18 Mar 2012

സമന്വയത്തിന്റെ മറുപ്പച്ചകൾ പെറ്റുപെരുകട്ടെ


സി.രാധാകൃഷ്ണൻ

ജനുവരി അവസാനത്തെ ആഴ്ച ദോഹയിൽ എനിക്ക്‌ അപൂർവ്വമായ ഒരു
മധുരാനുഭവമുണ്ടായി. ലോകം  നേരെയാകാതിരിക്കില്ല എന്ന എന്റെ വിശ്വാസത്തിന്‌
ആക്കം കൂട്ടുന്നതായിരുന്നു അത്‌. എല്ലാവരും അറിഞ്ഞിരിക്കുന്നത്‌
നല്ലതാണെന്നു തോന്നുന്നതിനാൽ അത്‌ പങ്കുവയ്ക്കുന്നു.
       സമന്വയം എന്നൊരു സംഘടന അവരുടെ വാർഷികാഘോഷത്തിലേക്ക്‌ ക്ഷണിച്ചപ്പോൾ
നിത്യേന വരുന്ന ഇത്തരം പല ക്ഷണങ്ങളിലൊന്ന്‌ എന്നേ കരുതിയുള്ളു.
വിശേഷിച്ചും മുതുകിലെ വേദന കാരണം യാത്രകൾ കുറച്ചിരിക്കയാൽ അനുകൂലമായ
മറുപടി പറയാൻ കഴിഞ്ഞില്ല. പിന്നെ വന്നത്‌ അവരുടെ പ്രവർത്തനങ്ങളുടെ
ചുരുക്കം രേഖപ്പെടുത്തിയ ഒരു ഇ-മെയിലാണ്‌. അതിലൂടെ കണ്ണോടിച്ചപ്പോൾ
ചിലപ്രത്യേകതകൾ കണ്ടു. ഈ പറയുന്നതൊക്കെ ശരിയാണെങ്കിൽ അതൊന്നു കാണണമല്ലോ
എന്നു തോന്നി. ആ യാത്ര വെറുതെയായില്ല എന്നുമാത്രമല്ല പോകാതിരുന്നെങ്കിൽ
വലിയ നഷ്ടമാകുമായിരുന്നു.
       നൂറിൽത്താഴെ കുടുംബങ്ങളുടെ ഒരു കൂട്ടായ്മയാണിത്‌.
കേരളീയരല്ലാത്തവരുമുണ്ട്‌. സമാനമനസ്കതമാത്രമാണ്‌ അടിസ്ഥാനം.
കാഴ്ചപ്പാടിലെ സമാനതയാണ്‌ ഉദ്ദേശിക്കുന്നത്‌. ജാതിക്കും മതത്തിനും
ദേശത്തിനും ഭാഷയ്ക്കുമൊക്കെ അതീതമാണ്‌ ശരിയായ മനുഷ്യത്വം എന്നതാണാ
കാഴ്ചപ്പാട്‌. ഇങ്ങനെയുള്ള മനുഷ്യത്വത്തിന്റെ സമന്വയമാണ്‌ സമന്വയം!
       സമാന്തരമായി ഇവരുടെ കുട്ടികളുടെ സമന്വയവും ഈ കുടുംബങ്ങളിലെ അമ്മമാരുടെ
സമന്വയവുമുണ്ട്‌. ഇവരെയെല്ലാം ഒരുമിപ്പിക്കുന്നത്‌ സ്നേഹത്തിന്റെ
പശയാണ്‌. ഭിന്നതകൾക്കുമുകളിൽ നിൽക്കാനുള്ള മനസ്സാണ്‌ കൈമുതൽ.
രാഷ്ട്രീയമെന്നല്ല ഒരു തരം വിഭാഗീയതയും സമന്വയത്തിനു പറ്റില്ലല്ലോ.
       നാല്‌ മലയാളി എവിടെച്ചെന്നാലും അഞ്ച്‌ അസോസിയേഷനുകൾ ഉണ്ടാക്കുമെന്നാണ്‌
പറയാറ്‌. ഭാരവാഹിയാരായിരിക്കണമെന്ന തർക്കത്തിൽ നിന്നാണ്‌ മറുനാടൻ സംഘടനകൾ
ചീളുകളായി പിളരുന്നത്‌. അത്‌ ഒരു സ്ഥാനമായി കാണുന്നതിനാലാണ്‌ കുഴപ്പം
വരിക. തർക്കങ്ങൾ മുളക്കാതാകുന്നു. സമന്വയത്തിന്‌ ഒരു പുതിയ അധ്യക്ഷനെ
ആവശ്യമാകുമ്പോൾ എല്ലാവരും പിന്നോക്കം നിൽക്കുന്നതിനാൽ നറുക്കിട്ടു
നിശ്ചയിക്കേണ്ടിവരുകയാണ്‌ പതിവ്‌!
