അവനും അവളും പിന്നെ കമ്പ്യൂട്ടറും


ഡോക്ടർ (മേജർ)നളിനി ജനാർദ്ദനൻ

       മഞ്ഞുപെയ്യുന്ന ഒരു ശരത്കാല രാത്രി. ദൂരെ നഗരത്തിൽ നിയോൺവിളക്കുകൾ
മിന്നിത്തെളിഞ്ഞുകൊണ്ടിരുന്നു. നേർത്ത മൂടൽമഞ്ഞ്‌ ഒരു വെളുത്ത
പട്ടുപുടവയായി ഭൂമിയെപൊതിയുന്നു. കുളിരുള്ള കാറ്റേറ്റുതണുത്തുവിറച്ചപ്പോൾ
അവളോർത്തു-ഇളം ചൂടുപകരുന്ന ഒരുഷാൾപോലെ, സ്നേഹപൂർണ്ണമായ ഒരു സാന്ത്വനംപോലെ
തന്നെ വലയംചെയ്യാറുള്ള ഭർത്താവിന്റെ ആലിംഗനം. രോമാവൃതമായ നെഞ്ചിന്റെ
ചൂടേറ്റുറങ്ങിയ രാത്രികൾ. തണുപ്പിലും വിയർത്തൊഴുകുന്ന സ്നേഹോഷ്മളമായ
എന്റെ  രാത്രികളെവിടെ?
       ടെറസ്സിൽ നിന്നു മുറിയിലേക്കു തിരിച്ചു നടന്നു. കമ്പ്യൂട്ടറിനു
മുമ്പിലിരുന്നു ജോലിചെയ്യുന്ന ഭർത്താവ്‌. 'ഉണ്ണിയേട്ടാ, വരൂ,
ഉറങ്ങാറായില്ലേ?' മൃദുവായി തൊട്ടുവിളിച്ചപ്പോൾ നീരസം കലർന്ന ഒരു നോട്ടം!
       "നന്ദിനി, നിനക്കുപോയി കിടന്നുറങ്ങിക്കൂടേ? ഞാനെന്റെ ജോലിയൊന്നു
തീർക്കട്ടെ. രാവിലേയാണെങ്കിൽ ഒട്ടുംസമയം കിട്ടാറില്ല. എത്ര ഇ-മെയിലുകൾ
അയക്കണം എന്നറിയാമോ? അല്ലെങ്കിൽ നിന്നോടു പറഞ്ഞിട്ടെന്തു കാര്യം?
നിനക്കാണെങ്കിൽ കമ്പ്യൂട്ടർ പഠിക്കാനിഷ്ടമല്ലല്ലോ?
       സങ്കടത്തോടെ മടങ്ങിച്ചെന്നു കിടക്കയിൽ കിടന്നു. പ്രിയംകരമായ ഗസലുകൾ
തൂവൽസ്പർശമായി മനസ്സിനെ തലോടുമ്പോൾ, ബെഡ്‌ർറൂമിലെ നീലവെളിച്ചം ഒരു
നീലപ്പുതപ്പായി പൊതിയുമ്പോൾ, ഉറക്കം കണ്ണുകളിൽ കടന്നുവരാൻ
മടിച്ചുനിൽക്കുന്ന നിമിഷങ്ങൾ. ഉണ്ണിയേട്ടന്റെ
നെഞ്ചിലൊട്ടിച്ചേർന്നുകൊണ്ട്‌ ഒരായിരം പിണക്കങ്ങളും ആവലാതികളും
പങ്കുവയ്ക്കാൻ കൊതിതോന്നിയ നിമിഷങ്ങൾ. മൃദുലമായ ആചുണ്ടുകൾ പകരുന്ന
ലാളനയനുഭവിക്കാൻ വെമ്പുന്ന മനസ്സ്‌. ദേഷ്യം മറക്കാൻ ശ്രമിച്ചുകൊണ്ട്‌,
കണ്ണുകൾ അമർത്തിയടച്ചുകൊണ്ട്‌ ഉറങ്ങാൻ ശ്രമിച്ചു.
