18 Mar 2012

ഏലക്കാടുകളിലെ കേരവസന്തം


ദീപ്തി. ആർ

ഇടുക്കിയെന്നാൽ മനസ്സിലെത്തുന്നത്‌ ഏലക്കാടുകളും
തേയിലത്തോട്ടങ്ങളുമാണെങ്കിലും കേരകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന
കർഷകരുമുണ്ടെന്ന്‌ തെളിയിക്കുകയാണ്‌  തൊടുപുഴയ്ക്കടുത്ത്‌ കോടികുളത്തെ
തോട്ടുപാട്ടു വീട്ടിൽ ലൂക്കയെന്ന കർഷകൻ. നാലേക്കറോളം വരുന്ന കൃഷിയിടത്തിൽ
തെങ്ങും റബ്ബറും പ്രധാനവിളകൾ. കുരുമുളകും കവുങ്ങും കൊക്കോയുമൊക്കെയായി
ഇടവിളകൾ സമൃദ്ധം. അതിരുകളിൽ നല്ലയിനം തീറ്റപ്പുല്ലും
വളർത്തിയിരിക്കുന്നു. തെങ്ങിൻതോപ്പിലെ ചെറിയ കുളങ്ങളിൽ നിറയെ വിവിധയിനം
മീനുകളേയും വളർത്തുന്നു. കാർപ്പ്‌, കട്ല, രോഹു, സിൽവർ തുടങ്ങിയ
മീനുകളോടാണ്‌ ലൂക്കായ്ക്ക്‌ പ്രിയം. പൂർണ്ണ വളർച്ചയെത്തിയാൽ വിപണിയിൽ
ഇവയ്ക്ക്‌ വൻ ഡിമാന്റാണ്‌. ഇതിനു പുറമെ, ഇപ്പോൾ തേനീച്ചക്കൃഷി കൂടി
പരീക്ഷിക്കുകയാണ്‌ ലൂക്ക.

രാസവളങ്ങളുടെ അമിതോപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ആകുലതകളും
വർദ്ധിക്കുന്ന ഈ കാലത്ത്‌ ജൈവകൃഷിരീതികൾ പിൻതുടരേണ്ടതിന്റെ ആവശ്യകത ലൂക്ക
തറപ്പിച്ചു പറയുന്നു. കഴിഞ്ഞ പതിനഞ്ചുവർഷമായി ജൈവകൃഷിരീതികൾ മാത്രം തന്റെ
കൃഷിയിടത്തിൽ അവലംബിക്കുന്ന ഇദ്ദേഹം ഇൻഡോസർട്ട്‌ അംഗീകാരമുള്ള ജൈവകർഷകൻ
കൂടിയാണ്‌. വർഷങ്ങൾക്കു മുമ്പ്‌ ഡോ. എ.പി.ജെ അബ്ദുൽ കലാം തൊടുപുഴയിൽ
വന്നപ്പോൾ ജൈവ രീതിയിൽ വിളയിച്ച ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം
പ്രകിടിപ്പിക്കുകയുണ്ടായി. പൂർണ്ണമായും ജൈവ രീതിയിൽ കൃഷി ചെയ്യുന്ന
ലൂക്കാചേട്ടന്റെ പാടത്ത്‌ നിന്നായിരുന്നു അന്ന്‌ ജൈവിക അരിയെത്തിച്ചതു.
ഇന്നും ഈ അനുഭവം പങ്കുവെയ്ക്കുമ്പോൾ അദ്ദേഹം വാചാലനാകുന്നു.
പൂർണ്ണമായും പ്രകൃതിയോടിണങ്ങി ചേർന്ന്‌ പ്രകൃതി വിഭവങ്ങളുടെ പൂർണ്ണ
ഉപയോഗം സാദ്ധ്യമാക്കുന്ന കൃഷി     രീതിയാണ്‌ അദ്ദേഹത്തിന്റേത്‌. വീട്ടിൽ
വളർത്തുന്ന നാടൻ പശുവിന്റെ ചാണകവും ഗോമൂത്രവുമാണ്‌ തെങ്ങുകളുടെ പ്രധാന
വളം. കൂടാതെ അടുപ്പിൽ നിന്നും പുകപ്പുരയിൽ നിന്നും ശേഖരിക്കുന്ന ചാരവും
കക്കയും എല്ലുപൊടിയും ആവശ്യാനുസരണം നൽകുന്നു. തൊഴുത്തിൽ നിന്നുമുള്ള അധിക
ജലം പൈപ്പ്‌ വഴി തെങ്ങിൻ തടങ്ങളിൽ എത്തിക്കുവാനുള്ള ശ്രമത്തിലാണിപ്പോൾ.
