18 Feb 2012

പതനം



ബി. പ്രദീപ് കുമാർ
     കടൽത്തീരത്തു് ഏകനായിരിക്കുകയായിരുന്നു  ഞാൻ. ആകെ തകർന്നു്, നിരാശയിൽ മുങ്ങി, ഇനിയെന്തു് എന്നറിയാതെ, ദൂരെ കടലിൽ താഴുന്ന കടും ചുവപ്പാർന്ന അസ്തമയ സൂര്യനെ  നോക്കിക്കൊണ്ടു് ഇങ്ങനെ ഇരിക്കാൻ
തുടങ്ങിയിട്ടു  നേരം കുറെ ആയി. സ്വന്തമായി ചെറിയൊരു  സ്ഥാപനം തുടങ്ങിയതു്
 ചുരുങ്ങിയ സമയംകൊണ്ടു്  പൂട്ടിക്കെട്ടി ജപ്തി ചെയ്യപ്പെട്ടു് എല്ലാം
തകർന്നു് അപമാനിതനായി  കടലിന്റെ സാന്ത്വനമേൽക്കുവാനായി വന്നിരിക്കുകയാണു്. ഓരോ നിമിഷവും സൂര്യൻ സമുദ്രത്തിലേയ്ക്കു് കൂടുതൽ കൂടുതൽ ആണ്ടു പോകുന്നതുപോലെ എന്റെ മനസ്സും പോകെപ്പോകെ
വിഷാദസാഗരത്തിലേയ്ക്കു് മുങ്ങിത്താണുകൊണ്ടിരിക്കുകയാണു്
.
ജീവിതത്തിലുണ്ടായ പരാജയങ്ങളുടെ കയ്പ്പു് വളരെ നാളുകളായി എന്റെ മുഖത്തു് സ്ഥായിയായ ഒരു ദുഃഖഭാവം നിറച്ചിരുന്നു.
     കടൽത്തീരത്തെ തിരക്കുകളിൽനിന്നും ആരവങ്ങളിൽനിന്നുഎല്ലാം അകന്നു് ഒഴിഞ്ഞ ഒരു കോണിലാണു ഞാൻ ഇരിക്കുന്നതു്. കടൽത്തീരത്തു തടിച്ചുകൂടിയിരിക്കുന്ന ആളുകളെയൊന്നും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കടലിന്റെ ഇരമ്പമോ വീശിയടിക്കുന്ന
ഉപ്പുകാറ്റിന്റെ കുളിർമ്മയോ ഒന്നും എന്നെ തെല്ലും സന്തോഷവാനാക്കിയില്ല.
കടലിന്റെ സാമിപ്യം പോലും അന്നു് എന്നെ സാന്ത്വനിപ്പിക്കുന്നതിൽ
പരാജയപ്പെട്ടു. മനസ്സിലെ കടൽ വല്ലാതെ പ്രക്ഷുബ്ധമായിരുന്നു. പരാജിതനായ
ഞാൻ എന്തിനെന്നറിയാതെ അവിടെ ഇരുന്നുപോയി.
     എന്റെ കദനകഥ ഞാൻ മനസ്സിൽ അയവിറക്കി. ബിരുദധാരിയാണെങ്കിലും നല്ല ജോലിയൊന്നും ലഭിക്കാത്തതിനാൽ സ്വയം തൊഴിൽ കണ്ടെത്താമെന്നു കരുതി.
അങ്ങനെയാണു് ഉള്ള പൈസയെല്ലാം നുള്ളിപ്പെറുക്കി ബാക്കി ബാങ്കു് ലോണും തരപ്പെടുത്തി സ്വന്തമായുള്ള പതിനഞ്ചു സെന്റു ഭൂമിയിൽ, താമസിക്കുന്ന കൊച്ചു വീടിനോടു ചേർന്നുതന്നെ ഒരു ചെറിയ സംരംഭം തുടങ്ങിയതു്. മുളകും മല്ലിയും മഞ്ഞളും എല്ലാം പൊടിച്ചു് പായ്ക്കറ്റിലാക്കി വിൽക്കുകയായിരുന്നു
ലക്ഷ്യം. കറിപ്പൊടി കടകളിൽ എത്തിച്ചു കൊടുക്കുവാനായി കവേഡ് ബോഡിയുള്ള ഒരു ഓട്ടോ റിക്ഷായും വാങ്ങി. വീടിനു ചുറ്റുമുള്ള അഞ്ചുസെന്റു ഭൂമിയൊഴികെ ബാക്കി ഭൂമി പണയം വച്ചാണു ബാങ്ക് ലോൺ ശരിയാക്കിയതു്.
     എന്തിനു പറയുന്നു ഒന്നും നേരേചൊവ്വേ പോയില്ല. ഉദ്ദേശിച്ചപോലെ കച്ചവടമൊന്നും നടന്നില്ല. വിറ്റതിന്റെ പൈസയൊന്നും പല കടക്കാരും തന്നതുമില്ല. പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ കമ്പനി പൂട്ടി. ലോൺ
തിരിച്ചടവു മുടങ്ങിയതിനാൽ ബങ്കുകാർ ഉപകരണങ്ങളും അതു സ്ഥാപിച്ചിരിക്കുന്ന
കെട്ടിടവും അതിരിക്കുന്ന ഭൂമിയും ഓട്ടോ റിക്ഷയും എല്ലാം ജപ്തി ചെയ്തു. ഇന്നായിരുന്നു ജപ്തി. ഹൃദയം തകർന്നു ഞാൻ ഈ സായാഹ്നത്തിൽ ഈ കടൽത്തീരത്തു് ഏകനായി ഇരിക്കുന്നു. ഇനി എന്താണു ജീവിതമാർഗ്ഗം എന്നു് എനിക്ക് ഒരു രൂപവും
ഉണ്ടായിരുന്നില്ല.