       ഈ കമ്പ്യൂട്ടർ വാങ്ങിയതോടെയാണ്‌ എല്ലാപ്രശ്നങ്ങളും തുടങ്ങിയത്‌ എന്നവൾ
വെറുപ്പോടെ   ഓർത്തു. ഒരു പരസ്ത്രീയെന്നപോലെ ഇതെന്റെ ഉണ്ണ്യേട്ടനെ
മെല്ലെമെല്ലെ എന്നിൽ നിന്നകറ്റുകയാണ്‌. പൊസ്സസ്സീവ്നെസ്സ്‌ ഒരു ഒബ്സഷൻ
ആയിത്തീർന്ന നിമിഷങ്ങളിൽ അവൾ കമ്പ്യൂട്ടറിനെ ഒരു ശത്രുവായി
കണക്കാക്കിത്തുടങ്ങി. ദേഷ്യവും വെറുപ്പും നിറഞ്ഞ ഏതോ സ്വകാര്യനിമിഷത്തിൽ
കമ്പ്യൂട്ടർ അടിച്ചുപൊട്ടിച്ചാലോ എന്നുപോലും അവളോർത്തു.
       കല്യാണം കഴിഞ്ഞ നാളുകളിൽ കൈപിടിച്ച്‌ മൃദുവായി അമർത്തുകയോ
കവിളിൽസ്നേഹപൂർവ്വം തലോടുകയോ ചെയ്തിരുന്ന ഉണ്ണ്യേട്ടൻ വീട്ടിൽ
മറ്റുള്ളവരുള്ള സമയങ്ങളിൽ പ്രേമാർദ്രമായ കണ്ണുകളോടെ നോക്കി മനസ്സിനെ
പുളകം കൊള്ളിക്കുന്ന ഉണ്ണ്യേട്ടൻ-ആ ഉണ്ണ്യേട്ടൻ തന്നെയാണേ ഇത്‌?
       "ഇപ്പോഴെല്ലാം മറന്നു, അല്ലേ? രണ്ടുകുട്ടികളുടെ അമ്മയായപ്പോഴേക്കും
ഞാനെന്താ മുത്തശ്ശിയായോ? എന്റെ മുടി അവിടവിടെ നരച്ചുതുടങ്ങിയെന്നതു
ശരിതന്നെ. പക്ഷേ ഞാനിപ്പോഴും ഉണ്ണ്യേട്ടന്റെ നന്ദിനിക്കുട്ടിയല്ലോ?
'ഏട്ടന്റെ മൂത്തമോളാണു നീയ്‌' എന്നു പറയാറുള്ളത്‌ ഓർമ്മയില്ലേ?"
       "അതേല്ലോ! ഇപ്പോഴെന്താ സംഭവിച്ചതു?" കമ്പ്യൂട്ടറിൽ നിന്നു
കണ്ണെടുക്കാതെയുള്ള ചോദ്യം.
       "എന്താ സംഭവിച്ചതെന്നോ? എത്രകാലമായി ഒന്നു കെട്ടിപ്പിടിച്ചിട്ട്‌,
ഉമ്മവെച്ചിട്ട്‌? ലജ്ജമറന്നുകൊണ്ട്‌ അവൾ പതുക്കെ പിറുപിറുത്തു.
       'ഈ ഉണ്ണ്യേട്ടന്‌ എന്നോടു പണ്ടത്തേതുപോലെ ഇഷ്ടമില്ല. പണ്ടാണെങ്കിൽ
എന്റെയടുത്തുനിന്ന്‌ മാറുകയേയില്ല. അടുക്കളയിൽ എന്നെ കാണാനായി
ഓടിയെത്തുമ്പോൾ ഏട്ടത്തിയമ്മ അർത്ഥംവച്ചുനോക്കി ചിരിക്കാറുള്ളത്‌
ഓർമ്മയില്ലേ? എന്തു കാര്യമുണ്ടെങ്കിലും 'നന്ദിനീ, ഇങ്ങട്ടുവരൂ'
എന്നായിരുന്നല്ലോ. ഇപ്പോഴോ? നന്ദിനി എന്നൊരു പാവം ഇവിടെയിങ്ങനെ
ജീവിക്കുന്നത്‌ എന്നോർക്കാറുണ്ടോ? ഒരിക്കലും വേർപിരിയാത്തവരാണു നമ്മൾ
എന്നു പറയാറുണ്ടായിരുന്നല്ലോ-എന്നിട്ടിപ്പോഴോ? ഈ കമ്പ്യൂട്ടർ കാരണം..."