നാടൻ പശുവിന്റെ ചാണകം വളമായി ഉപയോഗിക്കുമ്പോൾ തേങ്ങയ്ക്ക്‌ കൂടുതൽ തൂക്കം
ലഭിക്കുമെന്ന്‌ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വീട്ടിൽ നാടൻ
പശുവില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. പശുവിന്‌ അധികം കാലിത്തീറ്റ
കൊടുക്കാതെ തീറ്റപ്പുൽ കൂടുതലും ശുദ്ധമായ വെള്ളവും ധാരാളം നൽകിയാൽ
മതിയെന്നാണ്‌ അദ്ദേഹത്തിന്റെ ഉപദേശം. തൊഴുത്തും പരിസരവും എപ്പോഴും
വൃത്തിയായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്താറില്ല. ചാണകക്കുഴിയിൽ
പെരിങ്ങലത്തിന്റെ ഇലകൾ ഇടുന്നത്‌ കൊമ്പൻ ചെല്ലിയുടെ പുഴുക്കളെ കൊല്ലാൻ
സഹായിക്കുന്നു. ട്രൈക്കോഡെർമ, സ്യൂഡോമോണാസ്‌ തുടങ്ങിയ സൂക്ഷ്മാണുക്കളെയും
രോഗനിയന്ത്രണത്തിനായി ഉപയോഗിക്കുന്നു
.
    കാർഷികരംഗത്തേക്കുള്ള കടന്നുവരവ്‌ എങ്ങനെ യായിരുന്നു?
പരമ്പരാഗതമായി കൈമാറി വന്ന കൃഷിയിടമാണ.​‍്‌ കഴിഞ്ഞ 55 വർഷക്കാലമായി
കൃഷിയിൽ സജീവമാണ്‌. അന്നൊക്കെ പ്രധാന വിള തെങ്ങ്‌ മാത്രമായിരുന്നു.
തൊടുപുഴയിലെ തെങ്ങുകൾ വിളവിന്റെ കാര്യത്തിൽ വളരെയധികം
മുൻപന്തിയിലായിരുന്നു. നാളികേരത്തിനുമുണ്ടായിരുന്നു സവിശേഷ ഗുണങ്ങൾ.
തേങ്ങയുടെ അകക്കാമ്പിന്‌ കനം കൂടുതലുണ്ടായിരുന്നു. ഇത്‌ കൂടുതൽ
കൊപ്രയുണ്ടാക്കാൻ സഹായിച്ചു.

    ഇപ്പോൾ പ്രധാനമായി ഏതെല്ലാം വിളകളാണ്‌ കൃഷി ചെയ്യുന്നത്‌?
തെങ്ങും റബ്ബറുമാണ്‌ പ്രധാന വിളകൾ. ഇടവിളയായി കുരമുളകും കൊക്കോയും
കവുങ്ങുമുണ്ട്‌. ചെറിയ രീതിയിൽ തീറ്റപ്പുൽകൃഷിയും ഒരേക്കറോളം വരുന്ന നെൽ
പാടവുമുണ്ട്‌. എന്നാൽ 25 സെന്റോളം സ്ഥലത്ത്‌ മാത്രമേ നെല്ല്‌
വിതയ്ക്കാറുള്ളൂ. തൊഴിലാളികളെ ലഭിക്കാനുള്ള പ്രയാസമാണ്‌ കാരണം.
    ഈ പ്രദേശം കൃഷിക്ക്‌ എത്രത്തോളം ഉപയുക്തമാണ്‌?
