷിച്ച് നടന്നവൻ ജനസഞ്ചയത്തിൽ കുരുങ്ങിയതുപോലെ!
"നിങ്ങൾക്ക് അനുഭവമുണ്ടോ?"
"ഉണ്ടോന്നോ? അങ്ങാണ് ജാരവലയത്തിൽനിന്നും എന്റെ ഭാര്യയെ രക്ഷിച്ചതു.
അന്ന് ജപിച്ചുതന്ന മാന്ത്രികച്ചരട് ഇപ്പോഴും അവളുടെ അരയിലുണ്ട്.
അങ്ങ് പറഞ്ഞപോലെ അതൊന്നുകെട്ടാൻ ഞാൻ പെട്ടപാട്... ഹോ! ആ ചരടിന്റെയൊരു
ശക്തിയേ... ആ ജാരന്റെ ശല്യം പിന്നീട് ഉണ്ടായതേയില്ല. അങ്ങെന്റെ കണികണ്ട
ദൈവമാണ്."
അയാൾ ഭയഭക്തിയോടെ കൈകൾ കൂപ്പുകയാണ്. ഏതൊരർഥത്തിലും
അർധനാരീശ്വരനാകുന്ന അവസ്ഥ! പരമശിവന് പക്ഷേ, കുലുക്കമില്ല. പകരം ഓരോ
വാക്കും അയാളിൽ ഉണർത്തിയത് ഈർഷമാത്രം! ഈ ഭൂമിയിലെ ഒരു ശക്തിക്കും അയാളെ
ഇളക്കാനാവുന്നില്ല.
"എനിക്കിപ്പോൾ ആവശ്യം സ്വസ്ഥമായ കുറെനിമിഷങ്ങളാണ്. മനുഷ്യനും
ശബ്ദവുമില്ലാത്ത ഒരിടം തേടിയാണ് ഞാനിവിടെ വന്നത്." ആവശ്യം ഒരിക്കൽകൂടി
ആവർത്തിച്ചു.
"ഒരുകണക്കിന് അതിനായി അങ്ങിവിടം തെരഞ്ഞെടുത്തതുതന്നെ ഈയുള്ളവന്റെ
മഹാഭാഗ്യം. ഇവിടുത്തെ എല്ലാ മുറികളും കാലിയാണ്. അഥവാ ആരെങ്കിലും
ഉണ്ടായിരുന്നെങ്കിൽക്കൂടി അങ്ങേയ്ക്കുവേണ്ടി അതെല്ലാം ഞാൻ ഒഴിപ്പിച്ചേനെ.
ആരും അങ്ങയെ ശല്യപ്പെടുത്താൻ ഇവിടെ വരില്ല."
ഏകാന്തത്തയുടെ വിശാലമായ വാതായനങ്ങൾ മലർക്കെതുറന്ന്, സ്വയം വായ്മൂടി,
ബോർഡിൽനിന്ന് താക്കോൽ തെരഞ്ഞെടുത്ത്, ആംഗ്യത്തിലൂടെ ക്ഷണിച്ചുകൊണ്ട്
അയാൾ ഗോവണി കയറിത്തുടങ്ങി. കാൽ പതിച്ചപ്പോൾ തടിദ്രവിച്ചുതുടങ്ങിയ
പുരാതനഗോവണി പ്രതിഷേധത്തോടെ കരഞ്ഞു. അനുധാവനം ചെയ്യുമ്പോൾ
തൊട്ടിടത്തൊക്കെ തടിച്ചവിരലുകൾ അയാളുടെ സാമീപ്യം രേഖപ്പെടുത്തി.
