Skip to main content

പരിണിതിചക്രം


സണ്ണി തായങ്കരി

  ഇനിയും പരിഹൃതമാകാത്ത ഒരു വലിയ സമസ്യയുടെ ജീവിക്കുന്ന പ്രതീകംപോലെ അവർ
നാലുപേർ സമരപ്പന്തലിൽ ആരോ അണിയിച്ച വിവിധ വർണങ്ങളിലുള്ള പ്ലാസ്റ്റിക്‌
മാലയുമായി ഇരുന്നു. അതിലും വലിയ നിർജീവ സിംബലായി ഉയരമുള്ള വലിയ ഗേറ്റും
ഏക്കറുകൾ വിസ്തീർണമുള്ള കോമ്പൗണ്ടും അതിനുള്ളിലെ ബഹുനില കെട്ടിടങ്ങളും
നിലകൊണ്ടു. നിശബ്ദതയുടെ പദവിന്യാസത്തോടെ വല്ലപ്പോഴുമൊരിക്കൽ
പ്രത്യക്ഷപ്പെട്ട്‌, കഴുത്തെത്തിച്ചുനോക്കി കുടുസ്സുമുറിയിലേക്ക്‌
അപ്രത്യക്ഷണാകുന്ന സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ്‌ ഈയിടെയായി ആ
മതിൽക്കെട്ടിനുള്ളിലെ ഏക മനുഷ്യജീവി.

   ഇത്‌ നഗരഹൃദയത്തിലെ പ്രശസ്തമായ സി.ബി.സി.ഇ. സിലബസ്സിലുള്ള ന്യുജനറേഷൻ
സ്കൂൾ. ഇവിടെ മക്കളെ പഠിപ്പിക്കുകയെന്നത്‌ പലമാതാപിതാക്കൾക്കും
യഥാർത്ഥത്തിൽ ഒരുസ്റ്റാറ്റസ്‌ പ്രശ്നംതന്നെയാണ്‌. വ്യവസായികൾ മുതൽ
കയറ്റിറക്കു തൊഴിലാളികൾവരെ തങ്ങളുടെ മക്കളെ ഇവിടെ പഠിപ്പിച്ച്‌
ആഗോളപൗരന്മാരാക്കി ആധുനികതയുടെ കോർപ്പറേറ്റ്‌ സാമ്രാജ്യത്തിലേക്ക്‌
വലതുകാൽവച്ച്‌ കടക്കുന്ന സുദിനത്തെ സ്വപ്നം കാണുന്നു. എന്തായാലും
മറ്റെങ്ങും പേരിനുപോലും കാണാൻ കിട്ടാത്ത സോഷ്യലിസം എത്ര സുന്ദരമായാണ്‌
ഇവിടെ പൂത്തുലയുന്നത്‌!

  ആ ഇമേജിന്റെയും ദിവാസ്വപ്നത്തിന്റെയും ശീതളഛായതന്നെ സാധുക്കൾക്ക്‌
പരമപ്രധാനം. അപ്പോൾ പരാതിക്കെട്ടുകൾ അഴിക്കാൻ ആര്‌ മെനക്കെടും?
 ഫീസും ഡൊണേഷനും നാൾക്കുനാൾ വർധിക്കുമ്പോഴും പി.ടി.എ. ഭരിക്കുന്ന
മുതലാളിത്ത പ്രതിനിധികൾക്ക്‌ തെല്ലും പ്രതിഷേധമില്ല. സാധാരണക്കാരന്‌ ആ
സമിതിയിലൊക്കെ കയറിയിരിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള യോഗ്യതയില്ലെന്ന്‌
അവർപോലും തലകുലുക്കി സമ്മതിക്കും.

