19 Feb 2012

പെണ്‍കിടാവ്



സംഗീത സുമിത്



പെണ്‍കിടാവ്
കൈവിട്ടു മെല്ലെ ഒഴുകി നീങ്ങുന്നോരാ
കടലാസ്സു വള്ളത്തെ ഉറ്റു നോക്കീട്ട -
അയ്യയ്യോ പോയല്ലോ അച്ഛായെന്നിങ്ങനെ
അഴലില്‍ ചിണുങ്ങുന്ന പെണ്‍കിടാവ്

ചാരത്തണച്ചു തഴുകി തലോടിക്കൊണ്ട -
രുമയായ് ചൊല്ലുന്നു കരയരുതേ
തലയിലെ കെട്ടിലായ് തിരുകിയ കടലാസ്സില്‍
വേറെ ചമയ്ക്കുന്നു വള്ളമച്ചന്‍

ഒക്കെയും കണ്ടുകൊണ്ടാരികത്തൊരു പാത്രത്തില്‍
തിരു താളി ഞെരുടി ഒരുക്കുമമ്മ
കോരിയെറി ഞ്ഞൊരു കൈക്കുമ്പിള്‍ നിറയുന്ന
കുളിരോലും അരുവിതന്‍ സ്നേഹ വായ്പ്

പൊട്ടിച്ചിരിച്ചും കഥകള്‍ പറഞ്ഞുമാ
അരുവിതന്‍ കരയിലെ സ്വര്‍ഗ്ഗ സ്നേഹം
ഒരു തെല്ലസ്സൂയയില്‍ കണ്ടു ചിരിച്ചിട്ട -
ടവിയും അരുണനും നോക്കി നിന്നു.

ഛടുതിയില്‍ എത്തിയ കാര്‍മുകില്‍ കൂട്ടങ്ങള്‍
അരുണന്റെ കാഴ്ച മറച്ചു മെല്ലെ
മഴവരുമിനി  വെക്കം വീടണയാമെന്ന്
പലവുരു ചൊല്ലിയാ മാതവപ്പോള്‍

ഇനിയും കളിക്കേണം നീന്താന്‍ പഠിക്കേണം
കൊഞ്ചിപ്പറഞ്ഞവള്‍ പെണ്‍കിടാവ്
ശാട്ട്യം പിടിച്ചും പിണങ്ങിക്കരഞ്ഞുമാ
താതന്റെ കൈകളില്‍ തൂങ്ങും ബാല്യം

ഇനി നാളെ വന്നീടാം ഏറെ ക്കളിചീടാം
ഇന്നുവേണ്ടീ മുകില്‍ പെയ്തെന്നലോ
ഒടുവില്‍ പിണങ്ങി ,ഞാന്‍ മിണ്ടൂലെന്നോതി
ക്കൊണ്ടാച്ചന്റെ കൈ തട്ടി ഓടി പെണ്ണാള്‍

വളവു തിരിഞ്ഞാലോ വയലുകളാണതിന്‍
അപ്പുറത്താണവര്‍ വാഴും ഗ്രാമം
ഉണ്ട് കുറച്ചു നടക്കാനതെങ്കിലും
നിത്യവും ഈ യാത്ര ഉത്സവമേ ..

പെട്ടന്ന് മാനം കറുത്തു  പടിഞ്ഞാറ്
ഉച്ചത്തില്‍ ഗര്‍ജ്ജിച്ചു മേഘനാഥന്‍
മോളെ ന്നു നീട്ടി വിളിച്ചിട്ട താതനും
വെക്കത്തിലോടിയാ വയല്‍ വരമ്പില്‍

കാണാവും ദൂരത്തെ വയല്‍ വാര വീഥിയില്‍
കാണാനേ ഇല്ലല്ലോ പെണ്‍ കിടാവ്
എവിടെയെന്‍ പൊന്മകള്‍ എന്ന് കേണിട്ടാ
അമ്മയും ആകെ പരവശയായി

വീശിയടിച്ച മഴക്കാറ്റിലാവാര്‍ത്ത
ദൂരത്താ ഗ്രാമത്തില്‍ ആര്‍ത്തു പെയ്തു
കേട്ടവര്‍ കേട്ടവര്‍ തേടാന്‍ ഇറങ്ങീട്ടും
കണ്ടീല പെണ്ണാളെ അന്തി വരേം

ആ ദുഃഖം കണ്ടിട്ടുരുകും മനമോടെ
അരുണനും വെക്കം മിഴിയടച്ചു
ഓര്‍ത്ത്‌ പറഞ്ഞും സ്വയം പഴിച്ചും
പിന്നെ ദൂരത്തെക്കാശയാല്‍ നോക്കുന്നമ്മ

കറ്റകള്‍ തോറും പകര്‍ന്നൊരു തീയിനാല്‍
ആ ഗ്രാമം രാവിലുണര്‍ന്നു തേടി
തീ പകര്‍ന്നോരോരോ  കറ്റയും നീങ്ങുമ്പോള്‍
ആ കനല്‍ ചൂടമ്മ ഏറ്റു വാങ്ങി .