ഇടുങ്ങിയ മുറി തുറന്നതോടെ പഴക്കത്തിന്റെ മനംപുരട്ടലുണ്ടാക്കുന്ന ഗന്ധം
ആർഭാടമായെത്തി. വൃത്താകൃതിയിലുള്ള കറുത്ത സ്വിച്ചിന്റെ കാതിൽപിടിച്ച്
താഴേയ്ക്ക് അമർത്തിയപ്പോൾ രണ്ടറ്റവും കറുത്തിരുണ്ട ട്യൂബ് ഒരു മൂളലോടെ
ഏറെ നേരമെടുത്ത് മിന്നിമിന്നി തെളിഞ്ഞു. ട്യൂബിനെ പുതപ്പിച്ച
കനമേറിയധൂളി പ്രകാശത്തെ വികിരണം ചെയ്യുന്നതിനുപകരം ആഗിരണം
ചെയ്യുന്നതുപോലെ! വെളിച്ചത്തിന്റെ നേരിയ പാളികൾ മുറിയിൽ പടർന്നതോടെ
യക്ഷിക്കഥയെ അനുസ്മരിപ്പിക്കുംപോലെ ഏതാനും വവ്വാലുകൾ ചിറകടിച്ച് പറന്നു.
അവ ആദ്യം ലക്ഷ്യം തെറ്റി ഭിത്തിയിലിടിച്ച് വട്ടംചുറ്റി. പിന്നീട്
നിർഗമനമാർഗം കണ്ടെത്തി മതിൽകെട്ടിനപ്പുറം പടർന്ന് പനന്തലിച്ച
അരയാൽച്ചില്ലകളിൽ തല കീഴ്പോട്ടാക്കി തൂങ്ങി.
ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിടക്ക തട്ടിക്കുടഞ്ഞപ്പോൾ
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അതിവേഗത്തിൽ ഹെവിവെയ്റ്റ് വാഹനമോടുമ്പോൾ
പറക്കുന്നതുപോലെ മുറിയുടെ നാലുചുവരുകൾക്കുള്ളിൽ പൊടിഉയർന്നുപൊങ്ങി
നിശ്ചലംനിന്നു. പഴകി ദ്രവിച്ച് നിറം മങ്ങിയ ബഡ്ഷീറ്റുവിരിച്ച്, തലയിണ
ഷീറ്റിനടിയിൽ ഒളിപ്പിച്ചു. താഴുംതാക്കോലും മേശയുടെ നഗ്നമായപ്രതലത്തിൽ
സ്ഥാപിച്ച് അയാൾ നിശബ്ദം ധൃതിഭാവിച്ച് മടങ്ങി. തടിമേശയുടെ
കത്തിക്കരിഞ്ഞ വിടവിൽ ഏതോ കാലത്ത് അയാളെപ്പോലെ ഏകാന്തത്ത
ആഗ്രഹിച്ചെത്തിയ ആരോ പുകച്ചുതള്ളിയ സിഗർട്ടുകുറ്റികൾ ആഷ്ട്രേയിലെന്നപോലെ
കിടന്നിരുന്നു. വെറുതെയൊന്ന് ചിന്തിച്ചുനോക്കി. മരണത്തിലേക്കുള്ള
അയാളുടെ സമ്മതിപത്രം ഇവിടെവച്ച് ഒപ്പിട്ടിരിക്കുമോ? അതോ ലോഡ്ജുകാരൻ
സൂചിപ്പിച്ചതുപോലെ വിഷയാസക്തിക്ക് അടിമപ്പെട്ടവർ ആരെങ്കിലും... ഈ
കിടക്കയിൽ കിടന്ന് ആസക്തിയുടെ പരമകാഷ്ഠയിൽ...
ഉള്ളിൽ ഉഷ്ണം നിറഞ്ഞപ്പോൾ ഫാനിന്റെ സ്വച്ചിൽ വിരലമർന്നു.
