എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻ

      നമ്മുടെ ആശുപത്രികളും മരണ വാറണ്ടുകളും

ആശുപത്രികളും ഡോക്ടർമാരും പണ്ടില്ലാത്തവിധം പഴികൾ
കേൾക്കുന്നതെന്തുകൊണ്ട്‌? കുറ്റങ്ങളും പഴികളും പണ്ടും ഉണ്ടായിരുന്നു.
ആശുപത്രികളിൽ നിന്ന്‌ ബന്ധുക്കളുടെ ശവശരീരവുമായി ഏങ്ങലടിച്ചു പുറത്തുവന്ന
അനേകർ ഇന്നത്തേതുപോലെ തന്നെ പണ്ടും ഉണ്ടായിരുന്നു പക്ഷേ, മീഡിയകൾ
വാർത്തയ്ക്ക്‌ അമിത പ്രാധാന്യം നൽകി ചിത്രീകരിയ്ക്കുന്നതുകൊണ്ടാണ്‌
ഇന്നിത്രയും ബഹളം എന്നു പറഞ്ഞ്‌ കൈകഴുകുവാൻ ഡോക്ടർമാർക്കും
ആശുപത്രികൾക്കും സാധിയ്ക്കുമോ!? ജനത്തിന്‌ കൂടുതൽ വിവരം ഉണ്ടായിപ്പോയി
എന്നതും ആരുടേയും കുറ്റമാകുന്നില്ല. വാർത്താചാനലുകൾ ആശുപത്രി
ദുരന്തങ്ങൾക്ക്‌ അമിതപ്രാധാന്യം നൽകുന്നുണ്ടെങ്കിൽ തന്നെ, അത്‌ ഒരു
കുറ്റമല്ല എന്നു മാത്രമല്ല; ജനങ്ങൾക്ക്‌ താക്കീതു നൽകുന്നു എന്ന ഗുണം
ഉണ്ടുതാനും. ആശുപത്രികളും ഡോക്ടർമാരും ജനങ്ങളെഭയപ്പെടാൻ തുടങ്ങി
എന്നതുതന്നെ ണല്ലോരു തുടക്കമാണ്‌.

       അമ്മയെകൊന്നാലും രണ്ടുണ്ട്‌ വാദം എന്ന്‌ പറഞ്ഞതുപോലെ ആശുപത്രികൾക്കും
ഡോക്ടർമാർക്കും കൈമലർത്താം. ആർക്കും ആരെയും കണ്ടില്ലെന്നുവയ്ക്കാം.
പക്ഷേ, ഈ ആശുപത്രി നടത്തിപ്പുകാരും ഡോക്ടർമാരും മറ്റ്‌
ആരോഗ്യപ്രവർത്തകരുമെല്ലാം ഒരിയ്ക്കൽ രോഗിയായിത്തീരുമല്ലോ. അവർക്കും
ഒരുനാൾ അന്യന്റെ കാരുണ്യവും ആലംബവും ആവശ്യമായിവരുകയും ചെയ്യും. അപ്പോൾ ഈ
സ്ഥിതി തുടരുന്ന സാഹചര്യത്തിൽ ഇന്നത്തെ വാദി, നാളത്തെ പ്രതിയായി
കൂടായ്കയില്ല. ഈ ഒരു വിധിവൈപരീത്യത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഈ ചിന്തകൾ
ഇവിടെ കുറിയ്ക്കുന്നത്‌.

       സിസേറിയൻ പ്രസവം ഒഴിവാക്കാൻ വേണ്ടി 'ഹോട്ട്‌ വാട്ടർ പ്രസവം പരീക്ഷിച്ച്‌
വിജയിച്ചു എന്ന ഒരു പുതിയ വാർത്ത കഴിഞ്ഞയാഴ്ച പത്രത്തിലുണ്ടായിരുന്നു.
ഇതെങ്ങിനെയാണ്‌ പുതിയവാർത്തയാകുന്നത്‌ എന്നറിയില്ല. പണ്ട്‌ വയറ്റാട്ടിമാർ
പ്രസവം എടുത്തിരുന്നത്‌ ചൂടുവെള്ളംകൊണ്ട്‌ വയർ തഴുകിത്തഴുകി ഈസിനസ്സ്‌
നൽകിയും വേദന അറിയാതിരിയ്ക്കാനുള്ള മാസേജുകൾ പ്രയോഗിച്ചുമാണ്‌. അന്ന്‌
പ്രസവവേദന തുടങ്ങിയാൽ ഒരു വയറ്റാട്ടിയുടെ (മിഡ്‌ വൈഫ്‌) സാന്നിദ്ധ്യവും
സേവനവും കുഞ്ഞ്‌ ജനിച്ച്‌ അതിനെ കുളിപ്പിച്ച്‌ അമ്മയേയും കുഞ്ഞിനേയും
സുരക്ഷിതമായി കൈമാറുന്നതുവരെ ഉണ്ടായിരുന്നു. അന്നവർക്ക്‌ നൽകിയ തുച്ഛമായ
വേതനം അവർ മറക്കുകയും "ഞാനാണ്‌ ഈ കുഞ്ഞിനെ എടുത്തത്‌
എന്നഭിമാനിയ്ക്കുകയും ചെയ്തിരുന്നു. വയറ്റാട്ടിമാർ പാരമ്പര്യമായിട്ട്‌
അറിവും അനുഭവവും സിദ്ധിച്ചവരായിരുന്നു. ഇന്നും ശമ്പളം അൽപം കൂടുതൽ
നൽകിയാലും അത്തരം മിഡ്‌ വൈഫ്മാരുടെ സേവനം നാട്ടിൽ സുലഭമാണ്‌.

