അക്ഷരരേഖ


ആർ ശ്രീലതാവർമ്മ
സാഹിത്യമാധ്യമം എന്ന നിലയിൽ ഭാഷയുടെ സവിശേഷതകൾ
                
            നിത്യവ്യവഹാരത്തിൽ ഭാഷ, ആശയവിനിമയത്തിന്റെ മണ്ഡലത്തിൽ ഒതുങ്ങി നിൽക്കുന്നു.എന്നാൽ സാഹിത്യത്തിൽ ഭാഷ ,ആശയവിനിമയത്തിന്റെ സാമാന്യതലം പിന്നിട്ട് ഭാവാവിഷ്കാരത്തിന്റെ സവിശേഷ മണ്ഡലത്തിലേക്കുയരുന്നു.അങ്ങനെ അത് സമാന്യവ്യവഹാരഭിന്നമാകുന്നു.സമാന്യവ്യവഹാരത്തിൽ നിന്ന് എന്നതുപോലെ ശാസ്ത്രഭാഷയിൽ നിന്നും വ്യത്യസ്തമാണ് സാഹിത്യഭാഷ.ശാസ്ത്രം തുടങ്ങിയ വൈജ്ഞാനികവിഷയങ്ങൾക്കും ഭാഷയാണ് ആധാരം.പക്ഷേ,ശാസ്ത്രം വസ്തുനിഷ്ഠമാണ്,ഭാവനിഷ്ഠമല്ല.അതുകൊണ്ടുതന്നെ ശാസ്ത്രത്തിൽ,വാക്കുകൾ അവയുടെ നിശ്ചിതങ്ങളായ അർഥങ്ങളിൽ ഉറച്ചുനിൽക്കുന്നു.വസ്തുതകൾ ഋജുവായും വസ്തുനിഷ്ഠമായും പറയുകയാണ് ശാസ്ത്രഭാഷയുടെ ലക്ഷ്യം.അതിനാൽ വൈചിത്ര്യം വരുത്തിയുള്ള പറച്ചിലും അതിശയോക്തി കലർന്ന പറച്ചിലും ഇവിടെ തികച്ചും വർജ്യമാണ്.എന്നാൽ സാഹിത്യത്തിന്റെ സ്ഥിതി ഇതല്ല.സാഹിത്യം ആത്മനിഷ്ഠമാകയാൽ പദങ്ങൾ നിയതമായ അർഥതലത്തിൽ ഒതുങ്ങുന്നില്ല.മാത്രമല്ല,ബിംബകല്പനകളിലൂടെയും സൂചകങ്ങളിലൂടെയും മറ്റും സാഹിത്യഭാഷ ബഹുതലസ്പർശിയായി മാറുകയും ചെയ്യുന്നു.സാഹിത്യത്തിൽ പദങ്ങൾ പ്രത്യേകമായ അർഥവിവക്ഷയോടെ പ്രയോഗിക്കപ്പെടുന്നില്ല എന്നതുകൊണ്ട് ഭാഷാമാധ്യമം മറ്റ് കലാമാധ്യമങ്ങളെ അപേക്ഷിച്ച് അയവുള്ളതാണെന്ന വസ്തുതയും ശ്രദ്ധേയമാണ്.സമാനാർഥങ്ങളുള്ള പദങ്ങളിൽ ഒന്നിനു പകരം മറ്റൊന്ന് സ്വീകരിക്കാനും പദങ്ങളുടെ വാച്യാർഥം മറച്ചുവച്ച് വ്യംഗ്യമായി പറയാനുമുള്ള സ്വാതന്ത്ര്യം സാഹിത്യകാരനുണ്ട്.സാഹിത്യഭാഷയുടെ ഫലപ്രദമായ സംവേദനസാധ്യതയ്ക്ക് തെളിവു കൂടിയാണിത്.
