പ്രണയം


സുധാകരൻ ചന്തവിള

ലൈംഗിക പീഡനങ്ങൾ അവസാനിക്കുന്നില്ല

പുരുഷന്മാരാൽ  ആക്രമിക്കപ്പെടുന്ന സ്ത്രീകളും സദാചാരപോലീസിനാൽ
അപഹരിക്കപ്പെടുന്ന പുരുഷന്മാരും കേരളത്തിൽ കൂടിവരുന്നു.  എന്താണ്‌
സദാചാരം? സദാചാരം നടപ്പിലാക്കുന്നതാരാണ്‌? അതിനവർക്ക്‌ ആരാണ്‌  അധികാരം
കൊടുത്തത്‌. ഒരു സ്ത്രീയോട്‌ സംസാരിച്ചുവേന്നുകരുതി, അല്ലെങ്കിൽ ആ
സ്ത്രീയെ ലൈംഗികമായി ആക്രമിച്ചുവേന്നു കരുതി പുരുഷനെ കൈകാര്യം ചെയ്യാൻ
എന്തുനിയമസാധുതയാണ്‌ ഇക്കൂട്ടർക്ക്‌ നൽകിയിട്ടുള്ളത്‌. ഇത്തരം വിഷയങ്ങൾ
പെട്ടെന്നു ചർച്ചചെയ്യപ്പെട്ട്‌ മറഞ്ഞുപോകുകയും പിന്നീട്‌ വൈകാതെ
ആവർത്തിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതിൽ ആരാണ്‌ കുറ്റവാളി?

       'സദാചാരം' എന്ന വാക്കാണ്‌ ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർ
ഉപയോഗിക്കുന്നതെന്ന്‌ പ്രത്യേകം ഓർക്കണം. അപ്പോൾ യഥാർത്ഥ സദാചാരം എന്നത്‌
എന്താണ്‌ എന്നുകൂടി ആരായേണ്ടിയിരിക്കുന്നു. ആരോടെങ്കിലും ആർക്കെങ്കിലും
എന്തെങ്കിലും കാരണത്താൽ വിരോധമുണ്ടെങ്കിൽ അതെല്ലാം കാര്യമായി കൈകാര്യം
ചെയ്യാൻ ഏറ്റവും എളുപ്പമുള്ളവിഷയമായി ലൈംഗികത മാറിയിട്ടുണ്ട്‌. നമ്മുടെ
നാട്ടിലെ സ്ത്രീകൾ ഇത്രയ്ക്ക്‌ അപ്സരസ്സുകളോ? അതോ പുരുഷന്മാർ
ആഗ്രഹിക്കുന്ന ലൈംഗികസുഖം പ്രദാനം ചെയ്യുന്നതിൽ അവരുടെ ഭാര്യമാർ
പരാജയപ്പെടുന്നതോ? നമ്മുടെ മതനേതാക്കളും രാഷ്ട്രീയപ്രമുഖന്മാരും
സാംസ്കാരിക-സാഹിത്യകാരന്മാരും എന്നല്ല നമ്മുടെ പൊതുസമൂഹം ഒന്നാകെ
ചർച്ചചെയ്യേണ്ടുന്ന വിഷയമാണിത്‌. ലൈംഗികത എന്നു കേൾക്കുമ്പോൾ മുഖം
ചുളിക്കുകയും സൗകര്യപ്രദമായി കിട്ടിയാൽ വേണ്ടത്ര ആസ്വദിക്കുകയും
ചെയ്യുന്ന കേരളീയ സ്ത്രീപുരുഷന്മാരുടെ കപടലൈംഗികത ഇനിയെങ്കിലും
വെളിച്ചത്തിൽ വിചാരണചെയ്യപ്പെടണം.

