ജ്യോതിർമയിശങ്കരൻ
വനിതാദിനവും ചില സൌമ്യരോദനങ്ങളും
വെറുതെ മെയിൽ തുറന്നു ഒന്നു നോക്കുകയായിരുന്നു .മെയിലിലൂടെ കിട്ടിയ ചില
മനസ്സിൽ തട്ടിയ സത്യങ്ങൾ നിങ്ങളുമായി പങ്കിടണമെന്നു തോന്നി.ഇതാ ഇനിയും
വന്നെത്തുകയാണല്ലോ ഒരു ലോകവനിതാദിനം. ഇന്റർനാഷനൽ വിമൻസ്ഡെയ്ക്കു കഴിഞ്ഞ
വർഷം 100 വയസ്സു തികഞ്ഞു. കഴിഞ്ഞ 100 വർഷങ്ങൾക്കിടയിലുള്ള നേട്ടങ്ങൾ
കാട്ടിത്തരാനായി ഒട്ടനവധി ഉണ്ടാവാം. വേണ്ടത്ര രീതിയിൽ സ്ത്രീയുടെ
ഉന്നമനം ആഗോളതലത്തിലും ഭാരതത്തിലും കൈവന്നോ എന്നറിയില്ലെങ്കിലും
ഇത്തരുണത്തിൽ ഇവിടെ ചലനങ്ങൾ സൃഷ്ടിയ്ക്കുന്ന ചില സംഭവങ്ങളെക്കുറിച്ചു
പറയാം.
മറക്കുവാൻ മനസ്സിനോടു പറഞ്ഞതായിരുന്നു. പക്ഷേ ഒന്നിനു പിന്നാലെ ഒന്നായി
വരുന്ന ഇ-മെയിലുകൾ ഓർമ്മയെ പുതുക്കിക്കൊണ്ടിരിയ്ക്കുന്നു. മറക്കാൻ
മോഹമായിട്ടല്ല, ഉള്ളിൽ അത്രയേറെ തട്ടിയ സംഭവമായിരുന്നല്ലോ അത്. പറഞ്ഞു
കൊണ്ടു വരുന്നതു സൌമ്യ എന്ന പെൺകുട്ടിയുടെ അതിദാരുണമായ
വിധിയെക്കുറിച്ചാണെന്നു മനസ്സിലായിക്കാണുമല്ലോ. പ്രതീക്ഷകൾ നിറഞ്ഞ
മനസ്സുമായി ആ തീവണ്ടിയിൽ ഒറ്റയ്ക്കിരുന്ന അവളുടെ മനസ്സിൽ ഭാവി
വരനെക്കുറിച്ചും നാളെ ആദ്യമായി അയാളെ കാണുന്ന സമയത്തെക്കുറിച്ചുമുള്ള
മധുരസ്മരണകൾ മാത്രമായിരുന്നിരിയ്ക്കണം. ഒറ്റയ്ക്കായതും ഒരു സമനില തെറ്റിയ
ഡ്രഗ്ഗ് അഡിക്റ്റിന്റെ പരാക്രമങ്ങൾക്കിരയായതും വിധിയെന്നു പലരും
പറഞ്ഞെന്നു വരാം.പക്ഷെ സത്യം അവൾ മൃഗീയമായി പീഡിയ്ക്കപ്പെട്ടുവെന്നതും
മരിച്ചുവെന്നതും മാത്രമല്ല, ഇതുഒഴിവാക്കാവുന്നതു കൂടിയായിരുന്നുഎന്നതാണ്.
ഇവിടെ കുറ്റക്കാർ ഏറെയായതിനാൽ നമുക്കു സമൂഹത്തെത്തന്നെ പഴി
ചാരുന്നതായിരിയ്ക്കും ഭംഗി. പത്ര പംക്തികളിലും മീഡിയയിലും ഇത്രയേറെ
ഒച്ചപ്പാടുണ്ടാക്കിയ സംഭവങ്ങൾ അടുത്തൊന്നുമുണ്ടായിക്കാണില്ല. അവിശ്വനീയത
നിറഞ്ഞു നിന്ന സത്യമെന്നു പറയാനാണ് തോന്നുന്നത്.
ഒരു ദിവസം സൌമ്യയ്ക്കായി കൈകോർത്തു പിടിയ്ക്കാനാഹ്വാനം ചെയ്തൊരു ഇ-മെയിൽ.
