18 Mar 2012

മണലാരണ്യത്തിലെ കുറിയ തെൽങ്ങിനൽങ്ങളുടെ വിജയഗാഥ


ടി. എസ്‌. വിശ്വൻ

ഏതു മണ്ണിലും തഴച്ചുവളരാനും ഫലം തരാനും കഴിവുള്ള ഒരു ഫല വൃക്ഷമാണല്ലോ
തെങ്ങ്‌. ചൊരിമണൽ പ്രദേശത്തും കൃത്യമായ ജലസേചനവും കാര്യക്ഷമമായ വള
പ്രയോഗവും കൊണ്ട്‌ നല്ല വളർച്ചയും ഫല സമൃദ്ധിയും തെങ്ങു കൃഷിയിൽ നിന്നു
നേടാം. വിശേഷിച്ച്‌ കുറിയ ഇനങ്ങളും സങ്കര ഇനങ്ങളും കൃഷി ചെയ്യുമ്പോൾ
കൂടുതൽ അദ്ധ്വാനവും സംരക്ഷണവും കൂടിയേ തീരു. ആലപ്പുഴ ജില്ലയിലെ ചൊരിമണൽ
ഗ്രാമങ്ങളിലൊന്നായ മുഹമ്മ പഞ്ചായത്തിൽ തോട്ടത്തുശ്ശേരി ശാന്തപ്പൻ തന്റെ
40 സെന്റ്‌ ഭൂമിയിൽ കുറിയ ഇനങ്ങളും സങ്കര ഇനങ്ങളും മാത്രം കൃഷി ചെയ്ത്‌
മികച്ച വിളവ്‌ നേടുന്നത്‌ കുടുംബത്തിന്റെ കൂട്ടായ്മയും കഠിന പ്രയത്നവും
കൊണ്ടാണ്‌. മണലാരണ്യത്തിൽ കുറിയ തെങ്ങിനങ്ങളായ ഗൗരിഗാത്രം, മലയൻമഞ്ഞ,
മലയൻപച്ച, ഡി ഃ ടി തുടങ്ങിയവ പരീക്ഷിച്ച്‌ ഒരു കാർഷിക വിജയഗാഥ തന്നെ
രചിച്ച ശാന്തപ്പനെ ഇക്കഴിഞ്ഞ കർഷക ദിനത്തിൽ ഗ്രാമപഞ്ചായത്തും കൃഷി ഭവനും
ചേർന്ന്‌ ആദരിക്കുകയും ചെയ്തു.

ഇതിനകം ശാന്തപ്പന്റെ മാതൃകാപരമായ തെങ്ങു കൃഷി പ്രശസ്തിയിലേയ്ക്ക്‌
ഉയർന്നു കഴിഞ്ഞു. വിനോദ സഞ്ചാര വകുപ്പിൽ ജോലി ചെയ്യുന്ന ശാന്തപ്പന്‌
സ്വന്തം തെങ്ങിൻ തോട്ടത്തിലെ ഇളനീര്‌ തന്നെ ആലപ്പുഴയിൽ നടന്ന നെഹ്‌റു
ട്രോഫി ജലോത്സവത്തിന്‌ മുഖ്യാതിഥിയായിരുന്ന രാഷ്ട്രപതി ശ്രീമതി പ്രതിഭാ
പാട്ടീലിനും വിശിഷ്ടാതിഥികൾക്കും എത്തിച്ചു കൊടുക്കുവാൻ അവസരമുണ്ടായി.
നിലത്ത്‌ നിന്ന്‌ വിളവെടുത്തു തുടങ്ങിയ ഈ കുറിയ ഇനങ്ങളിൽ നിന്ന്‌ ഇപ്പോൾ
ആറടിയും എട്ടടിയും ഉയരത്തിൽ നാളികേരമടർത്താൻ സാധിക്കും. ആദ്യമൊക്കെ ജൈവ
വളവും രാസവളവുമുപയോഗിച്ചാണ്‌ കൃഷി ചെയ്തതെങ്കിലും ഇപ്പോൾ പൂർണ്ണമായും
ജൈവകൃഷിയാണ്‌ സ്വീകരിക്കുന്നത്‌. ജൈവ കൃഷി എന്നാൽ സുഭാഷ്‌ പലേക്കരുടെ
പ്രകൃതി സൗഹൃദ കൃഷി അഥവാ സീറോ ബജറ്റ്‌ ഫാമിംഗ്‌. അതിനായി ഒരു നാടൻ
പശുവിനേയും ശാന്തപ്പൻ സ്വന്തമാക്കി. ഈ നാടൻ പശുവും പ്രസവിച്ച്‌ അതിന്റെ
കിടാവും കൃഷിയിടത്തിന്‌ മുതൽക്കൂട്ടായി!

