18 Feb 2012

ആശയങ്ങൾക്കു അഴുക്കുപിടിക്കുന്നത്‌


വി.പി.ജോൺസ്‌

വിശാലമായ തത്ത്വചിന്തകൾ, ചെറിയ ചെറിയ വ്യക്തിത്വങ്ങൾ, ഉടഞ്ഞുപോയ സത്യങ്ങൾ
എന്നിവയാണ്‌. നവകാലത്തിന്റെ കുഴപ്പങ്ങൾ എന്ന്‌ മിലൻ കുണ്ടേര-ചെക്‌
എഴുത്തുകാരൻ നിരീക്ഷിച്ചിട്ടുണ്ട്‌. സ്വത്വം നഷ്ടപ്പെട്ടവരുടെ
സംഘമുദ്രയാണ്‌ കടലാസുപൂക്കൾ. നെല്ലിൻ മലരു തൂവിയും പാറ്റിയും പറന്നും
പോകുന്ന ഒരു കാലം. സാഹിത്യരൂപേണ മാത്രമല്ല തത്ത്വരൂപേണയും സത്യരൂപേണയും
കുണ്ടേര ഇപ്രകാരം വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്തു. ചെറിയ ചെറിയ
മനുഷ്യർ ഹ്രസ്വകായർ, ഹ്രസ്വചിത്തരും.

സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, പൊതുജീവിതം വ്യക്തിമേഞ്ഞു
നടക്കുന്ന-വിഹരിക്കുന്ന-പിഗ്മികൾ. ലോഭികളും ലോപബാധ ഏറ്റവരും ഒത്തുചേർന്ന്‌ ജ്വര(ക്ഷയ)ബാധിതമായ ഒരുലോകത്തിന്റെ സൃഷ്ടികർമ്മം നിർവ്വഹിച്ചുകഴിഞ്ഞു. അരുമകളുടെ സ്ഥാനത്ത്‌ ഏക മകൾ വന്നു. കുലീനതയെ കുടിലതയും സ്വാർത്ഥതയും അതിജീവിച്ചു. ദേശവികസനങ്ങൾ മനോരാജ്യങ്ങളിൽ വിസ്തൃതമായി. പൊയ്ക്കുതിരപ്പുറങ്ങളിൽ
ഞെളിഞ്ഞിരുന്ന്‌ മേനി നടിക്കുന്നവരുടെ എണ്ണം-ഗണം അസംഖ്യമായി. വിവരം കുറഞ്ഞവർ
മഹാപ്രതിഭാശാലികളുടെയും അതിധീഷണാശാലികളുടെയും അങ്കവസ്ത്രവും
കിരീടവുമെടുത്തണിയുന്നു. നിശയിൽ വിടരുന്ന പൂവുകൾ പകൽ
കാർബൺഡയോക്സൈഡ്‌-ഇംഗാലാമ്ലവാതകം ചുരത്തുന്നു. മന്ദബുദ്ധികൾ തങ്ങൾക്കു
തികച്ചും അനർഹമായ സിംഹാസനങ്ങളിൽ ആരൂഢരാവുന്നു. കഴുതകൾ പിഴച്ച കാലത്തിന്റെ
ബാക്കിപത്രം എന്ന കവിതകൾ രചിക്കുന്നു. നിസ്വാർത്ഥതയ്ക്ക്‌ നവീനഭാഷ്യം
ചമയ്ക്കുന്നു. ഭാഷയുടെ നേർക്കു കോപ്പിരാട്ടികാട്ടുകയും ചെയ്യുന്നു.

മുഖം പത്മദളാകാരം
വചശ്ചന്ദനശീതളം
ഹൃദയം വഹ്നിസന്തപ്തം
ത്രിവിധം ദുഷ്ടലക്ഷണം
- എന്ന്‌ നീതിസാരം.
ഓർമ്മകൾ (വെറും) ഓട്ടപ്പാത്രങ്ങൾ. ആസുരതക്കിണങ്ങും വണ്ണം
രസാർത്ഥഭാവതലങ്ങൾ പുനഃക്രമീകരിക്കപ്പെടുന്നു. കുട്ടിക്കാലത്തെ കൗതുകങ്ങൾ
കുട്ടികൾക്കു അന്യമായി. വൃദ്ധജനങ്ങൾ അവ (ഭയഭക്തിപുരസരം)
ഏറ്റുപിടിക്കുന്നു. പക്ഷെ വൃദ്ധസദനങ്ങളിൽ തളയ്ക്കപ്പെട്ടപ്പോൾ അവരുടെ
മനസ്സുകൾക്കു മുറിവേറ്റു. കൈകാലുകൾക്കു ചതവും ഉടലുകൾക്കു നീറ്റലും
ചൊറിച്ചിലും വന്നുപെട്ടു (അനുഭവപ്പെട്ടു എന്നുമാവാം). സന്ധിബന്ധങ്ങൾ
ഉടയുകയും പുകയുകയും ചെയ്തു.

