രശ്മി ഡി. എസ്.
ചന്ദ്രകളഭം ചാർത്തി ഉണരും തീരം ....
ഇന്ദ്രധനുസ്സിൻ തൂവൽകൊഴിയും തീരം .....
ഈ മനോഹരതീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി,
എനിയ്ക്കിനിയൊരുജന്മം കൂടി ...........? എന്ന് കവി പാടിയത് ഒരുപക്ഷേ;
കേരവൃക്ഷത്താൽ നിബിഢമായ പെരുമ്പളം എന്ന ചെറുഗ്രാമം കണ്ടിട്ടാവാം.
ആധുനികതയുടെ പരിവേഷം തീരെയില്ലാത്ത പച്ചപുതച്ച ഈ ഗ്രാമം, അതിന്റെ തനതായ
മനോഹാരിത നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കുന്നത് ഒരു കാർഷിക ഗ്രാമം
ആയതുകൊണ്ടുമാത്രമാണ്. കുപ്പിളിൽ വീട്ടിൽ അരവിന്ദന്റെ മകൻ ശ്രീകുമാർ
പരമ്പരാഗതമായി തെങ്ങുകൃഷി ചെയ്യുന്ന കർഷക കുടുംബത്തിലെ അംഗമാണ്. ഈ
അഭിമുഖത്തിൽ ശ്രീകുമാർ തന്റെ അനുഭവങ്ങൾ നാളികേര കർഷകർക്കായി പങ്ക്
വെയ്ക്കുകയാണ്.
ബിരുദധാരിയായിട്ടും താങ്കൾ മറ്റ് ജോലിക്കൊന്നും ശ്രമിക്കാതെ മുഴുവൻ സമയ
കർഷകനാകാൻ തീരുമാനിച്ചതു എന്തുകൊണ്ടാണ് ?
ഓർമ്മവെച്ച നാൾമുതൽ അച്ഛൻ സ്വന്തം കൃഷിഭൂമിയിൽ
അദ്ധ്വാനിക്കുന്നതുകണ്ടാണ് ഞാൻ വളർന്നത്. അച്ഛന് ഒരു ചെറിയ
തുണിക്കടയുമുണ്ട്. പക്ഷേ; എനിക്ക് താൽപര്യം കൃഷിയോട് തന്നെയായിരുന്നു.
സ്വന്തമായി കൃഷി ചെയ്യുന്നതിലൂടെ കിട്ടുന്ന സന്തോഷവും ആത്മവിശ്വാസവും
ഒന്നുവേറെ തന്നെയാണ്. ?എന്ത് വന്നാലും തെങ്ങ് ചതിക്കില്ല? എന്നൊരു
വിശ്വാസവുമുണ്ട് തുണയായി. അതു തന്നെയാണ് തെങ്ങ് കൃഷിയിൽ തുടരാൻ എന്നെ
പ്രേരിപ്പിക്കുന്നതും.
നാളികേരമേഖല ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടപ്പോൾ എങ്ങനെയാണ് അവയെ അഭിമുഖീകരിച്ചതു?
ഏകദേശം ഏഴ് ഏക്കറോളം കൃഷിഭൂമിയുണ്ടെനിക്ക്. ഇതിൽ അഞ്ച് ഏക്കറിലും
തെങ്ങാണ്. നല്ല വിളവ് തരുന്ന 400 ഓളം തെങ്ങുകൾ എനിക്കുണ്ട്. ഒരു വർഷം
ഏകദേശം 40,000 തേങ്ങ ലഭിക്കും. തെങ്ങ് കൂടാതെ നെല്ല്, പച്ചക്കറികൾ,
വാഴ, കൊക്കോ, ജാതി, തണ്ണിമത്തൻ, മരച്ചീനി എന്നീ വിളകളും ഞാൻ കൃഷി ചെയ്ത്
വരുന്നു. കൂടാതെ മീൻ വളർത്തലുമുണ്ട്. ഒരിഞ്ച് ഭൂമിപോലും ഞാൻ വെറുതേ
ഇടാറില്ല. തെങ്ങിന് അനുയോജ്യമായ ഇടവിളകൾ മാറിമാറി കൃഷി ചെയ്യാറുണ്ട്.
