അരുൺ കൈമൾ
കള്ളനെയും ,കൊലപാതകിയെയും ,കോമാളിയെയും സെലിബ്രിറ്റി ആക്കുന്ന മലയാളിയുടെ സംസ്കാരം മുതെലെടുക്കാന്‍ ഇതാ ഒരുത്തന്‍ കൂടി ഇറങ്ങിത്തിരിച്ചിരിക്കുന്നു . ദീപിക റിപ്പോര്‍ട്ട് അനുസരിച്ച് മുത്തൂറ്റ് പോള്‍ വധക്കേസില്‍ വിചാരണ നേരിടുന്ന ഓം പ്രകാശ് എന്ന കുപ്പ്രസിദ്ധ ഗുണ്ടാത്തലവന്‍ ‘പകരം ‘ എന്ന സിനിമയിലൂടെ താരം ആകാനുള്ള പുറപ്പാടില്‍ ആണ് .ചിത്രത്തില്‍ വളരെ പ്രാധാന്യം ഉള്ള നിരഞ്ജന്‍ എന്ന പേരിലുള്ള ഒരു പത്ര പ്രവര്‍ത്തകന്റെ വേഷം ആണ് അത്രേ ഇയ്യാള്‍ ചെയ്യുന്നത് . കൂടെ അഭിനയിക്കുന്നത് മലയാള ഹാസ്യ സാമ്രാട്ടുക്കള്‍ , മലയാളിയുടെ സ്വകാര്യ അഭിമാനങ്ങള്‍ എന്നൊക്കെ നമ്മള്‍ മുദ്ര ചാര്‍ത്തി കൊടുത്തിരിക്കുന്ന ജഗതി ശ്രീകുമാര്‍ , സുരാജ് വെഞാരംമൂട് എന്നിവരും !!!
മലയാള സിനിമാക്കാരുടെ സാമൂഹ്യ പ്രതിബദ്ധത മുല്ലപെരിയാര്‍ വിഷയത്തില്‍ ജനത്തിന് ശരിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞത് ആണല്ലോ . മുല്ലപ്പെരിയാറിനെപ്പറ്റി ചോദിച്ച ടീവീക്കാരന്റെ മുന്‍പില്‍ കമിഴ്ന്നു വീണു നടനം കാഴ്ചവെച്ച നായകനും , മകന്റെ കല്യാണം ക്ഷണിക്കാന്‍ തലൈവിക്കു മുന്‍പില്‍ റോസാ പുഷ്പാര്‍ച്ചന നടത്തുന്ന സൂപ്പെര്‍ താരവും മലയാളിയുടെ കാലുനക്കിന്റെ ബ്രാന്‍ഡ് അമ്ബാസ്സിഡര്മാരായി നമ്മുടെ മുന്‍പില്‍ അവതരിച്ചല്ലോ . മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് അല്‍പ്പം എങ്കിലും സാമൂഹ്യ പ്രതിബദ്ധത അവശേഷിച്ചിട്ടുണ്ടെങ്കില്‍ , പ്രഗല്‍ഭ നടന്മാര്‍ അറിയപ്പെടുന്ന ഗുണ്ടകളെയും ,കൊലപാതകികളെയും മറ്റും സെലിബ്രിറ്റി ആക്കി മാറ്റാനുള്ള ഉദ്യമങ്ങളില്‍ നിന്നും പിന്മാറേണ്ടതു ആണ് . അമ്മ , മാട്ക തുടങ്ങി പരസ്പരം കടിച്ചു കീറുകയും , പൊതു സമൂഹത്തെ നോക്കി കൊഞ്ഞനം കാട്ടുകയും ചെയ്യുന്ന സംഘടനകള്‍ക്ക് , നാളത്തെ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കിലും , അവരെ വഴി തെറ്റിക്കുവാനുള്ള പ്രവണതകള്‍ക്ക് തടയിടാന്‍ എങ്കിലും ഉള്ള ഉത്തരവാദിത്വം പുലര്‍ത്തുവാന്‍ സാധിക്കില്ലേ ? സിനിമാ പണ സമ്പാദനത്തിന് ഉള്ള മാര്‍ഗം മാത്രം ആയിക്കാണുന്ന ഒരു സംഘം ആള്‍ക്കാര്‍ക്കും , എന്തു ഹീനകൃത്യം ചെയ്തും സെലിബ്രിറ്റി ആകാന്‍ ഒരുങ്ങി നില്‍ക്കുന്ന യുവാക്കള്‍ക്കും പ്രോത്സാഹനം കൊടുക്കുന്ന അപകട കരമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് നാം അറിഞ്ഞോ അറിയാതെയോ വഴുതി വീണു കൊണ്ടിരിക്കുക അല്ലെ ?