     സന്ധ്യയായിത്തുടങ്ങി. കടൽത്തീരത്തുനിന്നു് ആളുകൾ പതുക്കെ ഒഴിയാൻ തുടങ്ങി. സ്ത്രീകൾ ഉൾപ്പെട്ട സംഘങ്ങളാണു് കൂടുതലായും ഒഴിഞ്ഞുപോകാൻ തുടങ്ങിയതു്. ഉയരമുള്ള പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത ദീപങ്ങൾ തെളിഞ്ഞു. ഞാൻ തിരക്കില്ലാത്ത ഒരു ഒഴിഞ്ഞ കോണിലാണു് ഇരിക്കുന്നതെന്നു പറഞ്ഞല്ലോ. പുറകിൽ ഒരു അനക്കം കേട്ടു് ഞാൻ തിരിഞ്ഞു നോക്കി. രണ്ടു പേർ അവിടെ എന്റെ അൽപ്പം പുറകിലായി മണലിൽ ഇരിക്കുവാൻ ഒരുങ്ങുകയാണു്. അവർ
ഇപ്പോൾ എത്തിയതേ ഉള്ളു എന്നു തോന്നുന്നു. രണ്ടു പുരുഷന്മാരാണു്. ഒരാൾ വളരെ ചെറുപ്പവും മറ്റേയാൾ മദ്ധ്യവയസ്കനും. മദ്ധ്യവയസ്കനെ കണ്ടിട്ടു് മദ്യപിച്ചിട്ടുണ്ടെന്നു തോന്നുന്നു.
     അവരുടെ സാന്നിദ്ധ്യം എന്നിൽ ഒരു അസ്വസ്ഥതയാണു് ഉണ്ടക്കിയതു്. കൂടാതെ നേരിയ ഒരു ഭയവും. തിരക്കിൽനിന്നകന്നു് ദൂരെ മാറിയിരിക്കുന്ന എന്റെ പുറകിൽ ഇവർ എന്തിനു വന്നിരിക്കണം? വല്ല കള്ളന്മാരോ പിടിച്ചുപറിക്കാരോ
ആയിരിക്കുമോ? എങ്കിൽ അവർക്കു് ആളുതെറ്റി. എന്റെ കൈയിൽ പണമോ കഴുത്തിൽ സ്വർണ്ണമാലയോ ഒന്നുമില്ല. വെറും ഒരു ദരിദ്രവാസി. പക്ഷെ ഒന്നുണ്ടു്-മൊബൈൽ
ഫോൺ. കൊള്ളാം, ഈ വിലകുറഞ്ഞ, തല്ലിപ്പോളി മൊബൈൽ ഫോൺ ആരും കൊണ്ടുപോകുമെന്ന തോന്നുന്നില്ല.


     എന്റെ ഏകാന്തത നശിപ്പിക്കാനായി അവർ അവിടെ വന്നിരുന്നതു് എനിക്കു തീരെ ഇഷ്ടപ്പെട്ടില്ല. എന്നാൽ ഞാൻ അവിടെനിന്നു് എഴുന്നേറ്റു പോകാൻ തുനിഞ്ഞില്ല. ജാഗരൂകനായി, ഏതു് അടിയന്തിര ഘട്ടത്തേയും നേരിടാൻ തയ്യാറായി
അവിടെത്തന്നെ ഇരുന്നു. അവരുടെ സംഭാഷണം വളരെ ശ്രദ്ധാപൂർവ്വം ശ്രവിച്ചു.
     "എടാ നീ ഒന്നുകൊണ്ടും വെഷമിക്കെണ്ടാ എന്നു പറഞ്ഞില്ലേ. നിനക്കു ഗൾഫിൽ പോകണം, അത്രയല്ലേ ഉള്ളൂ? ഞാൻ ശരിയാക്കാം. അതിനൊക്കെ പറ്റിയ ആളു
നമുക്കുണ്ടെന്നേ," മദ്യപിച്ചിട്ടുള്ള ആ മദ്ധ്യവയ്സ്കന്റെ കുഴഞ്ഞ ശബ്ദമാണു കേൾക്കുന്നതു്.
     " അച്ചായാ, എനിക്കു് എത്രയും വേഗം അക്കര കടക്കണം. ഇവിടെ ഇങ്ങനെ തെക്കുവടക്കു നടന്നു ഞാൻ മടുത്തു," ആ ചെറുപ്പക്കാരനാണു് പറയുന്നതു്.
     "ശരി, എന്നാൽ ഇപ്പൊത്തന്നെ നിന്റെ കാര്യം ഓക്കേ ആക്കിയിട്ടു് ബാക്കി കാര്യം. നിന്റെ മൊബൈൽ എടുക്കു്."
     ചെറുപ്പക്കാരൻ തന്റെ മൊബൈൽ എടുത്തെന്നു തോന്നുന്നു.