ഒരു മനുഷ്യച്ചങ്ങല സൃഷ്ടിയ്ക്കാൻ ആഹ്വാനം. വായിച്ചപ്പോൾ ഒന്നു
മനസ്സിലായി. ശരിയ്ക്കും കേരളത്തിലെ ജനതയെ ഉലച്ച സംഭവം തന്നെയായിരുന്നു
സൌമ്യയുടെ ദൌർഭാഗ്യകരമായ അനുഭവങ്ങൾ. നഷ്ടപ്പെട്ടതിന്റെ ദു:ഖത്തിലുപരിയായി
നഷ്ടപ്പെട്ടവിധം മനസ്സിൽ തങ്ങി നിൽക്കുമെന്നതാണു സത്യം. പെണ്മക്കളുള്ള
അമ്മമാർക്കു ആധി കൂടിക്കാണും, തീർച്ച. തങ്ങളുടെ പ്രിയപ്പെട്ടവർക്കും
ഇത്തരം ദുർഗ്ഗതി വന്നേയ്ക്കാമെന്ന സത്യം പുരുഷന്മാരുടേയും കണ്ണുതുറക്കാൻ
പ്രേരിപ്പിയ്ക്കുകയാണ്. ഒന്നും ചെയ്യാൻ കഴിയാത്തതിലെ നിസ്സഹായതയും
പ്രകടമാണ് . കേരളത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമായാണ് സംഭവിച്ചത്.
എന്തുകൊണ്ടു അതു സംഭവിയ്ക്കാനിടയായി എന്നതാണ് നമുക്കറിയേണ്ടത്.
ആരാണിതിന്റെ കാരണക്കാരെന്നും. റെയിൽ വേ സുരക്ഷിതത്വക്കുറവാണു
പ്രധാനകാരണമെന്ന് തോന്നി. സഹയാത്രികരുടെ പ്രതികരണമില്ലായ്മ മറ്റൊരു ഘടകം.
സ്വയം പ്രതികരിയ്ക്കാൻ മറന്ന സൌമ്യയും തെറ്റുകാരി തന്നെയല്ലേ?.
തമിഴനാട്ടിൽ നിന്നും കേരളത്തിലേയ്ക്കു പെൺകുട്ടികളെ കൊണ്ടു വന്നു വീട്ടു
ജോലികൾക്കായും സെക്സ് റാക്കറ്റുകൾക്കും വിൽക്കുന്ന സംഘത്തെക്കുറിച്ചും
വായിയ്ക്കാനിടയായി. വീട്ടുവേലയ്ക്കു നിൽക്കുന്ന സ്ഥലത്തെ അതി ദയനീയമായ
പീഡനങ്ങൾക്കൊടുവിൽ മരിയ്ക്കാനിടയായ പെൺകുട്ടിയെക്കുറിച്ചു വായിച്ചപ്പോൾ
കരയാതിരിയ്ക്കാനായില്ല. 100 ശതമാനം സാക്ഷരരെന്നഭിമാനിയ്ക്കുന്ന
കേരളത്തിലെ ജനതയ്ക്കു ഒന്നും പറയാനില്ലേ? സ്ത്രീതന്നെ സ്ത്രീയ്ക്കെതിരെ
പ്രവർത്തിയ്ക്കുന്ന കാഴ്ചയാണിവിടെ കാണാനാകുന്നത്. മേലാസകലം പൊള്ളലേറ്റ
കുട്ടിയെക്കുറിച്ചു കേട്ടപ്പോൾ സമൂഹത്തിന്റെ
വൈകൃതമായിക്കോണ്ടിരിയ്ക്കുന്ന മുഖത്തെ മാത്രമേ ഓർക്കാനായുള്ളൂ.
എന്തൊക്കെയാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്? സ്വന്തം മക്കളെ
ഇത്തരക്കാർക്കു വിൽക്കുന്ന മാതാപിതാക്കളുടെ മന:സ്ഥിതിയ്ക്കു പിറകിൽ
ദാരിദ്ര്യം മാത്രമാണോ? അറിയേണ്ടിയിരിയ്ക്കുന്നു.
ഒരു പ്രതികാരത്തിന്റെ ഞെട്ടിപ്പിയ്ക്കുന്ന കഥയുമായി വന്ന ഇ-മെയിൽ സന്ദേശം
സ്ത്രീയുടെ മറ്റൊരു മുഖത്തെയാണു കാണിച്ചു തന്നത്. വീട്ടുവേലക്കാരിയായ
ഇവർക്കു ഭർത്താവിൽ നിന്നും എയ്ഡ്സ് പിടി പെട്ടു. വിവാഹമോചനം നടത്തിയെന്നു
മാത്രമല്ല, ഭർത്താവിനോടുള്ള ദേഷ്യം അവർ തീർത്തത് നൂറു കണക്കിനു
പുരുഷന്മാരുമായി സംസർഗ്ഗം നടത്തി അവർക്കീ രോഗം പകർന്നു കൊണ്ടാണ്.