ബ്രിട്ടീഷുകാരുടെ കാലത്തെന്നോ ഫിറ്റുചെയ്തത്താവണം അത്. ആകൃതിയും
പഴക്കവും അങ്ങനെ തോന്നിച്ചു(ഇത്തരമൊന്ന് ആദ്യം കണ്ടത് ഡൽഹിയിലെ
കനോട്ട്പ്ലേസിലെ വോൾഗാ റസ്റ്റോറന്റിന്റെ പിറകിലുള്ള അതിപുരാതിനമായ
കെട്ടിടത്തിലെ ഏതോ ഓഫിസിലെണെന്നാണ് ഓർമ). ഫാൻ മന്ദം
ചലിച്ചുതുടങ്ങിയപ്പോൾതന്നെ ശബ്ദം അസഹ്യതയോടെ കുതിച്ചെത്തി. ശാപാക്ഷരങ്ങൾ
മനസ്സിൽ രൂപംകൊണ്ടെങ്കിലും അത് നാവിൻതുമ്പിലെത്തുംമുമ്പ് സ്വിച്ചിൽ
വീണ്ടും വിരലമർന്നു. അവരോഹണക്രമത്തിൽ ശബ്ദം ശൂന്യതയിൽ ലയിച്ചു.
ചിതൽപുറ്റ് പിടിച്ച കതകുപാളികളിൽ സ്പർശിച്ചപ്പോൾ വിജാഗിരികൾ
ദയനീയശബ്ദത്തിൽ കരഞ്ഞു. കതകടച്ച്, ഒരുവിധം സാക്ഷാവലിച്ചിട്ട്
മുറിയടച്ചു. കൈയിലുണ്ടായിരുന്ന തുണിസഞ്ചി മേശയിൽവച്ച് ഒന്നു
നിശ്വസിച്ചു. ഈ ലോകത്തിൽ താൻ ഏകനായിരിക്കുന്നുവേന്നും ആശിച്ച വിധിയെ
കൈയെത്തിപ്പിടിച്ചിരിക്കുന്നുവേ
സഞ്ചിയുടെ രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പി പുറത്തെടുത്തു.
അടപ്പുതുറന്ന് രണ്ടിറക്ക്! ഗ്ലൂ... ഗ്ലൂ... ശബ്ദത്തോടെ തൊണ്ടയിലൂടെ
ആമാശയത്തിലേക്ക്... അഗ്നിപോലെ അത് കത്തിയിറങ്ങി. കുപ്പിയിലെ
മദ്യനിരപ്പ് കാൽഭാഗത്തോളം താഴുവോളം ആ ക്രിയ തുടർന്നു. പിന്നെ ഗ്ലസുത്ത്
ശേഷിച്ച മദ്യം അതിൽ നിറച്ചു. സഞ്ചിയുടെ മറ്റൊരറയിൽനിന്ന് ടിക്-20
എടുത്ത് സീൽപൊട്ടിച്ച് ഗ്ലാസിലേക്ക് കമഴ്ത്തി. നുരച്ചുപൊന്തി,
വക്കോളമെത്തുംവരെ അയാൾ അതിൽനിന്ന് കണ്ണെടുത്തില്ല. അവാച്യമായ അനുഭൂതി
അയാളെ അപ്പോൾ കീഴടക്കി. സ്വന്തം തീരുമാനത്തിന്റെ നൈതികതയെ
ഓർമിപ്പിക്കുന്ന ഒരു ചിന്തയും അപ്പോൾ അയാളെ അലട്ടിയില്ല.
ജീവിതവിസ്മയത്തിന്റെ എണ്ണമറ്റ താളുകളിൽ പരസ്പരം കോർത്തുകിടക്കുന്ന
അക്ഷരങ്ങളുടെ അഴിയാക്കുരുക്കുകളിൽ മനമുടക്കി അയാൾ കിടക്കയിലേക്ക്
ചായുകയാണുണ്ടായത്.
അതൊരു നിയോഗമായിരുന്നോ? ജീവിതം കരുപ്പിടിപ്പിക്കേണ്ടിവരുമ്പോൾ
അനിവാര്യതയുടെ പൂർത്തീകരണമായി അപരിചിതത്വത്തിന്റെ ഭൂമികയിൽ ഒരു
നിമിത്തംപോലെ എത്തിപ്പെട്ടേ മതിയാകു. അപ്പോഴും നിയതിയോ നിയോഗമോ
കുരുക്കിട്ട കടിഞ്ഞാണിന്റെ പിന്നറ്റവുമായി പിൻതുടരും.