 സമരപ്പന്തലിൽ സത്യാഗ്രഹത്തിന്റെ പതിമൂന്നാം ദിവസം ആഘോഷിക്കുന്നത്‌
ചില്ലറക്കാരനല്ല. തികച്ചും അനുചിതമെന്ന്‌ വർഗസമരസിദ്ധാന്തകർ
വിശേഷിപ്പിക്കുന്ന ഈ പൊറാട്ടുനാടകത്തിലെ നായകൻ ഡേവിഡ്‌ കെ. എന്ന
ഡേവിഡ്സാർ തന്നെ. കെമിസ്ട്രി അധ്യാപകനായി വിളങ്ങുകയും വിലസുകയും ചെയ്ത
സ്വന്തം തട്ടകത്തിൽതന്നെയാണ്‌ ആദരണീയനായ ആ പ്ലസ്ടൂ അധ്യാപകൻ
സത്യാഗ്രഹസമരത്തിന്റെ പതിമൂന്നാം ദിവസത്തിന്റെ അന്ത്യപാദത്തിലേക്ക്‌
പ്രവേശിക്കുന്നത്‌ എന്നത്‌ ആരേയും ചിന്തിപ്പിക്കും. നഗരപ്രാന്തത്തിലുള്ള
എയ്ഡഡ്‌ സ്കൂളിലെ ഫിസിക്സ്‌ അധ്യാപികയായ മേഴ്സി ഡേവിഡും അതേ സ്കൂളിലെ
അഞ്ചും ആറും ക്ലാസുകളിലെ വിദ്യാർഥികളായ അഖിലും അമലും തങ്ങളുടെ
സ്കൂൾവിട്ടശേഷമേ പിതാവിന്റെ ധർമസമരത്തിന്‌ പൈന്തുണയുമായി എത്താറുള്ളു.
സ്കൂൾവിട്ടാലുടനെ മൂവരും ഝടുതിയിൽ സമരപ്പന്തലിൽ എത്തും. പിന്നെ സകുടുംബ
മടക്കയാത്ര രാത്രിയിലേ ഉണ്ടാകു.

 നേഴ്സറി ക്ലാസുമുതൽ ഇക്കഴിഞ്ഞ അധ്യായനവർഷാന്ത്യംവരെ അഖിലും അമലും
പിതാവ്‌ ഏറെ വർഷങ്ങളായി അധ്യാപകനായ നഗരത്തിലെ നമ്പർ വൺ സ്കൂളിലെ
വിദ്യാർഥികളായിരുന്നു. ആദ്യവെടി പൊട്ടിച്ചുകൊണ്ട്‌ ഡേവിഡ്സാർ സ്വന്തം
മക്കളെ അത്രയൊന്നും നിലവാരമില്ലാത്ത സ്കൂളിലേക്ക്‌ ടി.സി.വാങ്ങി
അയയ്ക്കുമ്പോൾ സഹപ്രവർത്തകർപോലും ഞെട്ടിപ്പോയി. മാനേജ്‌മന്റിന്റെയും
തദ്വാരാ പ്രിൻസിപ്പാളിന്റെയും കണ്ണിലുണ്ണിയായ ഡേവിഡ്‌ സാറിന്‌
എന്തുപറ്റിയെന്ന്‌ അവർ പിറുപിറുത്തു. പ്രശ്നം ഗുരുതരമല്ലെങ്കിൽ ഇത്തരമൊരു
കടുംകൈ ഡേവിഡ്സാർ ചെയ്യില്ലെന്ന്‌ അവർക്ക്‌ ഉറപ്പുണ്ട്‌. എന്നാൽ
സഹപ്രവർത്തകരോട്‌ മനസ്സുതുറക്കാൻ അയാൾ തയ്യാറായതുമില്ല. പരിണാമഗുപ്തിയുടെ
തീവ്രത നശിപ്പിക്കാൻ അയാൾ ആഗ്രഹിക്കുന്നുണ്ടാവില്ല എന്നവർ കരുതി.
 പിന്നീട്‌ സഹാധ്യാപകർ കാണുന്നത്‌ ഡേവിഡ്‌ സാറിന്റെ മറ്റൊരു മുഖമാണ്‌.
