19 Feb 2012

കുഞ്ഞു ബ്ലോഗ്ഗര്‍ നീസാ വെള്ളൂരിന് കണ്ണീരോടെ വിട!

ഷെരീഫ്  കൊട്ടാരക്കര

നീസ വെള്ളൂര്‍
ഏറെക്കാലമായി നമ്മുടെയൊക്കെ ബ്ലോഗുകള്‍ വായിയ്ക്കുന്ന, എന്നാല്‍ ബ്ലോഗ് എഴുതുന്നത് എങ്ങനെയെന്നറിയാത്തതിനാല്‍ ബൂലോകത്തു വരാന്‍ വൈകിയ മലപ്പുറം പൂക്കോട്ടൂര്‍ PKMIC സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നീസ വെള്ളൂര്‍ അന്തരിച്ചു. ബ്ലഡ്‌ കാന്‍സര്‍ ബാധിച്ചു കിടപ്പില്‍ ആയിരുന്നു. ഒട്ടേറെ കൊച്ചു കവിതകള്‍ പിറന്ന ആ കുഞ്ഞു മനസ്സിന് കണ്ണീരോടെ വിട..

എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ!
വളരെ വേദനയോടെയാണ് ഞാന്‍ ഇപ്പോള്‍ ഇതെഴുതുന്നത്. ഇപ്പോള്‍ കൊട്ടോട്ടിക്കാരന്‍ എന്നെ വിളിച്ചിരുന്നു. ഇന്ന് പകല്‍ മൂന്നു മണിക്ക് നമ്മുടെ നീസാ വെള്ളൂര്‍ അന്തരിച്ചു എന്ന് കൊട്ടോട്ടി എന്നെ അറിയിച്ചു. നീസായുടെ പിതാവ് കൊട്ടോട്ടിയെ ഫോണില്‍ അറിയിച്ചു എന്നാണ് എന്നോട് പറഞ്ഞത്. വാര്‍ത്ത ശരിയെങ്കില്‍ ഏറ്റവും ദു:ഖകരമാണ് ഈ വിയോഗം. കാരണം ഇന്നലെ കൊട്ടോട്ടി എന്നെ വിളിച്ച് ഈ കുട്ടിയുടെ കാര്യം പറഞ്ഞിരുന്നു. ബൂലോഗത്തിന്റെ കാരുണ്യം പ്രതീക്ഷിച്ച് അദ്ദേഹം പല പോസ്റ്റ് ഇട്ടെങ്കിലും പ്രതീക്ഷിച്ച പ്രയോജനം ഒന്നും സിദ്ധിച്ചില്ലാ എന്നും നിസായുടെ രോഗം ഗുരുതരമായി തുടരുന്നു എന്നും സൂചിപ്പിച്ചു.
കൊല്ലം ജില്ലയിലെ കുന്നിക്കോട് സ്വദേശി ഷംനാദിനു ഖത്തര്‍ ബ്ലോഗ് മീറ്റ് ഒരു ലാപ് ടോപ് വിലക്ക് വാങ്ങി കൊടുത്ത വിവരമടങ്ങിയ എന്റെ പോസ്റ്റ് കണ്ടതിനു ശേഷമാണ് കൊട്ടോട്ടി ഈ വിഷമം എന്നോട് പറഞ്ഞത്. ലൂക്കീമിയ ബാധിച്ച നീസാ നല്ല കവിതകള്‍ രചിച്ചു നിലാ മഴകള്‍ എന്ന ബ്ലോഗ് വഴി ബൂലോഗത്ത് പോസ്റ്റ് ചെയ്യുമായിരുന്നു. മാത്രമല്ല തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ നീസായുടെ കവിതകള്‍ നിറ സാന്നിദ്ധ്യമായി അനുഭവപ്പെടുകയും ചെയ്തിരുന്നു. ഈ കുട്ടിക്ക് ഇനി കവിത എഴുതാന്‍ ശേഷി ഉണ്ടാകാത്ത വിധത്തില്‍ രോഗം വഷളായിരിക്കുന്നു എന്ന് കൊട്ടോട്ടി എന്നെ അറിയിക്കുകയുണ്ടായി.