                    ഭാഷയുടെ ഘടന നിർണയിക്കുന്നതിൽ അനുഭവത്തിന് നിർണായകമായ പങ്കുണ്ട്.അഥത്തിന്റെ അഥവാ ഭാവത്തിന്റെ ആപേക്ഷികബന്ധങ്ങളിലേക്ക് നയിക്കാൻ കഴിയുക എന്നത് സാഹിത്യഭാഷയുടെ വ്യാവർത്തക ധർമമാണ്.ആവിഷ്കർത്താവിന്റെയും അനുവാചകന്റെയും അനുഭവബോധത്തെ അഥവാ സൗന്ദര്യബോധത്തെ ബന്ധിപ്പിക്കുന്ന ഏകഘടകമാണ് സാഹിത്യത്തിൽ ഭാഷ.കലാസൗന്ദര്യം പകർന്നുകൊടുക്കുക,കലാസൗന്ദര്യം ആസ്വദിക്കുക-ഇവ രണ്ടും മനുഷ്യന്റെ സൗന്ദര്യാത്മകസംവേദനത്തിന്റെ വ്യത്യസ്ത തലങ്ങളാണ്.എഴുത്തുകാരൻ ആസ്വാദനത്തിലും ആവിഷ്കാരത്തിലും പങ്കുകൊള്ളുമ്പോൾ അനുവാചകൻ ആസ്വാദനത്തിൽ മാത്രം പങ്കുകൊള്ളുന്നു.ഭാവനയുടെ ഏറ്റക്കുറവുകൾക്കനുസൃതമായാണ് സൗന്ദര്യസംവേദനമണ്ഡലത്തിൽ ഈ വ്യത്യാസം രൂപംകൊള്ളുന്നത്.ഭാവനാശക്തി എല്ലാ മനുഷ്യരിലും ഒരുപോലെയല്ല വ്യാപരിക്കുന്നത്.പ്രതിഭാധനന്മാരായ കലാകാരന്മാരിൽ ഭാവനാശക്തിയുടെ പ്രവർത്തനം ഏറിയിരിക്കും.മാത്രമല്ല,കേവലമായ സൗന്ദര്യാസ്വാദനത്തെ,ആവിഷ്കാരത്തിലൂടെ സൗന്ദര്യാത്മകവസ്തുജ്ഞാനത്തിന്റെ തലത്തിലേക്ക് ഉയർത്താൻ ഇവർക്കേ കഴിയൂ.മാധ്യമത്തിന്റെ സവിശേഷ സംഘടനയാണ് ഇക്കാര്യത്തിൽ എഴുത്തുകാർക്ക് സഹായകമായി വർത്തിക്കുന്നത്.
                                    അനുഭവങ്ങൾക്ക് വാങ്മയരൂപം നൽകുന്ന എഴുത്തുകാരൻ പദപ്രയോഗത്തിലാണ് ആദ്യന്തം ശ്രദ്ധിക്കുന്നത്.ഉചിതമായ വാക്കും ഉചിതാർഥവും അവയുടെ സ്മുചിതമായ സംയോഗവും സർഗാത്മകസാഹിത്യം കൈകാര്യം ചെയ്യുന്ന ഏതൊരാളെ സംബന്ധിച്ചും ഒരു വരലബ്ധി തന്നെയാണ്.വാഗർഥപ്രീതിക്കു വേണ്ടി ജഗത്പിതാക്കളെ വന്ദിച്ചുകൊണ്ടാണ് കാളിദാസൻ തന്റെ 'രഘുവംശ'കാവ്യം ആരംഭിച്ചത്."വാരിധി തന്നിൽ തിരമാലകളെന്നപോലെ ഭാരതീ പദാവലി തോന്നേണം കാലേ കാലേ"എന്ന് എഴുത്തച്ഛൻ പ്രാർഥിക്കുമ്പോഴും കവിതയിൽ-സാഹിത്യത്തിൽ ഉചിത പദപ്രയോഗത്തിനുള്ള പ്രാധാന്യമാണ് വ്യക്തമാകുന്നത്.പദസ്വാധീനത്തെ സംബന്ധിച്ചിടത്തോളം എഴുത്തുകാരുടെ മൗലികപ്രതിഭയ്ക്ക് മുഖ്യസ്ഥാനമാണുള്ളത്.എഴുതുകാരന്റെ/എഴുത്തുകാരിയുടെ വൈയക്തികതയുമായി ഇത് അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു.