കണ്ണിന്റെ പരിധി, കരളിന്റെ പരിധി
കാറ്റിന്റെ, കനിവിന്റെ, മാനത്തിൻ പരിധി
പുഴയുടെ, അരുവിയുടെ, വെള്ളത്തിൽ
നീന്തുന്ന തോണിയുടെ പരിധി
മഴയുള്ള മഞ്ഞിന്റെ വാർമഴവില്ലിന്റെ
ഭൂമിയുടെ പരിധികരകൾ പിഴുതെടുക്കാൻ
വരും കടലിന്റെ പരിധി
ചിലന്തിയുടെ കാലുകൾ, നക്കിയും ചിക്കിയും
വീശിത്തെറിപ്പിച്ചും നിർത്താതെ
തേങ്ങിക്കരയുന്ന വലകളുടെ പരിധി
പ്രാണൻ പിടയുന്ന നേരത്തു പ്രാണികൾ
പ്രാണൻ കരയ്ക്കിട്ടു തേങ്ങുന്ന പരിധി
എഴുത്തിന്റെ പരിധി, എഴുതുന്നതൊക്കെയും
വായിക്കാനാവാതെ ഞെരിപിരികൊള്ളുന്ന
വായനക്കാരന്റെ/കാരിയുടെ പരിധി
സങ്കടപ്പരിധി, നിസ്വന്റെ, ധനികന്റെ
വചനങ്ങളുരുവിട്ടു ഞെളിയുന്നവായാടി
കൗശലക്കാരനാം വിഡ്ഢിയുടെ പരിധി
പരിധികൾ, പൂമ്പാറ്റകൾ കയറിയു-
മിറങ്ങിയും ഞെരമ്പുകൾ പൊടിയുന്ന
പൂക്കളുടെ പരിധി, ഉദ്യാനത്തിൻ പരിധി
പരിധികൾ, രാവിന്റെ പകലിന്റെ
സന്ധ്യയുടെ മകര നിലാവിന്റെ
പരിധികൾ മധുരം, ചവർപ്പും
പുളിയുമെരിവും വിളമ്പുന്ന
രുചികളുടെ പരിധി, ചർമ്മം
സ്വയം പിന്നിലേയ്ക്കാഞ്ഞുതിരിഞ്ഞു
നൽ നേരിനെതിരയുന്ന ഈ
നെഞ്ചിൻ പരിധി
ആലിംഗനങ്ങളിൽ അകംപൊള്ളി
ഞെരിപിരികൊള്ളുന്ന നേരത്തു
മുലയാതെ, പൊരിയാതെ ഉയിരിനെ
വരിയുന്ന കാമുകീകാമുകന്മാരുടെ പരിധി
ഇരുട്ടിന്റെ പരിധി, വെളിച്ചത്തിൻ പരിധി
പരിധിയുടെ പരിധികൾ, വരുതിയിൽ
നിരയായി, അണിയായി വിരവോടെ
അവസരം തിരയുന്ന കൗമാരപരിധി
പകലിന്റെ രാവിന്റെ പൂർണ്ണ
നിലാവിന്റെ ആവർത്തിത പരിധി
മലയാചലത്തിന്റെ ഹിമവും തണുപ്പിന്റെ
പൊരിമണലണിയുന്ന മരുഭൂമിൻ പരിധി
പരിധികൾ, രാപകൽ, സ്വാസ്ഥ്യം ഉടയ്ക്കുന്ന
പരിധികൾ, മർത്ത്യന്റെ പരിധികൾ
പരിധിവിട്ടൊന്നും കളിക്കായ്ക പരിധി