19 Feb 2012

കരുണയുടെ താളം മൗനസാന്ദ്രം


സ്വാമി സുധി
   

ഗ്രീൻ ബുക്സ്
തൃശൂർ
വില 75/
 കരുണ ജീവനിൽ കുടികൊള്ളുന്ന സഹജമായ സംവേദനമാണ്‌. അത്‌ മൃഗങ്ങളിൽ
പ്രകൃതിദത്തവും ബുദ്ധനിൽ അവബോധനിഷ്ഠവുമാണ്‌. കാരുണ്യം
പരിശീലിപ്പിച്ചെടുക്കാവുന്ന ഒന്നല്ല. അത്‌ സ്വസത്തയെ സംബന്ധിച്ച
അവബോധത്തിൽനിന്ന്‌ നാമ്പെടുക്കുന്നതാണ്‌. മഹാനിർവ്വാണത്തിലേക്കു
വഴുതിവീഴുന്നതിനു തൊട്ടുമുമ്പ്‌ ശ്രീബുദ്ധന്റെ ഇരുവശങ്ങളിലുമായി
വന്നനിന്ന ശിഷ്യന്മാരിൽ ഒരു ഭാഗത്തുള്ളവർ ചോദിച്ചു: "അവസാനമായി
ഞങ്ങൾക്കൊരു ഉപദേശം തരണം, ഗുരോ."
മായാത്ത മന്ദസ്മിതത്തോടെതന്നെ ബുദ്ധൻ പറഞ്ഞു: "ആത്മദീപോ ഭവ."
സ്വയം ജ്വലിക്കുന്ന ഒരു ദീപമായിരിക്കുക.
മറുവശത്തുനിന്ന ശിഷ്യന്മാരും അപ്പോൾ ചോദിച്ചു: "അവസാനമായി ഞങ്ങൾക്കും
ഒരുപദേശം തരിക."
"കരുണചിത്ത ഭവ"
കാരുണ്യമുള്ളവരായിരിക്കുക. ബുദ്ധദർശനത്തിന്റെ അകവും പുറവുമാണ്‌ ഈ രണ്ടു വാക്യശകലങ്ങൾ. അകത്തു സ്വയം ജ്വലിക്കുന്നവനു മാത്രമാണ്‌ പുറത്ത്‌ കാരുണ്യവാനായിരിക്കുവാൻ ആവുകയുള്ളു.
നാഗരികത വികാസത്തിന്റെ പടവുകൾ താണ്ടി മുന്നേറുമ്പോൾ മനുഷ്യനിലെ ദീപം
ഒളിമങ്ങി പ്രകാശിക്കുന്നു. അപ്പോഴാണ്‌ യാന്ത്രികമായ കർമ്മങ്ങളും മരവിച്ച
പ്രതികരണങ്ങളും അക്രമോത്സുകമായ പെരുമാറ്റങ്ങളും അവനിൽ സംഭവിക്കുന്നത്‌.
ആധുനികജീവതം യന്ത്രസമാനം ഉൽപ്പന്നങ്ങളെ സൃഷ്ടിക്കാനുള്ള തന്ത്രപ്പാടിൽ
പരിസ്ഥിതിയേയും ആവാസവ്യവസ്ഥയേയും നിഷ്ഠൂരമായി
പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌

. ഹരികുമാറിന്റെ ഉൾക്കാഴ്ചയുടെ സ്വയംപൂർണ്ണമായ വാക്യശകലങ്ങൾ വായിച്ചുപോകുമ്പോൾ ജീവകാരുണ്യം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ ബീഭത്സമായ മുഖം നമ്മിൽ അലോസരം സൃഷ്ടിക്കുന്നു.
       "മണ്ണിൽനിന്നും മണ്ണിരയിലേക്കുള്ള ദൂരം ഒരു ജീവിതമാണ്‌." മണ്ണൊരു
ഭൗമസത്തയാണ്‌. മണ്ണിര ഒരുജീവസത്തയും. മൺതരികളിൽ മറഞ്ഞിരിക്കുന്ന ബോധമണികൾ
പ്രാർത്ഥനാനിരതമായപ്പോൾ അതൊരു മണ്ണിരയായി മാറുകയായിരുന്നു. മണ്ണിന്‌
എന്നും മണ്ണായിരിക്കാനാവില്ല. അത്‌ ലൈബിനിസിന്റെ മൊണാഡുകളാണ്‌. അതിന്‌
മണ്ണിരയിലൂടെ ഒരു ബുദ്ധനിലേക്കു സംക്രമിക്കാനുള്ള പരിണാമവാഞ്ഛയുണ്ട്‌.
മണ്ണിൽ മണ്ണിരയുടെ ഗർഭം ഒരു സാധ്യതയായി നിക്ഷിപ്തമായിരിക്കുകയാണ്‌.
മണ്ണിരയുടെ അകത്തും പുറത്തും മണ്ണാണ്‌. മണ്ണിന്റെ ഭൗതികതയും മണ്ണിരയുടെ
ജൈവികതയും അണുവിൽനിന്ന്‌ ജീവകോശത്തിലേക്കുള്ള ദൂരമാണ്‌. ഭൂതശാസ്ത്രവും
ജീവശാസ്ത്രവും എവിടെയാണ്‌ സന്ധിക്കുന്നത്‌? മണ്ണിരയിൽ ഈ സന്ധിസ്ഥാനം
നമുക്ക്‌ കണ്ടെത്താനാകും.
       ഒരിക്കൽ ശിഷ്യന്മാരുടെകൂടെ നടന്നുപോകുമ്പോൾ ശ്രീബുദ്ധൻ വഴിവക്കിൽ
കിടന്നിരുന്ന ഒരു കല്ലിനെ ചുംബിക്കുവാനിടയായി. അപ്പോൾ ഒരു ശിഷ്യൻ
ചോദിച്ചു: "ഇപ്പോൾ അങ്ങും കല്ലിനെ പൂജിച്ചു തുടങ്ങിയോ?"
ശ്രീബുദ്ധൻ പറഞ്ഞു: "ഞാൻ കല്ലിനെ പൂജിക്കുകയായിരുന്നില്ല. ആ കല്ലിൽ ഒരു
ഭാവിബുദ്ധന്റെ മുഖം ഞാൻ കണ്ടു. ആ മുഖത്താണ്‌ ഞാൻ ചുംബിച്ചതു.
ഒരോ കല്ലും കാലാന്തരത്തിൽ ഒരു ബുദ്ധനായിത്തീരുമെന്നറിയുമ്പോൾ ജൈവികം, ജഡം
എന്നുള്ള ഭേദങ്ങൾതന്നെ എത്ര അർത്ഥരഹിതമായവയാണ്‌. ഹരികുമാർ
സൂക്ഷ്മാർത്ഥങ്ങളെ നിവേശിപ്പിച്ചുകൊണ്ട്‌ എഴുതപ്പെട്ടിട്ടുള്ള ഈ
വാക്യങ്ങളെല്ലാം സ്വയം വാചാലങ്ങളാണ്‌. ചിലപ്പോൾ അവ നമ്മുടെ സത്യസന്ധതയെ
ചോദ്യം ചെയ്യുന്നുമുണ്ട്‌.