കാർഷിക ഫീച്ചറുകളിൽ വന്നതോടെ ശാന്തപ്പന്റെ കൃഷിയിടം സന്ദർശിക്കാനും
വിത്തുതേങ്ങ സംഭരിക്കാനും കർഷകർ ധാരാളം പേർ എത്തുന്നുണ്ട്‌. മികച്ച വിളവു
തരുന്ന കുറിയ ഇനങ്ങളുടെ വിത്തുതേങ്ങ ശേഖരിച്ച്‌ തൈകളാക്കി വിൽപ്പന
നടത്താനും ശ്രമങ്ങളാരംഭിച്ചുണ്ട്‌.
തെങ്ങു കൃഷി മാത്രമല്ല ആവശ്യത്തിന്‌ പച്ചക്കറികളും ഇടവിളകളായി കൃഷി
ചെയ്യുന്നു. പാവൽ, പടവലം, പയർ, തക്കാളി, മുളക്‌, ചീര തുടങ്ങിയവ നല്ല
വിളവ്‌ ലഭിക്കുന്ന നിലയിൽ കൃഷി ചെയ്തിട്ടുണ്ട്‌. ചേന, ചേമ്പ്‌, കാച്ചിൽ
തുടങ്ങിയ കിഴങ്ങ്‌ വർഗ്ഗ വിളകളും ഈ തെങ്ങിൻ തോപ്പിലെ ഇടവിളകളാണ്‌.
പൂർണ്ണമായും ജൈവകൃഷിയായതോടെ ശാന്തപ്പന്റെ കൃഷിയിടത്തിൽ നിന്ന്‌
പച്ചക്കറികൾ വിലയ്ക്ക്‌ വാങ്ങാൻ എത്തുന്നവരും കുറവല്ല. നാടൻ പശുവിന്റെ
ചാണകമുപയോഗിച്ച്‌ ബീജാമൃതവും, ജീവാമൃതവും തയ്യാറാക്കി വിളകളെ
സംരക്ഷിക്കുന്നു. തെങ്ങിന്‌ മാസന്തോറും ജീവാമൃതം നൽകും. തടത്തിൽ
മുടങ്ങാതെ പുത (​‍ാ​‍ൗഹരവശിഴ) വിരിക്കാനും ശ്രദ്ധിക്കുന്നു. കൃഷി
കാര്യങ്ങൾക്ക്‌ വീഴ്ച വരുത്താതെ സഹായിക്കാൻ ഭാര്യ ഷൈലമ്മ ഒപ്പമുണ്ട്‌.
എട്ടാം ക്ലാസ്സ്കാരി ശരണ്യയും നാടൻ പശുവിനെ സംരക്ഷിക്കാനും കോഴിയുടെയും
താറാവിന്റെയും കാര്യങ്ങൾ നോക്കാനും സഹായിക്കുന്നുണ്ട്‌.

