തോമസ് പി. കൊടിയൻ
വസുമതി കണ്ണുനീരിൽ പെയ്തിറങ്ങി.
സ്വന്തം കണ്ണുനീരിൽ അവളൊഴുകിപ്പോകാതിരിക്കാൻ ഞാനവൾക്കൊരു മൺതോണിയായി തുണനിന്നു.
"എന്റെ കൃഷ്ണാ..." അവൾ നെഞ്ചിലിടിച്ചു കരഞ്ഞു. "എന്റെ മോള്.. ഇനി
ഇതുംകൂടി... ഞാനിത്ര മഹാപാപിയായിപ്പോയല്ലോ കൃഷ്ണാ..." അവൾ മുഖം
പൊത്തിക്കരഞ്ഞു.
എന്തു പറഞ്ഞ്, ഞാനെന്തു പറഞ്ഞ് എന്റെ കൂട്ടുകാരിയെ ആശ്വസിപ്പിക്കും?
എന്റെ കളിക്കൂട്ടുകാരീ നിന്റെയീക്കോലം എന്നെ, വസന്തങ്ങളും നിറങ്ങളും
വാർന്നിറങ്ങിപ്പോയ ഉണങ്ങി വരണ്ടൊരു കടലാസുപൂവിനെയോർമ്മിപ്പിക്കുന്
എവിടെപ്പോയീ നിന്റെ മാംസളമായിരുന്ന ശരീരഭാഗങ്ങൾ? എവിടെപ്പോയീ നിന്റെ
ആഹ്ലാദത്തിന്റെ ഓണത്തുമ്പികൾ...
"എന്തു പറ്റി വസു."
"നീ നോക്ക് ശാരീ.. അവളെന്തു പണിയാ കാണിച്ചേക്കണേന്ന് അവളുടെ അടുത്തു
ചെന്നു നോക്ക്."
വസുമതി കുറ്റവാളിക്കു നേരെ വിരൽ ചൂണ്ടി. അവളുടെ ചൂണ്ടുവിരലിനുമുന്നിൽ
വിചിത്രമായൊരു അക്ഷരം പോലെ, ഒരു വീൽച്ചെയറിൽ അവളുടെ മകൾ ഇരുന്നിരുന്നു.
ഒന്നുമറിയാത്തവളെപ്പോലെ.
വിചിത്രങ്ങളായ ശബ്ദങ്ങളടെയും അംഗവിക്ഷേപങ്ങളുടെയും വിരോധാഭാസങ്ങളിൽ
നഷ്ടപ്പെട്ടവളായി അവൾ, അവളുടേതായ ലോകത്തിരുന്ന് വിക്കുകയും
വിറയ്ക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
"ഇന്ദൂ, എന്റെ മോക്കെന്താ പറ്റിയേ. നീ നിന്റെ അമ്മയെ എന്തിനാ
വേദനിപ്പിക്കുന്നേ. ഇച്ചേച്ചി നോക്കട്ടെ." ഞാൻ വീൽച്ചെയറിൽ
അവൾക്കരുകിലായിരുന്നപ്പോൾ അവൾ ഒരു കുഞ്ഞാടിന്റെ സന്തോഷത്തിൽ ഇളകിയാടി.
എന്റെ കൂട്ടുകാരിയുടെ നിത്യദുഃഖം അയൽക്കാരിയായ എന്നെ നോക്കി അവ്യക്തവും
സന്തോഷസൊാചകങ്ങളുമായ സ്വരങ്ങൾ പുറപ്പെടുവിച്ചു.
എന്റെ ശിരസ്സിനു മുകളിൽ അവളുടെ വിറയാർന്ന വിരലുകൾ അശാന്തമായി പരതുന്നു.
അവളുടെ ഉറയ്ക്കാത്ത ബുദ്ധിയുടെ വിലക്ഷണമായ ശബ്ദകോശങ്ങളിൽനിന്നും
സ്നേഹകാന്തങ്ങൾ എന്നിലേക്കു പ്രവഹിക്കുന്നതു ഞാനറിയുന്നു. അവളെ നെഞ്ചോടു
ചേർത്ത് ആ വീൽച്ചെയറിലൊതുങ്ങിയ ആ ശുഷ്കദേഹം ആകമാനം
പരതിയവസാനിപ്പിക്കുമ്പോൾ ശോഷിച്ചുണങ്ങിയ വെളുത്ത തുടകൾക്കിടയിൽ നനവ്.