       "അപ്രതിരോധ്യമായ മൗനം ഞാൻ കണ്ടത്‌ അറവുശാലകളിലേക്കു കൊണ്ടുപോകാനായി
ഒരിടത്തു കെട്ടിയ പശുക്കളിലാണ്‌." മനുഷ്യൻ ആടുമാടുകളുടെ മാംസം കടിച്ചു
ചവച്ചിറക്കുമ്പോൾ അവയുടെ വിലാപങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ
അന്തർമണ്ഡലങ്ങളിൽ വ്യാപിച്ച്‌ തോരാത്ത ഒരസ്വാസ്ഥ്യം പകരുന്നുണ്ട്‌.
പോത്തിന്റെ പൊരിച്ച തുടയിൽ കടിച്ചുകൊണ്ടുള്ള മനുഷ്യന്റെ ദിവ്യഭാഷണത്തെ
ഗ്രന്ഥകാരൻ ഉപഹാസപൂർവ്വം വിലയിരുത്തുന്നു. ജൈവവ്യവസ്ഥയുമായുള്ള
നാഭീനാളബന്ധം നമ്മിൽ വിച്ഛേദിക്കപ്പെടുമ്പോൾ പ്രകൃതിയുടെ നാദധ്വനികൾ
നമ്മിൽ നിലയ്ക്കുന്നു. കുയിലുകളുടെ കൂജനം കേട്ടുണരുന്ന നിഷ്കളങ്കമായ
മനസ്സ്‌ മനുഷ്യനിൽ സുപ്തികൊള്ളുകയാണ്‌. രാവിലെ എണീക്കുമ്പോൾ ഒരു കിളിയുടെ
ശബ്ദമെങ്കിലും കേട്ടെന്നു ഉറപ്പുവരുത്തുക. ഗ്രന്ഥകാരൻ നൽകുന്ന ഒരു
സാന്ത്വനചികിത്സയാണിത്‌. ഈ തെറാപ്പി ഉള്ളത്തിൽ കൃത്രിമമായി സൃഷ്ടിച്ച
താളബോധങ്ങളെ നിഷ്കാസനം ചെയ്യുകയും ഗെയ്മൂർച്ചി പറഞ്ഞതുപോലെ മണ്ഡലങ്ങളുടെ
സംഗീതം ജീവബോധത്തിൽ ഉണർത്തുകയും ചെയ്യുന്നു.

       സായംസന്ധ്യയ്ക്ക്‌ നാട്ടിൻപുറങ്ങളുടെ വിജനതകളിൽ എവിടെയെങ്കിലും
ആകാശത്തേക്കു നോക്കിയിരിക്കുമ്പോൾ കിളികൾ ചേക്കേറാനായി പറന്നുപോകുന്ന
കാഴ്ച നമ്മിൽ വീണ്ടും വീണ്ടും സ്വത്വത്തിലേക്ക്‌ തിരിച്ചുപോകാനുള്ള
പ്രേരണയായി പരിണമിക്കാറുണ്ട്‌. എവിടെയാണെന്റെ ഗൃഹം? എവിടെയാണെന്റെ
അന്തിമവിശ്രമം? എവിടെയാണെന്റെ സമാധാനം? കൂടിതേടി പോകുന്ന കിളികൾ
പ്രതീകങ്ങളായി നമ്മുടെ ഉള്ളിനെ തട്ടിയുണർത്തുന്നു.
സൗന്ദര്യശാസ്ത്രത്തിന്റെ മിഴിവാർന്ന ഒരു ചിത്രമാണ്‌ ഗ്രന്ഥകാരൻ ഈ
വചനത്തിലൂടെ കോറിയിടുന്നത്‌.
       മരണം മനുഷ്യന്‌ എന്നും ഒരു പ്രഹേളികയാണ്‌. മരിക്കുവോളം
മരണത്തെക്കുറിച്ചു ചിന്തിക്കാതെ ജീവിക്കാൻ കഴിയുന്നത്‌ ഒരപൂർവ്വതയാണ്‌.
മരണം പ്രകൃതിയിലെ മറ്റു പ്രതിഭാസങ്ങൾപോലെ വളരെ സഹജമായ ഒരു പ്രക്രിയയാണ്‌.
ഈയാംപാറ്റകൾ അഗ്നിനാമ്പുകളിൽ വീണ്‌ സ്വയം ജ്വലിക്കുന്നത്‌
തന്നിലേക്കൊരീണമായി മരണത്തിന്റെ സംവേദനത്തെ ആവാഹിക്കുന്നത്‌ ഹൃദ്യമായ ഒരു
വിലയിരുത്തലാണ്‌.