     കുറിയ ഇനങ്ങളും സങ്കര ഇനങ്ങളും മാത്രം കൃഷി ചെയ്യാൻ പ്രത്യേകിച്ച്‌
എന്താണ്‌ കാരണം?
ഈ നാൽപ്പത്‌ സെന്റ്‌ സ്ഥലം ഞാൻ വാങ്ങിയതാണ്‌. വെളിമ്പ്രദേശം പോലെ മറ്റു
വിളകൾ ഒന്നുമില്ലാതെ കിടക്കുകയായിരുന്നു. അൽപ സ്വൽപം നിലം നികന്ന ഭാഗവും
ഉണ്ടായിരുന്നു. പുതുതായി തെങ്ങ്‌ നടുന്നതിനെപ്പറ്റി തീരുമാനിച്ചപ്പോൾ
മനസ്സിലുണ്ടായത്‌ കരിക്കിന്‌ പറ്റിയ ഇനങ്ങൾ വേണമെന്നായിരുന്നു. ടൂറിസം
ഡിപ്പാർട്ട്‌മന്റിലെ ജോലിക്കിടയിൽ കരിക്കിന്റെ വാങ്ങലും കൊടുക്കലുമായി
ധാരാളം ബന്ധപ്പെട്ടിട്ടുണ്ട്‌. കരിക്ക്‌ ലഭിക്കുന്നതിനുള്ള
ബുദ്ധിമുട്ടുകൾ അറിഞ്ഞിട്ടുണ്ട്‌. കരിക്കിന്‌ പറ്റിയ മലയൻമഞ്ഞ, മലയൻപച്ച,
ഗൗരിഗാത്രം, പതിനെട്ടാംപട്ട      തുടങ്ങിയ ഇനങ്ങൾ കലവൂരുള്ള നഴ്സറിയിൽ നിന്നു
വാങ്ങി കൃഷി ചെയ്തു.

    നല്ല തൈകൾ തന്നെ ലഭിക്കുന്നതിനും നന്നായി സംരക്ഷിക്കുന്നതിനുമൊക്കെ
ശാന്തപ്പന്‌ സാധിച്ചിട്ടുണ്ട്‌. അതെക്കുറിച്ച്‌ താങ്കൾക്ക്‌
പറയാനുള്ളത്‌?
പന്ത്രണ്ട്‌ വർഷം മുമ്പാണ്‌ ഞാൻ ആദ്യമായി കുറിയ ഇനങ്ങൾ നട്ടു
പിടിപ്പിക്കുന്നത്‌. നാളികേര ബോർഡിന്റെ നേര്യ മംഗലത്തുള്ള ഫാമിൽ നിന്നും
കുറിയ ഇനങ്ങളുടെ വിത്തുതേങ്ങ കൊണ്ടുവന്നു പാകുന്ന നഴ്സറി കലവൂർ ഉള്ളതായി
അറിഞ്ഞു. നാളികേര ബോർഡിന്റെ അംഗീകാരമുള്ള വർഗ്ഗീസ്‌ സാറിന്റെ നഴ്സറിയിൽ
നിന്നാണ്‌ മലയൻ ഇനങ്ങളും, ചാവക്കാടൻ ഇനങ്ങളുമെല്ലാം വാങ്ങി കൃഷി
ചെയ്തത്‌. അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ചാണ്‌ കൃഷി
ചെയ്തത്‌. ചാണകവും, പച്ചിലയും, ചാരവും നന്നായി ഉപയോഗിച്ചു.
രാസവളത്തോടൊപ്പം വേപ്പിൻ പിണ്ണാക്ക്‌, എല്ലുപൊടി തുടങ്ങിയ വളങ്ങളും
ഉപയോഗിച്ചു. വേനൽ ആരംഭിക്കുമ്പോൾ തന്നെ നന തുടങ്ങും. നട്ട്‌ രണ്ടര വർഷം
കഴിഞ്ഞപ്പോൾ കുലച്ചു തുടങ്ങി. അക്കാലത്ത്‌ ഈ വെളിമ്പ്രദേശത്ത്‌ നിലംപറ്റെ
നാളികേരക്കുല ഇരിക്കുന്നത്‌ വഴിയാത്രക്കാർ നോക്കി നിൽക്കുമായിരുന്നു.

