ജനാർദ്ദനൻ വല്ലത്തേരി
ബസ്സു കേറാൻ നിൽക്കുമ്പോഴാണ്, സംഭവം.
തിരക്കൊന്നു ഒഴിഞ്ഞിട്ടു കേറാം എന്നു കരുതി, ബാഗും നിലത്തുവച്ച് ഞാൻ
ബസ്സിനടുത്ത് നിൽക്കുമ്പോൾ, ദാ വരുന്നു ഒരുത്തൻ. യാതൊരു ചോദ്യവും
ഉത്തരവുമില്ലാതെ കക്ഷി എന്റെ ബാഗും പൊക്കി ഒറ്റ പോക്ക്. ഇതെന്ത് കൃതി.
തട്ടിപ്പറിക്കാരനാണെന്ന് ആദ്യം കരുതി. അല്ല - അട്ടിമറിക്കാരനാണെന്നുടനെ
മനസ്സിലായി. കക്ഷത്തിലൊതുങ്ങുന്ന എന്റെ ആ കൊച്ചുബാഗും തലയിലേറ്റി
ചുമട്ടുകാരൻ ബസ്സിന്റെ കോണിപ്പടി കയറുകയാണെന്ന് കണ്ടപ്പോൾ, ഞാൻ
അമ്പരന്നുപോയി.
'ഹേ. മിസ്റ്റർ. അതെന്റെ ബാഗാ. ബസ്സിന്റെ മോളിലിടാൻ ചുമടൊന്നുമല്ല. എന്റെ
ബാഗിങ്ങു താ.'
ഞാൻ പറഞ്ഞതൊന്നും ചെവിക്കൊള്ളാതെ ചുമട്ടുകാരൻ ബാഗ് ബസ്സിന്റെ
മുകൾത്തട്ടിലേയ്ക്ക് ഒറ്റ ഏറാണ്. അനന്തരം ചടപടാന്നു ചാടിയിറങ്ങി വന്നു
കൈ നീട്ടി:
'അമ്പത് രൂപയെടുക്ക്.'
'അമ്പത് രൂപയോ - എന്തിന്?'
'കേറ്റുകൂലി - ബോണസ്സടക്കം.'
'ഞാൻ പറഞ്ഞോ എന്റെ ബജ്ടുത്ത് ബസിന്റെ മോളിലിടാൻ?'
'താനെന്നെ പണി പഠിപ്പിക്കാണോ?'
'അതിറക്ക്'
'കേറ്റാൻ കൽപിച്ചില്യാ. സമ്മതിച്ചു. ഇനി ഇറക്കിക്കഴിയുമ്പോൾ ഇറക്കാനും
പറഞ്ഞില്ലെന്ന് പറയരുത്.'
എന്നും പറഞ്ഞ് പുള്ളിക്കാരൻ വീണ്ടും കോണിപ്പടി ചാടിക്കേറി ബജ്ടുത്ത്
പഴയപടി നിലത്തേയ്ക്കൊരേറ്. ഇറങ്ങി വന്ന് അയാൾ വീണ്ടും
കേറ്റിറക്കുകൂലിയുടെ കണക്കവതരിപ്പിച്ചു:
'കേറ്റിയതിന് അമ്പത്. ഇറക്കിയതിനും അമ്പത്. ആകെ നൂറ്. വേഗാട്ടെ.
എനിക്കു തന്റെ പിന്നാലെ നടന്നാൽപ്പോരാ.'
'അതിന് ഈ ബാഗും ഇതിനകത്തുള്ളതും കൂടി പത്തുരൂപയ്ക്കില്യല്ലോ.'
എന്തു കുന്തമെങ്കിലുമാവട്ടെ. ഞാൻ ഒരു ഇരുപത് രൂപ ചുമട്ടുകാരന്റെ കയ്യിൽ
വച്ചുകൊടുത്തു. ചുമട്ടുകാരൻ അതു ചുരുട്ടിക്കൂട്ടി എന്റെ
മുഖത്തെറിഞ്ഞുകൊണ്ട്, കാർപ്പിച്ചു തുപ്പി. എന്റെ മുഖത്തല്ല; നിലത്ത്.
