നിലാവിന്റെ വഴി


ശ്രീപാർവ്വതി


ഇലയനക്കങ്ങളില്‍ മനം ചേര്‍ത്ത്...


തണുത്ത ഒരു രാത്രിയില്‍ നല്ല നിലാവത്ത് ഉണങ്ങിയ മരങ്ങളുടെ നിഴല്‍ കണ്ടിട്ടുണ്ടോ? ചുക്കിച്ചുളിഞ്ഞ് എല്ലു തെളിഞ്ഞ് നട്ടെല്ലു വളഞ്ഞ ഒരു മുത്തശ്ശിയെ പോലെ അല്ലേ? ആ മരത്തോട് അറിയാതെ ഒരു ചായ് വ് , ഒന്നു തലോടുക, മരത്തോട് കാതു ചേര്‍ത്തു വച്ച് അതിന്‍റെ മിടിപ്പറിയുക, ഒരു വാത്സല്യത്തിന്‍റെ തിരയിളക്കം അറിയാന്‍ കഴിയുന്നില്ലേ?


രാത്രിയില്‍ മരത്തിന്‍റെ കീഴില്‍ നില്‍ക്കരുതെന്ന് പണ്ടെങ്ങോ അദ്ധ്യാപകന്‍ പറഞ്ഞു തന്നൊരു പാഠം ഓര്‍ക്കുന്നു, രാത്രിയില്‍ സൂര്യപ്രകാശമില്ലാത്തതിനാല്‍ ഇലകള്‍ ഓക്സിജനെ ആഗിരണംചെയ്യുകയും കാര്‍ബണ്‍ ഡൈ ഓക്സിജനെ പുറത്തേയ്ക്ക് വിടുകയും ചെയ്യുമെന്ന്...
ശാസ്ത്രമൊക്കെ അതിന്‍റെ വഴികളിലൂടെ നടക്കും. പക്ഷേ വൃക്ഷത്തിന്‍റെ ആത്മാവിനെ തൊടാന്‍ രാത്രിയേക്കാളും നല്ല സമയം മറ്റൊന്നില്ല, അതും നിലാവുദിച്ചു നില്‍ക്കുമ്പോള്‍, ചെറുതായി മര്‍മ്മരമുയര്‍ത്തുന്ന ഇലകള്‍ തിളങ്ങുന്നതും കണ്ട്, ചുളിഞ്ഞ തൊലിയെ വാസനിച്ച്, ആത്മാക്കള്‍ പരസ്പരം ഒന്നാക്കി ഒരു മരത്തെ അറിയാം.
ഒരുപക്ഷേ ഒരു വ്യക്തിയോട് നിന്നെയെനിക്ക് ഇഷ്ടമാണെന്ന് പറയുമ്പോള്‍ അയാളുടെ വര്‍ദ്ധിക്കുന്ന മിടിപ്പ് ഒരു അടയാളമാണ്, നിന്‍റെ ആത്മാവിനെ ഞാന്‍ ഏറ്റു വാങ്ങിയിരിക്കുന്നു എന്ന അനുഭൂതി ഒരുപക്ഷേ അയാള്‍ തിരിച്ചറിയുകയാവാം.

വൃക്ഷത്തിന്‍റെ അവസ്ഥയും മറ്റൊന്നല്ല...
കുട്ടിക്കാലത്ത് മരങ്ങളോട് വല്ലാത്തൊരു ഇഷ്ടം തോന്നിയിട്ടുണ്ട്, വീടിനു ചുറ്റുമുള്ള ചെറിയ മരങ്ങള്‍ക്കുള്‍പ്പെടെ പേരുമിട്ടിരുന്നു, , അജയ്, നീലാംബരി, ആദില...
എവിടെയൊക്കെയോ വായിച്ച് ഇഷ്ടപ്പെട്ട പേരുകള്‍.
കൂട്ടത്തില്‍ ഏറ്റവുമിഷ്ടം നീലാംബരിയോടായിരുന്നു. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയുണ്ടാക്കിയ ആഫ്റ്റര്‍ എഫക്ട് എന്നേ പറയാനാകൂ. ആയമ്മയോടുള്ള ഇഷ്ടം മരത്തോടുള്ള ഇഷ്ടമായും പിന്നീട് ആഴത്തിലുള്ള ഒരു അടുപ്പമായും മാറി.
പലപ്പോഴും ആ ഇലഞ്ഞി മരച്ചുവട്ടില്‍ പോയി നിന്ന് ഞാന്‍ സംസാരിക്കാറുണ്ടായിരുന്നു, എന്‍റെ നീലാംബരിയോട്... അവളുടെ മറുപടി പതുങ്ങിയ ഒച്ചയിലായിരിക്കും. മിടിപ്പുകളായി മൌനത്തിന്‍റെ ഭാഷയിലാകും ചിലപ്പോള്‍ , മറ്റു ചിലപ്പോള്‍ ഇലയാട്ടി ഉറക്കെ ചിരിച്ച് എന്നെ കളിയാക്കും. അവളുടെ അടുത്ത് ഇരുന്നിട്ടാണ്, ഞാന്‍ എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദ്യമായി കത്തെഴുതിയത്, മറ്റൊരു നീലാംബരിയുടെ ഓര്‍മ്മയ്ക്ക്... പക്ഷേ ആ എഴുത്ത് എന്‍റെ ഡയറിത്താളുകള്‍ക്കുള്ളില്‍ തന്നെ നിശബ്ദമായി ഇരുന്നു, ഒടുവില്‍ വീര്‍പ്പുമുട്ടിയപ്പോള്‍ ആ പേജ് വലിച്ചു കീറി എന്‍റെ നീലാംബരിയുടെ ഇലത്തുമ്പില്‍ കൊരുത്തിട്ടു.