പരാഹ്നജീവികൾ നിറഞ്ഞാടുന്ന ജീവിതകളിക്കളം. സമയത്തിന്റെയും
കാലത്തിന്റെയും ഭാഗ്യരഥത്തിലേറി ദുഷ്ടശിഷ്ടശക്തികളെ ഒരേസമയം
കൈപ്പിടിയിലൊതുക്കുന്നവർ. ദുരൂഹതയുടെ കർമമണ്ഡലത്തിൽ ചെങ്കോലും
കിരീടവുംവച്ച രാജാക്കന്മാരാണവർ. ചുവന്ന പട്ടുടുത്ത്, നെഞ്ച് മറയുംവിധം
തടിച്ച രുദ്രാക്ഷമാലകളും കട്ടിയേറിയ സ്വർണച്ചെയിനുകളും ധരിച്ച്,
കർമകുണ്ഡലം ചാർത്തി, അരക്കെട്ടിലും കൈത്തണ്ടയിലും പരദേവതകളെയും
രക്തരക്ഷസ്സുകളെയും ആവാഹിച്ച രക്ഷയുടെ ഏലസ്സുകൾ ധരിച്ച്, നെറ്റിത്തടം
മുഴുവൻ ചന്ദനവും വിഭൂതിയുംകൊണ്ട് മറച്ച്, അതിന് മധ്യത്തിൽ
കുങ്കുമംചാർത്തി ഭൂത-വർത്തമാന-ഭാവികളെ ഉള്ളംകൈയിൽ അമ്മാനമാടുന്നവർ!
ഹിന്ദു പുരാണങ്ങളിലെ മുഴുവൻ പരദേവതളുടെയും വലിയ ചിത്രങ്ങൾ സ്ഥാപിച്ച്,
ചന്ദനത്തികളും കർപ്പൂരവും ബഹിർഗമിപ്പിക്കുന്ന ധൂമം നിറഞ്ഞ, ആഭിചാരക്രിയകൾ
നിരന്തരം അരങ്ങേറുന്ന ഭയാനകതകളുടെയും നിഗോൂഢതകളുടെയും ആഭിചാരഇടത്തിൽ
ഉയരം കുറഞ്ഞ വലിയ പീഠത്തിന്മേൽ വിരിച്ച മഞ്ഞപ്പട്ടിന്മേൽ ചമ്രംപടഞ്ഞ്
അവർ ഇരിക്കും. ആളും അർഥവും അധികാരത്തിന്റെ പിൻബലവും അംഗരക്ഷകരുടെ
സുരക്ഷിതവളയവുമുള്ള പ്രഗത്ഭരുടെ തട്ടകം. അവർക്കിടയിൽ ആടിത്തിമിർക്കാൻ
വിശക്കുന്ന വയറുമായി എത്തിപ്പെട്ടവന്റെ ജീവിതനടനത്തിന്റെ ഒന്നാമങ്കം...!
കണിപ്പയൂർ മുതൽ ശ്രീരംഗംവരെയുള്ള ശ്രേഷ്ടരെ ഗുരുസ്ഥാനീയരാക്കി,
ജോത്സ്യസംബന്ധികളായ അടിസ്ഥാനഗ്രന്ഥങ്ങളിലെ മുത്തുകൾ പെറുക്കിയെടുത്ത്
ഹൃദ്ദിസ്ഥമാക്കി. ഒരു ജൈത്രയാത്രതന്നെയായിരുന്നു, പിന്നീട്. പല
പ്രമുഖരും പുതിയ താരോദയത്തിൽ പുറന്തള്ളപ്പെട്ടു. എത്രയെത്ര ഉന്നതരുടെ
ഭാവിയും ഉയർച്ച താഴ്ചകളും അണുവിട വ്യത്യാസമില്ലാതെ പ്രവചിച്ചു! വിശ്വനാഥൻ
ആനണ്ട് മുതൽ ശ്രീശാന്തുവരെ... അമിതാബ് ബച്ചൻ മുതൽ ഷാരൂക്ക് ഖാൻവരെ...
