19 Feb 2012

ചുവക്കുന്ന ആകാശം

സരിജ എൻ.എസ്




മണൽത്തരികള്വീണതു പോലെ നീറുന്ന കണ്ണുമായാണ് ഉറക്കമുണർന്നത്. കനം തൂങ്ങിയ കൺപോളകൾ പിന്നെയും താഴ്ന്നടഞ്ഞു കൊണ്ടിരുന്നു.  പുഴയുടെ തണുപ്പും വെയിലിന്റെ ചൂടുമായൊരു കാറ്റ് മുറിയിൽ ചുറ്റിത്തിരിഞ്ഞു. പുറത്ത് വെയിലുറച്ചിരിക്കുന്നു. പുഴയുടെ ഓളങ്ങളിൽചില്ലുപൊടികൾപോലെ വെയിൽ തിളങ്ങി. ഓളങ്ങളിൽ ചാഞ്ചാടുന്ന കുളവാഴക്കൂട്ടങ്ങൾ. ദേഹം തളർന്ന്, കൈകാലുകൾ കുഴഞ്ഞ് വീണ്ടും കിടക്കയോട് ചേർന്നു കിടന്നു. നീറുന്ന കണ്ണുകൾ ഇറുക്കിയടച്ചു. ഇന്നലെയുടെ ഓർമ്മകൾ നീറിപ്പുകഞ്ഞ് തല ചൂടുപിടിയ്ക്കുന്നു.


അമർത്തിയടച്ച കണ്ണുകളിലേയ്ക്ക് ഇരുട്ടിൽ മിന്നുന്ന വൃത്തങ്ങൾ പോലെ ഓർമ്മകൾ കടന്നു വന്നു. പതിമൂന്ന് വർഷങ്ങൾ…. എന്റെ വിശ്വാസങ്ങളെ, ധാരണകളെ തകർത്തെറിഞ്ഞ്, പതിമൂന്ന് വർഷത്തെ അജ്ഞാത വാസത്തിനു ശേഷം സത്യം മറ നീക്കി പുറത്തു വന്നു. അറിഞ്ഞു കഴിയുമ്പോൾ അറിയേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകുന്ന ചില സത്യങ്ങൾ.


കാറ്റിൽ കടലാസുകളുരയുന്ന ശബ്ദം. പഴയ കുറേ കത്തുകൾ. നീല ഇൻലൻഡിൽ റെയനോൾഡ് പേന കൊണ്ട് കുത്തിക്കുറിച്ച വരികൾ….. പഴമയുടെ ചിതലരിക്കാത്ത കുറേ ഓർമ്മകൾ. ചില ഓർമ്മകളെ ചിതലരിക്കാതെ, പൊടിയടിക്കാതെ, കാലം തേച്ചു മിനുക്കി തിളക്കം കുറയാതെ കാത്തുവച്ചിരിക്കും.
കത്തുകളായ് എന്നെ തേടി വന്നൊരു സൗഹൃദമാണ് ആ നീലക്കടലാസുകളിൽ. ഇൻലൻഡിൽ കുത്തിക്കുറിച്ച ഏതാനും വരികളിലൂടെ ഒന്നായ രണ്ടുലോകങ്ങൾ. ആദ്യത്തെ വായനയിൽ തന്നെ ഓരാത്മ്ബന്ധം. ഞാൻ എഴുതാനിരുന്നത് നീ എഴുതിയ പോലൊരു തോന്നൽ.  എന്നേ നീ എന്നെയും ഞാൻ നിന്നെയും അറിഞ്ഞിരുന്നു എന്നൊരു തോന്നൽ. ഒരു നോട്ടം കൊണ്ട്, ഒരു വാക്കു കൊണ്ട്, ഒരു വരി കൊണ്ട് അവരെ നമ്മുടെ ഹൃദയത്തിൽ അടയാളപ്പെടുത്തും. 


നിരന്തരം എഴുത്തുകളും മറുപടികളും വന്നും പോയുമിരുന്നു. എഴുത്തുകളും എഴുത്തുകാരും അവരുടെ ശൈലികളും കവിയും കവിതയും എല്ലാം വിഷയങ്ങളായിരുന്നു. ഒരിക്കൽ ഞാൻ എന്റെ ഗ്രാമത്തെക്കുറിച്ചെഴുതി. ഇലവ് പൂക്കുന്ന താഴ്വരകളെക്കുറിച്ച്, വെള്ളമൊഴുകുന്ന ഓലികളെക്കുറിച്ച്, കശുമാങ്ങയുടെ കറ മണക്കുന്ന പാറക്കൂട്ടങ്ങളെക്കുറിച്ച്, പഞ്ഞിമരത്തിലെ വവ്വാലുകളുടെ  തീക്കനൽ പോലെ ചുവന്നു തിളങ്ങുന്ന കണ്ണുകളെക്കുറിച്ച്. 


