തെങ്ങുകൃഷിയിൽ ഒരു കാസർഗോടൻ വിജയഗാഥ


വി. ജി. ചന്ദ്രശേഖരൻ

പൊതുവേ നല്ല ആരോഗ്യവും അതിനനുസരിച്ച്‌ വിളവും തരുന്ന തെങ്ങുകളാൽ
സമൃദ്ധമാണ്‌ കാസർഗോഡ്‌ ജില്ല. 2010-11 വർഷത്തിലെ സ്ഥിതി വിവര കണക്ക്‌
പ്രകാരം ജില്ലയിൽ 52249 ഹെക്ടർ തെങ്ങ്കൃഷിയുണ്ട്‌.  445.72 ദശലക്ഷം
തേങ്ങയാണ്‌ തന്നാണ്ടിലെ ജില്ലയിലെ നാളികേരോത്പാദനം.  ഹെക്ടറിന്‌ 8531
തേങ്ങയാണ്‌ ജില്ലയിലെ നാളികേരോത്പാദനക്ഷമത. സാമാന്യം നല്ല വളപ്രയോഗം,
ജലസേചനം, ഗുണമേന്മയുള്ള തെങ്ങിൻതൈകളുടെ ലഭ്യത,  ഗവേഷണ, വികസന ഏജൻസികളിൽ
നിന്നുള്ള സാങ്കേതിക- സാമ്പത്തിക സഹായങ്ങളുടെ ലഭ്യത എന്നിവയെല്ലാം ഈ
നേട്ടത്തിന്‌ പുറകിലുണ്ട്‌.  എല്ലാറ്റിനുമുപരി മണ്ണിനെ സ്നേഹിക്കുകയും
കൃഷിയെ അറിയുകയും അതിനനുസരിച്ച്‌ മുതൽമുടക്കി അക്ഷീണപ്രയത്നം ചെയ്യുകയും
ചെയ്യുന്ന കർഷകരുടെ നിറസാന്നിദ്ധം ഈ വടക്കൻജില്ലയെ കേരള സംസ്ഥാനത്തെ ഒരു
മുൻനിര കാർഷികജില്ലയാക്കി മാറ്റുന്നു.