രക്തം! ഇളംതവിട്ടുനിറം കലർന്ന രക്തം. ഒരു നടുക്കവും വിറയലും എന്നെ
കടന്നുപോയി. വസന്തശ്രീ അവൾക്കും ക്ഷണപ്പത്രമയച്ചിരിക്കുന്നു! ഒന്നും
മിണ്ടുവാനാവാതെ അവളെ വിട്ടെഴുന്നേറ്റ്, പ്രഭാതത്തിൽ പെയ്തൊഴിഞ്ഞ മഴ
ജീവിക്കുന്ന മുറ്റത്തേക്കു നോക്കി.
മധുവുണ്ണുവാൻ ഒരു മധുപനുമൊരു കാലവും വരില്ലെന്നറിഞ്ഞിട്ടും, നേരെ
നിൽക്കുവാൻ പോലും ആവതില്ലാത്തൊരു പൂവിൽ മധു നിറച്ച് ആ ഭാരപീഢ കൂടി അതിനു
നൽകി ഒരു വിഷാദഫലിതമാസ്വദിക്കുകയാണു പ്രകൃതിയെന്നു തോന്നി.
പുറത്ത്, ഇളംകാറ്റ് ഇലകളിളക്കുന്നു. പൂക്കളിൽ നിന്നും ഇലകളിൽ നിന്നും
ജലകണങ്ങളിറ്റുന്നു. ചെറുപറവകൾ, ശലഭങ്ങൾ, ശബ്ദങ്ങൾ, ചലനങ്ങൾ.... എല്ലാം
വൃത്തനിബദ്ധമായൊരു കവിത പോലെ തുടരുന്നു. ആരോ ചിട്ടപ്പെടുത്തിയ ഒരു
സംഗീതത്തിന്റെ ഈണം പരക്കുന്നതു പോലെ... പുറത്ത് എല്ലാം പഴയതുപോലെ.
എല്ലാം ഭദ്രം. ശാന്തം. സുന്ദരം.
പക്ഷേ, അകത്ത് - നാലുചുവരുകളുടെ മൺനിറത്തിനു നടുവിൽ,
വീൽച്ചെയറിലിരുന്ന് ഒരു കന്യക ഋതുമതിയാവുകയെന്ന പാപം ചെയ്തിരിക്കുന്നു.
ആയതിനാൽ ഇനിമേൽ ഇവിടെയൊന്നും ഭദ്രമല്ല.
മകൾ ചെയ്ത പാപമോർത്ത് ആഘോഷങ്ങളായിത്തീരേണ്ട നിമിഷങ്ങളെ
നിലവിളികളാക്കിമാറ്റി ഒരു അമ്മയിരിക്കുന്നു. നീയെന്തിനാണു മകളേ
ഋതുമതിയായത്?
ആർക്കുവേണ്ടി? ഈശ്വരാ, വരുന്ന ഓരോ മാസവും ഒരമ്മയ്ക്കു നിലവിളികൾ
നൽകുന്നതിനായി പെൺകുഞ്ഞേ നീ പൂത്തുലഞ്ഞു കൊണ്ടിരിക്കും. ആർക്കും
വേണ്ടിയല്ലാതെ, ഒന്നിനും വേണ്ടിയല്ലാതെ വിടർന്ന് ഇറുന്നു വീഴുന്ന പൂവുകൾ
ഒരു കഴകക്കാരിയെപ്പോലെ പെറുക്കിയെടുത്ത് ആ അമ്മ വേദനയോടെ പുറത്തുകളയും.
അകത്ത് ഒന്നും ഭദ്രമല്ല. ശാന്തമല്ല. സുന്ദരവുമല്ല!
അന്യരുടെ കൃഷിയിടങ്ങളിൽ നിന്നും അന്നം തേടിയിരുന്ന അവളുടെ പിതാവ,്
വിളിപ്പാടിനുമപ്പുറത്ത് ഇതൊന്നുമറിയാതെ, ആരുടെയോ കൃഷിയിടത്തിൽ
തളിക്കുന്നതിനുള്ള കീടനാശിനിയിൽ ജലം ലയിപ്പിക്കുന്ന ജോലിയിൽ
ഏർപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.