ഇതറിയാനിടയായ അവരെ ചികിത്സിയ്ക്കുന്ന ഡോക്ടറിൽ നിന്നാണ് ഈ വിവരം
മറ്റുള്ളവർ അറിയാനിടയായത്. പ്രതികാരദുർഗ്ഗയായ കുറിയേടത്തു താത്രിയുടെ
മറ്റൊരവതാരമോ? ഇവിടെ പ്രതികാരാഗ്നി ആളിക്കത്താൻ കാരണം വിശ്വാസവഞ്ചനയുടെ
ഉരസലുകൾ മാത്രമല്ല മാത്രമല്ല , മറിച്ചു എഛ്.ഐ.വി./ എയ്ഡ്സ്
എന്നിവയെക്കുറിച ഒരൽപ്പം അറിവില്ലായ്മ കൊണ്ടു കൂടിയാണ്. ഭർത്താവിന്
എയ്ഡ്സ് ഉണ്ടെന്നറിഞ്ഞപ്പോൾ പ്രതികാരത്തിനു പുറപ്പെടാതെ വിവാഹമോചനം
നേടുകയും ഒപ്പം നല്ലൊരു ഡോക്ടറെ സമീപിച്ച് വിദഗ്ദ്ധ ചികിത്സ നേടുകയും
ചെയ്താൽ കുഴപ്പമൊന്നുമില്ലാതെ കുറ്റബോധമൊന്ന്മില്ലാതെ ഏറെക്കാലം
ജീവിയ്ക്കാൻ സാധിയ്ക്കുമായിരുന്നു. ഇപ്പോൾ അവർ അവശയാണ്.
പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ല എന്ന പഴമൊഴി എത്ര സത്യം അല്ലേ?
പ്രസിദ്ധമായ അഭയ കേസിന്റെ വിധിയോടനുബന്ധിച്ചു വന്ന പ്രതികരണങ്ങൾ
കുറച്ചൊന്നുമല്ലായിരുന്നു. 1992 ൽ നടന്നകുറ്റത്തിനു വിധി 19
വർഷത്തിനുശേഷം വിധി പറഞ്ഞപ്പോൾ സിസ്റ്റെർ സ്റ്റെഫി സ്ത്രീത്വത്തിന്റെ
മറ്റൊരു വികൃത മുഖമായി മാറി. ദൈവത്തിനായി സ്വയം ഉഴിഞ്ഞു വച്ച ജീവിതം?
ആരുഷി കൊലക്കേസ് സ്വന്തം മാതാപിതാക്കളാൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ
കഥയെന്നതിനൊപ്പം ഓണർ കില്ലിംഗിന്റെ മറ്റൊരു ദൃഷ്ടാന്തമായി മാറി.
മാത്രമല്ല,വടക്കേയിന്ത്യയിൽ സമ്പന്നർക്കിടയിൽ നടക്കുന്ന അസാന്മാർഗ്ഗികമായ
പല പ്രവണതകളെയും വെളിയിൽ കൊണ്ടു വരാൻ ഇതു കാരണമായി.
തൃശ്ശൂരില്‍ വെച്ച് ഈയിടെ നടന്ന ഒരു കല്യാണത്തിന്റെ ചിത്രങ്ങള്‍ ആരോ
അയച്ചു തന്നതു കാണാനിടയായി. 1500 പവന്‍ സ്വര്‍ണമാണ് വധു അണിഞ്ഞു
നില്‍ക്കുന്നത്. കൂടാതെ 1500 പവന്റെ വില വരുന്ന രത്നവും ഉണ്ട്.
സ്ത്രീധനമായി BMW കാര്‍ പുറമേ. ദു:ഖമാണ് തോന്നിയതു. നമ്മുടെ ആൾക്കാർക്ക്
എന്നാണ് സ്ത്രീധനമെന്ന ദുരാചാരത്തെ തുടച്ചു മാറ്റാനാകുക? വിവാഹത്തെ ഇത്ര
വലിയ ഷോ അല്ലാതാക്കുക? എത്ര നല്ല കാര്യങ്ങൾക്കായി ആ ധനം
ഉപയോഗിയ്ക്കാമായിരുന്നു.