അപ്പോള്‍ ഞാന്‍ കൊട്ടോട്ടിയോട് “ഈ കവിതയുടെ കൂമ്പടയുന്നു” എന്ന പേരില്‍ ഒരു പോസ്റ്റ് ബൂലോഗത്തെ സുമനസ്സുകളുടെ മുമ്പില്‍ അവതരിപ്പിക്കാം എന്നും അത് ഉടനെ ഞാന്‍ ചെയ്യാം എന്നു വാക്ക് കൊടുക്കുകയും ചെയ്തു. നാം ചെയ്യാനുള്ളത് ചെയ്യുക, കര്‍മ്മ ഫലം തരുന്നത് മുകളില്‍ ഇരിക്കുന്നവനാണ് എന്നാണെന്റെ വിശ്വാസം. പക്ഷേ ആരുടെയും സഹായത്തിനു കാത്തിരിക്കാതെ ആ കുഞ്ഞ് കുരുവി പറന്ന് പോയി എന്നിപ്പോള്‍ അറിയുന്നു. ആ കവിതയുടെ കൂമ്പടഞ്ഞു. എന്നെന്നേക്കുമായി. നീസാ ആരായിരുന്നു എന്നറിയുന്നതിനു കൊട്ടോട്ടിയുടെ ഒരു പോസ്റ്റിനെ ഞാന്‍ ആശ്രയിച്ച് കൊള്ളട്ടെ ദയവ് ചെയ്ത് ഈ പോസ്റ്റില്‍ പോകുക.( http://sabukottotty.blogspot.in/2011/03/blog-post.html നീസായുടെ കവിതയുടെ ഒരു ലിങ്കും ഇതാ ഇവിടെ പോകുക.
ഇന്നലെ നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ മനോരാജുമായി അല്‍പ്പം സ്വകാര്യങ്ങള്‍ പങ്ക് വെച്ചപ്പോള്‍ നീസാ സംസാര വിഷയമായി. അപ്പോള്‍ മനോരാജ് പറഞ്ഞത് സഹായ അപേക്ഷകളുടെ ആധിക്യം കാരണം അവകാശപ്പെട്ടവര്‍ക്ക് പോലും ഒന്നും ലഭ്യമല്ലാതെ വരുന്നു എന്നാണ്. മനോ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് എനിക്കും ഉറപ്പുണ്ട്. എങ്കിലും നമ്മുടെ കര്‍മ്മം നമുക്ക് ചെയ്യാം എന്ന് ഞാന്‍ കരുതി. പക്ഷേ ആരുടെയും കാരുണ്യത്തിനായി ആ കുരുന്ന് കാത്ത് നിന്നില്ല. മരണം ഉറപ്പാണ്. മരണത്തിന്റെ രുചി അറിയാത്തവര്‍ ആരുമില്ല എന്ന് വിശുദ്ധഗ്രന്ഥം പറയുന്നു. എങ്കിലും ആ കുട്ടിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖം. ഞാന്‍ നിര്‍ത്തുന്നു.
ദൂരെ ദൂരെ ആ കുരുന്നു തന്റെ സ്വര്‍ഗീയ ആരാമത്തില്‍ സുന്ദരമായ കവിതകളുടെ രചനയുമായി കഴിയാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
ഇതിലുള്ള ലിങ്ക് വഴി നീസായുടെ മേല്‍ വിലാസം മനസിലാക്കി സമീപസ്തരായ ഏതെങ്കിലും ബ്ലോഗറന്മാര്‍ ബൂലോഗത്തെ പ്രതിനിധീകരിച്ച് അവിടെ പോകണമെന്നും അതിനാല്‍ ഈ പോസ്റ്റിലെ വിവരങ്ങള്‍ വായിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യണമെന്നും അപേക്ഷിക്കുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...