അച്ചാമ്മ തോമസ്
രക്തം വാര്‍ന്ന് വിളറി ചേതനയറ്റു കിടക്കുന്ന ശരീരംപോലെ ഗലീലി കടല്‍ അങ്ങകലെകാണാം. അടിച്ചമര്‍ത്തപ്പെട്ട അസ്വാസ്ഥമായൊരലര്‍ച്ചപോലെ ഇടയ്ക്കിടയ്ക്ക് തിരകളടിയ്ക്കുന്ന ശബ്ദം. എന്തിണ്റ്റെയൊക്കെയോ പിന്നാലെ പായുന്ന കടല്‍ത്തിരകള്‍പോലെ പീലാത്തോസിണ്റ്റെ ചിന്തകളും പാഞ്ഞുപൊയ്ക്കൊണ്ടിരുന്നു. നിയന്ത്രിച്ചിട്ടും നില്‍ക്കാനിഷ്ടപെടാത്ത നൌകയ്ക്കു തുല്യമായി അത് ആടിയുലഞ്ഞുകൊണ്ടേയിരുന്നു. മട്ടുപ്പാവിലുലാത്തുന്ന പീലാത്തോസിന് കെദ്രൊന്‍ താഴ്‌വരയുടെയും ഒലിവുതോട്ടത്തിണ്റ്റെയും വീര്‍ത്തുകെട്ടിയ രൂപം മനസ്സില്‍ അസ്വസ്ഥതകളുണര്‍ത്തി.
അവിടെനിന്നാണ് യേശുവിനെ പട്ടാളക്കാരും പുരോഹിതശ്രേഷ്ഠന്‍മാരും കൂടി പിടികൂടിയത്! ഒറ്റികൊടുത്തതാകട്ടെ യൂദാസ് എന്ന ശിഷ്യനും. അതും മുപ്പതുവെള്ളിക്കാശിന്. എത്രയോ നാളുകള്‍ അവന്‍ യേശുവിണ്റ്റെ കൂടെ നടന്നു. യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ പറഞ്ഞ വചനങ്ങള്‍ കളങ്കമറ്റ ആ ജീവിതം ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും മാറ്റംവരാത്ത ധനാര്‍ത്തി അതോ ചരിത്രത്തിണ്റ്റെ താളുകളില്‍ എഴുതപ്പെട്ടുപോയ മായ്ച്ചാലും മായാത്തവിധിയോ? അതുപോലൊരു വിധി തന്നെയല്ലേ തനിക്കും ഈ കെണിവച്ചത്. ചിന്തകള്‍ ഇത്രത്തോളമായപ്പോള്‍ പീലാത്തോസിണ്റ്റെ ദൃഷ്ടികള്‍ ഗോഗുല്‍ത്തായുടെ നിഴല്‍പ്പാടുകളിലേയ്ക്കായി കനത്ത ഇരുട്ടില്‍ പേടിച്ചരണ്ടുനില്‍ക്കുന്ന ഗതി നീലച്ച ഒരു രാക്ഷസരൂപംപോലെ തോന്നിച്ചു ആ കുന്നിന്‍പ്പുറം. ഗോഗുല്‍ത്തായുടെ അഗ്രങ്ങളെ തൊട്ടുനില്‍ക്കുന്ന ആകാശമേലാപ്പില്‍ കനല്‍ക്കട്ടകള്‍ പോലെ നക്ഷത്രങ്ങള്‍ ജ്വലിയ്ക്കുന്നു. പേടിപ്പെടുത്തുന്ന ആ ഇരുളിണ്റ്റെ മാര്‍വ്വിടത്തില്‍ മൂന്നു കുരിശുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതുകണ്ട് പീലാത്തോസ് ഞെട്ടി. കണ്ണുകളടച്ചു തുറന്ന് വീണ്ടും ഉറ്റുനോക്കി. തലയില്‍ മുള്ളുകൊണ്ടുള്ള മുടി കൈകാലുകളില്‍ ആണികൊണ്ട് തറച്ച് രക്തമൊഴുകുന്ന ശരീരം യേശുവിണ്റ്റെ ശരീരത്തില്‍ നിന്ന് അഗ്നിയുടെ ചൂട് കൊട്ടാരത്തിണ്റ്റെ നേര്‍ക്ക് വീശുന്നു.