പുതുവസന്തം തേങ്ങാപ്പിണ്ണാക്കോ, പൂഴിമണ്ണോ, പുഷ്പഗന്ധമോ എന്ന സന്ദേഹം
അട്ടിമറികൾ ഉണ്ടാക്കുന്നു. ഇടക്ക്‌ മറ്റൊരാലോചന:
അമേരിക്കയുടെ-കൃത്യമായിപ്പറഞ്ഞാൽ യാങ്കികളുടെ-ചിലന്തിവലയിൽ നിന്ന്‌
നൂറ്റെടുത്ത നൂലുകൊണ്ട്‌ ഉല്ലേഖനം ചെയ്തത്താണോ പ്രസ്തുതം എന്നു ചിന്ത.
കുത്സിതമനസ്കർ കുശുമ്പു(ദീനം)ബാധിച്ചവർ മറവിയുടെ മറകൾ (മലകൾ) പിഴുതു
മാറ്റുന്നതാണ്‌ സമുചിതം എന്നു ധരിച്ചുകളയുന്നു. ഉടുവസ്ത്രങ്ങളിൽപ്പോലും
പീഡനകാലാസക്തികൾ പൂക്കുന്നു. യന്ത്രങ്ങൾ മനുഷ്യശക്തിയെ വെല്ലുന്ന
ഊർജ്ജസ്രോതസ്സുകളായി. തത്ത്വപ്രചാരകർ ദൃഷ്ടാന്തങ്ങൾക്കു അപവാദം
ചമയ്ക്കുന്ന (അത്രുഗ്രൻ) ദുർമൂർത്തികളുമായി. പഴഞ്ചൊല്ലുകൾ പഴഞ്ചനാവുക
നിമിത്തം പുതുചൊല്ലുകൾ വിരചിക്കുന്നതിൽ വ്യഗ്രരും ജാഗരൂകരുമാകുന്ന
പ്രത്യുൽപന്നമതികളായ മഹാമതികൾ-ഭവിഷ്യൽകാലം അവയും പഴഞ്ചനായി ഗണിക്കും എന്ന
മൂഢധാരണയൊന്നും ബഹുഃ മഹാമതികൾക്കില്ല അശേഷമില്ല. അതും ഒരു മഹാഭാഗ്യം!

       മൂർച്ചകൂടിയ നാവുകൾ ഈർച്ചവാളുകളുടെ ധർമ്മം അനുഷ്ഠിക്കുന്നു.
ഏറ്റെടുക്കുന്നു. കണ്ണുകൾ ഒഴുകദൃഷ്ടികളെ അധിക്ഷേപിച്ച്‌ അതിശയിച്ചു
നിലകൊള്ളുന്നു. മൗനത്തിന്റെ ആകാശത്തിനും ഊതനീല. വായാടികളുടെ
കോമാളിത്തൊപ്പികൾ അരചചിഹ്നങ്ങളും അംഗുലീമുദ്രകളുമായി. ചുവപ്പൻ
നക്ഷത്രഖചിത യൂണിഫോം ധരിച്ച അർദ്ധ ജന്മങ്ങൾ-സഫലപ്രാപ്തിയടഞ്ഞു. അൽപന്മാർ
അഴകുള്ള ചാർച്ചക്കാർ അപ്പനപ്പൂപ്പന്മാരായി. ചുളയില്ലാത്ത ചക്കയിലും
അഴകുണ്ട്‌. അഴകാണ്‌ കാര്യം. അടയാളതാളം. അഴുക്കും ഒരഴകാണ്‌. അഴിമതിയുടെ
മഴവില്ലും ഒരഴകാണ്‌. അഴകാണ്‌ ആകാശം. അഴകുതന്നെ ഭൂമി. അഴകുതന്നെ പാതാളവും
അഴകുതന്നെ രുചി. അഴകല്ലേ എല്ലാം? അഴകേ നമഃ അഴുക്കേ നമോ നമഃ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...