സുജിത്ത് ബാലകൃഷ്ണൻ
ശ്രീകൃഷ്ണന്റെ അനേകം പേരുകളിൽ ഒന്നാണെങ്കിലും, സ്വന്തം മകന് ആരെങ്കിലും
കരിയനെന്ന് പേര് കൊടുക്ക്വോ.. സുലോകന വർഷങ്ങൾക്ക് മുൻപ് ചത്ത് പോയ
ഭർത്താവിനെ മൂക്കുചീന്തിക്കൊണ്ട് പ്രാകി. അന്നൊരു ദിവസം പള്ളിസ്കൂളിൽ
പോയി പേരും ചേർത്ത് വന്നിട്ടാണ് പറയുന്നത്. കരിക്കുട്ടാന്ന്
സ്നേഹത്തോടെ പരസ്പരം മൽസരിച്ച് വിളിച്ച പേരുതന്നെയാണ് കൊടുത്തത്..
ഇന്നാലും പത്താൾക്കാരുടെ മുൻപില് പോണ്ട വാല്യകാരനല്ലേ.. ഇങ്ങനെ
വകതിരിവില്ലാതെ ചെയ്യാൻ പാടുണ്ടോ..
കരിയൻ അഞ്ചിൽ നിന്ന് ആറിലേക്ക് ജയിച്ചു... ഇനി പുഴ കടന്ന് അക്കരെയുള്ള
വാവുള്ള്യപുരം ഹൈസ്കൂളിലേക്ക് ചേരണം..തോട്ടോ ജയിച്ചോന്ന് നോക്കാൻ
പോയിട്ട്, ജയിചെന്നറിഞ്ഞ് വന്ന് തിണ്ണയിൽ മുഖം വീർപ്പിച്ചിരിപ്പാണ്.
എനിക്ക് മാനക്കേടാണമ്മാ ...ഈ പേരും വച്ച് ഹൈസ്കൂളിലേക്ക്
പൂവാൻ..കരിയന്റെ കണ്ണിൽ നിന്ന് ധാരധാരയായി കണ്ണുനീരൊഴുകി. ഞാൻ മാമന്റെ
കൂടെ പണിക്കോടത്തിരിക്കാൻ പോക്വാ...അത് കേട്ടപ്പോൾ സുലോചനയുടെ ചങ്ക്
തകർന്നു. ഈ കലത്ത് തട്ടാപ്പണിചെയ്തിട്ടെന്ത് നേട്ട്വാന്ന്.. എല്ലാം
യന്ത്രായില്ലേ..വള ചെതുക്കാനുള്ള മേഷീൻ, ചങ്ങലയുണ്ടാക്കാനുള്ള യന്ത്രം,
സ്വർണ്ണം പോളിഷടിക്കാനുള്ള യന്ത്രം.. സ്വർണ്ണം വെറുതെ വച്ചുകൊടുത്താൽ
മതി, ബാക്കിപ്പണിയെല്ലാം മേഷീൻ ചെയ്യും. തട്ടാന്മാരുടെയൊക്കെ തർപ്പണപൂശ
കഴിഞ്ഞൂ ഏടത്തിയേ.... മണി താടിയിൽ കൈ കൊടുത്ത് പറഞ്ഞതാണ്. തട്ടാപ്പണി
ചെയ്യുന്നതിലും ഭേദം പാടത്ത് കൂലിപ്പണിക്ക്
പോകുന്നതാണ്..കഷ്ട്ടപ്പെട്ടിട്
വലിയവനാക്കണമ്ന്ന് കരുതുമ്പളാ ചെക്കൻ പറയിണത് - തട്ടാപ്പണി പഠിക്കാൻ
പോക്വാന്ന്..
കർക്കിടകത്തിൽ നെരിപ്പോടിൽ തീയാളിച്ച് തണുപ്പ് കൊള്ളാനിരിക്കുന്ന
കെട്ടിയോന്റെ മുഖം സുലോചനയോർത്തു..കരിക്കുട്ടനെ പഠിപ്പിക്കണം,
എന്തിനാണ്ടീ ഈ തീയിലും കരിയിലും അവനെ നരകിപ്പിക്കാൻ വിടുന്നത്.
തട്ടാന്മാര് പൊന്നില് പണിയെടുക്കുന്നേയുള്ളൂ ,ഒരു പവൻ തെകച്ചിണ്ടാക്കാൻ
പട്ടുണുണ്ടോ. കള്ള് കുടിച്ച്കുടിച്ച് തട്ടാൻ ചത്തപ്പോ സുലോചന പാടത്ത്
കൊയ്യാൻ പോയി...കരിയന് വേണ്ടി. അല്ലാത്തപ്പോൾ ചെങ്കൽച്ചൂളയിൽപ്പോയി
പണിയെടുത്തു. അതും കിട്ടാതെവന്നപ്പോൾ കരിങ്കല്ല് ക്വാറിയിലും.