മാനേജ്‌മന്റ്‌ എടുക്കുന്ന ഏത്‌ തീരുമാനത്തെയും അയാൾ വിമർശിച്ചു തുടങ്ങി.
പി.ടി.എ. മീറ്റിങ്ങുകളിൽ മാനേജുമന്റിന്റെ ദുഷ്ചെയ്തികളെ വിമർശിക്കുകയെന്ന
സിംഗിൾ പോയന്റ്‌ പ്രോഗ്രാമിലേക്ക്‌ അയാൾ വളരെവേഗം എത്തിപ്പെട്ടു.
പലപ്പോഴും പ്രിൻസിപ്പാളിന്‌ അയാളെ രൂക്ഷമായി താക്കീത്‌ ചെയ്യേണ്ടിവന്നു.
പക്ഷേ, അതൊന്നും അയാളെ പിൻതിരിപ്പിച്ചില്ലെന്നു മാത്രമല്ല, തന്റെ
നിഷേധാത്മക നിലപാട്‌ അയാൾ കൂടുതൽ ശക്തിപ്പെടുത്തുകയാണുണ്ടായത്‌.
 ഗത്യന്തരമില്ലാതെയാണ്‌ മാനേജുമന്റ്‌ ആ തീരുമാനമെടുത്തതെന്ന കാര്യം ആരും
സമ്മതിക്കും. ഉപദേശങ്ങളും മൂന്നാര്റിയിപ്പുകളും ഫലിക്കാതെവന്ന
സാഹചര്യത്തിൽ ഡേവിഡ്‌ കെ.യെന്ന കെമിസ്ട്രി സാറിനെ മലപ്പുറത്തെ ഏതോ
കുഗ്രാമത്തിലുള്ള മാനേജുമന്റുവക സ്കൂളിലേക്ക്‌ ട്രാൻസ്ഫർ ചെയ്തു.
 ട്രാൻസ്ഫർ ലെറ്റർ കൈയിൽ പിടിച്ചുനിന്ന്‌ ഡേവിഡ്‌ സാർ ജ്വലിച്ചു.
ഒന്നുകിൽ മാനേജുമന്റിനെ മര്യാദ പഠിപ്പിക്കും, അല്ലെങ്കിൽ സ്കൂൾ
പൂട്ടിക്കും. അതായിരുന്നു അയാളുടെ ഉഗ്രശപഥം!

   തൊഴിലാളി യൂണിയൻ നേതാക്കളുടെ കാലൊച്ച ആധികാരികതയോടെ സ്കൂൾ
കോമ്പൗണ്ടിൽ കേട്ടുതുടങ്ങി. സി.ഐ.ടി.യു., എ.ഐ.ടി.യു.സി., ഐ.എൻ.ടി.യു.സി.,
ബി.എം.എസ്‌. തുടങ്ങിയ പ്രമുഖ യൂണിയനുകളുടെ നേതാക്കൾ പ്രിൻസിപ്പാളിനെ
കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സന്ദർശനാനുമതി നിഷേധിക്കുകയാണുണ്ടായത്‌.
  യൂണിയനുകൾ കൊടികളുടെ നിറഭേദം മറന്ന്‌ പൊതുശത്രുവിനെതിരെ സമരം
പ്രഖ്യാപിച്ചു. ട്രാൻ സ്ഫറെന്ന സിംഗിൾ പോയിന്റിൽ കടിച്ചുതൂങ്ങാതെ
ശമ്പളവർധന, അലവൻസ്‌, ജോലി സ്ഥിരത തുടങ്ങിയ ആവശ്യങ്ങൾകൂടി ഉൾപ്പെടുത്തി
സംയുക്ത ചാർട്ടർ ഓഫ്‌ ഡിമാന്റ്സ്‌ മാനേജ്‌മന്റിന്‌ സമർപ്പിച്ചു.
