18 Mar 2012

കേരപ്പഴമ, അടുക്കളയിലെ തേങ്ങാപ്പൊലിമ


പായിപ്ര രാധാകൃഷ്ണൻ

കേരളീയരുടെ ദേശീയ ഭക്ഷണമാണല്ലോ കഞ്ഞി. ഔഷധമായും, ഭക്ഷ്യരൂപത്തിലും തേങ്ങ
(തേങ്ങാപ്പാൽ, പീര) ചേർത്ത ഔഷധക്കഞ്ഞികൾ പലതുണ്ട്‌. ത്രിദോഷങ്ങൾ
അകറ്റുന്നതിന്‌ ഇത്‌ ഉത്തമമത്രേ. കർക്കിടക കഞ്ഞിയിലും തേങ്ങ
അവിഭാജ്യഘടകമത്രേ. ഉത്തരമലബാറിലെ പൂരത്തിന്‌ ഉണക്കലരിയും പഴവും തേങ്ങയും
ചേർത്ത പൂരക്കഞ്ഞിയുണ്ടാക്കാറുണ്ട്‌.
വറുത്ത അരിപ്പൊടി ചൂടുവെള്ളത്തിൽ കുഴച്ച്‌ വാട്ടിയ വാഴയിലയിൽ നേർമ്മയായി
പരത്തി ശർക്കരയും തേങ്ങയും വെച്ച്‌ - ചിലയിടങ്ങളിൽ മധുരം ചേർക്കാതെയും -
മൺകലത്തിൽ ചുട്ടെടുക്കുന്ന അടയാണ്‌ തൃക്കാക്കരയപ്പനുള്ള ഓണഅട. ഈ അടയും
ഓലക്കുടയും വെച്ചാണ്‌ തൃക്കാക്കരയപ്പനെ ഓരോ വീട്ടിലും  വരവേൽക്കുന്നത്‌.
ഇളപ്പമുള്ള കമുകിൻ പാള കുതിർത്തെടുത്ത്‌ ഇരുതലകളും മുറിച്ച്‌ അരികുചീന്തി
അതിൽവാട്ടി നനച്ച അരിപ്പൊടി കൈകൊണ്ട്‌ പരത്തി ശർക്കരയും തേങ്ങയും വെച്ച്‌
മടക്കി പാളനാരുകൊണ്ട്കെട്ടി വട്ടക്കലത്തിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക്‌
തൂക്കിയിട്ടാണ്‌ ഈ അട വേവിയ്ക്കുന്നത്‌. ഇതിന്റെ തവിടുകൊണ്ട്‌ തവിടടയും
ഉണ്ടാക്കാറുണ്ട്‌. ചിലക്ഷേത്രങ്ങളിൽ കുംഭഭരണിക്ക്‌ ഇത്‌
പ്രത്യേകവഴിപാടാണ്‌.
വിവിധഇനം പുഴുക്കുകൾക്കും തേങ്ങ അത്യാവശ്യ ഘടകമാണ്‌. ചക്ക, കപ്പ,
ചേമ്പ്‌, ചേന, കാച്ചിൽ തുടങ്ങിയവയും പയറും ചേർത്തുണ്ടാക്കുന്ന
പുഴുക്കുകൾക്ക്‌ തേങ്ങ അരച്ച്‌ ചേർക്കാറുണ്ട്‌.
ഉണ്ണിയപ്പം, നെയ്യപ്പം, കിണ്ണത്തപ്പം, കനത്തപ്പം തുടങ്ങിയ
അപ്പത്തരങ്ങൾക്കും തേങ്ങ നുറുക്കിയും ചിരകിയും ചേർക്കാറുണ്ട്‌.
വെളിച്ചെണ്ണയിലാണ്‌ ഇവയൊക്കെ പാകം ചെയ്യുന്നത്‌.
കേരളീയരുടെ കഞ്ഞിക്ക്‌ പ്രധാന ഉപദംശം ചമ്മന്തിയാണ്‌. അടുക്കളയിലെ
സർഗ്ഗാത്മകതയുടേയും കൈപ്പുണ്യത്തിന്റേയും പ്രകാശനം ചമ്മന്തിയിലൂടെയാണ്‌
സാക്ഷാത്കൃതമാകുന്നത്‌. ചുട്ടരച്ചും അല്ലാതെയുമുള്ള വിവിധയിനം
തേങ്ങാചമ്മന്തികൾ മലയാളിയുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്നവയത്രേ.
മധുരക്കള്ള്‌ കുറുക്കിയെടുക്കുന്ന ചക്കരയിട്ടുള്ള ഔഷധക്കഞ്ഞികളുമുണ്ട്‌.
പ്രസവാനന്തര ശുശ്രൂഷയിലും, മരണാനന്തര ക്രിയകൾ കഴിഞ്ഞ്‌
കുളിച്ചുവരുന്നവർക്കും ചക്കര കൊടുക്കാറുണ്ട്‌. ആലപ്പുഴ പ്രദേശത്ത്‌
കുംഭം-മീനം മാസങ്ങളിലെ വേലകളോടനുബന്ധിച്ച്‌ ചക്കരച്ചോറുമുണ്ടാവും.
ഉത്തരകേരളത്തിലെ കുറത്തിതെയ്യത്തിനും വീടുകളിലു ണ്ടാക്കുന്ന ചക്കരച്ചോർ
നിവേദ്യം പ്രിയങ്കരമാണ്‌. പുകയില ഉപയോഗിക്കുന്നവർ അർബുദബാധ തടയാൻ
തേങ്ങാപ്പൂൾ ചേർത്ത്‌ ചവയ്ക്കുക പതിവുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...