       മുഖം വീർപ്പിച്ചുകൊണ്ട്‌ മുറിയിൽനിന്നു നടന്നുപോകുന്ന സന്ധ്യകൾ-മൃദുവായ
തലയിണയിൽ മുഖമമർത്തി, നിറയുന്ന കണ്ണുകൾ തുടച്ചുകൊണ്ട്‌ ഉറക്കം
കാത്തുകിടക്കുന്ന രാത്രികൾ -രാത്രിയുടെ ഏതോയാമത്തിൽ വന്നുകിടന്ന്‌
ക്ഷീണിച്ചുറങ്ങുന്ന ഉണ്ണിയേട്ടൻ. ഈ ജീവിതം എത്രയേറെ വിരസവും
യാന്ത്രികവുമാണ്‌. ദാമ്പത്യജീവിതത്തിൽ സ്നേഹലാളനവും എത്രയധികം
ആവശ്യമാണെന്ന്‌ അവളോർത്തുപോയി. എന്നുമൊരേപോലെ താളം തെറ്റാതെ ഓടുന്ന
ക്ലോക്ക്‌ പോലെ ഓടിയകലുന്ന നിമിഷങ്ങളും ദിവസങ്ങളും മാസങ്ങളും-സമയമാരെയും
കാത്തുനിൽക്കാറില്ലല്ലോ. വർഷങ്ങൾ പറന്നകലുകയാണ്‌. അങ്ങിനെ ഒരു ദിവസം ഈ
നന്ദിനിക്കുട്ടിയും ഉണ്ണിയേട്ടനെവിട്ട്‌ യാത്രയാവും-എന്നെന്നേക്കുമായി!
       "ഇന്നു ഞാൻ എവിടേയ്ക്കും പോകുന്നില്ല. ഈ സന്ധ്യ എന്റെ
നന്ദിനിക്കുട്ടിയുടെകൂടെമാത്രം!" എന്നു പറഞ്ഞുകൊണ്ട്‌  ഉണ്ണിയേട്ടൻ
വാത്സല്യപൂർവ്വം നെഞ്ചോടു ചേർത്തപ്പോൾ ഒരുകൊച്ചുകുട്ടിയെപ്പോലെ അവളുടെ
കണ്ണുകൾ വിസ്മയംകൊണ്ടു വിടർന്നു. വിശ്വസിക്കാനാവുന്നതേയില്ല. എന്നും
സൗന്ദര്യപ്പിണക്കം മാത്രമായിരുന്നല്ലോ. ഇപ്പോൾ പെട്ടെന്ന്‌ ഈ
സ്നേഹപ്രകടനം? ഞാൻ സ്വപ്നം കാണുകയാണോ എന്ന്‌ സംശയിച്ചുപോയി.
വിസ്മയഭരിതമായ ഒരാഹ്ലാദംപോലെ ഉണ്ണിയേട്ടന്റെ ഈ പെരുമാറ്റം കണ്ടപ്പോൾ
സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു.
       "എന്തുപറ്റി ഇന്ന്‌? പനിയൊന്നുമില്ലല്ലോ?" കുസൃതിയോടെ പറഞ്ഞുകൊണ്ട്‌ അവൾ
ഭർത്താവിന്റെ നെറ്റിയിൽ കൈയ്യമർത്തി. 'വികൃതിക്കുട്ടീ' എന്നു
മന്ത്രിച്ചുകൊണ്ട്‌ ചുംബിച്ചപ്പോൾ ചുണ്ടിലെ മീശരോമങ്ങൾ കവിളുകളെ
നോവിച്ചു. ആ സുഖകരമായ വേദനയെ അവൾ മനസ്സിലൊരു നിധിയെന്നപോലെ
സൂക്ഷിച്ചുവെച്ചു.