         എവിടെയും സ്ത്രീകൾ ആക്രമിക്കപ്പെടുന്നു! ബസ്സിലും തീവണ്ടിയിലും
വിമാനത്തിലുമുൾപ്പെടെ അത്‌ അനുസ്യൂതം തുടരുന്നു. ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ
പെട്ടൊന്നൊരറസ്റ്റ്‌, കേസ്‌, റിമാന്റ്‌.. ഇങ്ങനെ ഏതാണ്ടെന്തൊക്കെയോ
ചെയ്തുകൂട്ടുന്നതൊഴിച്ചാൽ ഇത്തരം പ്രശ്നങ്ങളുടെ കാതലായ വശം ആരും
പഠിക്കപ്പെടാൻ ശ്രമിക്കുന്നില്ല. ചൂടപ്പം പോലെ വാർത്തകൾ
വൈറ്റ്ഴിക്കപ്പെടുന്ന മാധ്യമങ്ങൾപോലും ഈ വിഷയം പൊതുസമൂഹത്തിന്റെ
ചർച്ചയ്ക്ക്‌ വിധേയമാക്കുന്നതിൽ പരാണയപ്പെടുന്നു.

       ഒരു സ്ത്രീ മറ്റൊരു പുരുഷനോട്‌ സംസാരിക്കുന്നത്‌ തെറ്റാണോ? എല്ലാ
സംസാരവും ലൈംഗികാധിഷ്ഠിതമാണോ? തൊഴിൽ സംബന്ധമായും സൗഹൃദസംബന്ധമായുമെല്ലാംഉണ്ടാകുന്ന സംസാരങ്ങളെ ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണിവിടെ. മിക്കവാറും ഇത്തരം കഥകൾ ആദ്യം പുറത്തുവിടുന്നതും സ്ത്രീകൾതന്നെയാണ്‌ എന്നതാണ്‌
ഏറ്റവും രസകരമായ സംഗതി. ഇത്തരം കുറ്റകൃത്യങ്ങൾക്ക്‌ ഇരയാകുന്ന പുരുഷന്‌
ഒരു കുടുംബമുണ്ടെന്ന വാസ്തവം മറക്കാൻ പാടുണ്ടോ? ഒരുപക്ഷേ അയാൾക്ക്‌
താങ്ങാൻ കഴിയുന്നതിനുമപ്പുറം അപമാനം വന്നുചേർന്നാൽ പിന്നെ എന്തുചെയ്യും,
ആത്മഹത്യയേ വഴിയുള്ളൂ എന്ന്‌ ചിന്തിക്കേണ്ടിവരുന്നു. അസത്യങ്ങളുടെ
വിചാരണയ്ക്കടിപ്പെടാതെ അപമൃത്യുവരിക്കുന്ന പുരുഷന്റെ ആത്മാവറിയാൻ അവസരം
ലഭിക്കുന്നില്ല. അയാളുടെ ഭാര്യപോലും ഇത്തരം കാര്യത്തിൽ
പിൻതുണയാകുന്നില്ല. മറ്റുള്ളവർ തള്ളിപ്പറയുന്നതിനുമുമ്പ്‌ സ്വന്തം ഭാര്യ
മോചനക്കേസുമായി മുമ്പിലെത്തുന്നതാണ്‌ കാണാൻ കഴിയുന്നത്‌.

       സമൂഹം കാലത്തോടൊപ്പം വളരുന്നില്ലെന്ന്‌ ചിലപ്പോഴെങ്കിലും
സമ്മതിക്കേണ്ടിയിരിക്കുന്നു.  'ലൗജിഹാദ്‌ ' ഉൾപ്പെടെ ചർച്ചചെയ്യപ്പെട്ട
സമീപകാലയാഥാർഥ്യങ്ങളെ മാറ്റിവച്ചുകൊണ്ട്‌ ഈ വിഷയത്തെ ചർച്ചചെയ്യാൻ
കഴിയില്ല. ശരിയായ മതപഠനമോ സാമൂഹികാവബോധമോ ഉൾക്കൊള്ളാതെ ചില സാമ്പ്രദായിക
ശരികൾ ചിലർ ഇവിടെ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. അതിനെ നടപ്പിലാക്കാൻ ചില
അനുയായികളും ആശ്രിതരും തയ്യാറായിക്കൊണ്ടിരിക്കുന്നു. സങ്കുചിതമതത്തിന്റെ
ഏകാധിപത്യസ്വഭാവം ഇത്തരം പ്രവണതകളിൽ നിഴലിച്ചുനിൽക്കുന്നതായി
മനസ്സിലാക്കാം.  മാറുന്ന സമൂഹത്തെ പഠിക്കാനോ തിരിച്ചറിയാനോ തയ്യാറാകാത്ത
മതങ്ങൾക്കും മതപുരോഹിതന്മാർക്കും കാലത്തോടൊപ്പം ജീവിക്കാനാകില്ല.
സ്ത്രീസ്വാതന്ത്ര്യവും സ്ത്രീ-പുരുഷസമത്വവുമെല്ലാം വാക്കിലും
പ്രവൃത്തിയിലും കടത്തിവിടാത്ത ഇത്തരക്കാർ നയിക്കുന്ന മതങ്ങളിൽ നിന്ന്‌
സമൂഹം പുറത്തുവന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.