തെങ്ങിന്റെ പരിപാലനത്തിൽ നന്നായി ശ്രദ്ധിക്കുന്നതുകൊണ്ട്, തേങ്ങയുടെ ഉത്
്പാദനത്തിൽ കുറവുണ്ടായിട്ടില്ല. ഇടവിളകളിൽ നിന്ന് ഒരുലക്ഷം രൂപയ്ക്ക്
മേൽ വരുമാനവുമുണ്ട്.
മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് പെരുമ്പളത്തെ തെങ്ങുകൃഷിക്ക്
അനുയോജ്യമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് ?
പെരുമ്പളം ഒരു ദ്വീപായതുകൊണ്ടാവാം ഇവിടുത്തെ മണ്ണ് വളരെ ഫലഭൂയിഷ്ടമാണ്.
പ്രത്യേകിച്ച് കീടരോഗബാധകൾ ഒന്നും തന്നെ ഈ പ്രദേശത്തെ തെങ്ങുകളെ
ബാധിക്കാറില്ല.
താങ്കളുടെ തനതായ കൃഷിരീതികൾ ഏതൊക്കെയാണെന്ന് പറയാമോ?
പണ്ടുമുതലേ ചെയ്ത് വരുന്ന കാർഷികരീതികൾ ഇപ്പോഴും തുടരുകയാണ്
ചെയ്യുന്നത്. വേനലിന് മുമ്പ് കായലിൽ നിന്ന് ചെളികോരി തെങ്ങിൻ തടത്തിൽ
ഇടും, വേനൽക്കാലത്ത് ഈ ചെളി ഉണങ്ങിപ്പൊടിഞ്ഞ് മണ്ണിൽ ചേരും.
രാസവളത്തൊടൊപ്പം തന്നെ ജൈവവളവും ഇട്ടുകൊടുക്കുന്നതാണ് എന്റെ രീതി.
ചാണകം, എല്ലുപൊടി എന്നിവയും ഉപയോഗിക്കുന്നുണ്ട്. വേപ്പിൻ പിണ്ണാക്ക്
യൂറിയയോടൊപ്പം 6:1 എന്ന അനുപാതത്തിൽ ചേർത്ത് രണ്ട് ദിവസം വെച്ചതിനുശേഷം
തെങ്ങിന് ഇടാറുണ്ട്. സ്വന്തമായി മൂന്ന് മണ്ണിര കമ്പോസ്റ്റ്
യൂണിറ്റുകളുണ്ട്. അതിനാൽ തോട്ടത്തിലെ അവശിഷ്ടങ്ങളുടെ പുനഃചംക്രമണം
ശരിയായ രീതിയിൽ ചെയ്ത് വരുന്നു. ഇവിടെ ഉത്്പാടിപ്പിക്കുന്ന മണ്ണിര
കമ്പോസ്റ്റ് മുഴുവൻ ഇവിടെത്തന്നെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
മത്സ്യകൃഷി ചെയ്യുന്ന കുളത്തിലെ വെള്ളം തെങ്ങ് നനയ്ക്കുന്നതിനായി
ഉപയോഗിക്കുന്നത് വഴി ഉത്്പാദനം കൂടുന്നതായി കാണുന്നു. സ്പ്രിംഗ്ലർ
ജലസേചനമാണ് നടത്തുന്നത്. എല്ലാക്കാലത്തും തെങ്ങിനും ഇടവിളകൾക്കും
നനച്ച് കൊടുക്കുന്നുണ്ട്. രണ്ടുദിവസത്തിലൊരിക്കൽ 10-15 മിനിറ്റ്
സ്പ്രിംഗ്ലർ വഴി നനയ്ക്കും. ജലം പാഴാകില്ല എന്നൊരു മെച്ചവുമുണ്ട്.
തെങ്ങിന് ഇടവിളയായി കൃഷി ചെയ്യുന്ന വാഴയുടെ അവശിഷ്ടങ്ങൾ പുതയിടാൻ
ഉപയോഗിക്കും. വാഴ ഇടവിളയാക്കിയ തെങ്ങിൻതോപ്പിലും വിളവിൽ വർദ്ധന
കാണാറുണ്ട്.
