ഡോ. എം.എസ്. ജയപ്രകാശ്
പട്ടികജാതി-പിന്നോക്ക വിഭാഗങ്ങളുടെ സംവരണക്കാര്യം വരുമ്പോഴെല്ലാം സംവരണവിരുദ്ധര്‍ ഉയര്‍ത്തുന്ന ഒരു വാദമാണല്ലോ കാര്യക്ഷമതാവാദം. ഇംഗ്ളീഷില്‍ ഇതിനെ 'എഫിഷ്യന്‍സി' എന്നാണു പറയുക. പിന്നോക്ക-പട്ടികജാതി വിഭാഗങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വന്നാല്‍ സര്‍ക്കാരിണ്റ്റെ കാര്യക്ഷമത കുറയുമെന്നാണ് ഇക്കൂട്ടര്‍ മൊഴിയുന്നത്.
സവര്ണ്ണസമുദായങ്ങള്ക്കുമാത് രമുള്ളതാണ് ഭരണയന്ത്രമെന്നും മറ്റുള്ളവര്‍ പങ്കാളികളായാല്‍ കാര്യക്ഷമത തകരുമെന്നാണ് ഇതിണ്റ്റെ അര്‍ത്ഥം. മനുവിണ്റ്റെ ശിഷ്യഗണങ്ങള്‍ ഇങ്ങനെ പറയുക സ്വാഭാവികം മാത്രം. രാജ്യം ഇപ്പോള്‍ ഭരണപരവും രാഷ്ട്രീയവുമായ ഒരു പ്രതിസന്ധിയെ നേരിടുകയാണ്. മുല്ലപ്പെരിയാര്‍ ഡാമും വെള്ളവുമാണ് വിഷയം. ഭരണത്തലപ്പത്തും ശാസ്ത്രസാങ്കേതികരംഗത്തും 'കാര്യക്ഷമത'യുള്ളവരെയാണല്ലൊ കുടിയിരുത്തിയിരിക്കുന്നത്. പ്രശ്നം കൂടുതല്‍ ഗുരുതരമാകുന്നതല്ലാതെ, പരിഹാരം കാണാന്‍, എന്തേ കാര്യക്ഷമതയുള്ളവരായി സ്വയംഭാവിക്കുന്നവര്‍ക്ക് കഴിയുന്നില്ല. പിന്നോക്കക്കാരും മറ്റും ഇവര്‍ക്ക് മന്ദബുദ്ധികളാണല്ലോ!
ബാക്കിവരുന്ന 'മുന്നോക്ക സമുദായ കോര്‍പറേഷന്‍ ഡയറക്ടര്‍മാര്‍ക്കെന്തേ ഈ പ്രശ്നം പരിഹരിക്കാനുള്ള കാര്യക്ഷമതയില്ല? രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളെ തെരുവുകലാപത്തില്‍ കൊണ്ടെത്തിക്കുന്ന കാര്യക്ഷമതയാണിപ്പോള്‍ കാണുന്നത്. കഴിഞ്ഞകുറേകാലമായി സംഘം ചേര്‍ന്ന് ഡാം സന്ദര്‍ശിക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
ഭരണ-പ്രതിപക്ഷങ്ങള്‍ മത്സരിച്ച് ഉല്ലാസയാത്ര നടത്തി ഖജനാവിലെ പണം അണപൊട്ടുംപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. അണപൊട്ടുമെന്നും ജനംചാകുമെന്നും പറയാന്‍ ഏതു പൊട്ടനും കഴിയുമല്ലോ. അതിന് ഖജനാവിലെ പണം മുടക്കി ഡാമിനുചുറ്റും കൂടിയിരുന്ന് പ്രാര്‍ത്ഥിച്ചിട്ടോ ഉണ്ണാവൃതമനുഷ്ഠിച്ചിട്ടോ കാര്യമില്ല. മറുവശത്തും ഈ പരിപാടിതന്നെയാണ് നടക്കുന്നത്. വൈക്കോ ജ്വരം പടര്ന്നുപിടിക്കുന്നില്ലെന്നു മാത്രം. പ്രശ്നപരിഹാരത്തിന് വിദേശ ടെന്‍ഡര്‍ വിളിക്കാനുള്ള കാര്യക്ഷമതയുള്ളവരുമുണ്ടാകണം. വേമ്പനാട്ടുകായലും പെരിയാറും ശുദ്ധമാക്കാന്‍ ഇസ്രായേല്‍ കമ്പനിയെ വിളിച്ചിട്ട് അവര്‍ക്കായി കാത്തിരിക്കുന്നവരാണ് നമ്മുടെ കാര്യക്ഷമതാവാദികള്‍. മുസ്ളീംവിരുദ്ധ സര്‍വ്വേകള്‍ നടത്തി ഇക്കൂട്ടര്‍ ഇവിടെ നേരത്തെതന്നെ പിടിമുറുക്കിയിട്ടുണ്ട്. സ്വന്തം ജനതയെ അടിച്ചമര്‍ത്തുകയും വിദേശിയെവരുത്തി കാര്യം കാണുകയും ചെയ്യുന്ന കാര്യക്ഷമതയാണ് പരമ്പരാഗത ഭരണവര്‍ഗ്ഗങ്ങള്‍പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്