ബലാത്സംഗ വീരന്മാരെ രാഷ്ട്രീയ നേതൃത്വത്തിലും , കൊലപാതകികളെയും കോമാളികളെയും സാംസ്കാരിക നേതൃത്വത്തിലും അവരോധിച്ചു സെലബ്രിറ്റി ആയി കൊണ്ടാടാന്‍ നാം കാണിക്കുന്ന ഉത്സാഹവും നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെട്ട വളര്‍ന്നുവരുന്ന ഒരു തലമുറ മാതൃകയായി സ്വീകരിക്കും എന്ന കാര്യവും ഇത്തരുണത്തില്‍ നാം വിസ്മരിച്ചു കൂടാ .
മനോരമയുടെ ‘വെറുതെ ഒരു ഭാര്യ’ റിയാലിറ്റി ഷോയിലൂടെ ഒരു കാട്ടുകള്ളന്‍ സെലിബ്രിട്ടിയാക്കി മാറ്റിയതും , കോമാളിത്തരങ്ങളുടെയും യു ട്യൂബില്‍ കണ്ട ആഭാസത്തരങ്ങളുടെയും പേരില്‍ സന്തോഷ് പണ്ടിറ്റിനെ സെലിബ്രിറ്റി ആക്കിയതും ശരാശരി മലയാളി ആണെന്ന് ഓര്‍ക്കുമ്പോള്‍ , കൊലപാതകത്തിലൂടെ കൈവന്ന ‘താരമൂല്യം ‘ ഉപയോഗിച്ചു നാം ഓം പ്രകാശിനെയും താരം ആക്കും എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല . ഈ അപകടകരമായ പ്രവണതക്ക് തടയിടാന്‍ നാം ഒന്നടങ്കം ശ്രമിച്ചില്ലെങ്കില്‍ ഭാവിയില്‍ ലോകത്തിന്റെ ‘തിരുട്ടു ഗ്രാമം ‘ എന്നൊക്കെ ഉള്ളതുപോലെ ഒരു സ്ഥാനം ആയിരിക്കും നമ്മുടെ കൊച്ചു കേരളത്തിന് കൈവരുന്നത് .
സന്തോഷ് പണ്ഡിറ്റ് , സന്തോഷ് മാധവന്‍ , വെറുതെ ഒരു ഭാര്യ ഫെയിം നാസര്‍ , ടോട്ടല്‍ ഫോര്‍ യു ഫെയിം ശബരീനാഥ് ,പോള്‍ വധം ഫെയിം ഓം പ്രകാശ് തുടങ്ങിയവരുടെ ഗണത്തിലേക്ക് പേര് ചേര്‍ക്കാന്‍ യുവാക്കള്‍ വെമ്പല്‍ കൊള്ളുമ്പോള്‍ , വിഗ്ഗുവെച്ചു ആടി നമ്മുടെ അഭിമാനം ലോകം മുഴുവന്‍ ഉയര്‍ത്തിക്കാണിക്കുന്ന നമ്മുടെ സൂപ്പെര്‍ താരങ്ങള്‍ ഉള്‍പ്പെടെ ഉള്ള സാംസ്കാരിക നായകന്മാര്‍ ജനകീയ പ്രശ്നങ്ങളില്‍ കാണിക്കുന്ന അര്‍ത്ഥ ഗര്‍ഭം ആയ നിസ്സംഗതയും ഇതോടു ചേര്‍ത്ത് കാണേണ്ടതാണ് .
വിതുര പ്രശ്നത്തില്‍ ജഗതി കുറ്റാരോപിതന്‍ ആയപ്പോള്‍ അങ്ങേരോടൊപ്പം വേദി പങ്കിടാന്‍ വിമുഖത പ്രകടിപ്പിച്ചു അച്ചുതാനന്ദന്‍ കാണിച്ച മാതൃക ഈ സിനിമയില്‍ നിന്നും പിന്മാറുക വഴി കാണിക്കും എന്നത് നമുക്ക് ജഗതിയില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് ആണോ ? അതിനു ജഗതി തയ്യാറാകും എങ്കില് ജഗതിക്ക് ഒരു കലാകാരന്‍ എന്ന നിലയില്‍ ഉള്ള ബഹുമാനത്തിനു ഉപരിയായി , സമൂഹത്തോട് കടപ്പാടുള്ള ഒരു വ്യക്തി എന്ന നിലയിലുള്ള ആദരവും ചിന്തിക്കുന്ന മലയാളിയില്‍ നിന്നും സ്ഥിരകാലം ലഭിക്കും എന്നു ഉറപ്പുണ്ട് . ഇനി ഈ സിനമെയും നമ്മുടെ സമീപകാല കലാപരിപാടികള്‍ പോലെ പ്രോത്സാഹിപ്പിച്ചു , പണത്തിനും പ്രശസ്തിക്കുമായി എന്തു വഴിയും തെരഞ്ഞെടുക്കാം എന്ന സന്ദേശം മലയാളി പ്രചരിപ്പിക്ക ആണെങ്കില്‍ , നമുക്ക് സൌമ്യ വധക്കേസില്‍ വധ ശിക്ഷ കാത്തു കിടക്കുന്ന ഗോവിന്ദചാമിയെ നായകന്‍ ആക്കി ഒരു വന്‍ ബെട്ജെറ്റ് ചിത്രം നിര്‍മ്മിക്കുന്ന കാര്യം അടിയന്തരം ആയി പരിഗണിക്കണം .
