18 Mar 2012

കണികാണും നേരം


ചെമ്മനം ചാക്കോ

മുടിയൊക്കെ ജഡകെട്ടി, മുഷിവാർന്നു മേനിയി-
ലിടയ്ക്കിടെക്കീറിയ കാവിവസ്ത്രം;
നെടുനീളൻ ഭസ്മക്കുറികൾ, പലചുറ്റായ്‌
പിടയുന്ന രുദ്രാക്ഷമാല നെഞ്ചിൽ
ഒരു തോളിൽ ഭാണ്ഡവും, മിളകും മയിൽപ്പീലി
തിരുകിയ കാവടി മറുതോളിലും,
പ്രഭുവിന്റെ മുന്നിലെത്തുന്നു ദേശാടന-
പ്രകൃതിയാം വശ്യവചോവിദഗ്ദ്ധൻ!

2
ജീവാത്മപരമാത്മബന്ധസംബന്ധങ്ങൾ,
ഭാവിപ്രകാശമന്ത്രതന്ത്രം,
വിശ്വാസദാർഢ്യം മതാചാരസൂക്തങ്ങൾ
വിഭ്രാജമാനം പറഞ്ഞിണക്കി,
അകതാർ തെളിഞ്ഞാഢ്യ പ്രഭു നൽകും സമ്മാന-
ത്തുകയുമായ്പ്പോകാനിറങ്ങിടുമ്പോ
പലവിധം കാവടിയാടിയാ സഞ്ചാരി
പറയുന്നു പ്രഭുവിനോടീ രഹസ്യം:
'വിഷു വന്നടുക്കുന്നു, സമ്പത്സമൃദ്ധിയും
വിപുലമാം കീർത്തിയുമന്നു രാവിൽ
ഉണരുമ്പോൾ കാണുന്ന കണിയുടെ പിമ്പേ വ-
ന്നണയും; പ്രഭോ, വേണ്ട സംശയങ്ങൾ
ഒരു വാഴക്കൈയിന്മേൽ കാക്കകൾ മൂന്നെണ്ണ-
മൊരുമിച്ചിരിക്കുന്ന കണി ലഭിച്ചാൽ
പൊടിപൊടിച്ചാ വർഷം മിന്നും; മനസ്സിന്റെ-
യടിയിലിരിക്കട്ടെയീ രഹസ്യം!
ഒരു കാക്കയാണെങ്കിൽ വകയല്ല, കാണുന്ന-
തിരുകാക്കയാകിലോ സർവ്വനാശം!'

3
വിഷുവിൻതലേന്നു കിടക്കാൻ തുടങ്ങുമ്പോൾ
പ്രഭു പരിചാരകന്നാജ്ഞ നൽകി:
'അതിരാവിൽത്തന്നേ നീയുണരണം, നോക്കണം-
മധികവിശിഷ്ടം കണി ലഭിക്കാൻ
ഒരു വാഴക്കൈയിന്മേൽ കാക്കകൾ മൂന്നെണ്ണ-
മൊരുമിച്ചിരിക്കുന്ന കാഴ്ച കണ്ടാൽ
ഉടനെ വിളിക്കണമെന്നെ, യാക്കണി കണ്ടാൽ
തടവില്ലാതെത്തിടും മംഗളങ്ങൾ!
പിഴയില്ലാതിതുനോക്കിച്ചെയ്യണ,മല്ലെങ്കിൽ
പിഴയാളിക്കിവിടില്ല തൊഴിലു മേലിൽ!'
4
പരപരാ നേരം വെളുക്കുന്നു, കാക്കകൾ
കരയുന്നു വിഷുവിൻ പൊൻപുലരിയിങ്കൽ!
പരിചാരകൻ പിടഞ്ഞെഴുന്നേറ്റു നോക്കാനും
(പരമസൗഭാഗ്യമേ, സ്വാഗതം തേ!)
ഒരു വാഴക്കൈയിന്മേൽ കാക്കകൾ മൂന്നെണ്ണ
മൊരുമിച്ചിരിക്കുന്ന കാഴ്ച കണ്ടാൽ!
അവനോടിച്ചെന്നു തന്നുടയവനോടോതാനും
ജാവമയാൾ പൊത്തിയ കണ്ണുമായി
ഇറയത്തു വന്നുനൽക്കണി കാണാൻ നോക്കുമ്പോ-
ളിരുകാക്കമാത്രം ഹാ, വാഴതന്നിൽ!
വരുമാഢ്യപ്രഭു തന്നെക്കാണാനെന്നറിയാതെ-
യൊരു കാക്കയെങ്ങോ പറന്നുപോയി!

5
നഷ്ടസൗഭാഗ്യത്തിൽ കുപിതനായ്ക്കലിതുള്ളും
ദുഷ്ടപ്രഭുവിൻ കനത്ത കൈകൾ
പരിചാരകൻതന്റെ കവിളിലാക്രോശത്തി-
ന്നിടയിൽ പതിക്കവേ തീ പറന്നു!
'നെറികെട്ട കഴുതേ, കടക്കൂ പുറ,ത്തിനി
നിമിഷമീ വീട്ടിൽ നീ നിന്നിടേണ്ട.
ഒരു വാഴക്കൈയിന്മേൽ കാക്കകൾ മൂന്നെണ്ണ-
മൊരുമിച്ചിരിക്കുന്ന കണി ലഭിച്ചാൽ
എന്തെന്തു സൗഭാഗ്യമീവർഷം വന്നേനെ;
ഹന്ത, നിൻ മൗഢ്യം കളഞ്ഞതെല്ലാം!'

6.
ഉരുകുന്ന ഹൃദയത്തിലുണരുന്ന ചിന്തകൾ
പരിചാരകൻതൻ മൊഴികളായി:
'കനിയേണമെന്നിൽ പ്രഭോ, തവ ഭാഗ്യത്തിൻ
വിനയാമെനിക്കു നീ മാപ്പു നൽകൂ!
ഒരു വാഴക്കൈയിന്മേൽ കാക്കകൾ മൂന്നെണ്ണ-
മൊരുമിച്ചിരുന്നതു കണ്ടവൻ ഞാൻ!
കണിയുടെ സൽഫലമുടനെ ലഭിച്ചോരെൻ
പരമസൗഭാഗ്യത്തിൽ പങ്കുചേരാൻ
കഴുതയാണെങ്കിലുമുടയതേ, യങ്ങയെ-
ത്തൊഴുകൈയുമായി ക്ഷണിച്ചിടുന്നേൻ!'

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...