നിലാവുറങ്ങുന്ന വഴികളില്‍ തീര്‍ത്ഥാടകരായ്.... ശ്രീപാർവ്വതി
ഓരോ പാദങ്ങളും ചുവടുകളും വ്യത്യസ്തങ്ങളത്രേ. ചിലര്‍ ചുവടുകള്‍ വയ്ക്കുന്നത് ശ്രദ്ധിച്ചുവോ, മെല്ലെ, ഭൂമിയ്ക്ക് പോലും ഭാരമുണ്ടാകാതെ, മറ്റു ചിലര്‍ പാദത്തിലെ മണ്‍തരികളെ ഞെക്കി അമര്‍ത്തി, മറ്റു ചിലര്‍ കാല്‍ നിലത്ത് ഉരച്ച് ഒച്ച കേള്‍പ്പിച്ച്.
പലതിനും പല അര്‍ത്ഥങ്ങള്‍.
നടക്കുന്നതിന്, വരെ താളമുണ്ടെന്ന് നമ്മള്‍ എത്ര പേര്‍ അറിഞ്ഞു?
ചിലര്‍ ചെവിയില്‍ ഇയര്‍ ഫോണ്‍ വച്ച് നടക്കുന്നത് നോക്കിയാല്‍ അറിയാം, ആ പാട്ടിന്‍റെ താളം നടപ്പില്‍ വരുന്നുണ്ടെന്ന്. ഒരാളോടുള്ള ദേഷ്യം മനസ്സില്‍ വച്ച് നടക്കുകയാണെങ്കില്‍ വഴിയില്‍ കാണുന്ന ചെറിയ കല്ലുകള്‍ക്ക് വരെ മോക്ഷപ്രാപ്തി നേടാം. അതേ സമയം പ്രിയപ്പെട്ടവനെ കണ്ണുകള്‍ കൊണ്ട് തിരയുകയാണെങ്കില്‍ ആ നടപ്പ് കാറ്റിന്‍റെ താളത്തിലായിരിക്കും. ഒഴുകി പോകുന്നതു പോലെ നടക്കുന്നവര്‍ക്ക് അനുഭവപ്പെടുകയും ചെയ്യും.
"വാക്കിങ്ങ് ഇന്‍ ദ മൂണ്‍ ലൈറ്റ് ഐ ആം തിങ്കിങ് ഓഫ് യൂ..."
നിലാവുള്ള രാത്രിയില്‍ മെല്ലെ നടക്കവേ നിന്‍റെയോര്‍മ്മകള്‍ എന്നിലേയ്ക്ക് ഇരച്ചു കടന്നു വരുന്നു. അത്താഴം കഴിഞ്ഞ് അരക്കാതം നടക്കണം എന്ന് മുത്തശ്ശന്‍ പറഞ്ഞു പഠിപ്പിച്ചത് മറക്കാത്തതു കൊണ്ട്, സന്ധ്യയ്ക്ക് മുറ്റത്ത് നടക്കുന്ന ശീലം ഉണ്ടായിരുന്നു. മതിലു കെട്ടി വേര്‍തിരിച്ചിരുന്നതു കൊണ്ട് വീട് റോഡരികിലെങ്കിലും ആരെങ്കിലും കാണുമെന്ന പേടി വേണ്ട. കണ്ടാലും എന്ത് നാണക്കേട്, ആ നടത്തം ഞാനത്ര ഇഷ്ടപ്പെട്ടിരുന്നു. അമ്പിളിയെ നോക്കി നടക്കുമ്പോഴാകും ഒരു പാട്ടു മനസ്സില്‍ വരിക,
"ചന്ദ്രന്‍ മോഹിച്ച പെണ്ണേ നക്ഷത്രം നിന്നേ വിളിച്ചൂ
നിന്‍ മാളികയ്ക്കുള്ളിലെങ്ങോ മേഘങ്ങള്‍ രാവാട നെയ്തു
... ദൂരെ ദൂരെ ദൂരത്തയി നമ്മള്‍ നില്‍ക്കുന്നെങ്കിലും ഈ ദൂരം പോലും ചാരേ അല്ലേ...
നീ ഞാനല്ലേ...."
നടക്കുന്ന വഴികളില്‍ തണുപ്പ് പെയ്യുന്നുണ്ടാവും, എങ്കിലും ഈ വരികള്‍ എന്നും എന്നെ മോഹിപ്പിച്ചു കൊണ്ടെ ഇരുന്നു. അങ്ങകലെ ആകാശത്തിരുന്ന് ആരോ ഈ ഗാനം എന്നെ നോക്കി പാടുന്ന പോലെ ഞാന്‍ കണ്ടു, അയാളുടെ കയ്യില്‍ ചെറിയ ലയര്‍, തലയില്‍ വെള്ള തൊപ്പി...
നടക്കുന്ന ഓരോ ചുവടിലും ആ താളം എന്നിലുണ്ടാകുന്നത് ഞാനറിഞ്ഞിരുന്നു. അങ്ങകലെ ആ സ്വര്‍ണ ഗോളം തിളങ്ങുന്നത് എന്‍റെ സ്വപ്നങ്ങളിലേയ്ക്ക് പ്രകാശമുതിര്‍ത്തു കൊണ്ടാണെന്ന് എനിക്കറിയാമായിരുന്നു...