     മദ്ധ്യവയസ്കൻ തുടർന്നു, "ഈ നമ്പർ അങ്ങോട്ടു ഞെക്കിയിട്ട് അതു് എന്റെ കൈയിലോട്ടു താ. ഇപ്പത്തന്നെ നിന്റെ കാര്യം തോമാച്ചനോടു പറഞ്ഞേക്കാം. നിനക്കു സമാധാനമാവട്ടെ."


     എന്നിട്ടു് അയാൾ ഒരു മൊബൈൽ ഫോൺ നമ്പർ ഓരോ അക്കമായി പറയാൻ തുടങ്ങി. എന്താണെന്നറിയില്ല, ആ നമ്പർ മനസ്സിൽ കുറിച്ചിടണമെന്നു് എനിക്കു തോന്നി.
ഞാൻ ആ നമ്പർ മനസ്സിൽ ആവർത്തിച്ചു പറഞ്ഞു ഹൃദിസ്ഥമാക്കി. ഇതിനിടയിൽ ചെറുപ്പക്കാരൻ തന്റെ മൊബൈൽ മറ്റേയാൾക്കു കൈമാറിയിരിക്കണം. സംസാരമൊന്നും
കേൾക്കാത്തതുകൊണ്ടു് തിരിഞ്ഞുനോക്കുവാനുള്ള ഒരു ജിജ്ഞാസ എന്നെ ഞെരുക്കി. തിരിഞ്ഞുനോക്കുന്നതു ശരിയല്ല എന്നു തോന്നിയതുകാരണം ഞാൻ അതു ചെയ്തില്ല.
     ഉടനെ തന്നെ മദ്ധ്യവയസ്കന്റെ ശബ്ദം കേട്ടു, "ആ തോമാച്ചൻ ഫോണെടുക്കുന്നില്ല. കുടിച്ചു ബോധം കെട്ടു വല്ലേടത്തും കിടക്കുകയാവും കള്ളക്കഴുവേറി. നീ വെഷമിക്കെണ്ടെടാ ചെറുക്കാ. ഞാൻ നിന്റെ കാര്യം പറഞ്ഞു
ശരിയാക്കിക്കോളാം."
"പൈസ വല്ലോം കൊടുക്കേണ്ടിവരുമോ അച്ചായാ?"
"അയ്യടാ, പൈസ കൊടുക്കാതെ നിന്നെ കേറ്റിവിടാൻ തോമാച്ചൻ ആരാ, നിന്റെ അപ്പനാണോ?. അവന്റെ ഒരു ചോദ്യം! ഇതേ അയാടെ ബിസിനസ്സാ. പൈസാ കൊടുക്കേണ്ടി
വരും. അതിനു പറ്റത്തില്ലേ നീ വേറെ പണി വല്ലോം നോക്കു്, മനുഷ്യനെ    മെനക്കെടുത്താതെ. എനിക്കു നാലു പെഗ്ഗു റം വാങ്ങിച്ചു തന്നേച്ചു് ചുളുവിനു ഗൾഫിൽ പോകാമെന്നാണോ നീ വിചാരിച്ചത്, തെണ്ടീ"
     "ചൂടാവാതെ അച്ചായാ, ഞാൻ ഒരു സംശയം ചോദിച്ചതല്ലേ. അതിരിക്കട്ടെ ഈ തോമാച്ചന്റെ വീടെവിടാ?"
     "നമ്മടെ മഹാരാജാ ബാറിന്റെ അപ്പറത്തെ കവലയില്ലേ?. അവിടെ ചെന്ന് ഗൾഫ് തോമാച്ചന്റെ വീടു ചോദിച്ചാൽ ആരും പറഞ്ഞുതരും. അയാൾ അവിടെ അറിയപ്പെടുന്ന
ആളാണെന്നേ. പരോപകാരിയാ, കേട്ടോ. എത്ര പേരേയാ അക്കര കടത്തിയിരിക്കുന്നതു്. നീ നാളെ വൈകിട്ടെങ്ങാനും പോയാൽ മതി. അതിനുമുൻപ് ഞാൻ അയാളെ വിളിച്ചു
പറഞ്ഞേക്കാം."
     അതോടെ സംഭാഷണം മതിയാക്കി അവർ രണ്ടുപേരും എഴുന്നേറ്റു പോയി. ഞാൻ തലതിരിച്ചു്, നടന്നകന്നു പോകുന്ന ആ രണ്ടു മനുഷ്യരെത്തന്നെ നോക്കിയിരുന്നു. അവർ ദൃഷ്ടിയിൽനിന്നു മറഞ്ഞപ്പോഴാണു ഞാൻ നോട്ടം പിൻവലിച്ചു് കടലിനുനേരേ നോക്കിയതു്. വെളിച്ചം കുറവായ കാരണം കടൽ കറുത്ത ഒരു കരിമ്പടം കണക്കെ കരയിലേയ്ക്കു കയറി വരുന്നതും ഇറങ്ങിപ്പോകുന്നതുമാണു് കാണാൻ കഴിഞ്ഞതു്. വൈദ്യുത വിളക്കുകളുടെ പ്രകാശം കടൽത്തീരത്തെ ഇരുട്ടിനെ
ഒരു പരിധിവരെയേ നീക്കിയിരുന്നുള്ളു. വളരെ കുറച്ചു് ആളുകൾ മാത്രമേ അപ്പോൾ അവിടെ ബാക്കിയുണ്ടായിരുന്നുള്ളു.
