മനസ്സ്/ശ്രീ ശ്രീ രവിശങ്കർ


 പരിഭാഷ: എസ് .സുജാതൻ

ഒരൊറ്റ ജനത:
മനുഷ്യാവകാശവും മാനുഷിക മൂല്യങ്ങളും ഇരുപത്തിയൊന്നാം  നൂറ്റാണ്ടിൽ

       എന്തൊക്കെയാണ്‌ മാനുഷിക മൂല്യങ്ങൾ? സമസൃഷ്ടി സ്നേഹം, സൗഹൃദം, സഹകരണം,
സന്തോഷം, ശാന്തമായ മനസ്സ്‌, ജീവിതത്തിലുടനീളം നിലനിൽക്കുന്ന
പുഞ്ചിരി-നമ്മിൽനിന്ന്‌ നഷ്ടപ്പെടാൻ പാടില്ലാത്ത മൂല്യങ്ങൾ
ഇതൊക്കെത്തന്നെയാണ്‌.
       ഒരു സമൂഹത്തിനുള്ളിൽപ്പോലും അനന്യത (IDENTITY)യെ
അടിസ്ഥാനമാക്കിക്കൊണ്ട്‌ നാം ഓരോരോ വിഷമഘട്ടം കണ്ടെത്തുന്നു.  അനന്യത
ഉറപ്പാക്കാനായി നാം ഗ്രൂപ്പുകൾ സൃഷ്ടിക്കുകയാണ്‌.  ഈ ഗ്രൂപ്പിസത്തിൽ,
എല്ലാം ഒന്നാണെന്ന ആ ബോധം, ആകമാനമുള്ള മനുഷ്യവർഗ്ഗത്തിൽ എവിടെയൊക്കെയോ
നഷ്ടപ്പെട്ടുപോകുന്നു.
       ഞാൻ ഹിന്ദുവാണ്‌, ഞാൻ ബുദ്ധമതക്കാരനാണ്‌, ഞാൻ ഇസ്ലാമാണ്‌, അല്ലെങ്കിൽ
ഞാൻ ക്രിസ്ത്യാനിയാണ്‌ എന്ന ചിന്തകളൊക്കെ ഇതിന്‌ ഉദാഹരണങ്ങളാണ്‌.
       ഇത്തരം പരിമിതമായ അനന്യത നിലനിറുത്താനായി ഒരു മനുഷ്യൻ തന്റെ സ്വന്തം
ജീവൻതന്നെ ഒരുപക്ഷേ ബലികഴിക്കാൻ തയ്യാറാകുന്നു.  ഇന്ന്‌ ലോകത്ത്‌
സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇതൊക്കെയല്ലേ?  ഒരു പ്രത്യേക
സംസ്ക്കാരത്തിന്റേയും മതത്തിന്റേയും രാഷ്ട്രത്തിന്റേയും കാര്യത്തിലും
സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ഇതൊക്കെത്തന്നെയാണ്‌.
       ഇതിനെല്ലാമുപരിയായി, നാമെല്ലാം മനുഷ്യരാണ്‌ എന്ന ചിന്തയ്ക്ക്‌ പ്രഥമവും
പരമോന്നതവുമായ പ്രാധാന്യം കൊടുക്കുമ്പോൾ സമൂഹത്തിൽ കൂടുതൽ സഹിഷ്ണുതയും
ജനങ്ങളുടെയിടയിൽ പരസ്പര ധാരണയും വളരാനിടവരുന്നു.  അവർ ജൂതന്മാരോ,
മുസ്ലീങ്ങളോ, ഹിന്ദുക്കളോ, ക്രിസ്ത്യാനികളോ ആകുന്നതിനുമപ്പുറം
മനുഷ്യരാണ്‌ എന്ന അവബോധത്തിന്റെ പ്രകാശം അവർക്ക്‌ തെളിച്ചു
കൊടുക്കേണ്ടിയിരിക്കുന്നു.
ശ്രീ ശ്രീ രവിശങ്കർ

       ഒരു മനുഷ്യനെന്ന നിലയിൽ മുഴുവൻ മനുഷ്യവർഗ്ഗവും നിങ്ങളുടെ ഭാഗമാണെന്നും
അഥവാ നിങ്ങളുടെ സ്വന്തമാണെന്നും അറിയുക!