തിരികെ വന്നത് ഒരു മഞ്ഞുകാലമായിരുന്നു. പച്ചമലയിലെ മഞ്ഞുകാലം. തേയിലത്തോട്ടങ്ങളും ഈറക്കാടുകളും മഴ ചെരിഞ്ഞു പതിയ്ക്കുന്ന താഴ്വരകളും. നിലാവിൽ ഓരിയുടുന്ന കുറുക്കന്മാരും. കോടമഞ്ഞിറങ്ങുന്ന താഴ്വരകളും…. പച്ചമല. പൊന്മുടിയുടെ താഴ്വരയിലെ ഒരു ഗ്രാമം. അന്ന് തിരുവനന്തപുരം എനിക്ക് ലോകത്തിന്റെ അങ്ങേയറ്റത്തെവിടെയോ ഉള്ള സ്ഥലമായിരുന്നു.
നാടുകാണാൻ എന്നെങ്കിലും ഒരിക്കൽ നമ്മളെത്തുമെന്ന് ഞങ്ങൾ കത്തിലൂടെ പരസ്പരം വാഗ്ദാനങ്ങൾ കൈമാറി. സുന്ദരമായൊരു സൗഹൃദം. 


ഒരിക്കൽ എന്റെ എഴുത്തിന് മറുപടി വന്നില്ല. വീണ്ടുമെഴുതി. ദൈർഘ്യമേറിയ വിവരണങ്ങളുമായെത്തുന്ന കത്ത് വന്നില്ല. ഇല പൊഴിയുന്ന വഴികളിലൂടെ പോസ്റ്റ്മാൻ പതിവു പോലെ കടന്നു പോകും. വല്ലാത്തൊരു ദു:ഖം എന്റെ ജീവിതത്തെ വന്നു മൂടി. പെട്ടെന്ന് ജീവിതം നിശബ്ദമായ പോലെ. ഞാൻ തനിച്ചായ പോലെ.
ഞാനും പഠനത്തിന്റെ തിരക്കിൽ അന്യ നാടുകളിലേയ്ക്കും ഹോസ്റ്റലുകളിലേയ്ക്കും ചേക്കേറി. പുതിയ പുതിയ സൗഹൃത്തുക്കൾ. അവരോട് പറയുന്ന വെറുമൊരു പഴങ്കഥയായ് ആ തൂലികാ സൗഹൃദം. വിവാഹം കഴിഞ്ഞിരിയ്ക്കാം. വേറെയേതെങ്കിലും രാജ്യത്തായിരിക്കാം. എന്നിങ്ങനെ ഓരോ തവണയും ആ കഥ ഞാൻ അവസാനിപ്പിക്കും.


വേനൽച്ചൂടിലെ ഒരു രാത്രി. ഉഷ്ണം കൂടിക്കൂടി വന്നു. ഞാൻ ജനാലകൾ തുറന്നിട്ടു. പൊടുന്നനെ ഒരു മഴ പെയ്യാൻ തുടങ്ങി. ആർത്തലയ്ക്കുന്ന ഒരു മഴ.  രാത്രിയിലും അന്ന് ആകാശം ചുവന്നു കിടന്നു. മഴ തുള്ളിയെടുക്കുമ്പോഴും ആകാശം ചുവന്നു തന്നെ കിടന്നു. വല്ലാത്തൊരസ്വസ്ഥതയായ് അതെന്നിൽ പടർന്നു. എവിടെയോ ഞാൻ ഈ ആകാശം മുൻപ് കണ്ടിട്ടുണ്ട്. മനസ് കെട്ടുകൂടിക്കിടക്കുന്ന ഒരു നൂലായി. അതിന്റെ ഇഴകളിൽ ഞാൻ കുടുങ്ങിപ്പിടഞ്ഞു. ആകാശത്ത് നനഞ്ഞ ചന്ദ്രപ്രകാശം പടർന്നു. മനസ്സിൽ നിന്റെ എഴുത്തിലെ വരികൾ നിറഞ്ഞു. ഈ നിമിഷം ഞാൻ എങ്ങനെയാണ് നിന്നെ നിന്റെ വരികളെ ഓർത്തെടുത്തത്? അത്ഭുതവും അമ്പരപ്പും എന്നെ ശ്വാസം മുട്ടിച്ചു. 


ഈ നാട്ടിൽ ഞാനെത്തിയിട്ട് മൂന്നുവർഷം തികയുന്നു. ഏതാനും കിലോമീറ്ററുകൾക്കപ്പുറത്ത് നീയുണ്ടായിരുന്നു. ഒരിക്കൽ പോലും നിന്നെ വന്നൊന്ന് കാണാൻ എനിക്കു തോന്നിയില്ലല്ലൊ. ചുവന്ന ആകാശവുമായെത്തിയ മഴ എന്നെ കരയിച്ചു.