     ആ മൊബൈൽ നമ്പർ ഞാൻ ഓർമ്മയിൽനിന്നു് പതുക്കെ ഉരുവിട്ടു. എന്നിട്ടു് എന്റെ ഷർട്ടിന്റെ പോക്കറ്റിൽനിന്നും ഞാൻ ഫോൺ നമ്പർ എഴുതി സൂക്ഷിക്കുന്ന
പോക്കറ്റ് ഡയറി എടുത്തു് അതിൽ എഴുതിവച്ചു. ഫോൺ നമ്പറിന്റെ ഉടമയുടെ പേരായി ഗൾഫ്തോമാച്ചൻ എന്നാണു് എഴുതിയതു്. അതു കൂടാതെ എന്റെ മൊബൈലിലും ആ നമ്പർ
സേവ് ചെയ്തു. ഇതു് എന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ഒരു ഫോൺ നമ്പർ ആണെന്നു് മനസ്സിൽ വെറുതെ ഒരു തോന്നൽ. അജ്ഞാതനായ ഗൾഫ് തോമാച്ചൻ-അയാളാണോ
എന്റെ രക്ഷകനാവാൻ പോകുന്നതു്? എന്റെ മനസ്സിൽ പതുക്കെ പ്രതീക്ഷ ഉണരാൻ തുടങ്ങി. ഈ മൊബൈൽ നമ്പറിൽ ഗൾഫ് തോമാച്ചനെ വിളിക്കാൻ ഞാൻ തീരുമാനിച്ചു.
പരിചയമില്ലാത്ത ആളാണു്. പക്ഷെ അതു സാരമില്ല എന്നു് എന്റെ മനസ്സു പറഞ്ഞു. ഗൾഫിലേയ്ക്കു് ആളുകളെ കയറ്റി വിടുന്നതു് അയാളുടെ ബിസിനസ്സാണെന്നല്ലേ ആ കുടിയൻ പറഞ്ഞതു്. അപ്പോൾ അയാൾക്കു് പണം കിട്ടിയാൽ
മതിയല്ലോ.എങ്ങനെയെങ്കിലും കുറച്ചു പണം സംഘടിപ്പിക്കണം. ഗൾഫ് തോമാച്ചൻ വഴി അക്കര കടക്കണം-എന്റെ പ്രതീക്ഷകൾക്കു് അനക്കം വച്ചു.


     അടുത്ത ദിവസം രാവിലെ. തോമാച്ചന്റെ മൊബൈലിലേയ്ക്കു വിളിക്കുവാനുള്ള ആകാംക്ഷ എനിക്കു സഹിക്കാൻ പറ്റാത്ത നിലയിലെത്തി. എട്ടു മണി ആയതേ ഉള്ളു.
അയാൾ ഉണർന്നു കാണുമോ? ഞാൻ എന്റെ മൊബൈൽ എടുത്തു് ഗൾഫ് തോമാച്ചന്റെ നമ്പർ ഞെക്കി. കോൾ ബട്ടൺ അമർത്താൻ തുടങ്ങിയപ്പോൾ വേണ്ടെന്നു തോന്നി. അഞ്ചു
മിനിറ്റു കഴിഞ്ഞപ്പോൾ വീണ്ടും നമ്പർ ഞെക്കി. ഇത്തവണ കോൾ ബട്ടണിൽ വിരലമർത്തുകതന്നെ ചെയ്തു. മറുതലയ്ക്കൽ ബെല്ലടിക്കുന്നുണ്ടു്. എന്റെ നെഞ്ചിടിപ്പു കൂടി. പെട്ടെന്നു ബെല്ലടിക്കുന്ന ശബ്ദം നിലച്ചു. അയാൾ
ഫോണെടുത്തെന്നു തോന്നുന്നു. ഇതാ അജ്ഞാതനായ എന്റെ രക്ഷകൻ ഗൾഫ് തോമാച്ചന്റെ ശബ്ദം ഞാൻ ആദ്യമായി കേൾക്കാൻ പോകുന്നു. എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം
പെരുമ്പറ പോലെ മുഴങ്ങുന്നു.


"ഹലോ," അതു തോമാച്ചന്റെ ശബ്ദം തന്നെ ആയിരിക്കണം.
തോമാച്ചൻ എന്നു വിളിക്കണോ അതോ സാർ എന്നു വിളിക്കണോ എന്നു് എനിക്കൊരു
ആശയക്കുഴപ്പം. അവസാനം ഒന്നും വിളിക്കേണ്ട എന്നു തീരുമാനിച്ചു.
"എന്റെ പേരു് ........ എന്നാണു്. ഗൾഫിൽ പോകാൻ താത്പര്യമുണ്ടു്.
സഹായിക്കാൻ പറ്റുമോ എന്നു ചോദിക്കാൻ വിളിച്ചതാ."
ഒരു നിമിഷം കഴിഞ്ഞാണു് മറുപടി വന്നതു്, "എന്റെ നമ്പർ എങ്ങനെ കിട്ടി?"
ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു. അതിനാൽ മറുപടിയും ആലോചിച്ചുറപ്പിച്ചിരുന്നു.
"എന്റെ ഒരു സ്നേഹിതൻ താങ്കളുടെ സഹായത്താൽ ഗൾഫിൽ പോയിട്ടുണ്ടു്. അവൻ
തന്നതാണു് നമ്പർ."