       'താരാമതി'യെന്നു പേരുള്ള വലിയ ഹോട്ടലിലേക്ക്‌ കടന്നുചെല്ലുമ്പോൾ മനസ്സ്‌
ആഹ്ലാദഭരിതമായിരുന്നു. പുൽത്തകിടിയിലിരുന്നുകൊണ്ട്‌ പൂർവ്വകാലസ്മൃതികൾ
അയവിറക്കി. പിന്നീട്‌ യുവമിഥുനങ്ങളെപ്പോലെ കരങ്ങൾ ഗ്രഹിച്ചുകൊണ്ട്‌ ആ
ചരിത്രപ്രസിദ്ധമായ സ്ഥലം നടന്നു കണ്ടു. 'കുത്തുബ്ഷാ' എന്ന രാജാവിന്റെയും
'താരാമതി' എന്ന നർത്തകിയുടെയും പ്രേമത്തിന്റെ പ്രതീകമായ ആ സ്മാരകം. ആ
അന്തരീക്ഷത്തിലൊഴുകിനടന്ന സ്നേഹതരംഗങ്ങൾ അനുഭവിച്ചറിഞ്ഞു. ആ കമിതാക്കളുടെ
വികാരഭരിതമായ നിമിഷങ്ങൾ പുനർജ്ജനിക്കുകയാണെന്നു തോന്നി.
       ഹോട്ടലിലെ ഒരൊഴിഞ്ഞ കോണിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ കണ്ണുകളിൽ
നോക്കിയിരുന്നുകൊണ്ട്‌ ഒരു 'കാൻഡിൽ ലൈറ്റ്‌ ഡിന്നർ' - 'ഖുബാനി കാ മീഠാ'
എന്നുപേരുള്ള മധുരപദാർത്ഥം ചേർത്ത ഐസ്ക്രീം നുണഞ്ഞുകൊണ്ട്‌ ആ
നിമിഷങ്ങളുടെ മാധുര്യം ആസ്വദിച്ചു അപ്പോൾ 'ഇതാ, എന്റെ വക
നന്ദിനിക്കുട്ടിക്ക്‌!" എന്നു പറഞ്ഞുകൊണ്ട്‌ പുറത്തെടുത്ത
സമ്മാനം-ഹൈദരാബാദിലെ പ്രസിദ്ധമായ മുത്തുകൾ കൊണ്ടു നിർമ്മിച്ച ഭംഗിയുള്ള
മാല!
       ഒരു രാജകുമാരിയ്ക്കെന്നതുപോലെ ലഭിക്കുന്ന ഈ രാജകീയമായ
പരിലാളനങ്ങൾ...ഇത്‌ സ്വപ്നമോ യാഥാർത്ഥ്യമോ?
'നന്ദിനിയ്ക്കു സന്തോഷമായില്ലോ? ഇനി പറയില്ലല്ലോ ഉണ്ണ്യേട്ടൻ എന്നെ
മറന്നു, എന്നോടൊട്ടും ഇഷ്ടമില്ല' എന്നൊക്കെ?"
       ചിരിക്കുന്ന കണ്ണുകളിലേക്കു നോക്കിയപ്പോൾ അവൾ സന്തോഷംകൊണ്ട്‌ മതിമറന്നു.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ മനസ്സ്‌ സംതൃപ്തമായിരുന്നു.
പ്രേമപൂർണ്ണമായവരികൾകൊണ്ട്‌ മനസ്സിലെ വീണക്കമ്പികളെ മൃദുവായി തഴുകുന്ന
ഗസലുകൾ കേട്ടുകൊണ്ട്‌ ഉണ്ണിയേട്ടന്റെ കരവലയത്തിൽ കിടന്നുറങ്ങാൻ
ശ്രമിക്കുമ്പോൾ:
       "നന്ദിനീ, നാളെയെന്നെ ഓർമ്മിപ്പിക്കണം, നമ്മുടെ കമ്പ്യൂട്ടർ ശരിയാക്കാൻ
കൊടുക്കണമെന്ന്‌. അത്‌ കേടുവന്നിരിക്കുന്നു!"
       അവൾക്ക്‌ കരയണോ ചിരിക്കണോ എന്നു സംശയം തോന്നി!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