       എന്തുകൊണ്ട്‌ ഒരു വീട്ടമ്മ തന്റെ കുടുംബവും കുട്ടികളും ഉപേക്ഷിച്ച്‌
പരപുരുഷനെ തേടിപ്പോകുന്നു? അതുപോലെ  ഒരു ഭർത്താവ്‌ എന്തുകൊണ്ട്‌
പരസ്ത്രീകളെത്തേടിപ്പോകുന്നു.  കേരളത്തിലെ ഭാര്യഭർത്താക്കന്മാർ ആഴത്തിൽ
അന്വേഷിക്കുകയും പഠിക്കുകയും ചെയ്യേണ്ട വിഷയമാണിത്‌. വലിയ വീടുകളും
കാറുകളും മറ്റു ആഡംബരങ്ങളുമെല്ലാം വർദ്ധിക്കുന്നുവേങ്കിലും കിടപ്പറകളിലെ
സംതൃപ്തി കുറയുന്നതായാണ്‌ മനഃശാസ്ത്രഞ്ജരുടെ പഠനം തെളിയിക്കുന്നത്‌.
ഭാര്യാഭർത്താക്കന്മാർ കൂടുതൽ മനസ്സുതുറന്നു ഇടപെടുന്നില്ല എന്നതാണ്‌
ഇവിടത്തെ പ്രധാന പ്രശ്നം. എന്തു തെറ്റുകുറ്റങ്ങളുണ്ടെങ്കിലും
തുറന്നുപറഞ്ഞു സമ്മതിക്കാനും സമാധാനിപ്പിക്കാനും അവർക്കാകുന്നില്ല. അവർ
പലതും പരസ്പരം ഒളിച്ചുവയ്ക്കുന്നു; ഒപ്പം ഭയപ്പെടുന്നു

       ശരിയായ സാമൂഹികബോധവും സൗഹൃദബോധവും കുട്ടികളിൽ ചെയറുപ്രായത്തിൽതന്നെ
ഉണ്ടാകേണ്ടതാണ്‌. അതിന്‌ അച്ഛനമ്മമാർക്കും അദ്ധ്യാപകർക്കും വളരെ വലിയ
പങ്കുണ്ട്‌.  കാമ്പസുകളിൽ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും
സന്തോഷത്തിന്റെയും അന്തരീക്ഷം ഉണ്ടാകണം. അതിന്‌ ശരിയായ
രാഷ്ട്രീയബോധംകൂടിയാവശ്യമാണ്‌.  എന്നാൽ രാഷ്ട്രീയമെന്നതിന്‌ വളരെ മോശമായ
അർത്ഥതലമാണ്‌ ഇന്നത്തെ യുവത്വം കൽപ്പിച്ചിരിക്കുന്നത്‌. സമൂഹവുമായുള്ള
ബന്ധത്തിലൂടെ മാത്രമേ സ്ത്രീപുരുഷന്മാർക്ക്‌ ശരിയായ ഇടപെടലും നിലപാടും
ഉണ്ടാകുകയുള്ളൂ. ഇപ്പോൾ കാമ്പസുകൾ
അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌  വളരെ വലിയ ദോഷമാണു
വരുത്തിത്തീർക്കുന്നത്‌.  അതിർത്തികളില്ലാതെ മാനസികമായി അടുത്തിടപഴകുന്ന
ഒരു സമൂഹത്തിന്‌ പരസ്പര പീഡനത്തിന്‌ കഴിയില്ല. അവർക്ക്‌ സ്നേഹിക്കാനേ
കഴിയൂ. അത്തരം സ്നേഹം  വെറും ലൈംഗികതയ്ക്കുമപ്പുറം  വളർന്നതാണ്‌.​‍്

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