"എന്നെ നേരിട്ടു വന്നു കാണു്." ഗൾഫ് തോമാച്ചൻ ഫോൺ കട്ടു ചെയ്തു.
     കടൽത്തീരത്തുവച്ചു കേട്ട സംഭാഷണത്തിൽനിന്നു് ഗൾഫ് തോമാച്ചന്റെ
വീട്ടിലെത്താനുള്ള വഴിയും ഞാൻ മനസ്സിലാക്കിയിരുന്നല്ലോ. അതിനാൽ അയാളുടെ
വീട്ടിലെത്താൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അയാളുടെ വീടു കണ്ടപ്പോൾ ഞാൻ
അത്ഭുതപ്പെട്ടുപോയി. വലിയൊരു പോഷ് കൊട്ടാരമാണു ഞാൻ പ്രതീക്ഷിച്ചതു്.
പക്ഷെ എത്തിപ്പെട്ടതോ സാധാരണക്കാരന്റേതെന്നു തോന്നാവുന്ന ഒരു ചെറിയ
വീട്ടിലും. വീടു് ഇതല്ല എന്നു വരുമോ-ഞാൻ സംശയിച്ചു.
ഞാൻ വരുന്നതു കണ്ടിട്ടാവണം, മെലിഞ്ഞു്, സാധാരണ പൊക്കമുള്ള,
കഷണ്ടിക്കാരനായ ഒരു മദ്ധ്യവയസ്കൻ പുറത്തേയ്ക്കിറങ്ങി വന്നു. ലുങ്കിയാണു് ഉടുത്തിരിക്കുന്നതു്. ഷർട്ടോ ബനിയനോ ഒന്നും ധരിച്ചിട്ടില്ല. ഒരു തോർത്തുമാത്രം തോളിൽ ഇട്ടിരിക്കുന്നു.
"ഞാൻ തോമാച്ചായനെ(തോമാച്ചായൻ എന്നു പറയാനാണു് എനിക്കപ്പോൾ തോന്നിയതു്)
ഒന്നു കാണാൻ വന്നതാണു്."
"ആയ്ക്കോട്ടെ. ഞാൻ തന്നെയാണു് തോമാച്ചായൻ, ഗൾഫ് തോമാച്ചൻ."
     അവിടെയും എന്റെ പ്രതീക്ഷ തെറ്റി. ഗൾഫ് തോമാച്ചന്റെ രൂപം ഇങ്ങനെ ആയിരുന്നില്ല ഞാൻ സങ്കൽപ്പിച്ചതു്. കനമുള്ള സ്വർണ്ണമാല ധരിച്ച കുടവയറനായ ഒരു തടിയനെ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചതു്. കഷണ്ടിക്കാരനായിരിക്കും
എന്നും ഞാൻ കണക്കുകൂട്ടിയിരുന്നു. അതു മാത്രം ശരിയായി വന്നു.
     ഗൾഫ് തോമാച്ചൻ എന്നെ അകത്തേയ്ക്കു് ക്ഷണിച്ചു. സ്വീകരണമുറിയിലും പണക്കൊഴുപ്പോ ധാരാളിത്തമോ ഒന്നും കാണാൻ കഴിഞ്ഞില്ല. ഞാൻ തോമാച്ചനോടു
കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. എന്റെ ബിസിനസ്സ് സംരംഭം പൊളിഞ്ഞതും എനിക്കു ജീവിതമാർഗ്ഗമൊന്നും ഇല്ലാതായതും ഇനി ഗൾഫല്ലാതെ ശരണമില്ല എന്നുള്ളതുമെല്ലാം ഞാൻ വിവരിച്ചു. എത്രയും വേഗം എന്നെ അവിടെ  എത്തിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല എന്നു
പറഞ്ഞു് തോമാച്ചന്റെ സിമ്പതി പിടിച്ചുപറ്റാനും ശ്രമിച്ചു. എല്ലാം
കേട്ടിട്ടു് ഒരു നിമിഷം ആലോചിച്ചശേഷം തോമാച്ചൻ പറഞ്ഞു,
"ഉടനെ പോകണമെങ്കിൽ ഒരു മാർഗ്ഗമേയുള്ളു………… പാസ്സ്പോർട്ടൊക്കെ ഉണ്ടല്ലോ അല്ലേ?"
ഉണ്ടെന്നു ഞാൻ തലയാട്ടി.
"എവിടാ താമസിക്കുന്നതു്?"
ഞാൻ എന്റെ സ്ഥലപ്പേരു പറഞ്ഞു.
"വീട്ടിലാരൊക്കെ ഉണ്ട്? പെണ്ണു കെട്ടിയതാണോ?" അയാൾ ചോദ്യം ചെയ്യൽ തുടർന്നു.
"പെണ്ണു കെട്ടിയിട്ടില്ല. വീട്ടിൽ അമ്മയും ഒരു അനുജനും മാത്രമേ ഉള്ളു. ആർക്കും ജോലിയൊന്നും ഇല്ല. അച്ഛൻ നേരത്തെതന്നെ മരിച്ചു."
"ബോബെ വരെ പോകാമോ?"
"പോകാം," ഞാൻ എന്തിനും തയ്യാറായിരുന്നു.
