കരിമ്പനകളുടെ നാട്ടിൽ നിന്നൊരു കേരഗീതം


ജെ. ജോർജ്ജ്‌ പീറ്റർ


പാലക്കാട്‌ ജില്ലയിലെ വടകരപ്പതിയിലെ യുവകർഷകനാണ്‌ മോഹൻരാജ്‌.
ഇദ്ദേഹത്തിന്റെ നാലേക്കർ കൃഷിയിടത്തിലേക്ക്‌ നമുക്ക്‌ കടന്ന്‌ ചെല്ലാം.
ചിറ്റൂർ താലൂക്കിലെ തേനംപതിക്കളത്തിലാണ്‌ മോഹൻരാജിന്റെ തോട്ടം.
പിതാവിന്റെ മരണത്തെത്തുടർന്ന്‌ കൃഷിയിലേക്ക്‌ തിരിയുകയായിരുന്നു. മുഴുവൻ
സമയ കർഷകനായിട്ട്‌ അഞ്ച്‌ വർഷമേ ആയിട്ടുള്ളു.  കഠിനാദ്ധ്വാനിയായ ഒരു
കർഷകനാണ്‌ ഇദ്ദേഹം.
തോട്ടത്തിലെ മുഖ്യവിള തെങ്ങാണ്‌. ഇടവിളയായി വാഴയും കാപ്പിയും
കൃഷിചെയ്യുന്നു. 260 തെങ്ങുകളാണ്‌ തോട്ടത്തിൽ ആകെയുള്ളത്‌. ഇതിൽ 50 എണ്ണം
തൈതെങ്ങുകളാണ്‌. ഒരു തെങ്ങിൽ നിന്ന്‌ ആണ്ടിൽ ശരാശരി 150 തേങ്ങ കിട്ടും.
തെങ്ങിന്‌ തടം തുറന്ന്‌ വർഷത്തിൽ മൂന്ന്‌ തവണ 1 കി.ഗ്രാം യൂറിയയും 1 കി.
ഗ്രാം സുപ്പർഫോസ്ഫേറ്റും 2 കി.ഗ്രാം മ്യൂറിയേറ്റ്‌ ഓഫ്‌ പൊട്ടാഷും
തെങ്ങിന്‌ ഇട്ടുകൊടുക്കുന്നുണ്ട്‌. ഓരോ തെങ്ങിൻ ചുവട്ടിലും 2 കൊട്ട
ചാണകവും വർഷത്തിലൊരിക്കൽ നൽകുന്നു. തെങ്ങിൻ തടത്തിൽ പാഴ്‌വസ്തുക്കളും
പച്ചിലകളും കൊണ്ട്‌ പുതയിടീൽ നടത്തുന്നുണ്ട്‌. തോട്ടത്തിലെ കിണറ്റിൽ
നിന്നുള്ള വെള്ളമാണ്‌ ജലസേചനത്തിന്‌ ഉപയോഗിക്കുന്നത്‌. ഡ്രിപ്‌ സംവിധാനം
സ്ഥാപിച്ചാണ്‌ ജലസേചനം നടത്തുന്നത്‌.  തെങ്ങിൻ തടത്തിൽ പുതയിടുന്നതിനാൽ
മണ്ണിന്റെ ഈർപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുന്നു.


നാൽപത്തിയഞ്ച്‌ ദിവസത്തിലൊരിക്കലാണ്‌ തെങ്ങ്‌ കയറുന്നത്‌. തേങ്ങ പച്ച
തേങ്ങയായി തന്നെ വിൽക്കുന്നു. കച്ചവടക്കാർ തോട്ടത്തിലെത്തി തേങ്ങ
വാങ്ങുകയാണ്‌ ചെയ്യുന്നത്‌.  ഇടയ്ക്കിടെ കരിക്ക്‌ വിൽപ്പനയും
നടത്താറുണ്ട്‌.  തേങ്ങയായി വിളവെടുക്കുന്നതിനേക്കാളും ലാഭകരം കരിക്ക്‌
വിൽക്കുന്നതാണെന്നാണ്‌ മോഹൻരാജിന്റെ അഭിപ്രായം.
തെങ്ങിന്‌ കാര്യമായ രോഗ-കീടബാധയൊന്നുമില്ല. തെങ്ങ്‌ കയറുമ്പോഴെല്ലാം മണ്ട
വൃത്തിയാക്കി വേപ്പിൻ പിണ്ണാക്കും മണലും ചേർത്ത മിശ്രിതം ഓലമടലിനുള്ളിൽ
നിറയ്ക്കാറുണ്ട്‌.  കുമിൾരോഗങ്ങൾക്കെതിരെ മുൻകരുതലെന്ന നിലയിൽ മഴയ്ക്ക്‌
മുമ്പ്‌ ബോർഡോമിശ്രിതവും തളിച്ച്‌ കൊടുക്കാറുണ്ട്‌.
ടിഷ്യുകൾച്ചർ ഇനത്തിൽപ്പെട്ട വാഴയാണ്‌ ഇടവിളയായി കൃഷി ചെയ്യുന്നത്‌.
വേലന്താവളം ചന്തയിലാണ്‌ വാഴക്കുലകൾ വിൽക്കുന്നത്‌. വാഴയ്ക്ക്‌ പുറമേ,
കാപ്പിയും കൃഷി ചെയ്യുന്നുണ്ട്‌. ഇത്‌ കൂടാതെ മുന്ന്‌ കറവപ്പശുക്കളേയും
വളർത്തുന്നു. അമ്മയും ഭാര്യയും ഒരു മകനുമടങ്ങിയ കുടുംബത്തിന്റെ സകല
പൈന്തുണയും തന്റെ അദ്ധ്വാനത്തിന്‌ കരുത്തേകുന്നുവേന്നാണ്‌ മോഹൻരാജിന്റെ
അഭിപ്രായം.
കഠിനാദ്ധ്വാനിയായ ഈ യുവകർഷകൻ നാളികേര ബോർഡിന്റെ സമഗ്ര കേരവികസന
പദ്ധതിയിലെ തേനംപതി കേരക്ലസ്റ്ററിന്റെ കൺവീനറാണ്‌. ക്ലസ്റ്ററിൽ നിന്ന്‌
ലഭിച്ച കാർഷികോപാധികളും മറ്റും തോട്ടത്തിൽ ഫലപ്രദമായി
ഉപയോഗിച്ചിട്ടുണ്ട്‌. കൃഷി ഭവനിൽ നിന്ന്‌ ലഭിച്ച ധനസഹായം ഉപയോഗിച്ചാണ്‌
കൃഷിയിടത്തിലൊട്ടാകെ ഡ്രിപ്‌ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്‌. ബോർഡിന്റെ
ചങ്ങാതിക്കൂട്ടവും, നാളികേരോത്പാദക സംഘങ്ങളും കേരമേഖലയ്ക്ക്‌ നവോന്മേഷം
പകർന്ന്‌ നൽകുമെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു.
മേൽവിലാസം: മോഹൻരാജ്‌, തേനംപതിക്കളം, ഒഴലപ്പതി പി.ഒ., ചിറ്റൂർ,
പാലക്കാട്‌. മൊബെയിൽ : 9746932831
ഫീൽഡ്‌ ഓഫീസർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