എന്റെ സൂക്ഷിപ്പുകളിൽ നിന്ന് പഴയ കത്തുകൾ അമ്മ കൊറിയർ ചെയ്തു തന്നു. പതിമൂന്ന് വർഷം മുൻപത്തെ സൗഹൃദം തേടിച്ചെല്ലാൻ എനിക്ക് മടിയൊന്നുമുണ്ടായിരുന്നില്ല. ആ മേൽ‌വിലാസത്തിൽ ഞങ്ങൾ യാത്രയാരംഭിച്ചു.


നഗരങ്ങളെ പിന്നിട്ട് മലയോരപാതകളിലേയ്ക്ക് വഴി തിരിഞ്ഞു. മരച്ചില്ലകളിലെ തണുപ്പുമായ് വരുന്ന കാറ്റ് വഴികളിൽ ചുറ്റിത്തിരിഞ്ഞു. ഉയരങ്ങളിലേയ്ക്കു പോകുന്തോറും കാതുകളുടെ വാതിൽ അടഞ്ഞു കൊണ്ടേയിരുന്നു. വഴി ചോദിച്ച് , വഴി തെറ്റി, പിന്നെയും വഴി ചോദിച്ച് ഒടുവിൽ ഞങ്ങളെത്തി. അകലെ തേയിലത്തോട്ടങ്ങൾ കാണാം. പൊന്മുടി മലകൾ കാണാം. വീടു ചോദിച്ച് കയറി ചെന്നപ്പോൾ വയസ്സായ ആ വൃദ്ധൻ എന്നെ രൂക്ഷമായ് നോക്കി. അച്ഛനാകണം. പഴയ സൗഹൃദത്തിന്റെ കഥ പറഞ്ഞു. സുഹൃത്തിനെ കാണാൻ വന്നതാണെന്നു പറഞ്ഞു. 


ചുവരിൽ തൂക്കിയ ബ്ലാക്ക്&വൈറ്റ് ചിത്രം ചെന്നപ്പോഴേ ഞാൻ ശ്രദ്ധിച്ചിരുന്നു. കട്ടിക്കണ്ണടയ്ക്കുള്ളിലെ തിളങ്ങുന്ന കണ്ണുകൾ കൗതുകത്തോടെ എന്നെ നോക്കുന്ന പോലെ തോന്നി.
അകത്തേയ്ക്കു നോക്കി അയാൾ ആരെയോ വിളിച്ചു. അമ്മയാകണം. അവർക്കാർക്കും എന്നെ അറിയില്ല.
“മായ” ? ഞാൻ വീണ്ടും ചോദിച്ചു. 
എന്തൊ ഒരു വല്ലായ്മ വീണ്ടും എന്നിൽ പടർന്നു തുടങ്ങി. ഒരായിരം നൂലുകൾ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരവസ്ഥ. ആകാശം ചുവക്കുന്ന പോലെ എനിക്കു തോന്നി.
അവർ എന്നെ കൂട്ടിക്കൊണ്ടു പോയി; പറമ്പിന്റെ തെക്കേമൂലയിൽ, കറുത്ത് തിളങ്ങുന്ന ഒരു മാർബിൾ കല്ലറ.


മായ. എ.എസ്.
ജനനം : 01-09-1978
മരണം: 14-01-1999


മനസ്സിലെ നൂൽക്കെട്ട് തനിയെ ഇഴപിരിഞ്ഞ് കുരുക്കഴിയുന്നത് ഞാനറിഞ്ഞു. കാറ്റിൽ കൊന്നമരം കല്ലറയ്ക്കു മേൽ ഇലകൾ കൊഴിച്ചു നിന്നു.  ഒരു നേർത്ത മയക്കം എന്റെ കണ്ണുകളെ വന്നു മൂടി. കട്ടിക്കണ്ണടയുടെ ചില്ലുകളിലൂടെ നോക്കുന്ന പോലെ എന്റെ കാഴ്ചകൾക്കു മുന്നിൽ ഒരു ഗർത്തം രൂപപ്പെട്ടു.  


കാറ്റടിച്ച് പറക്കുന്ന നീലക്കടലാസുകൾ. കൺപോളകൾ ഭാരത്താൽ വീണ്ടും അടഞ്ഞു പോകുന്നു. കൈകാലുകൾ മരവിച്ചു പോയിരിക്കുന്നു. ഞാൻ എവിടെയാണ്. എങ്ങനെയാണ് ഒന്നെഴുന്നേൽക്കുക?  എനിക്ക് ചുറ്റും ഒരു ശിശിരം വന്നു മൂടുന്നുവോ? പുറത്ത് ആകാശം ചുവക്കുന്നുവോ? അടഞ്ഞടഞ്ഞു പോകുന്ന കണ്ണുകൾക്കപ്പുറത്ത് നിലാവുദിക്കുന്നതും കുറുക്കന്മാർ ഓരിയിടുന്നതും ഞാനറിയുന്നുണ്ടായിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...