മണ്ണിനേയും തെങ്ങിനേയും സ്നേഹിക്കുന്ന ഒരു ചെറുകിട മാതൃക കർഷകനാണ്‌
ഹോസ്ദുർഗ്ഗ്‌ താലൂക്കിലെ പെരിയ വില്ലേജിലെ ദാമോദരൻ നായർ. ഭാര്യ, മകൻ, മകൾ
എന്നിവരുൾപ്പെടുന്ന ഒരു സംതൃപ്ത കർഷക കുടുംബത്തിനുടമയാണ്‌ 58 വയസ്സുള്ള
നായർ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ കൃഷിയിൽ
നിന്നുള്ള വരുമാനമാണ്‌. ഒരു കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന നായർ ബാല്യം
മുതൽ കൃഷിയുമായി ഗാഢബന്ധമാണ്‌ പുലർത്തി പോരുന്നത്‌. പുകയില,  നെല്ല്‌,
വെള്ളരി എന്നിവയായിരുന്നു മുൻകാലങ്ങളിൽ ചെയ്തിരുന്ന കൃഷികൾ. ഇപ്പോൾ തന്റെ
രണ്ടേക്കർ പുരയിടത്തിൽ പശ്ചിമതീര നെടിയ ഇനത്തിൽപ്പെട്ട തെങ്ങുകളാണ്‌
നട്ടിട്ടുള്ളത്‌. സങ്കരയിനത്തിൽപ്പെട്ട രണ്ടു തെങ്ങുകൾ ഉൾപ്പെടെ ആകെ
മുപ്പത്‌ വർഷം പ്രായമുള്ള 130 തെങ്ങുകൾ ഉണ്ട്‌. 100 മുതൽ 200 തേങ്ങവരെ
ഓരോ തെങ്ങിൽ നിന്നും ഇന്ന്‌ ലഭിക്കുന്നുണ്ട്‌. ശരാശരി ഒരു തെങ്ങിൽ
നിന്ന്‌ 130 തേങ്ങ ഒരാണ്ടിൽ ലഭിക്കുന്നു. സ്വന്തം ആവശ്യം കഴിച്ച്‌ ഏകദേശം
15000 തേങ്ങ ഒരു വർഷം വിൽക്കുന്നുണ്ട്‌.
.
തെങ്ങുകൾ ചിട്ടയായി പരിചരിക്കുന്ന കൂട്ടത്തിലാണ്‌ ഇദ്ദേഹം. എല്ലാവർഷവും
അർദ്ധവൃത്താകൃതിയിൽ തടം തുറന്ന്‌ രാസ - ജൈവവള പ്രയോഗം മുടങ്ങാതെ
ചെയ്തുവരുന്നു.  കാലവർഷാരംഭത്തിൽ തന്നെ തെങ്ങോന്നിന്‌ 4 കി.ഗ്രാം.
കുമ്മായവും ഇട്ടുകൊടുക്കുന്നു. പിന്നീട്‌ 25 കി.ഗ്രാം ആട്ടിൻകാഷ്ഠം, 20
കി.ഗ്രാം. പച്ചില, 3 കി. ഗ്രാം എല്ലുപൊടി എന്നീ കണക്കിൽ ഓരോ തെങ്ങിനും
നൽകുന്നു. കൂടാതെ ആഗസ്റ്റ്‌ മാസാരംഭത്തിൽ 1 കി.ഗ്രാം പൊട്ടാഷും 1.5
കി.ഗ്രാം ഫാക്ടംഫോസും ഓരോ തെങ്ങിനും നൽകുന്നു.  തെങ്ങോന്നിന്‌ വളങ്ങളുടെ
വിലയായി 180 രൂപയോളം ചെലവാകുന്നുണ്ട്‌. ചിട്ടയായ ജലസേചനമാണ്‌ നായർ തന്റെ
തെങ്ങുകൾക്ക്‌ അഞ്ചുദിവസത്തിലൊരിക്കൽ നൽകുന്നത്‌. ഈ ആവശ്യത്തിനായി ഒരു
കുഴൽക്കിണർ തന്നെ കുഴിച്ചിട്ടുണ്ട്‌. ചെരിഞ്ഞ്‌ കിടക്കുന്ന പറമ്പിന്റെ
ഉയർന്ന ഭാഗത്ത്‌ ടാങ്ക്‌ കെട്ടി ജലം പമ്പ്‌ ചെയ്ത്‌ സംഭരിച്ച്‌
അവിടെനിന്നും ഹോസ്‌ വഴി ഓരോ തെങ്ങിനും നനയ്ക്കുന്നു. ഏകദേശം 300 ലിറ്റർ
വെള്ളം ഒരു തെങ്ങിന്‌ എന്ന തോതിലാണ്‌ നൽകുന്നത്‌.
നാളികേരത്തിന്റെ വിളവെടുപ്പ്‌ വർഷത്തിൽ മൂന്ന്‌ പ്രാവശ്യമായി
ചുരുക്കിയിരിക്കുന്നു. മുൻപ്‌ നാല്‌ തവണയായിരുന്നു വിളവെടുപ്പ്‌. 3-4
വിളവെടുപ്പ്‌ മതി എന്ന അഭിപ്രായക്കാരനാണ്‌ നായർ. 15 രൂപയാണ്‌
തെങ്ങോന്നിന്‌ കയറ്റക്കൂലിയായി നൽകുന്നത്‌.