       ഇന്ന്‌ ജനങ്ങൾ തങ്ങളുടെ അനന്യത (IDENTITY)യ്ക്കുവേണ്ടി
നോക്കിയിരിക്കുകയാണ്‌.  തങ്ങളുടെ മതപരമായ മാനത്തിലൂടെ മാത്രം സഞ്ചരിച്ച്‌
അമിതമായ മത മമതയിൽ, മതഭ്രാന്തിൽ ബന്ധിതരാകുകയാണ്‌ ചെയ്യുന്നത്‌.  അവർ
അകാരണമായ മതമൗലികതയിൽ സ്വയം തളയ്ക്കപ്പെടുന്നു.
       ശരിയായ ആദ്ധ്യാത്മിക വിദ്യാഭ്യാസത്തിന്റെ അഭാവം അഥവാ,
മനുഷ്യവർഗ്ഗത്തിന്റെ ഏകത്വത്തെക്കുറിച്ചുള്ള അറിവില്ലായ്മ മൂലമാണ്‌
മനുഷ്യസമൂഹത്തിന്റെ യശസ്സിന്‌ ഗുണപ്രദമാകാതെ പോകുന്ന ഇത്തരം അവികസിത
ചിന്തകൾ ഉടലെടുക്കുന്നത്‌.
       അതിനാൽ എവിടേയും സൗഹൃദം പോഷിപ്പിക്കുക തന്നെ വേണം.  പ്രത്യേകിച്ച്‌
വിദ്യാഭ്യാസതലത്തിലെങ്കിലും. എന്തെന്നാൽ, സൗഹൃദം നമ്മുടെ നൈസർഗ്ഗിക
പ്രകൃതിയാണ്‌.  ആരോടും, എല്ലാവരോടും സൗഹാർദ്ദം സ്ഥാപിക്കാനുള്ള മാനസിക
വികാസം നമുക്കുണ്ടാകണം.
       നമ്മുടെ മനസ്സുകൾ സൃഷ്ടിച്ച മതിലുകൾക്കപ്പുറം, അതിർത്തികൾക്കപ്പുറം
നമുക്ക്‌ സ്വതന്ത്രരാകേണ്ടതുണ്ട്‌!  സുരക്ഷിതത്വത്തിന്റെ ഒരു അവബോധം
നമ്മുടെ ഉള്ളിന്റെ അഗാധതയിൽ നിന്നാണ്‌ ഉയർന്നു വരേണ്ടത്‌.  സമസൃഷ്ടി
സ്നേഹവും സുരക്ഷിത ബോധവും ഓരോരുത്തരുടേയും ഉള്ളിൽ നിന്ന്‌ ഉദിച്ചുയരണം.
       നമുക്ക്‌ എങ്ങനെയാണ്‌ ദേഷ്യപ്പെടാൻ കഴിയുന്നത്‌? അക്രമവും വിദ്വേഷവും
ജനഹൃദയങ്ങൾക്ക്‌ പുറത്ത്‌ എങ്ങനെയാണ്‌ ഉണ്ടാകുന്നത്‌? ഇന്ന്‌ നാം
അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ അക്രമവും വിദ്വേഷവുമാണ്‌.  ഇതിനുള്ള
ഉത്തരം മനഃശാസ്ത്രപരമായി നാം കണ്ടെത്തണം.  എന്നാൽ ഇതിനെതിരെയുള്ള
പ്രായോഗികമായ ചുവട്‌ വയ്പ്‌ എങ്ങനെയാണ്‌? എവിടെ നിന്നു നാം തുടങ്ങണം?
അതിനുള്ള മാർഗ്ഗം നമ്മുടെ അരികിൽത്തന്നെയുണ്ട്‌.  നമ്മുടെ ജീവന്‌
ആധാരമായി സദാ കളിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ശ്വാസം!
നിങ്ങളുടെ ശ്വാസത്തിന്റെ ശൗര്യം അറിയുക
       ശ്വാസം ശരീരത്തേയും മനസ്സിനേയും വികാരങ്ങളേയും ബന്ധിപ്പിക്കുന്ന
കണ്ണിയാണ്‌.  ക്ഷോഭിക്കുമ്പോൾ നമ്മൾ വ്യത്യസ്തമായി ശ്വസിക്കുന്നു.
നിരാശയിലാകുമ്പോഴും നാം വിഭിന്നമായാണ്‌ ശ്വസിക്കുന്നത്‌.  എന്നാൽ നിങ്ങൾ
സന്തോഷത്തിലായിരിക്കുമ്പോൾ ശ്വാസത്തിന്റെ ഗതിവിഗതികൾ
പ്രശാന്തമായിരിക്കും.