ഇടിമിന്നലിണ്റ്റെ ചിറകുകള്‍ യേശുവിന് അവന്‍ തണ്റ്റെ നേരെ എപ്പോള്‍ വേണമെങ്കിലും പറന്നുവരാം. കണ്ണുതുറന്നാലുമടച്ചാലും പേടിപ്പെടുത്തുന്ന നിഴലുകള്‍. പീലാത്തോസ് മുറിയ്ക്കുള്ളില്‍ കയറി കതകടച്ചു പൂട്ടി.
യേശുവേ നീ ആരായിരുന്നു?
യൂദന്‍മാരുടെ രാജാവേ?
തീര്‍ച്ചയായും നീയൊരു സാധാരണ മനുഷ്യനല്ലായിരുന്നു. ക്ളോഡീയാ പറയുംപോലെ നീ ദൈവപുത്രനായിരുന്നുവോ? മരിച്ചവരെ ഉയര്‍പ്പിച്ചവന്‍, കുഷ്ഠരോഗികളെ സുഖമാക്കിയവന്‍ പാപവഴികളില്‍ നിന്ന് മോചനം നല്‍കിയവന്‍ സ്നേഹത്തിണ്റ്റെ നിയമവും സത്യത്തിണ്റ്റെ പ്രവാചകനുമായവന്‍ നിന്നെ പുരോഹിതര്‍ ഭയപ്പെട്ടിരുന്നു. പക്ഷെ ഞാനോ ഞാനെന്തിനായി പേടിച്ചു. സീസറിണ്റ്റെ വിരോധം സമ്പാദിക്കാതിരിക്കുക എന്ന ലക്ഷ്യമായിരുന്നു. നിന്നെ അവര്‍ ഇത്ര ദാരുണമായി വധിക്കുമെന്ന് ഞാന്‍ കരുതിയില്ല. മാപ്പ് മാപ്പ് അയാള്‍ ആത്മനിന്ദയോടെ ഇരിപ്പിടത്തില്‍ നിന്നും ചാടിയെണീറ്റു മേല്‍കുപ്പായമൂരി ദൂരെയെറിഞ്ഞു.
ബോധമണ്ഡലത്തിനപ്പുറത്തുനിന്നും വലിഞ്ഞുമുറുകിയ ചിന്തയുടെ മിന്നല്‍പിണരുകളില്‍ പീലാത്തോസ് നിന്നു വിറച്ചു. യേശുവിണ്റ്റെ മരണത്തോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ അയാളും കേട്ടിരുന്നു. അങ്ങനെയെങ്കില്‍ എന്താകും തനിയ്ക്കു സംഭവിക്കുക. ജീവിച്ചിരുന്ന യേശുവിനെക്കാള്‍ ഭയക്കേണ്ടത് മരിച്ചവനെ ആണല്ലോ എന്ന അറിവ് അയാളുടെ സിരകളില്‍ തീപടര്‍ത്തി.
യൂദാസിണ്റ്റെ ആത്മഹത്യയെപ്പറ്റി സൈന്യാധിപന്‍ വിവരിച്ചത് പിലാത്തോസിണ്റ്റെ ചിന്തകളില്‍ ഒരു കടന്നല്‍ കൂടിണ്റ്റെ ആരവമുണര്‍ത്തി. യേശുവിനെ കുരിശില്‍ തറച്ചുകൊല്ലാന്‍ കൊണ്ടുപോയെന്നറിഞ്ഞ യൂദാസിന് സമനില നഷ്ടപ്പെട്ടു. അവന്‍ ദേവാലയത്തിലേയ്ക്കോടി. രക്തത്തിണ്റ്റെ വിലയായ നാണയങ്ങള്‍ തിരികെയെടുത്തിട്ടു ഗുരുവിണ്റ്റെ ജീവന്‍ തിരിച്ചു നല്‍കാന്‍ കേണു.