'ഇരുപത് കൂവയ്ക്കു ചൊമക്കാൻ തനിക്കു തന്റെ പെമ്പ്രന്നോത്തിയേ കൂടെ
കൊണ്ടുവരാഞ്ഞില്യോ?'
'ചൂടാവല്ലേ, ചേട്ടാ.'
'ചേട്ടനോ!' ചുമട്ടുകാരൻ എളിയിൽ കയ്യുംകുത്തിനിന്നുകൊണ്ട് എന്നെ
നടുറോട്ടിലിട്ടു വിചാരണ ചെയ്തു: 'എന്റെച്ഛൻ തന്റമ്മയുമായി എന്നാ
പറ്റുവരവ് തൊടങ്ങീത് - താനെന്റെ ചേട്ടനാവാൻ?'
ബസ്സിൽനിന്നും കൂട്ടച്ചിരി പൊങ്ങി. യാത്രക്കാർക്കിടയിൽ ഞാനൊരു കാഴ്ചവസ്തു
ആവുകയാണെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.
എനിക്കു ബസ്സിനകത്തേയ്ക്കു നോക്കാൻ തന്നെ മടിയായി.
ചുമട്ടുകാരൻ, ബസ്സിനകത്തു സുഖമായി ഇരുന്നും, ഞെങ്ങിഞ്ഞെരുങ്ങി നിന്നും
എന്റെ കഷ്ടപ്പാടു കണ്ടു രസിക്കുന്ന യാത്രക്കാരോടായി പറയുകയാണ്:
'ഇയാള് കാലത്തു തന്നെ വെളവെറക്കുന്ന കണ്ടില്യേ, നിങ്ങ! എടോ, വേല
വേലായുധനോട് വേണ്ടാ!'
'ഏതാ ഈ പ്രതി?'
പറഞ്ഞൊത്തപോലെ എവിടെന്നൊക്കെയോ മറ്റു ചുമട്ടുകാരുടെ കാക്കക്കൂട്ടം
പറന്നെത്തി. എനിക്കാകെപ്പാടെ ചൊറിഞ്ഞുകേറി. എങ്കിലും എന്തു ചെയ്യാൻ.
ചുമട്ടുകാരൊരു പറ്റമുണ്ട്.
ഞാനൊറ്റയും.
യാത്രക്കാരിലൊരാൾ പോലും എന്റെ കൂടെയുള്ളതായി തോന്നിയില്ല.
ഇത്രയൊക്കെയായിട്ടും ചുമട്ടുകാരൻ എനിക്കിട്ടു രണ്ടു
പൊട്ടിക്കാത്തതെന്താണെന്നാണൊ ആവോ, അവരുടെ കുണ്ട്ഠിതം. എന്തായാലും ഇനി
രണ്ടിലൊന്നറിഞ്ഞിട്ടു ബസ്സ് വീടാം എന്ന മട്ടിൽ കണ്ടക്ടർ ടിക്കറ്റുപോലും
കൊടുക്കാതെ ഫുട്ബോർഡിൽ ഇറങ്ങിനിൽക്കുന്നു.
ഞാൻ നിലത്തുനിന്നും ബജ്ടുത്തു. ചുമട്ടുകാരൻ ചുരുട്ടിയെറിഞ്ഞ ഇരുപത് രൂപാ
നോട്ട് റോട്ടിൽ വീണു കിടപ്പുണ്ട്. ബാഗുമായി ബസ്സിൽകേറി രക്ഷപ്പെടാൻ
നോക്കിയപ്പോൾ, മറ്റൊരു ചുമട്ടുകാരൻ എന്റെ കോളറിൽ കേറിപ്പിടിച്ചു:
'കൂലി തന്നട്ട് പോടാ!'