       ഹരികുമാർ എഴുതിയ 'എന്റെ ജ്ഞാനമുകുളങ്ങൾ' അനുവാചകനിൽ അഗാധമായ അനുഭവങ്ങളെ
ചുരത്തിതന്നുകൊണ്ടിരിക്കും. ഒറ്റവായനകൊണ്ട്‌ പുറംചട്ടകളിൽനിന്ന്‌
അകംചട്ടകളിലേക്ക്‌ പ്രവേശിക്കാൻ കഴിഞ്ഞെന്നു വരില്ല. ഓരോ വാക്യവും
വായിച്ച്‌ അൽപനേരം കണ്ണടച്ചിരുന്ന്‌ ധ്യാനിക്കണം. പ്രകൃതി അതിന്റെ
താളബദ്ധമായ ചുവടുവെപ്പുകളോടെ അപ്പോൾ നമ്മിലേക്ക്‌ അരിച്ചിറങ്ങി വരുന്നതു
കാണാം. മണ്ണിര, അട്ട, ഉറുമ്പ്‌, തവള, കോഴി, പശു എന്നീ ജീവികളുടെ
മൗനമുദ്രിതമായ ഭാവപ്പകർച്ചകൾ, നമ്മുടെ സാംസ്കാരികമണ്ഡലത്തിലേക്ക്‌
സന്നിവേശിപ്പിച്ച ക്രൗര്യത്തിന്റെയും വൈരത്തിന്റേയും ചരിത്രപശ്ചാത്തലം
നമ്മെ ഓർമ്മപ്പെടുത്തുന്നു.

       നാരായണഗുരു ഒരു പീഡ എറുമ്പിനും വരുത്തരുത്‌ എന്ന്‌ പറഞ്ഞു. ഉറുമ്പ്‌
ജീവജാലങ്ങളുടെ ഒരു പ്രതിനിധിയാണ്‌. ഹീനമായ വലിയ കൊല്ലിനും കൊലയ്ക്കും
പിന്നിൽ ഒരു ഉറുമ്പിനെക്കൊന്ന ശീലത്തിന്റെ പശ്ചാത്തലം ഉണ്ടായിരിക്കണം.
ചെറിയ കുഞ്ഞുങ്ങൾ തുമ്പിയെ പിടിച്ച്‌ വാലിൽ കല്ലുകെട്ടി പറപ്പിക്കുമ്പോൾ
അച്ഛനമ്മമാർ കുഞ്ഞുങ്ങൾക്ക്‌ തുമ്പിയുടെ ജീവരഹസ്യം പറഞ്ഞുകൊടുക്കാറില്ല.
കുഞ്ഞിലിരുന്നു സ്പന്ദിക്കുന്ന ജീവൻതന്നെയാണ്‌ തുമ്പിയിലും
സ്പന്ദിക്കുന്നത്‌.