"അവിടെ എന്റെ ഒരു സുഹൃത്തുണ്ടു്, കരീം ഭായി. പുള്ളിക്കാരനെ ചെന്നു കണ്ടാൽ മതി. വിശ്വസിക്കാവുന്ന കക്ഷിയാ. പുള്ളി മിനിറ്റുവച്ചാ ആളുകളെ കേറ്റി വിടുന്നതു്. തന്റെ അവസ്ഥയെല്ലാം പറഞ്ഞാൽ പുള്ളിക്കാരൻ സർവ്വീസ് ചാർജ്ജും
കുറച്ചു തരും. നല്ല മനുഷ്യനാ. ഞാൻ അങ്ങേരെ വിളിച്ചു് തന്റെ കാര്യമെല്ലാം പറഞ്ഞുറപ്പിച്ചേക്കാം. എന്താ?" ഗൾഫ് തോമാച്ചൻ ചോദ്യഭാവത്തിൽ എന്നെ നോക്കി.
     ഞാൻ സമ്മതിച്ചു. എത്രയും വേഗം അക്കര പറ്റണം എന്ന ഒരു ചിന്ത മാത്രമേ
മനസ്സിലുണ്ടായിരുന്നുള്ളു.
     അങ്ങനെ ഞാൻ ബോംബെയ്ക്കു വണ്ടി കയറി. വിധി അവിടെയും എന്നെ വലച്ചു.
കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഉദ്ദേശിച്ചപോലെ ഒന്നും നടന്നില്ല. വെറും കയ്യോടെ ഞാൻ തിരികെയെത്തി. ഞാൻ ഇതാ വീണ്ടും ഗൾഫ് തോമാച്ചന്റെ മുൻപിൽ
എത്തിയിരിക്കുകയാണു്. അയാൾക്കു മാത്രമേ എന്നെ രക്ഷിക്കാൻ കഴിയുകയുള്ളു എന്നാണു ഞാൻ കണക്കുകൂട്ടിയതു്. അതാണു വീണ്ടും തോമാച്ചന്റെ മുൻപിൽ എത്തിയതു്.
"ഇയാൾ വീണ്ടും വന്നോ? ബോംബയിലൊന്നും പോയില്ലേ?" എന്നെ വീണ്ടും അവിടെ കണ്ടതു വിശ്വസിക്കാൻ കഴിയാത്തതുപോലെ തോമാച്ചൻ അത്ഭുതത്തോടെ നോക്കി.
"പോയി. പക്ഷെ കരീം ഭായിയെ കണ്ടില്ല," ഗൾഫ് തോമാച്ചന്റെ മുന്നിൽ ഒരു കുറ്റവാളിയെപ്പോലെയാണു ഞാൻ നിന്നതു്. എനിക്കു ബോംബെയിൽവച്ചു സംഭവിച്ച കാര്യം തോമാച്ചന്റെ മുൻപിൽ എങ്ങനെ അവതരിപ്പിക്കും എന്നു് എനിക്കു സംശയമുണ്ടായിരുന്നു. ഒന്നിനും കൊള്ളാത്തവൻ എന്നു പറഞ്ഞു് അയാൾ എന്നെ
ആട്ടിപ്പായിച്ചാലോ.
"എന്താ കരീം ഭായിയെ കാണാഞ്ഞതു്?"
"അതിനു മുൻപ് ……. എന്റെ പാസ്സ്പോർട്ട് മോഷണം പോയി."
സംഭവം വിവരിക്കുവാനുള്ള ഊർജ്ജം സംഭരിക്കാനായി ഞാൻ ഒരു നിമിഷം നിർത്തി.
"ഞാൻ ബോംബെയിൽ ചെന്നിറങ്ങിയിട്ട് ഒരു ലോഡ്ജിൽ മുറിയെടുത്തു. അത്ര നല്ല
ലോഡ്ജൊന്നുമായിരുന്നില്ല. ചെലവു കുറയ്ക്കണം എന്നു കരുതിയാണു് അവിടെ മുറിയെടുത്തതു്. ലോഡ്ജുകാരൻ എന്നോടു വിവരമെല്ലാം ചോദിച്ചു മനസ്സിലാക്കിയിരുന്നു. അവിടെ കുളിയെല്ലാം കഴിഞ്ഞു് ഭക്ഷണം കഴിക്കുവാനായി
മുറി പൂട്ടിയിട്ടു് ഞാൻ പുറത്തുപോയി. തിരികെ വന്നു് മുറി തുറന്നപ്പോൾ എന്റെ ബാഗ് തുറന്നിരിക്കുന്നതായും അതിലെ തുണിയുംമറ്റുമെല്ലാം വാരി വലിച്ചിട്ടിരിക്കുന്നതായും കണ്ടു. പൈസയെല്ലാം എന്റെ കൈയിൽത്തന്നെ
സൂക്ഷിച്ചിരുന്നതിനാൽ ഒന്നും നഷ്ടപ്പെട്ടു കാണില്ലെന്നാണു ഞാൻ കരുതിയതു്. എന്നാൽ ബാഗിൽ വച്ചിരുന്ന പാസ്സ്പോർട്ട് കാണാനില്ലായിരുന്നു. ലോഡ്ജുകാരനോടു ചോദിച്ചപ്പോൾ അയാൾ കൈ മലർത്തി. എന്നിട്ടു് ഭിത്തിയിൽ
തൂക്കിയിട്ടിരിക്കുന്ന ഒരു ബോർഡിലേയ്ക്കു് ചൂണ്ടിക്കാണിച്ചു.