ഒരു ജീവന്റെ വിലയ്ക്കും ഈ കച്ചവടം ഉറപ്പിച്ചതെന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നില്ല. പാളിപ്പോയ ചിന്തയുടെയും പണത്തോടുള്ള ആര്‍ത്തിയുടെയും നേരിയ വിളുമ്പില്‍ നിന്നും പാറയിടുക്കുകളുടെ അഗാധഗര്‍ത്തത്തിലേയ്ക്കവന്‍ പതിച്ചു. കുറുനരികളുടെ ആമാശയങ്ങളില്‍ അവനായവര്‍ കല്ലറകള്‍ തീര്‍ത്തു. സത്യത്തിന്റെ ആത്മാവ് ഒരിക്കലും പൊറുക്കാത്തപാതകം സ്നേഹിച്ചവനെ ചതിക്കുക. ഒന്നുമല്ലാത്തവനായിരുന്ന യൂദാസിനെപോലൊരുവനെ ഗുരുശിഷ്യനാക്കി. അവനെനെഞ്ചോടുചേര്‍ത്ത് അണച്ചുപീടിച്ചു. പിടിയ്ക്കുന്നവണ്റ്റെ കൈയ്യില്‍ നിന്നും വഴുതിപോകുന്ന സാല്‍മണ്‍ മത്സ്യംപോലെ യൂദാസും വഴുതിമാറി രക്ഷപെടാനാവാത്ത തീത്തടാകത്തിലേയ്ക്കു വീണു. തീപിടിച്ച ചിന്തകളെ ആറിത്തണുപ്പിക്കാന്‍ പീലാത്തോസ് വീഞ്ഞുപാത്രം കൈയ്യിലെടുത്തു. യജമാനണ്റ്റെ പാരവശ്യം കണ്ട പരിചാരിക വീഞ്ഞു നിറച്ചപാനപാത്രം വീണ്ടും മേശമേല്‍നിരത്തി.
പീലാത്തോസ് അവര്‍ക്കുമുഖം കൊടുക്കാതെ പൊയ്ക്കൊള്ളാന്‍ ആംഗ്യം കാണിച്ചു. ആരെയും തന്നെ കാണാന്‍ അനുവദിക്കരുതെന്നും പ്രത്യേകം ശട്ടംകെട്ടി. യേശുവിണ്റ്റെ മരണസമയത്തെ സംഭവങ്ങളിലേയ്ക്ക് പീലാത്തോസിണ്റ്റെ ചിന്തകള്‍ നടന്നുകയറി. രണ്ടു കള്ളന്‍മാരുടെ നടുവില്‍ മറ്റൊരു പെരുങ്കള്ളനെപോലെ യേശുവിനെ അവര്‍ കുരിശില്‍ തറച്ചു. ശരീരമാസകലം മുറിവുകളോടെ രക്തത്തില്‍ കുഴച്ചെടുത്ത മാംസപിണ്ഡം കണക്കെ കണ്ണുകള്‍ തുറക്കാനാവാതെ തലതാഴേയ്ക്കുതൂങ്ങി പ്രാണണ്റ്റെ നേരിയ ഒരു തുടിപ്പുമാത്രമായി.
ചിന്തകളെതൂത്തെറിയാനെന്നോണം പീലാത്തോസ് തലവശങ്ങളിലേയ്ക്കു കുടഞ്ഞു. കുടഞ്ഞാലും പറിച്ചെറിഞ്ഞാലും പോകാത്ത ചോരകുടിയനട്ടയെപ്പോലെ അതുവീണ്ടും പീലാത്തോസിണ്റ്റെ തലച്ചോറിനുള്ളിലേയ്ക്കു നുഴഞ്ഞു കയറി. എല്ലാം പൂര്‍ത്തിയായപ്പോഴേയ്ക്കും സൂര്യനെമേഘങ്ങള്‍ മറച്ചുകളഞ്ഞു. ഇടിമിന്നലുകള്‍ ചക്രവാളങ്ങളെ വിറപ്പിച്ചു. ഭൂമി അന്തഃക്ഷോഭത്താല്‍ കുലുങ്ങി. കല്ലറകളില്‍ നിന്നും മനുഷ്യരൂപങ്ങള്‍പോലെ നിഴലുകള്‍ പുറത്തിറങ്ങി പാഞ്ഞുനടന്നു. ദേവാലയ തിരശ്ശീല കീറി പകുത്തു
"ഇവന്‍ നീതിമാനായിരുന്നു"
ജനങ്ങള്‍ മാറത്തടിച്ചു നിലവിളിച്ചു.