       പ്രസിദ്ധ കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെ വിഖ്യാതമായ ഒരു
ചിത്രമാണ്‌ സ്പ്രിങ്ങ്‌, സമ്മർ, ഫാൾ, വിന്റർ ആന്റ്‌ സമ്മർ. പ്രസ്തുത
ചിത്രത്തിൽ നാലുവയസ്സു പ്രായമുള്ള ഒരു ബാലശിഷ്യനും വൃദ്ധനായ ഗുരുവും ഒരു
കൊച്ചുവിഹാരത്തിൽ ശിക്ഷണമധുരമായ ജീവിതത്തെ കൊണ്ടുപോകുന്നതാണ്‌
ചിത്രീകരിച്ചിരിക്കുന്നത്‌. അവൻ ഒരു ദിവസം തവളയേയും മീനിനേയും
പാമ്പിനേയും കല്ലുകെട്ടി വിടുന്നതുകണ്ട ഗുരു അവനെയൊരു പാഠം
പഠിപ്പിക്കുവാൻവേണ്ടി അന്നു രാത്രി അവൻ ഉറങ്ങുമ്പോൾ അവന്റെ മുതുകിൽ
ഭാരമുള്ള ഒരു കല്ലുകെട്ടി വയ്ക്കുന്നു. രാവിലെ എണീറ്റപ്പോൾ മുതുകിലെ
താങ്ങാനാവാത്ത ഭാരവുമായി അവൻ ഗുരുവിന്റെ അടുത്തുചെന്നു പറഞ്ഞു: "ഗുരോ, ഈ
കല്ലൊന്നഴിച്ചു തരൂ."
അപ്പോൾ ഗുരു ചോദിച്ചു:"നീ തവളയെ കല്ലുകെട്ടി വിട്ടില്ലേ? നീ മീനിനെ
കല്ലുകെട്ടി വിട്ടില്ലേ? നീ പാമ്പിനെ കല്ലുകെട്ടി വിട്ടില്ലേ?"
അവൻ എല്ലാറ്റിനും നിഷേധിക്കാതെ ഉത്തരം മൂളി. അപ്പോൾ ഗുരു
പറഞ്ഞു:"കാട്ടിൽപോയി അവയുടെ കല്ലുകൾ അഴിച്ച്‌ തിരിച്ചുവന്നാൽ ഞാൻ നിന്റെ
മുതുകിലെ കല്ലഴിച്ചുതരാം."
പോകുന്നതിനുമുമ്പ്‌ ഒരുവാക്യംകൂടി ഗുരു പറഞ്ഞു "അവയിലേതെങ്കിലും ഒരു ജീവി
ചാവുകയാണെങ്കിൽ അതിന്റെ പാപം നിന്റെ ഹൃദയത്തിൽ താങ്ങാനാവാത്ത ഒരു കല്ലായി
കിടക്കും."
കുഞ്ഞ്‌ കാട്ടിൽപോയി നോക്കിയപ്പോൾ മീൻ ചത്തുപോയി. തവള പതുക്കെ ഏന്തി
വലിഞ്ഞു നീങ്ങുന്നുണ്ട്‌. തവളയുടെ കെട്ടഴിച്ചുവിട്ടു. മീനിനെ
സംസ്ക്കരിച്ചു. പാമ്പിന്റെ അടുത്തുപോയി നോക്കിയപ്പോൾ രക്തം ഛർദ്ദിച്ചു
മരിച്ചുകിടക്കുന്ന ദൃശ്യം ആ കുഞ്ഞിന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു.
അവൻ വിങ്ങിവിങ്ങി കരയാൻ തുടങ്ങി. ജീവന്റെ വേദന അവന്റെ വേദനയായി മാറി.
ജ്ഞാനിയായ ഒരു ഗുരുവിനുമാത്രമേ വേറൊരാളിലേക്കു ഈ അനുകമ്പയെ
പകർന്നുകൊടുക്കാൻ കഴിയുകയുള്ളു.