നാളികേരത്തിന്റെ വിപണനം നായരെ സംബന്ധിച്ച്‌ ഒരു പ്രശ്നമായി ഇതുവരെ
തോന്നിയിട്ടില്ല. സാമാന്യം ഉയർന്ന വിലയാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.
കാരണം 100 നാളികേരത്തിൽ നിന്ന്‌ 17.5 - 18 കി. ഗ്രാം കൊപ്ര
ലഭിക്കുന്നുണ്ട്‌ എന്നത്‌ തന്നെ. എന്നാൽ സമീപപ്രദേശങ്ങളിൽ നാളികേരത്തിൽ
നിന്ന്‌ ശരാശരി 13 കി. ഗ്രാം കൊപ്ര ലഭിക്കുന്നത്‌. നാളികേരം എണ്ണത്തിന്‌
വില പറഞ്ഞ്‌ വിൽക്കുന്നതാണ്‌ നായരുടെ രീതി. കൊപ്ര ഉത്പാദിപ്പിച്ച്‌
വിൽപ്പന നടത്തേണ്ടതില്ല എന്നതാണ്‌ ദാമോദരൻ നായരുടെ അഭിപ്രായം. തേങ്ങ
ഒന്നിന്‌ 10 രൂപ, 9 രൂപ, 7 രൂപ നിരക്കിലാണ്‌ കഴിഞ്ഞ വർഷം ലഭിച്ച വില.
വാഴയാണ്‌ പ്രധാനമായി കൃഷി ചെയ്യുന്ന ഇടവിള.  കൂടാതെ മഞ്ഞൾ, പച്ചക്കറി
എന്നീ കൃഷികളും ഉണ്ട്‌.  തെങ്ങുകൾ തമ്മിൽ 35 അടി അകലം പാലിച്ചാൽ ഇടവിളകൾ
നന്നായി കൃഷി ചെയ്യാൻ സാധിക്കുമെന്ന്‌ നായർ കരുതുന്നു.  ആദ്യകാലത്ത്‌
ഇത്‌ ശ്രദ്ധിക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട്‌ തെങ്ങിൻതൈ നടുമ്പോൾ
ഇക്കാര്യം പ്രത്യേകം ശ്രദ്ധവെച്ചു.

കൃഷി രംഗത്ത്‌ പ്രവർത്തിക്കുന്ന ഏജൻസികളുമായി നല്ല ബന്ധമാണ്‌
നായർക്കുള്ളത്‌.  നാളികേര ബോർഡിന്റെ തന്നെ ക്ലസ്റ്റർ പദ്ധതിയിൽ വളങ്ങളും
മറ്റ്‌ ആനുകൂല്യങ്ങളും മുൻപ്‌  അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.
വരുംകാലങ്ങളിൽ വികസനരംഗത്ത്‌ പ്രവർത്തിക്കുന്ന ഏജൻസികൾ കൂടുതൽ
കർഷകരിലേക്ക്‌ അവരുടെ പ്രവർത്തനങ്ങളും മറ്റാനുകൂല്യങ്ങളും
വ്യാപിപ്പിക്കണം എന്ന അഭിപ്രായം കൂടി നായർക്കുണ്ട്‌. കൂടാതെ പുത്തൻ തലമുറ
കൃഷിയുടെ പ്രാധാന്യം ഉൾക്കൊണ്ട്‌ ഈ മേഖലയിലേക്ക്‌ വരേണ്ടത്‌ ഭക്ഷ്യസുരക്ഷ
ഉറപ്പാക്കുന്നതിന്‌ അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.
മുൻവർഷങ്ങളിലെ കാർഷിക വിലത്തകർച്ച യൊഴികെ പറയത്തക്ക തിക്താനുഭവങ്ങളൊന്നും
നായർ ഓർക്കുന്നില്ല.  നാടൻ തെങ്ങിനങ്ങൾ കൃഷി ചെയ്താൽ തന്നെ സാമാന്യം നല്ല
വിളവും ആദായവും ലഭിക്കും എന്നതാണ്‌ അദ്ദേഹത്തിന്റെ ഇതുവരെയുള്ള അനുഭവം.
മേൽവിലാസം: എ. ദാമോദരൻ നായർ, പൂക്കളം ഹൗസ്‌, പെരിയ, കാസർഗോഡ്‌, ഫോൺ : 9961183545
*സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