എസ്സാർ ശ്രീകുമാർ
അധ്യക്ഷസ്ഥാനത്ത് ശ്രീ.നിത്യാസായിബായി ഇരുവശങ്ങളിൽ ഹരിഹരിശങ്കർ, കുമാരി
പഞ്ചാമൃതമയീ, പിന്നിൽ വിശ്വകുമാരി അതിനും പിന്നിൽ സെമി ആൾദൈവങ്ങൾ.
അധ്യക്ഷൻ അജണ്ട വായിച്ചു. ആൾദൈവ പ്രാർത്ഥന, നാമധേയ നിർണയം, ഭാരവാഹികളെ
തെരഞ്ഞെടുക്കൽ, അവകാശ പ്രഖ്യാപനം, മറ്റ് അത്യാവശ വിഷയങ്ങൾ, അവസാന ഇനമായി
പാട്ടും കൂത്തും.
അനുചരർ കൈയടിച്ച് പാസ്സാക്കി.
പ്രാർത്ഥനയ്ക്കായി പാട്ടിൽ കേമി പഞ്ചാമൃതമയി എഴുന്നേറ്റു. അവർ ഇങ്ങനെ
പ്രാർത്ഥിച്ചു.
"ആൾ ദൈവമാകുന്ന ഞങ്ങളെ എന്നും നീ
കാത്തുകൊള്ളീടണേ ലോകനാഥാ
മണ്ണിൽ മരുവുന്ന കീടങ്ങളെ
മാസ്മര വിദ്യായാൽ ഞങ്ങൾ നയിച്ചീടും..."
പ്രാർത്ഥന കഴിഞ്ഞു. അടുത്തത്തായി സംഘടനാ നാമധേയ നിർണയം.
സദസ്സിൽനിന്നും പല പേരുകൾ നിർദ്ദേശിക്കപ്പെട്ടു. അതിൽനിന്ന് അനുയോജ്യമായ
'മാഡം' (മാഡം= മനുഷ്യർ ആകുന്ന ദൈവങ്ങൾ ആകുന്ന മനുഷ്യർ) എല്ലാവരും
ഏകകണ്ഠമായി വിളിച്ചു പറഞ്ഞു. അമൂർത്തമായ പേര്.
അടുത്ത അജണ്ട ഭാരവാഹികളെ തെരഞ്ഞെടുക്കലാണ്. സദസ്സിൽനിന്ന് നിർദേശങ്ങൾ
ഉയർന്നു. അതിൻ പ്രകാരം ശ്രീ നിത്യസായിബായിയെ പ്രസിഡന്റായും വിവരവും
അഭ്യാസവുമുള്ളതുകൊണ്ട് ഹരിഹരി ശ്രീ ശങ്കരനെ സെക്രറിയായും
സമ്പത്തുണ്ടാക്കാനും അത് സംരക്ഷിക്കാനും മിടുക്കുള്ളതുകൊണ്ട് കുമാരി
പഞ്ചാമൃതമയിയെ ഖജാൻജിയായും തീരുമാനിച്ചു. ഭരണസമിതിക്ക് താങ്ങായി
നൂറ്റൊന്ന് കമ്മിറ്റി അംഗങ്ങളെയും നിശ്ചയിച്ചു.
അടുത്തത്തായി അവകാശ പ്രഖ്യാപനം
അവിശ്വാസികളായ അക്രമികളിൽനിന്നും ഞങ്ങളെ രക്ഷിക്കാൻ പോലീസ് സംരക്ഷണം
വേണം. സർക്കാർ അതിനുള്ള ഒത്താശകൾ ചെയ്തുതരണം. ഞങ്ങൾ ഇല്ലെങ്കിൽ സർക്കാർ
ഇല്ല. രണ്ടും പരസ്പരപൂരകമാണല്ലോ.
അവസാന ഇനമായ പാട്ടും കൂത്തും.
അതോടെ സ്വപ്നത്തിൽനിന്നും ഞാൻ ഞെട്ടിയുണർന്നു.