മൗലികപ്രതിഭയുള്ളവർക്കേ സർഗാത്മകകൃതികൾ സംഭാവന ചെയ്യാൻ കഴിയുകയുള്ളൂ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല.എന്നാൽ സഹജമായ പ്രതിഭയ്ക്കൊപ്പം തന്നെ സ്വാർജിതമായ പ്രതിഭയും എഴുത്തുകാർക്ക് അനിവാര്യമാണ്.'കാവ്യാനുശീലനം' എന്ന് ഭാരതീയ കാവ്യചിന്തകർ പേരിട്ടുവിളിക്കുന്ന കാവ്യഹേതുവാണ് സ്വാർജിതപ്രതിഭയ്ക്ക് ആധാരം.ഇതര സാഹിത്യകൃതികളുമായി എഴുത്തുകാരനുള്ള പരിചയം അയാളുടെ സർഗാത്മകപ്രതിഭയ്ക്ക് തിളക്കമേറ്റുന്നു,പുതിയ അനുഭൂതിമണ്ഡലങ്ങൾ പ്രദാനം ചെയ്യുന്നു,അപരിചിതങ്ങളായ ആശയമണ്ഡലങ്ങൾ തുറന്നുകൊടുക്കുന്നു.
                           ഭാഷയിൽ ശബ്ദ്ദവും അർഥവുമുണ്ട്.ഇവയെ ഏകീഭവിപ്പിക്കുക വഴി ഇന്ദ്രിയാനുഭൂതിനിഷ്ഠമായ സവിശേഷമായഭാവതലത്തിലേക്ക് വായനക്കാരെ നയിക്കാൻ എഴുത്തുകാർക്ക് കഴിയണം.ഭാഷാമാധ്യമത്തിന്റെ സവിശേഷ സംഘടനയിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.സംഘടന എന്ന പ്രക്രിയ സാഹിത്യകൃതിയുടെ ഭാഷാതലത്തിലും ഭാവതലത്തിലും സംഭവിക്കുന്നു.ഭാഷ ഭാവമായി,അഥവാ,ഭാവം ഭാഷയായി വികസിക്കുമ്പോഴാണ്‌സാഹിത്യകൃതി കലാപരമായ മികവ് കൈവരിക്കുന്നത്.ഭാഷയ്ക്ക് ഇവിടെ രൂപത്തിന്റെ സ്ഥാനമാണുള്ളത്.സാഹിത്യകൃതിയുടെ ആന്തരികസത്ത തന്നെയാണ് ഭാവം.ഭാവാവിഷ്കാരത്തിനുതകുന്ന ഘടനയും ആ ഘടനയെ പരിപോഷിപ്പിക്കാനുതകുന്ന പദവാക്യാദികളുടെ പരസ്പരബദ്ധതയും ഉൾച്ചേർന്നതാണ് രൂപം.അതായത് എഴുത്തുകാരന്റെയുള്ളിൽ രൂപംകൊള്ളുന്ന ഭാവത്തെ സഹൃദയഹൃദയങ്ങളിലേക്ക് സംക്രമിപ്പിക്കുവാൻ കഴിയുന്നതായിരിക്കും രൂപം.എഴുത്തുകാരന്റെ മനസ്സിൽ പിറവിയെടുത്ത സാഹിത്യസൃഷ്ടിയും വായനക്കാരന്റെ മുന്നിലുള്ള സാഹിത്യസൃഷ്ട്ടിയും തമ്മിലുള്ള അന്തരം നിസ്സാരമല്ല.ഭാവത്തെ അതുപോലെ പകർത്തിവയ്ക്കാതെ സന്ദർഭോചിതമായ വികാസപരിണാമങ്ങൾ വരുത്തി ഗുണപരമായി നിബന്ധിക്കുക എന്ന സർഗാത്മകസവിശേഷത രൂപത്തിനുള്ളതുകൊണ്ടാണ് സൃഷ്ടിയ്ക്കു മുൻപുള്ള കലാകൃതിയും സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞ കലാകൃതിയും വ്യത്യസ്തമായിരിക്കുന്നത്.


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