മൻമോഹൻസിംങ്ങ് മുതൽ അച്യുതാന്ദൻവരെ... പണം, പ്രശസ്തി, ആദരവ്,
അധികാരസ്ഥാനങ്ങളുടെ തണൽ എന്നിവ ആവശ്യത്തിലധികം ലഭിച്ചു. പിന്നീട്
ഒരിക്കൽപോലും തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ദൂതൻ മന്ത്രിക്കുള്ള
രഹസ്യനിർദേശങ്ങളടങ്ങിയ കവറുമായി മടങ്ങിയപ്പോൾ പ്ലസ് ടൂ പരീക്ഷയെഴുതി,
സിവിൽ സർവീസെന്ന ശൈശവം മുതൽ മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്നലോകത്തേയ്ക്ക്
പറന്നുയരാൻ തയ്യാറെടുക്കുന്ന ഏക മകൾ അരുകിലെത്തി.
"അച്ഛാ, എനിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടുമോ?"
"അതിനെന്താ സംശയം? മോൾക്കല്ലേ ഇതുവരെ സ്കൂളിൽ ഏറ്റവും ഉയർന്ന മാർക്ക്."
"അതെ. പക്ഷേ ഇപ്പോൾ..." മകളുടെ അടിസ്ഥാനമില്ലാത്ത ഉത്ക്കണ്ഠയിൽ അത്ഭുതംതോന്നി.
"സംശയിക്കേണ്ടാ. നൂറുശതമാനത്തിൽ ഒന്നോ രണ്ടോ കുറഞ്ഞേക്കാം. അത്രയേയുള്ളു."
"അച്ഛന്റെ ജ്യോതിഷത്തിൽ അതിനുള്ള കൃത്യമായ ഉത്തരമില്ലേ?"
"ഉണ്ടാവും." ഒരു പതർച്ച ശബ്ദത്തിലുണ്ടായിരുന്നു. അത് സ്വയം
തിരിച്ചറിയുകയും ചെയ്തു. അടിത്തറയില്ലാത്ത വിശ്വാസം ആദ്യമായി ദുർമുഖം
കാണിക്കുകയായിരുന്നോ?
"പ്രധാനമന്ത്രിയുടെ ഭാവിവരെ അച്ഛൻ എത്ര കൃത്യമായി
പ്രവചിച്ചിരിക്കുന്നു!" അച്ഛനെപ്പറ്റിയുള്ള അഭിമാനം മകളുടെ വാക്കുകളിൽ
തുടിച്ചു.
അതൊക്കെ ശരിതന്നെ. ലോകം മുഴുവന്റെയും ഭാവി ഒരു കണ്ണാടിയിലെ ബിംബംപോലെ
തെളിഞ്ഞുവന്നിട്ടുണ്ട്. എന്നാൽ ഒരിക്കലും സ്വന്തം കുടുംബത്തിന്റെ
ഭാവിയെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. സ്വന്തമായതിനെ ബന്ധിക്കാൻ
വിശ്വാസത്തിന്റെ കാണാച്ചരടിന് ബലംപോരെന്ന തോന്നൽ അന്നുണ്ടായിരുന്നോ...?
"ഒന്നുകവിടി നിരത്തി നോക്കു അച്ഛാ..." തോളിലൂടെ കൈയിട്ട് സമൃദ്ധമായ
താടിരോമത്തിൽ വിരലുകൾ കടത്തി മകൾ കെഞ്ചുകയാണ്.
"അവളുടെ ആഗ്രഹമല്ലേ ചേട്ടാ... ആദ്യമായിട്ടല്ലേ മോൾ ആവശ്യപ്പെടുന്നത്.
ഒന്നുനോക്കൂന്നേ..."
മകളുടെയും ഭാര്യയുടെയും നിർബന്ധത്തിന് വഴങ്ങി, പാതിമനസ്സോടെ
രാശിചക്രത്തിൽ ഒറ്റയായും ഇരട്ടയായും പെരുക്കങ്ങളായും കവടികൾ നിരത്തി.