"യേശുവേ നീ നീതിമാനായിരുന്നു.
ഇവന്റെ രക്തത്തില്‍ പങ്കില്ലെന്നുപറഞ്ഞ് കൈകഴുകിയ ഞാനെത്ര മണ്ടന്‍. കൈകളല്ല ശരീരംമൊത്തം കഴുകിയാലും ഗലീലികടലില്‍ മുങ്ങികുളിച്ചാലും പോകാത്ത രക്തക്കറ പറ്റിയ ശരീരം. കൈകള്‍ ചുരുട്ടി മട്ടുപ്പാവിനെ അലങ്കരിക്കുന്ന ദേവദാരു തൂണുകളിലിടിച്ചു പിന്നെയും പിന്നെയും ഭ്രാന്തമായൊരാവേശത്തോടെ അംഗരക്ഷകനോടിവന്നു. അദ്ദേഹത്തെ പിടിച്ചുമാറ്റി സപ്രമഞ്ചത്തില്‍ കിടത്തി. വിജാതീയനായ തന്നെ യാഹുദന്‍മാര്‍ക്ക് അത്ര ബഹുമാനമില്ലെന്ന് പീലാത്തോസിന് നിശ്ചയമുണ്ട്. യേശുവിനെ അവരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്താല്‍ ജനങ്ങളുടെയും സീസറിണ്റ്റെയും പ്രീതി പിടിച്ചു പറ്റാന്‍ കഴിയുമെന്ന് അയാളാശിച്ചു.
പക്ഷെ ,എല്ലാം കൈവിട്ട് പോകുക തന്നെ ചെയ്തു. യേശുവേ നിന്നെ വധിക്കുവാന്‍ എണ്റ്റെ അനുവാദം അവര്‍ക്കുവേണ്ടിയിരുന്നു. അതിനായി അവരെന്നെ നാലുകോണില്‍ നിന്നും പൂട്ടിയിട്ടു. ആശയങ്ങളുടെ ചങ്ങലയാല്‍ ദുരഭിമാനത്തിണ്റ്റെ കൊളുത്തുകളാല്‍ അധികാരത്തോടുള്ള എണ്റ്റെ കൊതിയുടെ കാല്‍വണ്ണയില്‍ തന്നെ അവരാ ചങ്ങലയിട്ടുപൂട്ടി. ഭാര്യ എത്രയോവട്ടം അപേക്ഷിച്ചു. പക്ഷെ ചങ്ങലയുടെ ഭാരം കസേരയില്‍ നിന്നനങ്ങാന്‍ സമ്മതിച്ചില്ല. കൈകഴുകിയാല്‍ രക്തക്കറ മാറിക്കിട്ടുമെന്ന് കൌശലക്കാരനായ ഞാന്‍ കരുതി.
എന്നാല്‍ ലോകാവസാനത്തോളം ചരിത്രത്തിണ്റ്റെ താളുകളില്‍ ഈ കറപടര്‍ന്നുകിടക്കും പീലാത്തോസിണ്റ്റെ ജനനജീവിതമരണങ്ങള്‍ക്കൊന്നിനും ചരിത്രത്തില്‍ സമാനമില്ല. എന്നാല്‍ വിധി എനിക്കായി എഴുതിയിട്ട ഈ കോമാളിവേഷത്തിണ്റ്റെ കറപുരണ്ട അധ്യായങ്ങള്‍ മാത്രമെ ലോകം വായിച്ചു രസിക്കൂ. "പീലാത്തോസ് ഭാര്യയെ വിളിക്കാന്‍ ആളയച്ചു. കിടക്കയില്‍ മരണാസന്നനായ ഒരുരോഗി എന്നപോലെ കിടക്കുന്ന ഭര്‍ത്താവിനരികില്‍ ക്ളോഡിയാ ഇരുന്നു.