       അതെങ്ങിനെ? സ്റ്റാർ ഹോട്ടൽ മാതിരിയുള്ള സ്റ്റാർ ഹോസ്പിറ്റലിൽ
പ്രസവിച്ചാലേ ഗമയുള്ളൂ എന്നു കരുതുന്ന കുടുംബക്കാരോട്‌ ആരെന്തു
പറഞ്ഞിട്ട്‌ കാര്യം? നമ്മുടെ തന്നെ അഹന്തയും അൽപ്പത്തരങ്ങളും
താൻപോരിമയുമാണ്‌, നമ്മുടെ എല്ലാ ദുരന്തങ്ങൾക്കും കാരണം എന്ന്‌ ഇനി
എന്നാണാവോ തിരിച്ചറിയുക. വാരിയെറിയാൻ പണമുള്ളവർ ചെയ്യുന്ന എല്ലാ
വിഡ്ഢിത്തവും അനുകൂലിയ്ക്കാനുള്ള വൃഥാശ്രമത്തിലാണ്‌ പാവപ്പെട്ടവരും
എന്നത്‌ സങ്കടകരമായ ദുരഭിമാനപ്രശ്നമാണ്‌. ദയവ്‌ ചെയ്ത്‌ ഇത്‌
വായിയ്ക്കുന്ന മാന്യമഹാജനങ്ങൾ നാട്ടിൽ ആരാരും കാണാതെ നടക്കുന്ന
പട്ടിയുടേയോ പൂച്ചയുടേയോ എലിയുടെയോ പന്നിയുടേയോ പ്രസവം ഒന്നു കാണുക.
ഇവറ്റയൊക്കെ അഞ്ചും ആറും പത്തും പന്ത്രണ്ടും  കുഞ്ഞുങ്ങളെ
പ്രസവിയ്ക്കുന്നു. പ്രസവവേദനയും പ്രസവിയ്ക്കുന്ന രീതിയും, കുഞ്ഞിന്റെയും
യോനിയുടേയും വലുപ്പത്തിന്റെ അനുപാതവും ഒന്നുതന്നെയാണ്‌. ജന്തുക്കൾക്ക്‌
മനുഷ്യനെപ്പോലെത്തന്നെ വേദനയുണ്ട്‌. എന്നാൽ ഒരു കുഞ്ഞിനെ പ്രസവിച്ച്‌
അടുത്തകുഞ്ഞിനുള്ള വേദനയനുഭവിയ്ക്കുന്ന ജന്തുവായ അമ്മ, കിടന്ന്‌ അലറാതെ
പ്രസവിച്ചു വീണ കുഞ്ഞിനെ നക്കിത്തുടച്ച്‌ സുരക്ഷിതമാക്കുന്ന കാഴ്ച
അത്ഭുതകരമാണ്‌. കരഞ്ഞു കിടന്നാൽ ആരും അതിനെ രക്ഷിയ്ക്കാനില്ല എന്ന്‌
അതിന്‌ അറിയാം. സ്വന്തം വേദനയെക്കാൾ വലുതാണ്‌ കുഞ്ഞിന്റെ സുരക്ഷ
എന്നതിനാൽ കുഞ്ഞിന്‌ വേണ്ടി ആ അമ്മ എല്ലാം നിശബ്ദമായി സഹിയ്ക്കുന്നു.       എന്തിന്‌ ജന്തുവിന്റെ കഥ; ഇപ്പോഴും ബംഗാളിലും ഉത്തർപ്രദേശിലും
ഒറീസ്സയിലും സാധാരണ ഗ്രാമീണ സ്ത്രീകൾ നദീതീരങ്ങളിൽ ആരാരും
സഹായത്തിനില്ലാതെ പ്രസവിയ്ക്കുന്നുണ്ട്‌. പ്രസവിച്ച്‌ സ്വന്തം കുഞ്ഞിനെ
മണ്ണിൽ കിടക്കുന്ന ഒരു ഇത്തിൾക്കഷ്ണംകൊണ്ട്‌ പൊക്കിൾക്കൊടി കണ്ടിച്ച്‌
വേർപെടുത്തുന്ന കാഴ്ച കണ്ടയാളാണ്‌ ഈ ലേഖകൻ. ഉടുത്തിരുന്ന ചേലത്തുമ്പ്‌
കൂടെ വന്ന സ്ത്രീയുടെ സഹായത്തോടെ മറയായിപ്പിടിച്ച്‌ പട്ടിയും പൂച്ചയും
പ്രസവിയ്ക്കുന്നപോലെ ആരവങ്ങളോ ആഡംബരങ്ങളോ ആലംബനമോ ഇല്ലാതെ പ്രസവിച്ച്‌, ആ
പുഴയിൽ കുളിച്ച്‌ കുഞ്ഞിനേയും കൊണ്ട്‌ സ്വന്തം കുടിലിലേയ്ക്കു പോകുന്ന
അമ്മമാരെ കണ്ടിട്ടുള്ള ഒരാളാണ്‌ ഈ ലേഖകൻ.
നമുക്ക്‌ സൗകര്യവും പണവും കൂടിപ്പോയതുകൊണ്ട്‌ ഒരു തുമ്മലുവന്നാലും,
വേണ്ടാത്തതു വലിച്ചുവാരിത്തിന്നതുകൊണ്ടുണ്ടായ  ഒരു സാധാരണ
ഛർദ്ദിയ്ക്കുപോലും, നേരെ സ്റ്റാർ ആശുപത്രിയോ ഡോക്ടർമാരോ ഇല്ലാതെ സ്വയം
ചെയ്യാവുന്ന പലകാര്യങ്ങൾക്കും നാം ആശുപത്രിയിലേയ്ക്ക്‌ ഓടിക്കയറി അവിടെ
തിക്കുംതിരക്കും ഉണ്ടാക്കുന്നുണ്ട്‌. 
പത്തുപേരെ ചികിത്സിക്കാൻ സൗകര്യമുള്ളിടത്തു നൂറുപേർ ചെന്നാൽ ഉണ്ടാകാവുന്ന ദുരന്തങ്ങളാണ്‌ ഇന്ന്‌ നാം കേൾക്കുന്നതിൽ പകുതിയും. മറുപകുതി ഡോക്ടർമാരുടേയും നഴ്സുമാരുടേയും
മറ്റ്‌ ടെക്നീഷ്യൻസിന്റെയും അറിവുകേടും അനാസ്ഥയും ആണെന്ന്‌ പറയാതെ വയ്യ.