മറ്റൊരു ഇ-മെയിൽ UNICEF ന്റേതായിരുന്നു. ഒരു പെൺകുഞ്ഞിന്റെ പടത്തോടു കൂടി
വന്ന ഈ സന്ദേശത്തിൽ ഓരോ കുട്ടികളുടെയും വിദ്യാഭ്യാസത്തിന്റെ
ആവശ്യകതയെക്കുറിച്ചു ശബ്ദമുയർത്താനുള്ള ആഹ്വാനമായിരുന്നു. ഏറെ ഇഷ്ടമായി.
unite for children. എത്ര ശരിയായ ആഹ്വാനം! സന്തോഷം തോന്നി.
വാലെന്റെയ്ൻ ദിനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ
വായിയ്ക്കാനിടയായി. സ്നേഹമെന്ന സങ്കൽപ്പത്തിന്റെ യഥാർത്ഥനീറം പലർക്കും
ഇനിയും മനസ്സിലാകാത്തതിൽ ദു:ഖം തോന്നി.
വളരെ രസകരമായ ഒരു ഇ-മെയിലിനെപ്പറ്റിയും കൂട്ടത്തിൽ പറയട്ടെ!. ഇതു വരേയും
ഞാൻ പറഞ്ഞ സ്ത്രീകളുടെ മുഖങ്ങൾ അവരുടെ സ്വഭാവത്തിനെ
ഉദ്ദേശിച്ചായിരുന്നുവെങ്കിൽ ഇത്തവണ ലോകത്തിന്റെ വിവിധഭാഗങ്ങളിലായുള്ള
സ്ത്രീകളുടെ രൂപം കമ്പ്യൂട്ടർ വഴി രൂപപ്പെടുത്തിയെടുത്തതായിരുന്നു
ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുമായി നാൽപ്പതിലധികം സ്ഥലങ്ങളിലെ
സ്ത്രീകൾ കണ്ടാൽ ഏകദേശം എങ്ങിനെയിരിയ്ക്കുമെന്നു ഈ പ്രോഗ്രാം വഴി
കമ്പ്യൂട്ടറിനു കാണിച്ചു തരാനാകുന്നു. അത്ഭുതം തോന്നി. അപ്പോൾ
ഓർക്കാതിരിയ്ക്കാനായില്ല, സ്വയം പര്യാപ്തതയിലും സ്വാശ്രയ ശീലത്തിലും
ഇവരൊക്കെത്തമ്മിൽ എത്രയേറെ അന്തരം കാണാമായിരിയ്ക്കും.
സ്ത്രീകള്‍ക്കും വേണം ആരാധനാ സ്വാതന്ത്ര്യം എന്ന അമൃതാനന്ദമയി അമ്മ
എഴുതിയ ലേഖനവും പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള
സ്ഥാനത്തെക്കുരിച്ച് ചട്ടമ്പിസ്വാമികള്‍ പറഞ്ഞതും ആരോ ഇ-മെയിൽ
ചെയ്തിരുന്നു.“ഈശ്വരന്‍ സ്ത്രീയോ പുരുഷനോ എന്നുചോദിച്ചാല്‍ ഉത്തരം
സ്ത്രീയും പുരുഷനുമല്ല, ‘അതാണ്’ എന്നാണ്. എന്നാല്‍ ഏതെങ്കിലും ഒരു ലിംഗം
ഈശ്വരനു കല്പിക്കണമെന്നുണ്ടെങ്കില്‍ ഈശ്വരന്‍ പുരുഷനേക്കാള്‍ ഏറെ
സ്ത്രീയാണ്. കാരണം, സ്ത്രീയില്‍ പുരുഷനുണ്ടെന്നുമാത്രമല്ല, മാതൃത്വമെന്ന
ഈശ്വരീയഗുണം പുരുഷനേക്കാള്‍ അധികം സ്ത്രീയിലാണ്
പ്രകാശിക്കുന്നത്.സ്ത്രീശക്തി ഇനിയും ഉണരേണ്ടതുണ്ട്. കാലഘട്ടത്തിന്‍റെ
ആവശ്യമാണത്. ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയജ്ഞാനവും
സ്ത്രീകള്‍ക്കുണ്ടാവണം“ ഈ വാക്കുകൾ വളരെയേറെ ഇഷ്ടപ്പെട്ടു. സ്ത്രീകൾക്കു
പുരുഷനേക്കാളേറെ എല്ലാക്കാര്യത്തിലും പ്രാമുഖ്യമുണ്ടെന്നു എടുത്തു
പറയുന്ന ചട്ടമ്പിസ്വാമികളുടെ ലേഖനം വളരെ വിശാലമായ ചിന്താഗതികളുടെ
വിലയിരുത്തലാണ്. സ്ത്രീകൾ ഒരിയ്ക്കലും അബലകളല്ലെന്നും പ്രബലകൾ
തന്നെയെന്നും സമർത്ഥിയ്ക്കുന്ന ഈ ലേഖനം അത്യന്തം വിജ്ജ്ഞാനപ്രദമാണ്.