   മാനേജ്‌മന്റ്‌ ചാർട്ടർ ഓഫ്‌ ഡിമാന്റ്സ്‌ നേതാക്കളുടെ
സാന്നിധ്യത്തിൽവച്ചുതന്നെ ചവറ്റുകൊട്ടയിൽ തള്ളി. അത്‌ അവരെ
തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചതു. പിന്നെ താമസം ഉണ്ടായില്ല. സ്കൂൾ
ഗേറ്റിനുമുമ്പിൽ സമരപ്പന്തലും കൊടികളും ഉയർന്നു. ആദ്യദിവസങ്ങളിൽ
ഒരീച്ചയെപ്പോലും കോമ്പൗണ്ടിലേക്ക്‌ കടത്തി വിട്ടില്ല. പ്രിൻസിപ്പാളിന്റെ
കാറും സ്കൂൾ ബസുകളും സമരാനുകൂലികൾ നിർദയം എറിഞ്ഞുതകർത്തു.
   പിന്നീട്‌ സമരാനുകൂലികൾ പുതിയൊരു അടവുനയം നടപ്പിലാക്കി. അധ്യാപകരെ
അവരുടെ വഴിക്കുവിട്ടു. കുട്ടികളെ ആരേയും ഗേറ്റുകടക്കാൻ അനുവദിച്ചതുമില്ല.
പഠിക്കേണ്ടവർ അധ്യാപകരല്ലല്ലോ, കുട്ടികളല്ലേ എന്ന ന്യായവാദം എത്ര
നീതിയുക്തം...!

  കുട്ടികൾ ട്യൂഷനും എക്ട്രാട്യൂഷനും ഇന്റർനെറ്റും ടി.വി.യുമൊക്കെയായി
സസുഖം വീടുകളിൽ ചടഞ്ഞുകൂടി. അതോടെ രക്ഷാകർത്താക്കളുടെ രോഷം ഇരട്ടിച്ചു.
പി.ടി.എ.യുടെ അടിയന്തിരയോഗം ചേർന്നെങ്കിലും മാനേജ്‌മന്റ്‌
കൈമലർത്തുകയാണുണ്ടായത്‌.
   കളക്ടറും ആർ.ഡി.ഒ.യും വിളിച്ചുചേർത്ത അനുരഞ്ജനയോഗം തല്ലിപ്പിരിഞ്ഞു.
  സഹാധ്യാപകർക്ക്‌ സമരം ഒരനുഗ്രഹമായിരുന്നു. സ്കൂളിൽ പഠിപ്പിച്ചെന്നും
ഇല്ലെന്നും വരുത്തുന്ന പാഠങ്ങൾ ഒരു മണിക്കൂർവീതം മുന്തിയ ഫീസ്‌വാങ്ങി
മുന്തിയ കുട്ടികൾക്ക്‌ ട്യൂഷൻ എടുക്കുന്നതിനുപകരം ഇരട്ടി ഫീസുവാങ്ങി
ഇരട്ടി ട്യൂഷനെടുത്ത്‌ അവർ സാമ്പത്തിക പ്രശ്നം പരിഹരിച്ചു. നിത്യവും
സ്കൂളിലെത്തി രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതിനാൽ മാനേജ്‌മന്റ്‌ ശമ്പളവും
തടയുന്നില്ലല്ലോ.
  വിദ്യാഭ്യാസമന്ത്രി വിളിച്ചുചേർത്ത ചർച്ചകളും വഴിമുട്ടിയപ്പോൾ
കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നം ഹൈക്കോടതിയിൽ എത്തിച്ചതു
മാനേജ്‌മന്റിനെ തുണച്ചിരുന്നവർതന്നെ. ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച്‌,
അധ്യാപകർ കൃത്യമായി സ്കൂളിലെത്തി ഹാജർ രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതിനാൽ
മാനേജ്‌മന്റിനെതിരെ പരമാർശം നടത്തിയില്ല. എല്ലാ വഴികളും അടഞ്ഞെങ്കിൽ
കുട്ടികളുടെ ഭാവിയെപ്പറ്റി ഉത്ക്കണ്ഠയുള്ള മാതാപിതാക്കൾക്ക്‌ ടി.സി.