       മിക്കവാറും എല്ലാ അശുപത്രികളിലും ഇന്ന്‌ നഴ്സിംഗ്‌ സ്കൂൾ കൂടി
പ്രവർത്തിയ്ക്കുന്നുണ്ട്‌. നഴ്സിംഗ്‌ സ്കൂൾ കൂടി പ്രവർത്തിയ്ക്കുന്നുണ്ട്‌. നഴ്സിംഗ്‌ സ്കൂൾ മാത്രമല്ല, ലാബ്‌-ടെക്നിഷ്യൻ കോഴ്സും , ഫാർമസ്യൂട്ടിക്കൽ കോഴ്സ്‌വരെ നടത്തുന്ന ആശുപത്രികളുണ്ട്‌.
വിദ്യാർത്ഥികളോട്‌ നല്ല ഫീസ്‌ വാങ്ങുന്നുമുണ്ട്‌. കേരളത്തിലെ അനേകായിരം
വിദ്യാർത്ഥികൾ പുറംനാടുകളിലും പഠിയ്ക്കുന്നു. കർണ്ണാടകയിലെ നാനൂറിലേറെ
അംഗീകാരമില്ലാത്ത വിദ്യാലയകഥകൾ അടുത്തകാലത്ത്‌ നിങ്ങൾ കേട്ടതാണല്ലോ. ഞാൻ
യാത്രയ്ക്കിടയിൽ ചില കുട്ടികളോടും രക്ഷിതാക്കളോടും ചോദിയ്ക്കാറുമുണ്ട്‌.
'നഴ്സിങ്ങിനും ലാബ്‌ പഠനത്തിനുമായി എന്തിനിത്രയേറെ പണവും അധ്വാനവും
ചിലവാക്കുന്നു'. എന്ന എന്റെ ചോദ്യത്തിന്‌ കിട്ടുന്ന സാധാരണ ഉത്തരം,
"ജോലികിട്ടാൻ, പ്രത്യേകിച്ച്‌ അമേരിക്കയിലേയ്ക്കോ, ജർമ്മനിയിലേയ്ക്കോ
കടക്കാൻ എളുപ്പം..." എന്നാണ്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?