ഏതിനം തെങ്ങുകളാണ് താങ്കളുടെ തോട്ടത്തിലുള്ളത്? തൈകൾ എവിടെ നിന്നാണ്
വാങ്ങുന്നത്?
തെങ്ങുകളെല്ലാം തന്നെ പശ്ചിമതീര നെടിയയിനമാണ്. ഇതുവരെ ഞാൻ പുറത്ത്
നിന്ന് തൈകൾ വാങ്ങിയിട്ടില്ല. നല്ല മാതൃവൃക്ഷം നോക്കി അതിൽ നിന്ന്
മാത്രം വിത്ത് തേങ്ങയെടുത്താണ് ഇവിടെ തൈകൾ നട്ടുവളർത്തുന്നത്. ഈ
പ്രദേശത്തെ മറ്റ് കർഷകർക്കും തൈകൾ നൽകാറുണ്ട്.
ഇപ്പോൾ ഏതെല്ലാം ഇടവിളകളാണ് കൃഷി ചെയ്യുന്നത്?
തെങ്ങിന് ഇടവിളയായി പ്രധാനമായും വാഴയാണ് നടാറ്. ഞാലിപ്പൂവൻ വാഴയാണ്
കൃഷി ചെയ്യുന്നത്. ഞാലിപ്പൂവനാണ് ആദായകരം. ജാതിയും നട്ടിട്ടുണ്ട്.
മഞ്ഞൾ, ഇഞ്ചി എന്നിവയും കൃഷി ചെയ്തിരുന്നു. കോവൽ, പയർ, വെള്ളരി,
തണ്ണിമത്തൻ എന്നിവ പാകിയിട്ടുണ്ട്. കൃഷി ഭവനിൽ നിന്നും മണ്ണൂത്തി കാർഷിക
സർവ്വകലാശാലയിൽ നിന്നുമാണ് വിത്തുകൾ വാങ്ങാറുള്ളത്.
എന്തൊക്കെ കീടരോഗ നിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിക്കാറുണ്ട്?
തോട്ടം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. തെങ്ങിന്റെ
മണ്ട വൃത്തിയാക്കൽ, ജൈവ കീടനാശിനി (വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം)
പ്രയോഗം എന്നിവ ചെയ്യാറുണ്ട്. രാസകീടനാശിനികൾ ശുപാർശ ചെയ്തിട്ടുള്ള
അളവിൽ ആവശ്യാനുസരണം മാത്രമേ ഉപയോഗിക്കാറുള്ളൂ.
തേങ്ങയടക്കമുള്ള ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്നതെങ്ങനെയാണ്?
ഇവിടുത്തെ തേങ്ങയ്ക്ക് കൊപ്രത്തൂക്കം കൂടുതൽ ആയതിനാൽ പുറമെ
കിട്ടുന്നതിലും രണ്ട് രൂപ എപ്പോഴും കൂടുതലാണ് കിട്ടാറ്. തദ്ദേശീയരായ
കച്ചവടക്കാരാണ് തേങ്ങയെടുക്കുന്നത്. എണ്ണിയെടുക്കാറാണ് പതിവ്.
എറണാകുളത്തെ ഹോട്ടലുകൾക്കും വിൽക്കാറുണ്ട്. ഫെബ്രുവരിയിൽ മൂന്നാമത്തെ
ആഴ്ച്ച 8 രൂപയാണ് ഒരു തേങ്ങയ്ക്ക് ലഭിച്ചതു. വെളിയിൽ അപ്പോൾ 6
രൂപയായിരുന്നു വില. ഞാലിപ്പൂവന്റെ 10 കി.ഗ്രാം. തൂക്കമുള്ള കുലയ്ക്ക്
200 രൂപയോളം വില കിട്ടാറുണ്ട്. വാഴക്കുല തൃപ്പൂണിത്തുറ മാർക്കറ്റിലാണ്
കൊടുക്കുന്നത്. തണ്ണിമത്തനും പച്ചക്കറികളും പൂത്തോട്ട മാർക്കറ്റിൽ
വിൽക്കുന്നു. കപ്പ തോട്ടത്തിൽ നിന്ന് തന്നെ വാങ്ങിക്കൊണ്ടുപോകും.