       അതിനാൽ നിങ്ങൾ ശ്വാസത്തെ നിരീക്ഷിക്കുമ്പോൾ നിങ്ങൾക്ക്‌ അറിയാൻ കഴിയും,
നിങ്ങളുടെ മനസ്സ്‌ ശാന്തത്തയിൽ വിശ്രമിക്കുകയാണെന്ന്‌!  നമ്മൾ
ദേഷ്യത്തിലാകുമ്പോൾ ആളുകൾ നമ്മെ ഉപദേശിക്കാറുണ്ട്‌:  ?ദേഷ്യപ്പെടരുത്‌,
അത്‌ നല്ലതല്ല?.  പക്ഷേ, എങ്ങനെ ദേഷ്യത്തെ നമ്മിൽനിന്ന്‌ പുറത്തു
ചാടിക്കാമെന്ന്‌ അവർ പറഞ്ഞുതരുന്നില്ല.  ശരീരത്തിൽ നിന്നും മനസ്സിൽ
നിന്നും ദേഷ്യത്തെ അകറ്റാനായി ശ്വാസം ഒരു പ്രധാന വേഷംതന്നെ
കളിക്കുകയാണ്‌. ശ്വാസം ഊർജ്ജത്തിന്റെ പ്രധാന ഉറവിടമാണെങ്കിലും അത്‌ നമ്മൾ
അവഗണിച്ചുകൊണ്ടേയിരിക്കുന്നു.  നിസ്സാരമെന്നുതോന്നുന്ന ഈ ശ്വാസം വളരെ
ശക്തിമത്തായി.  ഒരു വ്യക്തിയിലെ സ്വാഭാവികമായ വാസനയിൽപ്പോലും മാറ്റങ്ങൾ
സൃഷ്ടിക്കുകയും, വ്യക്തി ബന്ധങ്ങളേയും പരസ്പര പ്രവർത്തനങ്ങളേയും
പരിപോഷിപ്പിക്കുകയും ചെയ്യുന്നു.  സമൂഹത്തോടുള്ള ഒരാളുടെ
വീക്ഷണത്തിൽപ്പോലും മാറ്റങ്ങൾ സംഭവിക്കുകയാണ്‌.
       ജനങ്ങൾ വെറുതെ ഇരുന്നാൽ മതി, എല്ലാം വേണ്ട രീതിയിൽ എല്ലാവരേയും
എല്ലായ്പ്പോഴും ഓരോ ഭരണകൂടവും കാത്തുകൊള്ളും എന്ന പ്രതീക്ഷയല്ല വേണ്ടത്‌.
 എന്നിരുന്നാലും ലോകമെമ്പാടുമുള്ള സർക്കാരുകളുടെ ഉത്തരവാദിത്വം കൂടിയാണ്‌
ജനങ്ങളിൽ ഈ ഉത്തരവാദിത്വ ബോധത്തിന്റെ ഗുണങ്ങൾ കൊണ്ടുവരിക എന്നത്‌.
എല്ലാവരും എന്റെ സ്വന്തമാണ്‌ എന്ന അവബോധം ജനങ്ങളിലുണ്ടാവുകയും
പ്രകൃതിസഹജമായ ആ സൗഹൃദഭാവം നമ്മിൽ നിലനിൽക്കുകയും വേണം.  പല പ്രശ്നങ്ങളും
ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധങ്ങളിലൂടെയും സൗഹൃദാന്തരീക്ഷങ്ങളിലൂടെയും
പരിഹരിക്കാൻ കഴിയാറുണ്ട്‌.
       മനുഷ്യാവകാശമെന്നത്‌ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക
എന്നുള്ളതാണ്‌.  മറ്റൊരു വ്യക്തിയെ തന്നെപ്പോലെ തന്നെ കാണുക.
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക; അവർക്ക്‌ സുരക്ഷിതത്വം
കൊടുക്കുക.  ഇത്‌ ഒരു മനുഷ്യാവകാശമാണ്‌.  അവരും ഇവിടെ ജീവിച്ചുകൊള്ളട്ടെ.