'ചുമട്ടുകൂലി ഞാൻ തന്നു കഴിഞ്ഞു.' ഞാനും വിട്ടില്ല: 'ഇനി എന്റെ ബാഗുമായി
ഞാൻ ബസിൽക്കേറുന്നതിന് നിങ്ങൾക്ക് നോക്കുകൂലി തരണോ?'
പക്ഷേ, ചുമട്ടുകാർ എന്നെ വളഞ്ഞു. ബസ്സ് വിടാറായി. ഡ്രൈവർ ഹോറണടിച്ചു.
കണ്ടക്ടർ ഒരു ബല്ലടിച്ചു. കിളി വിസിലൂതി.
'താൻ പണം തരാണ്ട് പോവാനാ ഭാവം?'
'എന്നാ അതൊന്നു കാണട്ടേടാ.'
'തന്റെ അഡ്രസ്സ് ഞങ്ങ പൂട്ടും!'
എനിക്കും തോന്നിത്തുടങ്ങി; ഇങ്ങനെ നിന്നാൽ ഒരു പക്ഷേ, മേൽവിലാസം
നഷ്ടപ്പെട്ടെന്നും വരും. ഞാൻ ഒരു നൂറു രൂപ കയ്യിൽ കൊടുത്തിട്ട്
ശാന്തനായി പറഞ്ഞു:
'ഷർട്ടിൽ നിന്ന് വിട്, സുഹൃത്തേ!'
പണം കൈപ്പറ്റിയതിന് ചുമട്ടുകാരൻ ശരിക്കുള്ള രസീതും തന്നു: എന്റെ
അമ്മയ്ക്കുകേറി വിളിച്ചുകൊണ്ട്! മറ്റു ചുമട്ടുകാർ തേച്ചാലും കളിച്ചാലും
പോവാത്ത ഭാഷയിൽ എനിക്ക് 'ടാറ്റാ' പറഞ്ഞു.
ഇവനേതാണ്ട് കള്ളക്കൊത്തിലുണ്ടായവനാ! ഒരുത്തൻ എന്റെ ജന്മരഹസ്യം പരസ്യമാക്കി.
ഒരു പ്രകാരത്തിൽ ജീവനുംകൊണ്ട് ഞാൻ ബസ്സിൽക്കേറിയൊളിച്ചു.
പക്ഷേ യാത്രക്കാരുടെ നോട്ടം കണ്ടപ്പോൾ എനിക്ക് ഉടുതുണി
നഷ്ടപ്പെട്ടപോലെയാണ് തോന്നിയത്. ഇപ്പോൾ സഹതാപത്തോടെയാണ്,
എല്ലാവരുടേയും നോട്ടം. ആരോ എന്നെ ഗുണദോഷിക്കുകയും ചെയ്തു:
'എന്തിനാ ഈ വഴക്കിനും വയ്യാവേലയ്ക്കും പോയേ?'
ടിക്കറ്റു തരുന്നതിനിടയിൽ കണ്ടക്ടർ ചോദിച്ചു:
'ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കിൽ, ഇങ്ങനെ നാണം കെടേണ്ടി വർവ്വോ?'
എനിക്കാദ്യമായി, കൊല്ലണമെന്ന് തോന്നി, ആ ചുമട്ടുകാരനെയല്ല.
ഇവരെ; ഈ കാഴ്ചക്കാരെ.