'മുറിയിൽനിന്നു് സാധനങ്ങൾ നഷ്ടപ്പെട്ടാൽ അവർക്കു യാതൊരു ഉത്തരവാദിത്തവും ഇല്ല' എന്നാണു് അതിൽ എഴുതി വച്ചിരുന്നതു്."
     തോമാച്ചൻ എന്നോടു ചൂടാവുമെന്നും എന്നെ ആട്ടിപ്പുറത്താക്കുമെന്നും എനിക്കു പേടിയുണ്ടായിരുന്നു. എന്റെ വിവരണം കേട്ടുകഴിഞ്ഞു് അയാൾ ഒന്നും
മിണ്ടാതെ കുറെ നേരം എന്റെ മുഖത്തേയ്ക്കുതന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടു് ഇരുന്നു. അയാളുടെ നോട്ടത്തിൽ ഞാൻ ഉരുകുകയായിരുന്നു. അയാൾ ഉടനെ എന്തെങ്കിലും ഒന്നു പറഞ്ഞെങ്കിൽ എന്നു് ഞാൻ ആഗ്രഹിച്ചുപോയി.
     കരുണാമയനായ ഗൾഫ് തോമാച്ചന്റെ മുഖത്തു് ഒരു പുഞ്ചിരിപോലെ എന്തോ ഒന്നു് അവസാനം തെളിഞ്ഞു. എനിക്കു പകുതി സമാധാനമായി. അയാൾ എന്നെ സാന്ത്വനിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു,
"ചിലർ ഇങ്ങനെയാ. എന്തു കാര്യത്തിനിറങ്ങിയാലും ശരിയാവത്തില്ല. എല്ലാം നാശകോടാലിയാവും. താൻ അത്തരത്തിൽപ്പെട്ട ഒരുത്തനാ. ഇനിയിപ്പം എന്തുവാ
തന്റെ പ്ലാൻ?"
"എനിക്കറിയില്ല. എല്ലാം തോമാച്ചായൻ പറയുന്നപോലെ," ഞാൻ പറഞ്ഞു. തോമാച്ചൻ അൽപ്പനേരത്തേയ്ക്കു് ഒന്നും മിണ്ടിയില്ല. എന്തോ
ആലോചിക്കുകയാണെന്നു തോന്നി. അവസാനം ഇങ്ങനെ പറഞ്ഞു,
"തന്റെ കഥയെല്ലാം കേട്ടപ്പോൾ തന്നെ ഉപേക്ഷിക്കാൻ മനസ്സു വരുന്നില്ല.
ഞാനും ഒരു മനുഷ്യജീവി അല്ലേടോ?. സംഭവിച്ചതു സംഭവിച്ചു. അതിനു നമ്മക്കൊന്നും ചെയ്യാൻ പറ്റത്തില്ല. ഇനിയിപ്പം അതിനു ശേഷം നോക്കുക......നഷ്ടപ്പെട്ട പാസ്സ്പോർട്ടിനു പകരം വേറൊന്നെടുക്കണം. അല്പം ബുദ്ധിമുട്ടാ. നഷ്ടപ്പെട്ടെന്നുള്ളതിനു തെളിവു കൊടുക്കേണ്ടിവരും. ഞാൻ
തന്നെ ഒരു പാർട്ടിയുടെ അടുത്തേയ്ക്കു വിടാം. അയാൾ സഹായിക്കും."
     കാരുണ്യവാനായ തോമാച്ചന്റെ വാക്കുകൾ കേട്ടപ്പോൾ എന്റെ ഹൃദയം നിറഞ്ഞു, കണ്ണുകളും. ആ കാലുകളിൽ വീണു് ഒന്നു കരയണമെന്നു തോന്നിപ്പോയി.
എന്തിനാണീ മനുഷ്യൻ യാതൊരു പരിചയവുമില്ലാത്ത എന്നിൽ ഇങ്ങനെ കാരുണ്യം ചൊരിയുന്നതു്? എന്റെ മരിച്ചുപോയ പിതാവിന്റെ സ്ഥാനത്താണു ഞാൻ ഇപ്പോൾ ഗൾഫ്
തോമാച്ചനെ കണ്ടതു്.
     എന്റെ കണ്ണു നിറഞ്ഞിരിക്കുന്നതു് തോമാച്ചൻ ശ്രദ്ധിച്ചെന്നു
തോന്നുന്നു. എന്റെ പുറത്തു തട്ടിക്കൊണ്ടു് അദ്ദേഹം പറഞ്ഞു,
     "വെഷമിക്കെണ്ടടോ. എല്ലാം ശരിയാവും. ധൈര്യമായിരിക്കു്. തന്നെ അക്കര കടത്തിയിട്ടേ എനിക്കിനി വിശ്രമമുള്ളു"


     പിന്നീടു് പുതിയ പാസ്സ്പോർട്ടിനുള്ള ശ്രമം തുടങ്ങി. കാലതാമസം വന്നു. എങ്കിലും ഒടുവിലിതാ പുതിയ പാസ്സ്പോർട്ട് എന്റെ കൈയിലെത്തി. അതു കൈയിൽ കിട്ടിയ നിമിഷംതന്നെ തോമാച്ചനെ ചെന്നു കാണാൻ ഞാൻ ഇറങ്ങി. തോമാച്ചനെ
കണ്ടിട്ടു വളരെ നാളുകളായിരിക്കുന്നു. പാസ്സ്പോർട്ടുമായി മാത്രമേ ഇനി തോമാച്ചന്റെ അടുത്തേയ്ക്കു പോകുന്നുള്ളു എന്നു ഞാൻ തീരുമാനിച്ചിരുന്നു.