       പണക്കാരോ അല്ലാത്തവരോ ആരുമാകട്ടെ, അംഗങ്ങളെല്ലാം തുല്യരാണ്‌.ദോഹയിൽ
ഏറ്റവും ധനികരായ ചിലർ സമന്വയത്തിലെ അംഗങ്ങളാണ്‌. അവർ തങ്ങളുടെ ജീവിതദർശനം
കാരണം വിനയശീലരും സംസ്കാരസമ്പന്നരുമായി ഇരിക്കുന്നു. കൂട്ടത്തിൽനിന്ന്‌
ഇവരെ തിരിച്ചറിയാൻ കഴിയില്ല.
       ആരോടെങ്കിലും സമരം ചെയ്യാനോ എന്തെങ്കിലും ആനുകൂല്യങ്ങൾ നേടിയെടുക്കാനോ
ആണോ ഈ സംഘടന? അല്ലേ അല്ല. ആത്മാവിഷ്കാരത്തിനും ആത്മസാക്ഷാത്കാരത്തിനും
ഉതകുന്നതും ലോകോപകാരപ്രദവും ആയ പ്രവർത്തനമാണ്‌ ലക്ഷ്യം. വരുമാനത്തിന്റെ
ഒരു ഭാഗം ഇവർ സംഘടനയ്ക്കായി മാറ്റിവയ്ക്കുന്നു. ഇല്ലായ്മയും വല്ലായ്മയും
ഉള്ളിടത്തേക്ക്‌ സഹായമെത്തിക്കാൻ ഇതിന്റെ ഒരു പങ്ക്‌ ഉപയോഗിക്കുന്നു.
കേരളീയത ലോകത്തിന്‌ അനുകരണീയമായ മാതൃകയാക്കാൻ എന്തെല്ലാം ചെയ്യാനാകുമോ
അതെല്ലാം ചെയ്യുന്നു.
       ചുരുക്കത്തിൽ എന്തിനായാണ്‌ തങ്ങൾ പ്രവാസികളായതെന്ന്‌ ഇവർ
തിരിച്ചറിഞ്ഞിരിക്കുന്നു. അന്യനാടുകളുടെ ചരിത്രത്തിലെ പ്രവാസങ്ങൾ
എല്ലാംതന്നെ മാതൃനാട്ടിൽ പ്രകൃതിക്ഷോഭമോ അന്യശക്തികളുടെ കടന്നുകയറ്റമോ
വംശസ്പർദ്ധയോ കാരണം ഉണ്ടായവയാണ്‌. കേരളത്തിൽ നിന്ന്‌ ലോകത്തിന്റെ
നാനാഭാഗങ്ങളിലേക്കും ആളുകൾ പോയത്‌ ലോകചരിത്രത്തിൽ സമാന്തരമില്ലാത്ത തരം
പ്രവാസികളാണ്‌. ലോകമേ തറവാട്‌ എന്നൊരു മനോഭാവം മലയാളിയുടെ കൂടെ
ഏക്കാളത്തോ ഉണ്ടായതാണല്ലോ. ആയിരത്താണ്ടുകളായി നിരവധി ദേശക്കാരും
ഭാഷക്കാരും മതക്കാരും ഇവിടെ വന്ന്‌ ഇടപഴകിയതിന്റെ ഫലമായിരിക്കാം ഇത്‌. ഈ
ഒരു കാഴ്ചപ്പാടിന്റെ പിൻബലത്തിൽ രണ്ടുമൂന്നു ലക്ഷ്യങ്ങളുമായാണ്‌
മലയാളിയുടെ കുടിയേറ്റം. സ്വയം സംരക്ഷിക്കുക എന്ന്‌ പ്രാഥമികളക്ഷ്യം. താൻ
ഉൾക്കൊള്ളുന്ന സംസ്കാരത്തെയും തന്റെ നാടിനെയും സംരക്ഷിക്കുക എന്നത്‌
രണ്ടാമത്തെ ലക്ഷ്യം. താൻ എവിടെയാണോ ചെന്നെത്തിയിരിക്കുന്നത്‌ അവിടം
സംരക്ഷിക്കുക എന്നത്‌ മൂന്നാമത്തെ ലക്ഷ്യം. ഇതു മൂന്നും ഒരുമിച്ച്‌
നിറവേറ്റി ജീവിതം ധന്യമാക്കാൻ കഴിയും എന്നാണ്‌ ദോഹയിലെ ഈ ചെറിയ കൂട്ടായ്മ
തെളിയിക്കുന്നത്‌.
