പ്രതിജ്ഞ


മോഹൻ ചെറായി

സമയം അർദ്ധരാത്രി എത്രയോ മണി ആയിരുന്നു. തലയ്ക്കു പിടിച്ച മദ്യത്തിന്റെ
കെട്ടിറങ്ങി. ബോധം വന്ന്‌ അയാൾ എഴുന്നേറ്റിരുന്നു. പിന്നെ ടോർച്ചെടുത്ത്‌
പുറത്തേക്കിറങ്ങാൻ ഭാവിച്ചു, മൂത്രമൊഴിക്കാൻ.
വാതിൽപ്പാളി ഞരങ്ങി.
അതുകേട്ട്‌ വാരാന്തയിൽ ഇടതുവശത്തെമുറിയിൽ നിന്നു ഭാര്യ പുറത്തേക്കിറങ്ങിവന്നു.
"ഇവളെന്താ ഇവിടെ"
ചിന്തിക്കാൻ തുടങ്ങിയതേയുള്ളു; മറുപടി മനസ്സിൽ കിട്ടുന്നതിനു മുമ്പ്‌ ആ
മുറിയിൽ നിന്നു ദാ, അവനിറങ്ങി ഓടുന്നു. തലയിൽ വെളിച്ചം വീഴാൻ വൈകി.
അവന്റെ പിറകേ ഓടി! എവിടെ കിട്ടാൻ!! തിരിച്ചുവന്നു. മുഖത്ത്‌
ആകാംക്ഷയുമായി അവൾ വരാന്തയിൽ, അവനെ കിട്ടിയില്ല എന്നു കണ്ടപ്പോൾ അവളുടെ
മുഖത്ത്‌ ആശ്വാസം. അതു കണ്ടപ്പോൾ കലികയറി. സടകുടഞ്ഞ പൗരുഷവുമായി അവളെ
നേരിട്ടു.
"ആണത്തം കാട്ടേണ്ടതേയ്‌...ആണുങ്ങളോടാ"
ഭാര്യ പറയുന്നതു ശരിയാണ്‌, അയാൾക്കുതോന്നി പരാക്രമം സ്ത്രീകളോടല്ല വേണ്ടു.
"അവന്റെ കുടലു ഞാനെടുക്കും" ആക്രോശിച്ചു.
"എന്നാൽ ചെന്ന്‌ എടുക്ക്‌"
വെട്ടിത്തിരിഞ്ഞ്‌ അവൾ അകത്തേക്കുപോയി. ഈരാത്രി അവനെ ഇനി എങ്ങനെകാണാൻ?
നാളെയാകട്ടെ!
വീണ്ടും കിടന്നു; വീണ്ടും ഉറങ്ങി.
ഉണർന്നപ്പോൾ സൂര്യൻ ഉച്ചിയിൽ!
എഴുന്നേറ്റിരുന്നു ബീഡിപുകച്ചു, പുകച്ചുരുളുകളിലേക്കു നോക്കിയിരുന്നപ്പോൾ
പെട്ടെന്ന്‌ പ്രതിജ്ഞയുടെ കാര്യമോർത്തു. രക്തം തിളച്ചു! തുരുമ്പെടുത്ത
പഴയ ഒരു പേനാക്കത്തി കണ്ടെടുത്ത്‌ എളിയിൽ തിരുകി, കുടലെടുക്കാൻ!!
മാർക്കറ്റിൽ, അവന്റെ ഇറച്ചിക്കടയുടെ മുന്നിൽ ചെന്നു നിന്നു.
അറുത്തുമാറ്റിയ ആട്ടിൻ തലകൾ നിരന്നിരിക്കുന്നു. അവ അയാളെനോക്കി
കണ്ണുമിഴിച്ചും നാക്കു കടിച്ചും കാണിച്ചു.
"അവനില്ലേ"?
പണിക്കാരനെ നോക്കി ഗർജ്ജിക്കാനാഗ്രഹിച്ചു; പുറത്തുവന്നതു രോദനം!
"അകത്തുണ്ട്‌.
കത്തിയെടുത്തു കയ്യിൽവച്ചു.
അകത്തു ചെന്നു.
മേൽത്തരം കുപ്പിയും ഗ്ലാസുമായി അവനിരിക്കുന്നു.
"ങ്ങാ, താനോ...വാ, ഇരിയ്ക്ക്‌."
ഇരുന്നു.
"ഒരു ഗ്ലാസിൽ മദ്യംപകർന്ന്‌ അവൻ നീട്ടി"
"നമ്മളിന്നലെ കഴിച്ച സാധനം തന്നെയാ"
ഗ്ലാസിലേക്കു നോക്കിയപ്പോൾ നാവിൽ കപ്പലോടിക്കാൻ പാകം!
പേനാക്കത്തിയ്ക്ക്‌ എളിയിലേക്കു മടക്കം!!
കൈ അറിയാതെ നീങ്ങു...
"ഒന്നുകൂടെ ആകാമല്ലേ?" അവൻ പ്രോത്സാഹിപ്പിച്ചു. ഒന്നുകൂടിയായി.
"ഇറച്ചി തീർന്നല്ലോ, കഷ്ടമായിപ്പോയി, ങ്ങാ പോട്ടെ.
നല്ല ബോട്ടിയുണ്ട്‌. ആടിന്റെ ബോട്ടി വയറിന്‌ ഒന്നാന്തരം...ദാ ക്ലീൻ
ചെയ്തത്താ...കൊണ്ടുപോയി വറുത്തുതിന്ന്‌".
പൊതിയാക്കി അവൻ നീട്ടിയ കുടലുമെടുത്ത്‌ വേച്ചുവേച്ച്‌ അയാൾ നടന്നു;
പ്രതിജ്ഞപാലിച്ച്‌.
അപ്പോൾ അയാൾക്കു പലരുടേയും മുഖമായിരുന്നു. നിലയുറപ്പിക്കാത്തകാലുകളിൽ,
സുഹൃത്തുക്കളുടെ തോളിൽപിടിച്ച്‌ അവർ വീടുകളിലേക്കു നടന്നു കൊണ്ടിരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