ഇപ്പോൾ ഇതാ ആ അവസരം വന്നിരിക്കുന്നു. എന്റെ കഷ്ടപ്പാടെല്ലാം തീരാൻ പോവുകയാണു്. ആഹ്ലാദത്തോടൊപ്പം എന്റെ രക്ഷകനാവാൻ പോകുന്ന ആ നല്ല
മനുഷ്യന്റെ ചിത്രവും എന്റെയുള്ളിൽ നിറഞ്ഞു.
     തോമാച്ചന്റെ വീട്ടിലേയ്ക്കു പോകുവാനായി ഞാൻ മഹാരാജാ ബാറിനടുത്തുള്ള ജങ്ങ്ഷനിൽ എത്തിയതേയുള്ളു. എന്റെ വലതുവശത്തു് വന്നു ചേരുന്ന റോഡിൽക്കൂടി
ദൂരെനിന്നു് ഒരു വാഹനവ്യൂഹം വരുന്നതായി കണ്ടു. മൃതദേഹവും
വഹിച്ചുകൊണ്ടുള്ള വിലാപയാത്രയാണു്. മുൻപിലുള്ള വാഹനത്തിൽ ഉച്ചഭാഷിണിയിലൂടെ പാട്ടും വച്ചിട്ടുണ്ട്. ആ വാഹനവ്യൂഹം കവലയിൽനിന്നു് ഗൾഫ് തോമാച്ചന്റെ വീടിരിക്കുന്ന ഭാഗത്തേയ്ക്കാണു തിരിഞ്ഞതു്. പെട്ടെന്നു് ഒരു ഭയം എന്നെ പിടികൂടുകയായിരുന്നു. എന്റെ ചങ്കിടിപ്പു വർദ്ധിച്ചു.


മുൻപിൽ പോകുന്ന വാഹനത്തിന്റെ മുൻവശത്തു വച്ചിരിക്കുന്ന പടം കണ്ടപ്പോൾ എന്റെ കണ്ണിൽ ഇരുട്ടു കയറി-അതു് ഗൾഫ് തോമാച്ചന്റെ പടമായിരുന്നു.
     വീഴാതിരിക്കുവാനായി ഞാൻ റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ചാരി നിന്നു. എത്രനേരം അങ്ങനെ നിന്നുവെന്നു് എനിക്കറിയില്ല. പരിസരബോധം വീണ്ടുകിട്ടിയപ്പോൾ ഞാൻ തിരികെ നടന്നു. തോമാച്ചന്റെ വീട്ടിലേയ്ക്കു പോകാൻ
എനിക്കു കഴിയുമായിരുന്നില്ല. ഷർട്ടിന്റെ പോക്കറ്റിൽനിന്നു് ഞാനെന്റെ പുത്തൻ പാസ്സ്പോർട്ട് കൈയിലെടുത്തു തുറന്നു. അതിന്റെ ഉള്ളിൽ നിന്നു് എന്നെ നോക്കി പുഞ്ചിരിക്കുന്ന എന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്കു കരച്ചിൽ വന്നു. ആ പാസ്സ്പോർട്ടിന്റെ പേജുകളെല്ലാം കീറി ഞാൻ അഴുക്കുചാലിലേയ്ക്കു വലിച്ചെറിഞ്ഞു. ഇനി ഇതെനിക്കു് എന്തിനാണു്?.
     സമനില തെറ്റിയ ഒരുവനെപ്പോലെ ലക്ഷ്യമേതുമില്ലാതെ ഞാൻ ടൗണിലൂടെ അലഞ്ഞു നടന്നു. അവസാനം ഒരു ഗെയ്റ്റിനു മുൻപിൽ എത്തിയപ്പോൾ ഞാൻ നിന്നുപോയി. അവിടെ വച്ചിരിക്കുന്ന ബോർഡ് വായിച്ചു-രാജരത്നം, അസ്ട്രോളജർ.
ഇതിനു മുൻപ് പലതവണ ആ കെട്ടിടത്തിനു മുൻപിൽക്കൂടി പോയിട്ടുള്ളതാണു്. അപ്പോഴൊക്കെ പുച്ഛത്തോടെ അങ്ങോട്ടു നോക്കുകയാണു ചെയ്തിരിക്കുന്നതു്.
ജ്യോത്സ്യനെ കാണാനെത്തിയവർ തങ്ങളുടെ ഊഴം വരുവാനായി ആ കെട്ടിടത്തിന്റെ മുൻവശത്തു് ഇട്ടിരിക്കുന്ന കസേരകളിൽ കാത്തിരിക്കുന്നു. എന്റെ കാലുകൾ അറിയാതെ അവിടേയ്ക്കു് നീങ്ങി. ഒഴിഞ്ഞ ഒരു കസേരയിൽ ഞാനും സ്ഥാനം പിടിച്ചു.
എന്റെ പതനം പൂർത്തിയാവുകയായിരുന്നു
     ………………………………...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...