അറബിവംശജരുടെ നാടുപിടിച്ചെടുത്ത് അവരുടെ നദികളെ തടവിലാക്കി കാര്യക്ഷമതകാണിക്കുന്നവരാണ് ഇസ്രായേലികള്‍. സ്വന്തമായി രാജ്യമില്ലാതിരുന്നവര്‍. ൧൯൪൫-ല്‍ ഒരു രാജ്യം തന്നെ സൃഷ്ടിച്ചുകളഞ്ഞു. പരശുരാമന് ഈ വിദ്യ അറിയാമായിരുന്നെങ്കില്‍ മഴുപ്രയോഗം വേണ്ടിവരുമായിരുന്നില്ല. നിലം കൃഷിക്കാര്‍ക്ക് ബുദ്ധി കൃഷിയ്ക്കുള്ള അവസരം കൊടുക്കാതിരുന്നവര്‍ ഇപ്പോള്‍ നിലം തൊടാതെ മുല്ലപ്പെരിയാറില്‍ തീര്‍ത്ഥാടനം നടത്തുന്നത് രസകരമായ കാര്യമാണ്. അടുത്ത ബെല്ലോടെ നാടകം തുടങ്ങുമെന്ന് കരുതിയ പ്രേക്ഷകരെ നിരാശപ്പെടുത്തി. "അടുത്ത രംഗത്തോടെ ഈ നാടകം ഇവിടെ പൂര്‍ത്തിയാവുകയാണ്" എന്ന അറിയിപ്പാണുണ്ടായിരിക്കുന്നത്. കര്‍ട്ടനു പിന്നില്‍ നിന്നും തമിഴ്പേശും നായികയുടെ അറിയിപ്പുവന്നതോടെയാണ് നാടകം നിന്നുപോയത്. തമിഴ്നാട്ടില്‍ നിന്ന് കോഴപ്പണവും തമിഴ്നാട്ടിലെ ഭൂസ്വത്തും കൈവശപ്പെടുത്തിയവരുടെ ലിസ്റ്റ് പുറത്തുവരാതിരിക്കാന്‍ 'നാടകാന്തം കവിത്വം' (കപിത്വം) മാത്രമായിരുന്നു രക്ഷ എന്ന ധാരണയാണ് ഉണ്ടാക്കിവച്ചിരിക്കുന്നത്. എ.ജിക്കെതിരെ കാടിളക്കിയവര്‍ 'അടഞ്ഞ അധ്യായം' സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഡോണ്‍ ശാന്തമായി ഒഴുകും പോലെ ഡാം ശാന്തമായി നില്‍ക്കുന്നു. മലയാളികള്‍ക്ക് തമിഴരുടെ ഓം ശാന്തി!
അസ്ത്രവിദ്യയില്‍ ഏകലവ്യണ്റ്റെ കാര്യക്ഷമത ഇല്ലാതിരുന്നവര്‍ അയാളുടെ വിരല്‍മുറിച്ച് കാര്യക്ഷമത കാട്ടിയിട്ടുണ്ടല്ലോ. ഇങ്ങനെയുമുണ്ടോ ദ്രോഹാചാര്യന്‍മാര്‍! ഇന്ന് ഏകലവ്യന്‍മാരുടെ ഇരിപ്പിടങ്ങളില്‍ ചാണകവെള്ളമൊഴിച്ച് ഇവര്‍ ആശ്വാസം കൊള്ളുകയാണ്. ജ്ഞാനാംശം ജളനും വിദഗ്ദ്ധനും ഒരേമട്ടാകുമോ? ഹീനാഹീനതപോയി ദരിദ്രധനികന്‍മാര്‍ ഒരേപോലാകുമോ?
ഹീനാഹീനതപോയി ദരിദ്രധനികന്‍മാര്‍ ഒരേപോലാകുമോ? എന്നാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചോദിക്കുന്നത്. ജളനും(ബുദ്ധിശൂന്യന്‍) വിദഗ്ദ്ധനും ജ്ഞാനം ഒരേപോലെ നല്‍കാന്‍ പാടില്ല. ഉച്ചനീചത്വം മാറ്റാനൊന്നും പറ്റില്ല, ദരിദ്രനും ധനികരും ഒന്നുപോലാകത്തുമില്ല! പിന്നോക്കക്കാരും ദലിതരും ജളന്‍മാരാണെന്നു പറയുന്ന വിദഗ്ദ്ധര്‍ എന്തേ ആ വൈദഗ്ദ്ധ്യം മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ ഉപയോഗിക്കാത്തത്? സവര്‍ണ്ണക്കുട്ടികളേയും അവര്‍ണ്ണരേയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ പോത്തിനേയും കുതിരയേയും ഒരേനുകത്തില്‍ കെട്ടാനാകുമോ എന്നു ചോദിച്ച സ്വദേശാഭിമാനവും നാം കണ്ടതാണല്ലൊ. ആ 'കുതിരകളെ' മുല്ലപ്പെരിയാറില്‍ കാണാത്തതെന്ത്?കേന്ദ്രവും കേരളവും തെങ്ങുകൃഷി ഗവേഷണം തകൃതിയായി നടത്തുന്നുണ്ടല്ലോ. കാറ്റുവീഴ്ചയും മറ്റുരോഗങ്ങളും തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ പ്രശ്നം പരിഹരിക്കാനും 'കാര്യക്ഷമതയുള്ളവരെ' കണ്ടില്ല. കുറ്റം പറയരുതല്ലൊ രോഗം വന്ന തെങ്ങ് മുറിച്ചുമാറ്റാന്‍ പറഞ്ഞ 'കാര്യക്ഷമതയും വൈദഗ്ദ്ധ്യവും അവര്‍ക്കുണ്ടായിരുന്നു, തെങ്ങൊന്നിന് 10 രൂപ! ശംഭോ മഹാദേവാ!!!
--