തെങ്ങുകൃഷി എങ്ങനെ കൂടുതൽ ലാഭകരമാക്കാം?
ആദായം വർദ്ധിപ്പിക്കണമെങ്കിൽ രോഗകീടബാധയുള്ള തെങ്ങുകൾ വെട്ടിമാറ്റി
നല്ലയിനം തൈകൾ നടണം. 3- 4 വർഷത്തിനുള്ളിൽ കായ്ക്കുന്ന കുറിയയിനം തൈകൾ
കൂടുതലായി നടണം. ശാസ്ത്രീയമായ കൃഷിരീതികൾ അലവംബിക്കൽ, വിളവ്
ഏകോപിപ്പിക്കൽ, ഇടവിളക്കൃഷി, സമ്മിശ്രക്കൃഷി എന്നിവയിലേക്ക് കർഷകർ
കൂടുതലായി ശ്രദ്ധിക്കണം. ഇളനീരിന്റെ ഉപഭോഗം കൂടുന്നത് വളരെ നല്ല
ലക്ഷണമാണ്. ഇളനീർ വിളവെടുക്കുമ്പോൾ തേങ്ങ വിളയാൻ കാത്തുനിൽക്കേണ്ട
കാലതാമസം ഒഴിവാക്കാനും തെങ്ങിന്റെ വിളവ് വർദ്ധിപ്പിക്കാനും
സാധിക്കുന്നു.
നാളികേര ബോർഡിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ബോർഡിന്റെ പല പദ്ധതികളുടേയും ആനുകൂല്യം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ സമഗ്ര
കേരവികസന പദ്ധതിയുടെ കേരക്ലസ്റ്ററിൽ അംഗമാണ്. പലപ്പോഴായി ബോർഡ്
സംഘടിപ്പിച്ചിട്ടുള്ള കാർഷിക സെമിനാറുകളിലൊക്കെ പങ്കെടുത്തിട്ടുണ്ട്.
ബോർഡിന്റെ ?തെങ്ങിന്റെ ചങ്ങാതിക്കൂട്ടം? പദ്ധതി തികച്ചും
അഭിനന്ദനമർഹിക്കുന്ന ഒന്നാണ്. തേങ്ങയിടാനും മറ്റ് കൃഷിപ്പണികൾക്കും
കേരകർഷകർക്ക് ചങ്ങാതിമാർ തുണയാകും എന്ന് പ്രതീക്ഷിക്കുന്നു. പെരുമ്പളം
പഞ്ചായത്തിൽ നിന്ന് നാല് ചെറുപ്പക്കാർ ചങ്ങാതിക്കൂട്ടം പരിശീലനം
നേടിയിട്ടുണ്ട്, അവരുടെ സേവനം തീർച്ചയായും ഞാൻ പ്രയോജനപ്പെടുത്തും.
അതുപോലെ നാളികേര ഉത്പാദകസംഘങ്ങൾ രൂപീകരിക്കാനുള്ള ബോർഡിന്റെ ശ്രമങ്ങൾ
സ്വാഗതാർഹമാണ്. റബ്ബർ ഉത്പാദക സംഘങ്ങൾ പോലെ സിപിഎസുകൾ പ്രവർത്തിച്ചാൽ
നാളികേര വിപണിയെ സ്വാധീനിക്കാനും, നമ്മുടെ വിപണന മേഖല ശക്തിപ്പെടുത്താനും
സാധിക്കും. ഒറ്റയ്ക്കൊറ്റക്ക് കർഷകൻ ചെയ്യുന്ന സംസ്ക്കരണവും, വിപണനവും
ലാഭകരമാക്കുവാൻ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഉത്പാദക സംഘങ്ങൾ
പ്രസക്തമാവുന്നത്. കൊപ്രസംഭരണം, ഇളനീർ വിപണനം എന്നിങ്ങനെ ഒട്ടനവധി
സംരംഭങ്ങൾ സംഘങ്ങളിലൂടെ മാത്രമേ സാധ്യമാവൂ എന്നാണ് എന്റെ അഭിപ്രായം.
മറ്റ് സർക്കാർ, സർക്കാരേതര ഏജൻസികൾ മുഖേന ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടോ?