കവടികളുടെ ഭ്രമണം... നാൾ... വിനാഴിക... നക്ഷത്രം... കൂട്ടലുകൾ...
കിഴിക്കലുകൾ... ഒറ്റ... പെട്ട... കണക്കുകളുടെ മായക്കാഴ്ചകൾ... അവസാനം...
നെഞ്ചുകലങ്ങിപ്പോയി... മകൾക്ക് ആ പരാജയപ്രവചനം താങ്ങാനായില്ല.
ഒരാർത്ത നാദം... പിന്നെ ഭയാനകമായ ദുരന്തക്കാഴ്ച... ഫാനിൽ തൂങ്ങിയാടുന്ന
പുറത്തേയ്ക്ക് തുറിച്ച രണ്ടു കണ്ണുകൾ...
ശേഷക്രിയകൾ പൂർത്തിയാക്കി തിരിച്ചെത്തുമ്പോൾ അറിഞ്ഞത്...
മകൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ്...!
ടിക്... ടിക്... കതകിൽ ആരോ മുട്ടുന്നു. നാശം. ആരാണാവോ? എഴുന്നേൽക്കാൻ
ശ്രമിച്ചു. മദ്യത്തിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കതകുതുറന്നു.
മുന്നിൽ ഇളിഭ്യച്ചിരിയോടെ ലോഡ്ജ് മാനേജർ!
"ഉം. എന്തുവേണം..? എന്നെ ശല്യപ്പെടുത്തരുതെന്ന് പറഞ്ഞതല്ലേ?"
"ഒരിക്കൽകൂടി അങ്ങ് എന്നെയൊന്ന് സഹായിക്കണം." അയാൾ അകത്തു കടന്നുകഴിഞ്ഞു.
"എന്തു സഹായമാണു ഹേ...?"
"എനിക്ക് മൂന്നു മക്കളാണ്. മൂന്നിനും ആ ജാരന്റെ മുഖച്ഛായയാണോയെന്ന്
സംശയം. ഡി.എൻ.എ. ടെസ്റ്റു നടത്തിയാൽ അവളറിയും. എന്റെയൊരു
വിശ്വാസത്തിനുവേണ്ടി ആ കവടിയൊന്ന്..."
"ഞാൻ പറയുന്നത് തെറ്റില്ലെന്ന് നിങ്ങൾക്കെന്താണ് ഉറപ്പ്?"
"തെറ്റില്ല. അങ്ങ് കവടി നിരത്തിപ്പറയുന്നതൊന്നും അണുവിട തെറ്റില്ല.
എനിക്കുറപ്പാ."
യാന്ത്രികമായി കൈകൾ സഞ്ചിയിലേക്കു ചലിച്ചു. പലകയും കവടിയും
പുറത്തെടുത്തു. ചടുലമായ ഒരു നീക്കത്തിലൂടെ കവടികൾ നിരന്നു.
അപ്പോഴേയ്ക്കും എവിടെനിന്നോ പ്രത്യക്ഷപ്പെട്ട മൂഷികൻ മേശയിലൂടെ തലങ്ങും
വിലങ്ങും ഓടിതുടങ്ങിയിരുന്നു. മൂഷികൻ ഗ്ലാസിലെ ദ്രാവകം
വലിച്ചുകുടിക്കുന്നതിനിടെ ഗ്ലാസ് ഉരുണ്ട് തറയിൽവീണ് ചിന്നിച്ചിതറി.
കവടിപ്പലകയെ നനച്ച് വിഷലായിനി പരന്നൊഴുകി. മൂഷികൻ ചില വിക്രിയകൾ
കാണിച്ചു. വൈകാതെ പിടച്ചു; പിന്നെ അയാളുടെ കാൽക്കീഴിൽതന്നെ ചലനമറ്റു.
അപ്പോൾ പ്രശ്നസംഹാരകദർശനത്തിനായി എത്തിയവരുടെ നീണ്ടനിര പുറത്ത്
രൂപപ്പെട്ടിരുന്നു.