ഒരുപക്ഷേ മനുഷ്യന്‍റെ ഏറ്റവും നല്ല ചങ്ങാതിയായിരിക്കും വൃക്ഷങ്ങള്‍. ആത്മാര്‍ത്ഥതയുള്ല സുഹൃത്ത്, നമ്മുടെ സങ്കടങ്ങളെ മിണ്ടാതെ കേട്ടു നില്‍ക്കാനും വേദനയില്‍ വിങ്ങുമ്പോള്‍ തണുത്ത കാറ്റു വീശി തലോടാനും, സന്തോഷത്തില്‍ ഇലയാട്ടി നൃത്തം വയ്ക്കാനും മരങ്ങള്‍ക്ക് കഴിയും.
കുട്ടിക്കാലത്ത് വീടിനോട് ചേര്‍ന്ന പറമ്പില്‍ നിറയെ മരങ്ങളായിരുന്നു, ഇലഞ്ഞി, ചാമ്പ, മാവ്, പ്ലാവ്, തേക്ക്, കശുമാവ്, പിന്നെയും പേരറിയാത്ത ഇഷ്ടം പോലെ മരങ്ങള്‍. ചാമ്പ പൂത്താല്‍ ഉത്സവമാണ്, അടുത്ത വീട്ടിലെ കുട്ടികള്‍ വന്ന് മരത്തിന്‍റെ മുകളില്‍ കയറി പറിക്കും. ഇടവപ്പാതിയാണ്,  കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള സമയം. ഒരു കാറ്റു വീശിയാല്‍ തുരു തുരെ അടര്‍ന്നു വീഴുന്ന നല്ല മധുരമുള്ല നാട്ടുമാങ്ങ. ഒറ്റ കടിയ്ക്കേ ഉണ്ടാകൂ ആള്‍, പക്ഷേ മത്സരമാണ്, മഴയൊക്കെ അവഗണിച്ച് ഓടും, ചിലപ്പോള്‍ ചെളിയില്‍ ചവിട്ടി വീഴും എങ്കിലും മാമ്പഴം തരുന്ന സുഖാനുഭൂതി അനിര്‍വചനീയം തന്നെയല്ലേ.

പക്ഷേ അടുത്ത തുലാവര്‍ഷം ആയപ്പോഴേക്കും ഞങ്ങളുടെ വീട്ടിലെ പല വൃക്ഷങ്ങളും ഇല്ലാതായി. പണം വാങ്ങി ജീവനെ നല്‍കുന്ന മനുഷ്യന്‍റെ ക്രൂരത. ഒരു മരം മുറിയ്ക്കുമ്പോള്‍ മറ്റൊരു മരം നടണം എന്ന് എല്‍ പി  സ്കൂളില്‍ മലയാളം സര്‍ പഠിപ്പിച്ചതോര്‍ത്തു, പക്ഷേ മറ്റു മരങ്ങളോടൊപ്പം എന്‍റെ നീലാംബരിയേയും എനിക്ക് നഷ്ടമായപ്പോള്‍  ആരും കാണാതെ അവളുടെ ചോര വാര്‍ക്കുന്ന ഉടലിന്‍റെ അരികില്‍ നിന്ന് കരയാനേ കഴിഞ്ഞുള്ളൂ.. ഉതിര്‍ന്നു വീഴുന്ന കറ അവളുടെ കണ്ണീരാണെന്നു കരുതി, എനിക്ക് വല്ലാതെ നൊന്തു.

 ഇല്ല.... ഇനി ഇതുപോലെ ഒരു മരത്തിനേയും സ്നേഹിക്കാന്‍ എനിക്കു കഴിയില്ല. അത്രയേറെ അവളെന്നോട് ചേര്‍ന്നിരുന്നു. അവള്‍ക്കു പകരം മറ്റൊരു മരത്തിനെ നടാനായി കണ്ടെത്താന്‍ പിന്നീടെനിക്ക് കഴിഞ്ഞില്ല. ഒടുവില്‍ വിങ്ങുന്ന ഒരു ഓര്‍മ്മയും നിലാവുള്ള രാത്രിയിലെ മദിപ്പിക്കുന്ന ഗന്ധവും മാത്രം ബാക്കി വ്ച്ച് അവള്‍ പോയപ്പോള്‍ എന്‍റെയുള്ളിലെ നിലാവസ്തമിച്ചതു പോലെ...
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നിറയെ മരങ്ങളുള്ള ഈ വീട്ടില്‍ മഞ്ഞ നിറമുള്ള ചെമ്പകച്ചോട്ടില്‍ നില്‍ക്കവേ ഞാനറിയുന്നു, മരത്തോപ്പുകളോടുള്ള എന്‍റെ പ്രണയം ഉണ്ടായ വഴികള്‍. നിഗൂഡത നിറഞ്ഞ മരത്തോപ്പുകള്‍ എന്‍റെ എന്നിലുണ്ടാക്കുന്ന വിസ്മയം... അതിന്‍റെ കാരണം മറ്റൊന്നല്ല എന്‍റെ നീലാംബരി തന്നെ... ഇപ്പോഴും നിലാവുള്ള രാത്രികളില്‍ അവള്‍ എന്നെ തലോടുന്നു..., മുറ്റത്തിറങ്ങിയാല്‍ എവിടെ നിന്നോ സുഗന്ധവുമായി വന്ന് മോഹിപ്പിക്കുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