പക്ഷേ, എന്തു ചെയ്യാം. ധനനഷ്ടവും മാനനഷ്ടവും കടിച്ചുപിടിച്ച് ഞാനിവിടെ
ബസ്സിറങ്ങി. നടക്കാൻ ഇനിയുമുണ്ട് വഴി. സ്റ്റേഷൻ വരെ എത്തുന്നതിനു
മുമ്പ് എന്തും സംഭവിക്കാം. ചുറ്റുപാടും ചുമട്ടുകാരെ ആരേയും കാണാതായപ്പോൾ
എനിക്കു ആശ്വാസവും ആശങ്കയും തോന്നി. ബാഗുമായി നടക്കാമെന്ന് വച്ചാൽ ഏതു
നരകത്തിൽ നിന്നാണ് അതിന്റെ അവകാശികൾ ചാടിവീഴുന്നതെന്നാർക്കറിയാം. ഇത്തരം
കാര്യങ്ങളിൽ ഇനി തർക്കിക്കുകയില്ലെന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു.
എന്റെ കയ്യിലിരിക്കുന്ന ഈ ബാഗിന്, ഏതെങ്കിലും ഒരു ചുമട്ടുകാരൻ വന്ന്
ഏറ്റുകൂലി ചോദിച്ചാൽ, ഇപ്പോൾ കൊടുക്കാൻ ഞാൻ തെയ്യാറാണ്. അതിനിനി ആരുടെ
ശുപാർശയും വക്കാലത്തും വേണ്ടാ.
ഞാൻ ബാഗുമായി നടന്നു. ഇടയ്ക്കുവച്ച് പ്രതീക്ഷിച്ചതു തന്നെ വീണ്ടും സംഭവിച്ചു.
പുറകിൽ നിന്നാരോ ബാഗിൽക്കേറി പിടിച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ, സാക്ഷാൽ ചുമട്ടുകാരൻ.
സത്യത്തിൽ എനിക്ക് ആശ്വാസമാണ് തോന്നിയത്. പതിവിന് വിരുദ്ധമായി ആ
ചുമട്ടുകാരൻ വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: 'സാറിനു വിരോധമില്ലെങ്കിൽ,
ബാഗ് ഞാൻ പിടിക്കാം.'
വിരോധമോ, കൊള്ളാം! ഞാൻ ബാഗ് ഉടനെ വിട്ടുകൊടുത്തു. ബാഗ് പോയാലും
കേടുകൂടാതെ തടി രക്ഷിക്കണമല്ലോ. ഞാൻ മയത്തിൽ ചുമട്ടുകാരനോട് പറഞ്ഞു:
'സ്റ്റേഷനിലേയ്ക്കാണ്. ആദ്യം ചുമട്ടുകൂലി പറയുന്നതിൽ വിരോധമുണ്ടോ?'
'സാറിനിഷ്ടമുള്ളത് തന്നാ മതി!'
എന്തൊരു കാരുണ്യം. സാറിനിഷ്ടമുള്ളത്!
'അതു പറ്റില്യാ. നിങ്ങൾക്കിഷ്ടമുള്ള കൂലി ചോദിച്ചോളൂ. ഞാൻ തരാം. മുമ്പ്
കൂലി പറഞ്ഞാൽ പിന്നീടൊരു കശപിശ വേണ്ടല്ലോ.'
ഞാൻ പറഞ്ഞത് അയാൾ ശ്രദ്ധിച്ചേയില്ല. ബാഗുമായി, ഒരു മൂളിപ്പാട്ടോടെ അയാൾ
എനിക്ക് മുമ്പേ നടക്കുകയാണ്.
'ചുമട്ടുകാരനല്ല ... ഞാൻ വെറുമൊരു ചുമട്ടുകാരനല്ല!'
മൂളിപ്പാട്ടു നിറുത്തി ചുമട്ടുകാരൻ, പെട്ടെന്ന് നിന്നുകൊണ്ട് എന്നോട്
ചോദിച്ചു: 'ഈ ബാഗിന് ചുമക്കാനുള്ള കനമൊന്നുമില്യല്ലോ, സാറേ.
എന്താണിതില്?
'കുറച്ചു ചുണ്ടങ്ങയാണ്. മരുന്നിന്!'
'അപ്പോൾപ്പിന്നെ ഞാൻ കൂലി പറയണ്ടല്ലോ. കാൽപ്പണം ചുണ്ടങ്ങയ്ക്ക്
മുക്കാൽപ്പണം ചുമട്ടുകൂലി എന്നു കേട്ടിട്ടില്യേ?'