വാങ്ങി ഇഷ്ടമുള്ളിടത്ത്‌ ചേർക്കാവുന്നതാണെന്നും അതിന്‌ മാനേജ്‌മന്റ്‌
തടസ്സം നിൽക്കരുതെന്നും നിർദ്ദേശിച്ചു. മാനേജ്‌മന്റിനെ
സമീപിച്ചവർക്കൊക്കെ ടി.സി.യോടൊപ്പം ശുപാർശക്കത്തും ലഭിച്ചതിനാൽ അവരും
ഹാപ്പി. താമസംവിനാ, മുഴുവൻ കുട്ടികളും സ്കൂൾ കോമ്പൗണ്ട്‌ കടന്നു.
   മാനേജ്‌മന്റ്‌ വച്ചുനീട്ടിയ കവർ കൈപ്പറ്റി, ഒപ്പിട്ടുകൊടുത്ത്‌
ഭൂരിപക്ഷം അധ്യാപകരും പുതിയ മേഖല തേടിപോയി.
  ശൂന്യമായ സമരപ്പന്തലിന്‌ മുഖം നഷ്ടപ്പെട്ടു. പിന്നൊരുനാൾ രാത്രിയിൽ
മാനേജ്‌മന്റിനോട്‌ അവ സാന പരാജയവും സമ്മതിച്ച്‌ അത്‌ നിലംപതിച്ചു.
   ഫ്ലാഷ്‌ ബാക്ക്‌:
   മാസങ്ങൾക്കുമുമ്പ്‌, കൃത്യമായിപ്പറഞ്ഞാൽ, കഴിഞ്ഞ അദ്ധ്യായനവർഷത്തെ
ആനുവൽ എക്സാമിനേഷനുശേഷം സ്കൂൾ അടച്ചപ്പോൾ വ്യവസായ നഗരത്തിലെ പഞ്ചനക്ഷത്ര
ഹോട്ടലിൽ നടന്ന കോക്ടൈയ്‌ല്‌ പാർട്ടിയിൽവച്ച്‌ പ്രശസ്തമായ മൾട്ടി
സ്പേഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സി.എം.ഡി. ആത്മസുഹൃത്തായ സ്കൂൾ ശൃംഖലയുടെ
ചെയർമാനെ കണ്ടു.
  സ്കൂളിന്റെയും ഹോസ്പിറ്റലിന്റെയും പ്രവർത്തനവും വരുമാനവും
സ്വാഭാവികമായും ചർച്ച ചെയ്യപ്പെട്ടു. മദ്യലഹരിയിൽ രഹസ്യങ്ങൾ പലതും
മറനീക്കി പുറത്തുവന്നു.
  ആധുനികതയുടെ ഈ ആഗോളീകരണയുഗത്തിൽ കൺമുമ്പിലുള്ളതുമാത്രമാണ്‌ സത്യം.
പാകമായ പഴം കാണാതെ പുതിയ ചെടിനട്ടുപിടിപ്പിച്ച്‌ പാകമാകുമ്പോൾ
പറിക്കാമെന്ന്‌ കരുതുന്നത്‌ ബുദ്ധിശൂന്യതയാണ്‌. നാളെ ആരുകണ്ടു?