       സമന്വയം എന്നത്‌ വളരെ അർത്ഥവത്തായ ഒരു നാമമാണ്‌. സമഞ്ജസമായ അന്വയം
എന്നാണല്ലോ അർത്ഥം. ശുദ്ധമലയാളത്തിൽ പറഞ്ഞാൽ വേണ്ടുംവണ്ണം യോജിച്ചു
കഴിയുക എന്നുതന്നെ. സൃഷ്ടിയിൽ ഓരോ മനുഷ്യനും വ്യത്യസ്തമാകുമ്പോഴും എല്ലാ
മനുഷ്യർക്കും യോജിക്കാനുള്ള പൊതുവായ വാസന കൂടി നൈസർഗ്ഗികമായി ഉണ്ട്‌.
സമഗ്രമായ ദർശനമാണ്‌ ഈ വാസനയുടെ കാതൽ. ഇന്ത്യാരാജ്യത്ത്‌ പണ്ടേയുള്ള
ഏറ്റവും വലിയ ധനം ഈ ദർശനമാണല്ലോ (എന്നുപറയുമ്പോൾ അതിന്‌   രാഷ്ട്രീയമോ
ദേശീയമോ ആയ മാനങ്ങൾ ഇല്ല എന്നുകൂടി അറിയണം. പഴമയും അനാചാരങ്ങളും
അരുതായ്മകളും ഈ ദർശനത്തിന്റെ ഭാഗമല്ല. ഇതിന്‌ മതപരമായ ഒരു അർഥവുമില്ല).
       ലോകം ഒന്നായിക്കൊണ്ടിരിക്കുന്നു. ജീവിതം എല്ലാ അർത്ഥത്തിലും തികഞ്ഞ
സമന്വയമാക്കാൻ അവസരം ഒത്തുവരികയാണ്‌. സ്വയം ശരീരത്തിലെ അവയവങ്ങളുടെയും
കോശങ്ങളുടെയും സമന്വയം നമ്മെ ആരോഗ്യവും ഊർജ്ജസ്വലതയുമുള്ളവരാക്കുന്നപോലെ
ശേഷം സമൂഹവും പ്രകൃതിയുമായും നമുക്കുള്ള സമന്വയം നമ്മുടെ അസ്തിത്വം
പൂർണ്ണമാക്കുന്നു. ഇത്രയും സാധിക്കാൻ ജീവിതത്തിൽ എല്ലാ സാധ്യതകളും തികഞ്ഞ
ആളുകൾ ലോകത്ത്‌ കേരളീയരപ്പോലെ വെറെ ഇല്ല. അനേക സംസ്കാരങ്ങൾ
ഉരുകിച്ചേർന്ന്‌ സാരവത്തായ ഒന്ന്‌ ഉരുത്തിരിഞ്ഞ്‌ ഇത്തരം മൂശ
ലോകത്തെങ്ങും വേറെയില്ല എന്നതുതന്നെ കാരണം.
       പലപ്പോഴും കേരളീയരുടെ സംഘടനകൾ വളരെ സങ്കുചിതമായ ഗൃഹാതുരത്വങ്ങളിലേക്ക്‌
ചുരുങ്ങുന്നതുകാണാം. ചമ്രവട്ടത്തുക്കാർ ലോകത്തെവിടെയൊക്കെയുണ്ടോ അവരുടെ
ഒരു സംഘടനഎന്ന രീതിവരെ ഇതു ചുരുങ്ങുന്നതുപോലും അപൂർവ്വമല്ല.
ഇതിനിടയിലാണ്‌ വിശാലാടിസ്ഥാനത്തിൽ ഈ സമന്വയം നിലനിൽക്കുന്നത്‌. ഈ
കൂട്ടായ്മയ്ക്ക്‌ എല്ലാ ഭാവുകങ്ങളും നേരാം. ഇത്‌ പെറ്റു പെരുകട്ടെ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...