       ഇപ്പോൾ ശാന്തപ്പന്റെ കൃഷിയിടത്തിൽ ഉയരം കുറഞ്ഞതും കായ്ഫലം ഉള്ളതുമായ 28
തെങ്ങുകൾ ഉണ്ട്‌. മലയൻ മഞ്ഞ - 10 എണ്ണം, മലയൻ പച്ച - 4 എണ്ണം, ഗൗരിഗാത്രം
- 6 എണ്ണം, പതിനെട്ടാംപട്ട - 4 എണ്ണം, ഡി ഃ ടി - 2 എണ്ണം, നാടൻ - 2 എണ്ണം
- ഇപ്രകാരമാണ്‌ തെങ്ങുകൾ ഉള്ളത്‌. കുറിയ ഇനങ്ങളുടെ വിത്തുതേങ്ങ പാകി
നട്ടുപിടിപ്പിച്ചതിലൊരെണ്ണം മൂന്ന്‌ വർഷത്തിനകം കുലച്ചതിന്റെ സന്തോഷവും
ശാന്തപ്പൻ പങ്കുവെച്ചു.വിത്തുതേങ്ങ സംഭരിക്കാൻ തുടങ്ങിയതോടെ കരിക്ക്‌
വിപണനം നിയന്ത്രിച്ചു. ജനുവരി മുതൽ ഏപ്രിൽ വരെ വിളഞ്ഞ നാളികേരം
ശേഖരിച്ച്‌ പാകുന്നതിന്‌ ഉപയോഗിക്കും.

   കുറിയ ഇനങ്ങൾ കൃഷി ചെയ്ത്തതിലൂടെ ശാന്തപ്പനുണ്ടായ നേട്ടങ്ങൾ പറയാമോ?
നേട്ടങ്ങളെപ്പറ്റിയേ പറയാനുള്ളു. ഒന്നാമത്‌ വിളവെടുപ്പിന്‌
പ്രയാസങ്ങളില്ല. എന്റെ ഭാര്യയ്ക്കോ മകൾക്കോ വീട്ടാവശ്യത്തിന്‌ തേങ്ങയോ
കരിക്കോ അടർത്തിയെടുക്കാൻ ആരെയും ആശ്രയിക്കേണ്ട. കരിക്ക്‌ തേടി വരുന്ന
കച്ചവടക്കാർക്ക്‌ ഞാൻ തന്നെ ശേഖരിച്ച്‌ നൽകും. കുറിയ ഇനങ്ങളുടെയെല്ലാം
തേങ്ങ വീട്ടാവശ്യത്തിന്‌ ഉപയോഗിക്കുന്നുണ്ട്‌. നാടൻ പശുവിന്റെ ചാണകവും
പ്രകൃതി സൗഹൃദ കൃഷിയുമായപ്പോൾ തേങ്ങയുടെ സ്വാദ്‌ വർദ്ധിച്ചിട്ടുണ്ട്‌.
എണ്ണയുടെ അംശം കൂടിയിരിക്കുമെന്നാണ്‌ തോന്നുന്നത്‌.

    പ്രകൃതി സൗഹൃദ കൃഷിയിലേയ്ക്ക്‌ പ്രവേശിക്കാൻ ഇടയായത്‌ എങ്ങനെ?
മാരാരിക്കുളത്ത്‌ രണ്ട്‌ വർഷം മുമ്പാണ്‌ പലേക്കർജിയുടെ ഒരാഴ്ചത്തെ
ക്ലാസ്സിന്‌ പോയത്‌. ഞാൻ അവധിയെടുത്താണ്‌ ക്ലാസ്സിൽ പങ്കെടുത്തത്‌.
എസ്‌.എൽ.പുരം ഗാന്ധി സ്മാരക സേവാ കേന്ദ്രമാണ്‌ അത്‌ നടത്തിയത്‌.
പലേക്കർജി ഒരു ദിവസം തെങ്ങുകൃഷി മാത്രം വിശദീകരിച്ചതു ഞാൻ ഏറെ
ഉൾക്കൊണ്ടു. ജീവാമൃതവും, ബീജാമൃതവും ജൈവകീടനാശിനിയുമൊക്കെ തയ്യാറാക്കാൻ
പഠിച്ചു. ഒരു മാസത്തിനുള്ളിൽ ഞാൻ ഒരു നാടൻ പശുവിനെ വാങ്ങി. ഭാഗ്യത്തിന്‌
അവൾ പ്രസവിച്ചു; പശുക്കുട്ടി തന്നെ.