മനുഷ്യാവയവകയറ്റുമതിയും അതിന്റെ കീറിമുറിക്കലും നിമിഷങ്ങൾകൊണ്ട്‌ കോടികൾ
നേടിത്തരും. ജ്ഞാനക്കച്ചവടത്തിൽനിന്ന്‌ ലഭിക്കുക എണ്ണിച്ചുട്ടെടുക്കുന്ന
അപ്പംപോലെ വെറും പതിനായിരങ്ങൾ... പരാതികളും വിമർശനങ്ങളും മാത്രമുള്ള ഒരു
ഹൊറിബിൾ ബിസിനസ്സ്‌... കുറഞ്ഞപക്ഷം മാനേജ്‌മന്റിന്‌
ഫീസുകൂട്ടണമെങ്കിൽപോലും ആരുടെയൊക്കെ മൂട്‌ താങ്ങണം... പി.ടി.എ.,
അൺകൾച്ചേർഡ്‌ പാരന്റ്സ്‌... പക്ഷേ ഇത്‌... മൾട്ടി സ്പേഷ്യാലിറ്റിയായതിനാൽ
പണച്ചാക്കുകളേ കടന്നുവരു. തുക എത്ര വലുതാണെങ്കിലും ആരും ചോദ്യം
ചെയ്യില്ല. തുക കുറഞ്ഞുപോയാലാണ്‌ സ്റ്റാറ്റസിന്‌ പ്രശ്നം.
മറുചോദ്യമില്ലാതെ ലക്ഷങ്ങൾ തൽക്ഷണം തയ്യാർ... മറ്റു ബിസ്സിനസ്സുകളെ
അപേക്ഷിച്ച്‌ ഏതർഥത്തിലും ഇത്‌ ഒരു സ്വർണഖനിതന്നെ...!
  "അതൊക്കെ ശരിതന്നെ. പക്ഷേ, ഒരു എജുക്കേഷനൽ ഇൻസ്റ്റിറ്റിയൂഷന്‌
പെട്ടെന്നൊരു കൺവേർഷൻ... പല നിയമപ്രശ്നങ്ങൾ... കേന്ദ്രഗവണ്‍മന്റ്‌...
സി.ബി.എസ്‌.ഇ..."
  "ഹേയ്‌... കമോൺ... നോ പ്രോബ്ലം മേൻ. നോട്ടിന്‌ കീഴടങ്ങാത്ത ഒന്നും ഈ
രാജ്യത്തില്ല. ഡ്രീംസ്‌ ആർ ദ്‌ ലാംഗുവേജ്‌ ഓഫ്‌ ഗോഡ്‌. ഇത്‌ ഞാൻ
പറയുന്നതല്ല. വിഖ്യാതനോവലിസ്റ്റ്‌ പെയിലൊ കൊയ്‌ലോയുടെ ആൾ കെമിസ്റ്റ്‌
വായിച്ചിട്ടുണ്ടോ? നെറ്റുവർക്കിംഗ്‌ കമ്പനിക്കാർ പറയുംപോലെ ആദ്യം വലിയ
സ്വപ്നങ്ങൾ കാണു... ദൈവത്തിന്റെ ഭാഷ മനസ്സിലാക്കാൻ ചെകുത്താന്റെ ഡിക്ഷണറി
ഉപയോഗിക്കു..."
 മുഖാവരണം മാറ്റിയ മുഖചിത്രത്തിൽ സ്കൂൾ കെട്ടിടം അത്യാധുനിക സൗധമായി
മാറിയത്‌ വളരെ     പെട്ടെന്നാണ്‌. പിന്നിലുയർന്ന വമ്പൻ ബഹുനിലകെട്ടിടങ്ങൾ
അവയ്ക്കു പിന്നിൽ തലയെടുപ്പോടെനിന്നു. മൾട്ടി സ്പേഷ്യാലിറ്റി ഹോസ്പിറ്റൽ
ഉത്ഘാടനത്തിനെത്തിയത്‌ കേന്ദ്ര ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാർ... സംസ്ഥാന
മന്ത്രിമാർ... ട്രേഡ്‌ യൂണിയൻ നേതാക്കൾ തുടങ്ങിയവർ.
  സ്വാഗതമോതിയത്‌ മുൻ കെമിസ്ട്രി അധ്യാപകനും ഹോസ്പിറ്റൽ പി.ആർ.ഒ.യുമായ
ഡേവിഡ്‌ കെ.!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…