ഇതിന്റെ വ്യവസായ സാധ്യതകള്‍ ഒന്ന് കണക്കു കൂട്ടി നോക്കൂ . ആ സിനിമാ തമിഴില്‍ എടുത്താല്‍ ,മലയാള സിനിമകളെ ചവുട്ടി പുറത്താക്കി തമിഴ് സിനിമകളെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന കേരളത്തിലെ തീയേറ്റര്‍ ഉടമകളും , നമ്മുടെ സമൂഹവും ചേര്‍ന്ന് അത് ഒരു സൂപ്പെര്‍ ഹിറ്റ് ആക്കി മാറും എന്നത് സംശയിക്കാനുണ്ടോ ?
മുല്ലപ്പെരിയാര്‍ കത്തി നില്‍ക്കുന്ന തമിഴ്നാട്ടില്‍ , ഗോവിന്ദചാമിയുടെ ശിക്ഷപോലും മലയാളി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈക്കോല്‍ ചാമിമാര്‍ , ഈ ചിത്രം ഒരു തമിഴ് വികാരം ആയി കൊണ്ടാടും . അങ്ങനെ ശങ്കരാഭരണം , റോജാ , ജെന്റില്‍മാന്‍ തുടങ്ങിയ തെന്നിണ്ട്യന്‍ ഹിറ്റുകളുടെ ചരിത്രത്തിലേക്ക് ഒരു മുതല്‍കൂട്ട് ആകും ഈ ചിത്രം . ഗോതമ്പുണ്ട തിന്നു തുടുത്ത് സുന്ദരന്‍ ആയ ഗോവിന്ദചാമി ശരാശരി തമിഴ് നായകന്മാരെക്കളും , പെന്‍ഷന്‍ പ്രായം കഴിഞ്ഞു വിഗ്ഗ് വെച്ച് ആടി കാലക്ഷേപം നടത്തുന്ന നമ്മുടെ സൂപ്പെര്‍ നായകന്മാരെക്കാലും ഗ്ലാമറില്‍ ഒരു പടി മുകളില്‍ നില്‍ക്കും എന്നതിനാല്‍ വര്‍ത്തമാന കാല ആസ്വാദന നിലവാരം വെച്ച് ജനത്തിന് ഇത് ഒരു പുതിയ സൂപ്പെര്‍ താരത്തിന്റെ പിറവിയായി കൊണ്ടാടുകയും ആവാം .
ഇനി നിയമ പ്രശ്നങ്ങള്‍ കാരണം ഗോവിന്ദചാമിക്ക് അഭിനയിക്കാന്‍ പറ്റില്ല എങ്കില്‍ ഗോവിന്ദചാമിയുടെ ജീവിതം ഒരു തമിഴ് സിനിമയാക്കി , മുല്ലപെരിയാര്‍ പ്രശ്നത്തില്‍ കമിഴ്ന്നു വീണ തമിഴ് നാടിന്‍റെ കണ്ണിലുണ്ണിയായ നടനോ , വാര്‍ധക്യ സഹജം ആയ അസ്ക്യതകള്ക്കിടയിലും നമുക്ക് വേണ്ടി അഭിനയിച്ചു മുന്നേറുകയും ആ തെറ്റിന്റെ പേരില്‍ തമിഴനോട് മാപ്പിരക്കുകയും ചെയ്യുന്ന സൂപ്പെര്‍ താരങ്ങല്‍ക്കോ ഗോവിന്ദ ചാമിയുടെ വേഷം ഏറ്റെടുത്തു വിജയിപ്പിക്കാവുന്നതും ആണ് . നടന്മാരുടെ തമിഴ്നാട്ടില്‍ ഉള്ള സ്വത്തിനും , അവിടെ വെച്ച് നടത്തുന്ന കുടുംബത്തിലെ വിവാഹാദി മംഗള കര്‍മ്മങ്ങള്‍ക്കും പുരയിട്ചി തലൈവികളുടെയും , വൈക്കോല്‍ സ്വാമിമാരുടെയും അനുഗ്രഹവും ഇത് വഴി ലഭിക്കുന്നതും ആയിരിക്കും