ആ നടത്തത്തെ ഗൃഹാതുരത കലര്‍ന്ന ഒരു നിറമുള്ള സ്വപ്നം പോലും ഇന്നും ഞാന്‍ കൊണ്ടു നടക്കും.
ഓരോ ഇടങ്ങളിലും നടപ്പിന്‍റെ രീതികള്‍ വ്യത്യസ്തമാണ്. ഒരു  ബസ് വരാന്‍ സമയമായാല്‍   നാം നടപ്പ് പെട്ടെന്നാക്കും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഓട്ടം തന്നെ. പക്ഷേ ക്ഷേത്രങ്ങളില്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ അടിവച്ചേ ചുവടുകള്‍ വയ്ക്കാവൂ എന്നാണ്, നിയമം. പക്ഷേ എത്ര പേര്‍ ഇങ്ങനെ നടകാറുണ്ട്. പലരും കയ്യൊക്കെ രണ്ടു വശത്തേയ്ക്കും വീശി പെട്ടെന്ന് നടന്ന് തീര്‍ക്കാനാണ്, ധൃതി. വളരെ മെല്ലെ അടി വച്ച്, തൊഴു കയ്യോടെ വേണം ശ്രീലകത്തുള്ള ആളെ തൊഴാന്‍. ക്ഷേത്രം ശരീര തുല്യമായതു കൊണ്ട് അതിനോടുള്ള ബഹുമാനങ്ങളൊക്കെ ക്ഷേത്രത്തിനോടും വേണമെന്ന് ചുരുക്കം.
എന്‍റെ സ്വപ്നങ്ങളില്‍ മഴ പെയ്യുമ്പോള്‍ ഞാന്‍ ഒരു കടല്‍തീരത്തായിരുന്നു. കരയുടെ ഒരറ്റവും മുന്നില്ലാതെ ഒഴുകി പരന്നു കിടക്കുന്ന കടല്‍ . ഞാന്‍ നിന്നത് കരയിലോ ജലത്തിലോ, സ്വപങ്ങള്‍ അങ്ങനെയാണല്ലോ, നമ്മളേ തെറ്റിദ്ധരിപ്പിച്ചു കളയും. ഉണര്‍ന്നപ്പോള്‍ ഒരു കടല്‍ എന്നില്‍ അലയടിച്ചു. ഒരു മോഹം കടല്‍ത്തീരങ്ങള്‍ കാണാന്‍. വെറുതേ പഞ്ചാര മണലില്‍ അടി വച്ച് നടക്കാന്‍.
"കാല്‍പ്പാടുകളൊന്നാക്കിയ തീര്‍ത്ഥാടകരായ്..."
ഓരോ യാത്രയും ഒരു തീര്‍ത്ഥാടനമാണെന്നു പറയും. ചിലപ്പോള്‍ കൂടെ പ്രിയമുള്ളവരുടെ നിഴലുകള്‍ കാണും, ചിലപ്പോള്‍ ഏകാന്ത സഞ്ചാരം. പക്ഷെ കടല്‍ത്തീരങ്ങളിലെ വെള്ള മണല്‍ എന്നെ ആരുടേയോ കാലടിപ്പാടുകളേ അനുകരിക്കാനാണ്, പഠിപ്പിക്കുന്നത്. അകന്നു പോയ ആ പാടുകള്‍ എന്നിലുയര്‍ത്തിയ നെടുവീര്‍പ്പിനെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു. ആ യാത്ര എന്‍റെ സ്വപ്നമാണ്...
പക്ഷേ നടക്കാത്ത സ്വപ്നങ്ങള്‍ക്കാണ്, ഏറെ കുളിര്‍മ. സഫലമായവ മറ്റക്കതപാലില്‍ അയച്ച കത്തുകള്‍ പോലെ, വീണ്ടുമവ നിരാശപ്പെടുത്തും. പക്ഷേ എന്നില്‍ ഊറുന്നത് നിരാശയല്ലല്ലോ.....
അടി വച്ച പാടുകള്‍ കാണുമ്പോള്‍ ഓര്‍ത്തു പോയ മഞ്ഞ മരങ്ങളും നിലാവിലലിഞ്ഞുള്ള നടത്തവും. ഒരു ജന്‍മം കഴിഞ്ഞുപോയെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഇനിയും എത്ര ദൂരം ബാക്കി കിടക്കുന്നു.
"ഈ മരക്കൂട്ടങ്ങള്‍ വളരെ ആഴമേറിയത്, മനോഹരവും
പക്ഷേ പാലിക്കപ്പെടേണ്ട ചിലത് എന്നെ കാത്ത് ദൂരെ...
കാതങ്ങളിനിയും എത്രയകലെ…
വഴികള്‍ ദൂരങ്ങള്‍ എന്നെ ക്ഷണിക്കുന്നു..
ഉറക്കം ഇനി യാത്രയ്ക്കപ്പുറം..”"
റൊബര്‍ട്ട് ഫ്രോസ്റ്റ് ഉണര്‍ത്തുന്നു...
യാത്രകള്‍ മനോഹരങ്ങള്‍, അതും നിലാവുള്ള രാത്രികളെങ്കിലോ.......

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?