'മുക്കാൽപ്പണമാക്കണ്ടാ. ഒരു പണം തികച്ചും തരാം. പക്ഷേ, അതിൽ കൂടുതൽ ചോദിക്കരുത്.'
'കുറച്ചു ചോദിച്ചാലോ?' ചുമട്ടുകാരൻ രാകിരാകി ചിരിക്കുകയാണ്: 'ഞാൻ കൂലി
കുറച്ചു ചോദിച്ചാൽ സാറിനിഷ്ടമാവും. ഇല്യേ'
ഞാനും ചിരിച്ചുപോയി. എന്തോ ആ ചുമട്ടുകാരനെ എനിക്കു നന്നേ പിടിച്ചു. അയാൾ
എന്തു കൂലി ചോദിച്ചാലും കൊടുക്കുക തന്നെ.
'ഈ ബാഗ് സാറിന് ചുമക്കാവുന്നതേയൊള്ളൂ!'
'ഇതു ചുമക്കാൻ ഞാൻ നിങ്ങളെ വിളിച്ചോ?'
എന്നാണ് മറ്റാരോടും ചോദിക്കേണ്ടത്. അതിനു പകരം ഞാൻ ചോദിച്ചു:
'എന്താ നിങ്ങടെ പേര്?'
'പൗലൂസ്'
'പൗലോസ് ഒരു സാധാരണ ചുമട്ടുകാരനല്ലെന്നു തോന്നുന്നല്ലോ.'
'എന്നെ മറ്റു ചുമട്ടുകാർ എന്താണ് വിളിക്കുന്നതെന്നറിയാമോ?'
'കരിങ്കാലി എന്നായിരിക്കും!'
'അല്ല - പിരിലൂസ്.'
കണ്ടിട്ടു പിരിയിളകിയ മട്ടൊന്നുമില്ല. ചുമട്ടുകൂലി കൊടുക്കുമ്പോൾ,
പിരിയെങ്ങാനും ഇളകിയാൽ ബാഗുമുപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ തന്നെ ഞാൻ
തീരുമാനിച്ചു. സ്റ്റേഷനിലെത്തിയപ്പോൾ, ഒരു കുഴപ്പവുമില്ലാതെ പിരിലൂസ്
ബജ്ന്നെ ഏൽപ്പിച്ചു. ഞാനുടനെ ഒരു അമ്പത് രൂപയെടുത്തു കൊടുത്തുകൊണ്ട്,
ആത്മരക്ഷാർത്ഥം പറഞ്ഞു:
'പോരെങ്കിൽ, പറഞ്ഞോ!'
'സാറെന്നെ കളിയാക്കാണൊ?'
അമ്പത് രൂപ വാങ്ങാതെ പൗലോസ് എന്ന പിരിലൂസ് ചോദിച്ചു.
'പൗലോസിന് എത്ര വേണം?'
'എന്റെ കൂലി ഞാൻ ആദ്യമേ പറഞ്ഞല്ലോ - മുക്കാൽപ്പണം!'
'മുക്കാൽ പണമോ! എന്റീശ്വരാ ഞാനിനി മുക്കാൽപ്പണം തേടി.... എവിടെപ്പോവും!'
എന്റെ മുഖഭാവം കണ്ടിട്ടായിരിക്കാം ചുമട്ടുകാരൻ പറഞ്ഞു:
'എന്നാ സാറെനിക്ക് ഒരു ഇരുപത്തഞ്ച് പൈസ തന്നാ മതി.'
'ഇരുപത്തഞ്ച് പൈസയോ! അതെന്തു കണക്കാ?'
'എല്ലാവരും പറയുന്നത് എനിക്ക് ഇരുപത്തഞ്ച് പൈസേടെ കുറവേ ഒള്ളെന്നാ.'