താരതമ്യേന ചരിവുള്ള പ്രദേശത്താണ്‌ കൃഷിസ്ഥലം. ഈ ഭാഗത്ത്‌ റബ്ബറും
താഴ്‌വാരത്തോടടുത്ത്‌ തെങ്ങുമാണ്‌ കൃഷി ചെയ്യുന്നത്‌. താഴ്‌ന്ന
ഭാഗത്താണ്‌ മൂന്ന്‌ പൂവ്‌ കൃഷിയിറക്കാൻ സാധിക്കുന്ന നെൽപാടം.
ജൈവാവശിഷ്ടങ്ങൾ അഴുകി ചേർന്ന വളക്കൂറുള്ള മണ്ണായതിനാൽ വിളകൾ തഴച്ചു
വളരുന്നു.

    എന്തെല്ലാമാണ്‌ പ്രധാന പരിചരണ മുറകൾ?
എല്ലാ വിളകൾക്കും വെവ്വേറെ ശാസ്ത്രീയ പരിചരണമുറകൾ ലഭ്യമാക്കുന്നതിന്‌
ശ്രദ്ധിക്കാറുണ്ട്‌. രാസവളങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
വേപ്പിൻ പിണ്ണാക്ക്‌, ചാണകം, പച്ചിലകൾ എന്നിവയാണ്‌ പ്രധാന വളങ്ങൾ. മണ്ണിൽ
ജൈവവളമുണ്ടെങ്കിൽ രാസവളത്തിന്റെ ആവശ്യമില്ല എന്ന അഭിപ്രായക്കാരനാണ്‌
ലൂക്ക. രാസവളപ്രയോഗത്തിൽ    വിളവിൽ പ്രകടമായ വർദ്ധന കാണുമെങ്കിലും
സ്ഥായിയായ വിളവ്‌ ലഭിക്കാൻ സഹായകമല്ല.
     തോട്ടത്തിൽ രോഗങ്ങളെയും കീടങ്ങളെയും എങ്ങനെയാണ്‌ നിയന്ത്രിക്കുന്നത്‌?
പൊതുവെ രോഗകീടങ്ങൾ കുറവാണ്‌. അടുത്തിടെ ചില തെങ്ങുകളിൽ ചെല്ലിശല്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ട്‌. ചെല്ലിക്കോൽ ഉപയോഗിച്ചും വേപ്പിൻ പിണ്ണാക്ക്‌
-മണൽ മിശ്രിതം നിറച്ചുമാണ്‌ നിയന്ത്രിക്കുന്നത്‌.
    ഒരു ജൈവകർഷകനെന്ന നിലയിൽ ഈ കൃഷിരീതിയുടെ മികവിനെപ്പറ്റി വിശദീകരിക്കാമോ?
പൂർണ്ണമായും രാസവളങ്ങൾ ഉപയോഗിക്കുന്ന തോട്ടത്തിൽ നിന്ന്‌ ജൈവകൃഷി
രീതിയിലേക്ക്‌ മാറുമ്പോൾ ആദ്യത്തെ രണ്ട്‌ മൂന്ന്‌ വർഷം വിളവ്‌
കുറവായിരിക്കും. എന്നാൽ ക്രമേണ ഇത്‌ മികച്ച വിളവ്‌ ലഭിക്കാൻ സഹായിക്കും.
25-30 കിലോ തൂക്കമുള്ള കപ്പയും 18-20 കിലോ തൂക്കമുള്ള വാഴക്കുലയും സാധാരണ
വിളവെടുക്കാറുണ്ട്‌. ജൈവ രീതിയിൽ കൃഷി ചെയ്തെടുക്കുന്ന ഉൽപന്നങ്ങൾ കൂടുതൽ
കാലം കേടു കൂടാതെയിരിക്കുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഉൽപന്നങ്ങളെല്ലാം തന്നെ നേരിട്ട്‌ വിപണനം ചെയ്യാറാണ്‌ പതിവ്‌.
     കേരകൃഷി ലാഭകരമല്ലെന്ന അഭിപ്രായം ഇന്ന്‌ മിക്ക കർഷകർക്കുമുണ്ട്‌.
ഇതിനെക്കുറിച്ച്‌ താങ്കൾക്ക്‌ എന്താണ്‌ പറയാനുള്ളത്‌?