       ആരാണ്‌ മനുഷ്യാവകാശത്തിന്‌ എതിരായി നിൽക്കുന്നത്‌? മാനുഷിക മൂല്യങ്ങൾ
ഇല്ലാത്തവരാണ്‌ അങ്ങനെ ചെയ്യുന്നത്‌.  തങ്ങളിൽ അന്തർലീനമായി കിടക്കുന്ന
മാനുഷിക മൂല്യങ്ങളെ ആദരിക്കാത്തവരാണ്‌ മറ്റുള്ളവരെ അപമാനിക്കുകയും അവരുടെ
മനുഷ്യാവകാശത്തെ എടുത്തുകളയുകയും ചെയ്യുന്നവർ.
       പ്രാപഞ്ചിക മൂല്യങ്ങൾ പ്രയാസമേറിയതല്ല.  എന്നാൽ അത്‌ വ്യക്തിപരമായ ഓരോ
കാര്യങ്ങളിലും പ്രായോഗികതയിൽ കൊണ്ടു ചെന്നെത്തിക്കുന്നതിനേക്കാൾ വളരെ
എളുപ്പമാണ്‌ അതിനെക്കുറിച്ച്‌ അസ്പഷ്ടമായി പറഞ്ഞു നടക്കുന്നത്‌.
       നിങ്ങൾ ജനിച്ചതുതന്നെ സൗഹൃദ പ്രകൃതിയുമായാണ്‌.  ഒരു കുഞ്ഞിന്റെ മുഖം
ഒന്നു ശ്രദ്ധിക്കു.  ഒരു ആഫ്രിക്കൻ കുഞ്ഞായാലും, മംഗോളിയൻ കുഞ്ഞായാലും,
ഇന്ത്യൻ കുഞ്ഞായാലും ആ മുഖത്തിന്‌ എന്തൊരു പ്രകാശമാണ്‌;  എന്തൊരു
നിഷ്ക്കളങ്കതയാണ്‌.  ആ കുഞ്ഞുമുഖങ്ങളിലെ സ്നേഹത്തിന്റെ പ്രകാശം
ശ്രദ്ധിക്കൂ.  നാം ഓരോരുത്തരും ഒരു കുഞ്ഞിനെപ്പോലെയാണ്‌.
നിഷ്ക്കളങ്കതയാണ്‌ നമ്മുടെ ശരിയായ പ്രകൃതം.  നിഷ്ക്കളങ്കതയെന്നത്‌, എവിടെ
ഇരുന്നാലും വീടിനുള്ളിലാണെന്ന സുരക്ഷിതമായ ആ അനുഭവമാണ്‌.  നിങ്ങൾ
ജനിച്ചതേ നിഷ്കളങ്കതയോടെയാണ്‌.  നിങ്ങൾതന്നെ അതാണല്ലോ.  പുറം
ലോകത്തോടുള്ള നിങ്ങളുടെ ചില ഉപാധികളിലധിഷ്ഠിതമായ സമീപനങ്ങളാണ്‌ നിങ്ങളിൽ
നിയന്ത്രണം കൊണ്ടുവന്ന്‌ നിങ്ങളിലെ നിഷ്ക്കളങ്കതയ്ക്ക്‌
മങ്ങലേൽപിക്കുന്നത്‌.  നിങ്ങളിലെ സഹജഭാവം ചോർന്നു പോകുന്നത്‌
അങ്ങനെയാണ്‌. എന്റെ മനസ്സിന്റെ അവസ്ഥയെ ഞാൻ സ്വയം പാകപ്പെടുത്തുന്നതു
മാത്രമാണ്‌ ഇതൊക്കെ എന്നറിയുമ്പോൾ നാം സ്വതന്ത്രരാകുന്നു.
       നമുക്കു സംസാരിക്കാനുള്ളതല്ല മാനുഷിക മൂല്യങ്ങൾ.  നമ്മുടെ ഉള്ളിൽത്തന്നെ
ആദ്യമെ നിർമ്മിതമാണ്‌ അവ.  പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും മാത്രമാണ്‌
അതിനെ മറച്ചുവച്ചിരിക്കുന്നത്‌.  ഈ പിരിമുറുക്കങ്ങളും സമ്മർദ്ദങ്ങളും
മാറ്റേണ്ടിയിരിക്കുന്നു.  അത്രയേയുള്ളൂ!
       നാമെല്ലാം ഒരേ പ്രകാശത്തിന്റെ ഭാഗങ്ങളാണെന്ന്‌ അറിയുക.  ഈ ലോകത്തിലെ ആകെ
ജീവന്റെ ഒരംശം!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