അനുതാപപൂര്‍വ്വം ആ നെഞ്ചില്‍ത്തടവി. ആ കണ്ണുകളില്‍ നിന്നൊഴുകുന്നത് പാപക്കറ പുരളാത്ത ജലമാണെന്ന് ബുദ്ധിമതിയായ ക്ളോഡിയ മനസ്സിലോര്‍ത്തു. സ്വസ്ഥമായി കരഞ്ഞുകൊള്ളൂ. ഉള്ളില്‍ കെട്ടിനില്‍ക്കുന്നതെല്ലാം കഴുകി പുറത്തുപോകട്ടെ. എത്രയോദിനരാത്രങ്ങള്‍ ഞാനും യേശുവിനെ സ്നേഹിച്ചവരും ദുഃഖിച്ചു. എന്നാല്‍ മൂന്നു നാളുകള്‍ക്കുശേഷമിന്ന് എല്ലാവരും സന്തോഷത്തിലാണ്. പട്ടുടയാടകളിഞ്ഞ അവളെ ശ്രദ്ധിച്ചുതപ്പോഴാണ്. "എന്താണുണ്ടായത്? വേഗം പറയൂ?"
പീലാത്തോസ് എഴുന്നേറ്റിരുന്നു.
"യേശു മരിച്ചവരില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു" ക്ളോഡിയ വലിയവളച്ചുകെട്ടില്ലാതെപറഞ്ഞു.
"എങ്ങനെ?
അയാളുടെ ശിഷ്യര്‍ ശരീരം മാറ്റിയതായിരിക്കില്ലേ?"
"അല്ല അവനെ നേരില്‍ കണ്ടവരില്‍ നിന്നുള്ള വാര്‍ത്തയാണിത്! യേശുവിനെയും അമ്മയേയും അനുഗമിച്ചിരുന്ന ഒരുവള്‍ എണ്റ്റെ തോഴിയായിരുന്നു. അവളിലൂടെ ഞാനെല്ലാമറിഞ്ഞു. ആ നീതിമാനെ നിങ്ങളുടെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ മുതല്‍ ഞാനനുഭവിച്ച വേദന കണ്ടപേടിസ്വപ്നങ്ങള്‍ എത്രപ്രാവശ്യം മുന്നറിയിപ്പുതന്നു. ഒരുസ്ത്രീയുടെ ഭയം മാത്രമായതിനെതള്ളികളഞ്ഞു. നിങ്ങള്‍ സത്യത്തെയല്ല ജനങ്ങളെ ഭയപ്പെട്ടു." പീലാത്തോസ് പരവശനായി ക്ളോഡിയായുടെ തോളില്‍ തലചായ്ച്ചു. അവസാനനിമിഷം പറുദീസയിലിടം ചോദിച്ചു സ്വായത്തമാക്കിയ കള്ളനെ അവളോര്‍ത്തു."നീ എണ്റ്റെ കൂടെ പറുദീസയിലായിരിക്കും" യേശുവിണ്റ്റെ വാക്കുകള്‍. തണ്റ്റെ നില ഭദ്രമെന്നുറപ്പുള്ളവനല്ലെ തണ്റ്റെയടുക്കല്‍ വരുന്നവനും ഉറപ്പുകൊടുക്കാന്‍ പറ്റൂ. തീര്‍ച്ചയായും "നീതിമാനായ യേശുവേ ഞങ്ങള്‍ക്കും പറുദീസയിലൊരിടം തരികയില്ലേ" ക്ളോഡിയാ മനമുരുകി കേണു.