തെങ്ങ്‌ മാത്രം മനസ്സിൽ കണ്ടല്ല തെങ്ങ്‌ കൃഷി നടത്തേണ്ടത്‌. അതിനോടൊപ്പം
ഇടവിളകൾ കൂടി കൃഷി ചെയ്താൽ ഒരിക്കലും കേരകൃഷി ലാഭകരമല്ലാതാവുന്നില്ല.
തേങ്ങയ്ക്ക്‌ വിലയിടിയുമ്പോൾ ഇടവിളകൾ ലാഭമുണ്ടാക്കാൻ സഹായിക്കുന്നു.
എന്റെ തെങ്ങുകൾ മിക്കവയും വർഷത്തിൽ നൂറിലധികം കായ്ഫലം നൽകുന്നുണ്ട്‌.
ഇളനീരിനായി ഒന്നോ രണ്ടോ കുലകൾ വെട്ടുകയാണെങ്കിൽ വിളവ്‌ ഇനിയും കൂടും.
ശാസ്ത്രീയ പരിചരണമുറകളും അൽപം ശ്രദ്ധയും ചെലുത്തിയാൽ ഏതൊരാൾക്കും കേരകൃഷി
ലാഭകര മാക്കാവുന്നതേയുള്ളു.
     കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ നിന്ന്‌
ഏതെങ്കിലും തരത്തിൽ സഹായം ലഭിച്ചിട്ടുണ്ടോ?
തീർച്ചയായും. നാളികേര വികസന ബോർഡ്‌ നടപ്പിലാക്കുന്ന സമഗ്രകേര വികസന
പദ്ധതിയുടെ ഭാഗമായി മുൻ വർഷങ്ങളിൽ വളവും മറ്റ്‌ സഹായങ്ങളും
ലഭിച്ചിട്ടുണ്ട്‌.
     നാളികേര വികസന ബോർഡ്‌ നടപ്പിലാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച്‌
താങ്കൾക്ക്‌ അറിയാമോ?
ചങ്ങാതിക്കൂട്ടത്തെപ്പറ്റിയും ഉത്പാദക സംഘങ്ങളെപ്പറ്റിയും പത്രങ്ങളിലും
നാളികേര ജേണലിലും വായിച്ചറിഞ്ഞിരുന്നു. ഇടുക്കി ജില്ലയിലെ
ചങ്ങാതിക്കൂട്ടം പരിശീലനത്തിന്‌ വരുന്നവർ തെങ്ങിൻ തോപ്പിലെ പരിചരണമുറകൾ
കാണാനും പഠിക്കാനും എന്റെ തോട്ടത്തിൽ വരാറുണ്ട്‌. തെങ്ങുകയറ്റ
തൊഴിലാളികളെ ലഭ്യമാക്കാൻ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി അഭിനന്ദനാർഹമാണ്‌.
നാളികേര ഉത്പാദക സംഘങ്ങൾ ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ്‌.
കൃഷിയിൽ നിന്നും വൻ ലാഭം കൊയ്യുന്നതിലുപരി വരും തലമുറകളുടെ ആരോഗ്യ
സംരക്ഷണത്തിലും പ്രകൃതി വിഭവങ്ങളുടെ ബുദ്ധിപൂർവ്വമായ ഉപയോഗത്തിലും ശ്രദ്ധ
ചെലുത്തുകയാണ്‌ സാമൂഹിക പ്രതിബദ്ധതയുള്ള ഈ കർഷകൻ. ഇടവിളകളാൽ സമൃദ്ധമായ
കൃഷിയിടത്തിലൂടെ പ്രായാധിക്യത്തെ വെല്ലുന്ന ആവേശവുമായി നടന്നു നീങ്ങുന്ന
ലൂക്ക ഇടുക്കിയിലെ മുഴുവൻ കേരകർഷകർക്കും ഉദാത്ത മാതൃകയാണ്‌.
മേൽവിലാസം: ഇ.എൽ. ലൂക്ക, തോട്ടുപാട്ട്‌ കൊടിക്കുളം പി.ഒ, തൊടുപുഴ,
ഇടുക്കി, ഫോൺ: 0486-2264646.
ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...