പഠിപ്പിക്കാനാണെങ്കില് പണ്ടത്തെപ്പോലെയാണോ.. ലക്ഷങ്ങള് വേണം,
ക്വാറിയിലെ പെണ്ണുങ്ങളുടെ വാക്കിനൊന്നും സുലോചന ചെവികൊടുത്തില്ല. ഞരങ്ങി
നീങ്ങുമ്പോളാണ് ദൈവധൂതനെപ്പോലെ ഫാ.ഗീവർഗ്ഗീസ് ഉദയസൂര്യനെപ്പോലെ
വെളിച്ചവുമായെത്തുന്നത്. നഷ്ട്ടപ്പെട്ട എല്ലാ ആത്മവിശ്വാസവും
വീണ്ടെടുത്തവനെപ്പോലെ കരിയൻ തലയുയർത്തി നടന്നു.. വളരെത്താമസിയാതെ
മാമ്മോദീസയും മുങ്ങി. അന്നും ഈ മരമണ്ടയിൽ ബുദ്ധിപോയില്ലാ കരിയന്റെ
പേരുമാട്ടാൻ.. സുലോചന വേശമ്മയായി പരിണമിച്ചപ്പോൾ കരിയൻ പറഞ്ഞു യേശുദേവൻ
എന്നെ കാക്കും..എനക്ക് ഈ പേരുമതിയമ്മാ...
എത്രവേണമെങ്കിലും പഠിക്കാനുള്ള സഹായം ഫാ. സ്വന്തമച്ഛനെപ്പോലെ തന്നു.
ഒടുക്കം കരിയൻ ഐ.എ.എസ്സും കരസ്ഥമാക്കി. എന്തോ മനസ്സിൽ ഒരു ദു:ഖം മാത്രം
ഇന്നും മനസ്സിൽ അവശേഷിക്കുന്നു...താനും കെട്ടിയോനും ചേർന്ന്
ചാർത്തിക്കൊടുത്ത പേരിനെയോർത്ത്. ടി.വി ചാനല്ലിൽ സ്ക്രോള്ളിങ്ങ്
ന്യൂസ്സായി ചുവപ്പിൽ വെളുപ്പ് ചാലിച്ച അക്ഷരങ്ങൾ മാഞ്ഞും തെളിഞ്ഞും
കൊണ്ടേയിരുന്നു. വാർത്താവായനക്കാരും സ്ത്ഥിരം രാഷ്ട്രീയ വിശകലന വിദഗ്ധരും
അഘോഷിക്കുകയാണ്.
"കരിയൻ ഐ.എ.എസ്സിനെ അറസ്റ്റ് ചെയ്തു". പ്രമാദമായ പെൺ വാണിഭക്കേസ്സിലെ
മൂന്നാം പ്രതിയായാണ് ജില്ലാകളക്റ്ററായ കരിയൻ ഐ.എ.എസ്സിനെ അറസ്റ്റ്
ചെയ്തിരിക്കുന്നത്. ഈ വാർത്തയാണ് മണിക്കൂറുകളായി ദ്രിശ്യ മാധ്യമങ്ങളിൽ
നിറഞ്ഞ് നിൽക്കുന്നത്. കരിയന്റെ മൂത്ത മകൾ ജോൽസ്ന മുത്തശ്ശിയോട്
തട്ടിക്കയറി. ടി.വി നിർത്താൻ വന്നപ്പോൾ പേരക്കുട്ടിക്ക് നേരെ കൈയോങ്ങി.
കേൾവി തീരെ നഷ്ട്ടപ്പെട്ട വേശമ്മയുടെ ഏക നേരമ്പോക്ക് ടി.വി കാണലാണ്.
അതിലാണെങ്കിൽ തന്റെ കരിക്കുട്ടൻ നിറഞ്ഞ് നിൽക്കുന്ന കാഴ്ചയാണ്
കാണിച്ച് കൊണ്ടിരിക്കുന്നത്. വീട്ടിൽ മട്ടെല്ലാവരും
മിണ്ടാതെയിരിപ്പാണ്. സ്വന്തം മക്കൾക്ക് പോലും തന്റെ
കരിക്കുട്ടനോടസൂയയോ? സംശയത്തോടെ ജ്യോൽസ്നയെ മുത്തശ്ശി നോക്കി.
പെട്ടത്തള്ളയ്ക്ക് പട്ട്വൊ..ജ്യോൽസ്ന മുത്തശ്ശിയെ പ്രാകി മുറിയിലേക്ക്
പോയി.
കരിയൻ പോലീസുകാരോടൊപ്പം ക്യാമറകൾക്ക് നടുവിലൂടെ നടന്ന് നീങ്ങുന്ന
കാഴ്ചകൾ എത്രകണ്ടിട്ടും മതിവരാതെ ടി.വി യിലേക്ക് തന്നെ നോക്കിയിരുന്നു.
മകന്റെ വളർച്ചയെക്കുറിച്ചോർത്തപ്പോൾ വേശമ്മയുടെ മനസ്സിൽ അഭിമാനത്തിനൊപ്പം
നീറുന്ന നൊമ്പരവും പടർന്നുകയറി. പോലീസുകാരേയും സീൽബന്തികളേയും തന്റെ
വരിധിക്ക് നിർത്താനുള്ള അധികാരം കൈവരിച്ച മകനെയോർത്ത് അവരുടെ
കണ്ണിലറിയാതെ കണ്ണുനീർ കിനിഞ്ഞു. മൂക്ക് ചീന്തി മരിച്ച ഭർത്താവിനെ
വീണ്ടും പ്രാകി. നാടുമുഴുക്കെയറിയുന്ന മകന് ണല്ലോരു പേര്
നൽകിയില്ലല്ലോ?
ടി.വി യിലപ്പോഴും സ്ക്രോള്ളിങ്ങ് ന്യൂസ് "കരിയൻ ഐ.എ.എസ്സിനെ അറസ്റ്റ്
ചെയ്തു" എന്ന് ടി.വിയിൽ മിന്നിമാഞ്ഞ് കൊണ്ടിരുന്നു..