ശൈശവവിവാഹങ്ങളെ എതിർത്തുകൊണ്ട് ഒരു സുഹൃത്തയച്ച ഇ-മെയിലും
കിട്ടുകയുണ്ടായി. കഥാരൂപത്തിൽ നർമ്മഭാവനയാർന്ന വിധം ഇതെക്കുറിച്ചെഴുതിയ
ഒരു ബ്ലോഗ് ലിങ്കും കിട്ടുകയുണ്ടായി.
ഇത്രയൊക്കെ മെയിലിൽ നിന്നും കിട്ടിയത്. ദിനപ്പത്രങ്ങളും ടി.വി. തുടങ്ങിയ
മാദ്ധ്യമങ്ങളും പറഞ്ഞ സത്യങ്ങളും പറയാത്തവയും വേറെ. ദിനപ്പത്രത്തിൽ
ഇത്തരം വാർത്തകൾക്ക് പുതുമയില്ലാതായിത്തുടങ്ങി. ഒന്നു തീർച്ച. സ്ത്രീ
ഇന്നും തന്റെ അവകാശങ്ങളെ വേണ്ട വിധം ഉപയോഗിയ്ക്കുന്നില്ല. അവൾ
അവയെക്കുരിച്ചു ബോധവതിയല്ല. പ്രത്യേകിച്ചു ദാരിദ്ര്യരേഖയ്ക്കു
താഴെയുള്ളവർ.നിർബന്ധിതമായ വിദ്യാഭ്യാസം ഇവരെ കൂടുതൽ
ബോധവതികളാക്കാതിരിയ്ക്കില്ല. പലതും അതിനായി ഗവണ്മേണ്ടിന്റെ വശത്തു
നിന്നും വേണ്ടി വന്നേയ്ക്കാം. റൂറൽ ഏരിയകളെ കൂടുതൽ പുരോഗമനത്തിന്റെ
പാതയിലേയ്ക്കു കൊണ്ടു വന്നാലേ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ത്രീകൾക്കും സ്വയം
പര്യാപ്തത കൈവരിയ്ക്കാനാകൂ.
ഇതാ ഇന്നത്തെ പത്രത്തിലെ ഈ വാർത്ത മനസ്സിനൊരൽപ്പം സുഖം
തരുന്നു.മഹാരാഷ്ട്ര ഗവണ്മെന്റ് പ്രായപൂർത്തിയായ പെൺകുട്ടികൾക്കായി
തൊഴിലനുഷ്ഠിതപഠനസൌകര്യങ്ങൾ ഉൾക്കൊള്ളിച്ച ‘സഫല’ പദ്ധതി അംഗീകരിച്ചുവെന്ന
വാർത്ത.പെൺകുട്ടി എന്ന നിലയിൽ നിന്നും ഒരു ഭാര്യ, അമ്മ, കുടുംബിനി,
ഉദ്യോഗസ്ഥ എന്നിങ്ങനെയുള്ള വിവിധ റോളുകളെക്കുറിച്ചു പഠനത്തൊടൊപ്പം തന്നെ
അവൾക്ക് അറിവ്കിട്ടും. സ്ത്രീയെ ബാധിയ്ക്കുന്ന പ്രശ്നങ്ങളെ എങ്ങനെ
കൈകാര്യം ചെയ്യണമെന്നും പ്രതികരിയ്ക്കണമെന്നും ഈ പദ്ധതി അവളെ
ബോധവതിയാക്കും. വനിതാ ശിശുക്ഷേമ വിഭാഗത്തിന്റെ ഈ ഉദ്യമത്തിൽ
ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കുന്നുണ്ട്. സാമൂഹ്യവിരുദ്ധരിൽ നിന്നും
രക്ഷപ്പെടാനായി കരാട്ടെ പോലെയുള്ള പ്രതിരോധമുറകൾ കൂടി ആവശ്യമാണെന്നു
തോന്നുന്നു. നമുക്കു ആശ്വസിയ്ക്കാം, ഇതു പോലുള്ള സംരംഭങ്ങൾ
വിജയിയ്ക്കുമെന്നും മറ്റു സംസ്ഥാനങ്ങളും ഇതുപോലുള്ള പദ്ധതികൾ മുന്നോട്ടു
വയ്ക്കുമെന്നും