കഥയുലെ പൂതമിറങ്ങി മറച്ചതോ
കളികാട്ടാന്‍ മിണ്ടാതെ മൂലയ്ക്കൊളിച്ചതോ
എങ്ങുപോയ് ഓമലേ ഈ നൊടി നേരത്തില്‍
ഒന്നു നീ  വെക്കത്തില്‍ വന്നുവെങ്കില്‍

പിറ്റേന്ന്

മഴയില്‍ കുതിര്‍ന്നോരാ ഗ്രാമത്തിന്‍ നെഞ്ചി -
ലെക്കരുണനും മെല്ലെ മിഴിതുറന്നു.
കാറ്റും കിളികളും കൊച്ചുമരങ്ങളും
ആ വാര്‍ത്ത ചൊല്ലാന്‍ അറച്ചു നിന്നു.

വയലുകള്‍ക്കരുകിലെ കൈതോല കാട്ടിലായ്‌
ഒടുവിലാ പൂമേനി കണ്ടെടുത്തു
കൊഞ്ചല്‍ നിലച്ചോര പിഞ്ചുടല്‍ ചേര്‍ത്തുകൊണ്ട -
ലറി ക്കരഞ്ഞച്ച്ചന്‍ വീണു പോയി.

കൈ തട്ടി എന്തിനെ ഈ വഴി ഓടി നീ
കല്‍ വഴുതും വഴി ചൊല്ലീതല്ലേ
ഇനിയച്ച്ചന്‍ തീര്‍ക്കുന്ന കടലാസ്സു വള്ളങ്ങള്‍
നീരണിയാത്തവ ആര്‍ക്കു വേണ്ടി .

മക്കള്‍ വിയോഗങ്ങള്‍ കാണുന്നതാണഹോ
ഏറ്റവും ദുര്‍ഘടം ഈ ഉലകില്‍
പേര്‍ത്തും പറഞ്ഞും വിതുമ്പിക്കരഞ്ഞുമ
അമ്മതന്‍ പ്രജ്ഞ ഉരുകിടുന്നു .

ദുഖക്കടലിനു ആഴങ്ങള്‍ ഏറ്റിക്കൊണ്ട്
ഒടുവിലായ് ആ വാര്‍ത്ത പാഞ്ഞു വന്നു.
കാമം പെരുത്തേതോ ഭ്രാന്ത മനുജന്റെ
ക്രൂര നഖത്താല്‍ പൊലിഞ്ഞ പുഷ്പ്പം

കേട്ടവര്‍ കേട്ടവര്‍ ഞെട്ടിത്തരിച്ചുപോയ്‌
ആരയ്യോ ചെയ്തതീ കൊടിയ പാപം
വിടരാന്‍ കൊതിച്ചൊരാ കൊച്ചു മുകുളത്തെ
പുലരിക്കു മുന്നേ ഇറുത്തിതയ്യോ

ദുഃഖ കടലൊരു കോപ ത്തിരയായി
ദിക്കുകള്‍ തോറും അലരിയിരമ്പവേ
അമ്മ മനസ്സുകള്‍ താത ഹൃദയങ്ങള്‍
നാളയെ ഓര്‍ത്ത്‌ ഭയന്നിടുന്നു

ചേല വിടര്‍ത്തി മറച്ചമ്മ പെണ്‍ മുഖം
ചേലേറ്റും കണ്മഷി തൂത്തെറിഞ്ഞു
പിച്ച നടക്കാന്‍ പഠിക്കുന്ന പെണ്മക്കള്‍
പിച്ചള പൂട്ടിട്ടോളിപ്പിച്ചു താതന്മാര്‍

റാഞ്ചിപ്പറക്കുവാന്‍ തക്കം പാര്‍ത്തില -
ചാര്‍ത്തിലൊളിച്ചൊരു പ്രാപ്പിടിയന്‍
ഏതു നിഴല്‍ പറ്റിപറന്നിറങ്ങും , ചിന്ത
ചിത്തം തകര്‍ന്നവര്‍ പാര്‍ത്തിടുന്നു …

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...