കൃഷി ഭവനുമായി നിരന്തര ബന്ധം പുലർത്തിവരുന്നു. സംസ്ഥാന സർക്കാരിന്റെ
സബ്സിഡി പദ്ധതിയിലാണ് പമ്പ് സെറ്റ് സ്ഥാപിച്ചതു. കാഷ്യു ബോർഡ്,
ഹോർട്ടികൾച്ചർ മിഷൻ എന്നിവയിൽ നിന്നും സബ്സിഡികൾ ലഭിച്ചിട്ടുണ്ട്.
?ഷുഗർബേബി? എന്നയിനം തണ്ണിമത്തൻ കൃഷി ചെയ്യുന്നതിനുള്ള ?ആത്മ?യുടെ
ഡെമോൺസ്ട്രേഷൻ പ്ലോട്ട് ആയിരുന്നു എന്റെ തോട്ടം. സങ്കരയിനം പയറും
ആത്മയുടെ സഹായത്തോടെ കൃഷി ചെയ്തുവരുന്നു.
കൃഷികാര്യങ്ങളിൽ കുടുംബാംഗങ്ങളുടെ സഹകരണം?
അച്ഛനും, അമ്മയും കൂടാതെ ഭാര്യയും രണ്ട് പെൺമക്കളും അടങ്ങിയതാണ് എന്റെ
കുടുംബം. എല്ലാ കാര്യങ്ങളിലും അച്ഛന്റെ ഉപദേശം തേടാറുണ്ട്. കൃഷി
കാര്യങ്ങളിലെല്ലാം വീട്ടുകാർ സഹായിക്കാറുണ്ട്.
കർഷക അവാർഡുകൾ, പുരസ്ക്കാരങ്ങൾ എന്നിവയെക്കുറിച്ചുള്ള അഭിപ്രായം?
പെരുമ്പളം പഞ്ചായത്തിലെ ?മികച്ച കർഷക പുരസ്കാരം? പലതവണ ലഭിച്ചിട്ടുണ്ട്.
അവാർഡിന് വേണ്ടി അപേക്ഷിക്കാനൊന്നും താൽപര്യമില്ല. എങ്കിലും കർഷകരെ
ആദരിക്കുന്നത് തീർച്ചയായും സന്തോഷജനകമാണ്. മാത്രമല്ല മറ്റ് കർഷകർക്ക്
മാതൃകയും, പ്രചോദനവുമാകും ഈ അവാർഡ് ജേതാക്കൾ.
തെങ്ങ് കൃഷിയിൽ താങ്കളുടെ ഭാവി സംരംഭങ്ങൾ എന്തൊക്കെയായിരിക്കും?
കരിക്കിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നതായി കാണുന്നുണ്ട്. ഇവിടുത്തെ
കരിക്ക് സംഭരിച്ച്, ഹൈവേയിൽ ഒരു ഇളനീർപന്തൽ തുടങ്ങാൻ ആലോചിക്കുന്നു.
പച്ചതേങ്ങയുടേയും, മൂല്യവർദ്ധിത ഉത്പന്നങ്ങളുടേയും കയറ്റുമതി
കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സിപിഎസുകളിലൂടെ നാളികേര മേഖല
പൂർവ്വാധികം ശക്തിപ്രാപിക്കുമെന്നും, നാളികേര കൃഷിക്ക് ഒരു
പുത്തനുണർവ്വ്വ് ഉണ്ടാകുമെന്നുമാണ് എന്റെ പ്രതീക്ഷ.
പെരുമ്പളം പഞ്ചായത്തിൽ നിന്ന് 25 ഓളം സിപിഎസുകൾ രൂപീകരിച്ചതിൽ, 18 ഓളം
സിപിഎസുകൾക്ക് ചുക്കാൻ പിടിക്കുന്നത് മുപ്പത്തിയേഴുകാരനായ ഈ
യുവകർഷകനാണ്.
മേൽവിലാസം: ശ്രീകുമാർ കെ.പി., കൂപ്പിള്ളിൽ വീട്, പെരുമ്പളം, ചേർത്തല,
688570. ഫോൺ : 9446122740
ടെക്നിക്കൽ ഓഫീസർ, നാളികേര വികസന ബോർഡ്, കൊച്ചി-11