       വെള്ളത്തെ സംബന്ധിച്ച നിരീക്ഷണങ്ങളിൽ ഒന്നിൽ പറയുന്നു. "വെള്ളം
നിരന്തരമായ സ്വയംനിരാസമാണ്‌." എല്ലാ നിരാസങ്ങളിലും നവീകരണത്തിന്റെ
ത്വരയുണ്ട്‌. വെള്ളം വെള്ളത്തെ കണ്ടെത്തുന്നു. വെള്ളം പഴമകളെ
നിലനിർത്തുന്നില്ല. പുതുമകൾ വെള്ളത്തിന്റെ ആനന്ദോത്സവമാണ്‌.
വെള്ളത്തിന്റെ ഈ പ്രവാഹചാതുര്യംകണ്ടുകൊണ്ടായിരിക്കണം ഹെരാക്ലീറ്റസ്‌
പറഞ്ഞത്‌, നിങ്ങൾക്ക്‌ ഒരു നദിയിൽ രണ്ടുപ്രാവശ്യം കാലുകുത്താനാവുകയില്ല
എന്ന്‌. കൈക്കുമ്പിളിൽ ജലം കോരിയെടുക്കുമ്പോൾ സാഗരത്തിന്റെ സംഗീതം അതിൽ
ഞാൻ കേൾക്കുന്നു എന്ന്‌ ഒരു കവി പാടി. വെള്ളത്തിനു ദുഃഖമില്ല എന്നു
പറയുമ്പോൾ വെള്ളത്തിനു ഭൂതകാലമില്ല എന്നാണ്‌ അറിയേണ്ടത്‌. വെള്ളം
വർത്തമാനകാലത്തിൽ ഉപസ്ഥിതമാണ്‌. വർത്തമാനകാലത്തിൽ വെള്ളം വർത്തിക്കുമ്പോൾ
അത്‌ ഏറ്റവും പവിത്രമായ നിലയെ നമുക്കു പ്രദാനം ചെയ്യുന്നു. വെള്ളം
തളിച്ചു ശുദ്ധീകരിക്കുമ്പോൾ അത്‌ ജീവന്റെ മന്ത്രോച്ചാരണമാകുന്നു.

       ഹരികുമാർ എഴുതിയ ഈ 151 സൂക്തങ്ങൾ നിരന്തരം നമ്മോടു
സംവദിച്ചുകൊണ്ടിരിക്കുന്നവയാണ്‌. ജൈവികമായ ഒരു താളത്തിലേക്ക്‌ നമ്മുടെ
സ്വത്വത്തെ പ്രതിഷ്ഠിക്കുവാനുള്ള ഒരു ഉത്തേജനം  ഈ സൂത്രവാക്യങ്ങൾ
സമ്മാനിക്കുന്നുണ്ട്‌. രാത്രിയിലെ മഴ വിദൂരങ്ങളിലുള്ള ഏതോ ആളുകളുടെ
സന്ദേശത്തെ കൊണ്ടുവരുന്നു. രാത്രി, മഴ, വിദൂരത ഇവയെല്ലാം ഓരോരുത്തരിലും
നിരവധി അർത്ഥങ്ങളെ ധ്വനിപ്പിക്കുന്നു. തനിച്ചാകുമ്പോഴാണ്‌
രാത്രിമഴയിൽനിന്നും സന്ദേശങ്ങൾ വായിച്ചെടുക്കുവാൻ നമുക്കു കഴിയുന്നത്‌.
മഴയുടെ ആരവത്തെ ധ്യാനിക്കുമ്പോൾ അതിൽനിന്നും ഖുർ-ആനും ബൈബിളും ഗീതയും
ധ്വനിയും പ്രതിധ്വനിയുമായി നമ്മുടെ ബോധവിഹായസ്സിൽ പടർന്നുകയറുമ്പോൾ ഈ
പ്രകൃതിതന്നെ നമുക്ക്‌ ദൈവരാജ്യത്തിന്റെ ഭൂമിക പണിതുതരുന്നു. മഴയും
കാറ്റും വെയിലും മണ്ണും മരവും വിണ്ണും എല്ലാം പുതിയ തത്ത്വങ്ങളെ നമ്മിൽ
കൊണ്ടുനിറയ്ക്കുന്നു.

       എം.കെ.ഹരികുമാറിന്റെ 'എന്റെ ജ്ഞാനമുകുളങ്ങൾ' കാലദേശങ്ങളെ
ഉല്ലംഘിച്ചുനിൽക്കുന്ന ഒരു അവബോധത്തിലേക്കു നീളുന്ന സൂചികകൾപോലെയാണ്‌.
വായനക്കാരന്റെ അകം നിറയെ ശബ്ദങ്ങളെ ജനിപ്പിച്ച്‌ സ്വയം നിശ്ശബ്ദമാകാൻ
പ്രേരിപ്പിക്കുന്നവയാണ്‌ ഓരോ വചനവും. കൂടുതൽ അഗാധമായ വായന
ഇതാവശ്യപ്പെടുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...