    തെങ്ങിന്റെ കീടബാധയും രോഗവുമൊക്കെ എങ്ങനെ നേരിടും?
ഓരോ തെങ്ങും ദിവസവും ഞാൻ ശ്രദ്ധിക്കും. കൃഷി ഭവനിൽനിന്നുള്ള
നിർദ്ദേശമനുസരിച്ച്‌ മരുന്നുകൾ ഉപയോഗിച്ചു. ഇപ്പോൾ
വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ്‌ ലായനി തയ്യാറാക്കി കൂമ്പിലും കവിളിലും
ഒഴിക്കും. എന്നാലും എന്റെ രണ്ട്‌ തെങ്ങുകൾ ചെമ്പൻ ചെല്ലി നശിപ്പിച്ചു.
ജൈവകൃഷിയായതോടെ കൂമ്പുചീയലും മറ്റും അൽപം കുറഞ്ഞിട്ടുണ്ട്‌. വിളവൽപം
കുറഞ്ഞാലും മണ്ണ്‌ നന്നാവും. ഇടവിള കൃഷിക്കും ഗുണമാണ്‌.

     കൃഷിയിൽ സംതൃപ്തനാണോ, പ്രത്യേകിച്ച്‌ കുറിയ ഇനം തെങ്ങുകൾ മാത്രം
തെരഞ്ഞെടുത്ത്‌ കൃഷി ചെയ്ത്തതിൽ?
തികഞ്ഞ സംതൃപ്തിയാണ്‌ എനിക്കും എന്റെ കുടുംബത്തിനും. അഭിമാനവും ഉണ്ട്‌.
പുന്നമട കായലിലെ ജലോത്സവത്തിന്‌ രാഷ്ട്രപതിയും മറ്റും വന്നപ്പോൾ ഈ
തെങ്ങുകളിൽ നിന്നാണ്‌ ഇരുന്നൂറ്‌ കരിക്ക്‌ ശേഖരിച്ച്‌ കൊണ്ടുപോയത്‌.
കണ്ണൂരിൽ നിന്ന്‌ വന്ന ഒരു കർഷകൻ പത്ത്‌ വിത്തു തേങ്ങ ഇവിടെ നിന്നും
വാങ്ങി പാക്ക്‌ ചെയ്ത്‌ കൊണ്ടുപോകുമ്പോൾ എനിക്കുണ്ടായ വികാരം
പറഞ്ഞറിയിക്കാനായില്ല! പല സ്ഥലത്തു നിന്ന്‌ പഠിക്കാനും കാണാനും കർഷകർ
എന്റെ ഈ ചെറിയ കൃഷി തോട്ടത്തിൽ വരുന്നതു തന്നെ ഏറ്റവും വലിയ സംതൃപ്തി!

       തെങ്ങ്‌ മാത്രമല്ല, പച്ചക്കറികളും മറ്റ്‌ വിളവുകളുമെല്ലാം ജൈവകൃഷി
രീതികൾ അവലംബിച്ച്‌ സംരക്ഷിക്കുകയാണ്‌ ശാന്തപ്പൻ. സ്വന്തമായൊരു ജോലി
ഉണ്ടായിട്ടും. ഒഴിവു സമയങ്ങൾ പൂർണ്ണമായും ഈ നാൽപ്പത്തിയേഴുകാരൻ തന്റെ
കൃഷിയിടത്തിന്‌ സമർപ്പിക്കുന്നു. വീട്ടമ്മയായ ഭാര്യയും എട്ടാം
ക്ലാസ്സ്കാരിയായ മകളും ഇളയ മകൻ വരെ പൂർണ്ണ മനസ്സോടെ ഇന്ന്‌ ഈ
കൃഷിയിടത്തിന്റെ സംരക്ഷകരാണ്‌. അതിന്റെ ഫലമാണ്‌ ഈ മണലാരണ്യത്തിൽ
അത്ഭുതക്കാഴ്ചയായി അമൃത കുംഭ നിരകളും ഹരിത സമൃദ്ധിയും!
ചിന്ത, കരിക്കാട്‌ പി.ഒ., തണ്ണീർമുക്കം, ചേർത്തല.
മൊബെയിൽ : 9496884318

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...